ഗോഷ്ഠി കാണിച്ചാൽ തിരിച്ചും ഗോഷ്ഠി കാണിക്കും… അതാണ് ജീവിതം (ലേഖനം)

ഈ ലോകം ഒരു കണ്ണാടി പോലെയാണ്. കണ്ണാടിയിൽ നോക്കി പുഞ്ചിരിച്ചാൽ പ്രതിബിംബവും നമ്മെ നോക്കി പുഞ്ചിരിക്കും. ഗോഷ്ഠി കാണിച്ചാൽ തിരിച്ചും ഗോഷ്ഠി കാണിക്കും. നമ്മൾ ലോകത്തിനു നൽകുന്നതു മാത്രം ലോകത്ത്‌ നിന്നും നമുക്ക്‌ തിരികെ ലഭിക്കുന്നു.

ഒരു കഥ പറയാം … ഒരു ഗ്രാമത്തിലെ സർക്കാർ ആശുപത്രിയിൽ ഒരു ഡോക്ടർ സ്ഥലം മാറിവന്നു. ആകർഷകമായിരുന്നു അദ്ദേഹത്തിന്റെ പെരുമാറ്റം. തിരക്കോ രോഗികളുടെ പെരുമാറ്റങ്ങളോ ഒന്നും അദ്ദേഹത്തിന്റെ ശാന്തതയ്ക്ക് ഇളക്കമുണ്ടാക്കിയില്ല…!

“ഈ തിരക്കിനിടയിലും താങ്കൾക്കെങ്ങനെ ചിരിച്ചുകൊണ്ട് ജോലിചെയ്യാൻ കഴിയുന്നു….?” ഒരാൾ അദ്ദേഹത്തോടു ചോദിച്ചു.

“നമ്മുടെ കർമ്മങ്ങൾ നമുക്കും മറ്റുള്ളവർക്കും സന്തോഷവും സംതൃപ്തിയും ഉളവാക്കുന്നവിധത്തിലാവാൻ നമ്മൾ എപ്പോഴും മനസ്സു വക്കണം. ജീവിതം എന്നെ പഠിപ്പിച്ച പാഠമാണിത്,” ഡോക്ടർ പറഞ്ഞു.

“മുമ്പ് ഞാനൊരു സ്വകാര്യ ആസ്പത്രിയിലാണ് ജോലിചെയ്തിരുന്നത്. വീട്ടിൽ നിന്നും ബസ്സിൽ വേണം ആശുപത്രിയിലെത്താൻ. ബസ് കാത്തു സ്റ്റോപ്പിൽ നിന്നാൽ വണ്ടി മറ്റെവിടെയെങ്കിലുമായിരിക്കും നിർത്തുക. ഓടിച്ചെല്ലുമ്പോഴേക്കും പലപ്പോഴും ബസ് വിട്ടിരിക്കും. ഇനി കയറിയാലും സീറ്റു കിട്ടില്ല. ടിക്കറ്റിനു പണംകൊടുത്താൽ പലപ്പോഴും ബാക്കി തരില്ല. ചോദിച്ചാൽ ദേഷ്യപ്പെടും. പലപ്പോഴും മനസ്സ് നിയന്ത്രണംവിടും. ഈ ദേഷ്യമെല്ലാം ഉള്ളിലൊതുക്കിയാണ് ആശുത്രിയിലേക്കു ചെല്ലുക.. സഹപ്രവർത്തകരെ നോക്കി ഒന്നുചിരിക്കാനോ ജോലിയിൽ വേണ്ടത്ര ശ്രദ്ധിക്കാനോ കഴിഞ്ഞിരുന്നില്ല! ഇത് മുതിർന്ന ഡോക്ടറുടെ വഴക്കു കേൾക്കാൻ ഇടയാക്കും. വൈകീട്ട് വീട്ടിൽ ചെന്നാൽ ഉള്ളിലുള്ള വിഷമവും അമർഷവുമെല്ലാം അവിടെ തീർക്കും. ഇതുമൂലം കുടുംബത്തിലും സമൂഹത്തിലും ഞാൻ ഒറ്റപ്പെട്ടു.

എന്നാൽ ഒരു ദിവസം ഞാൻ സ്റ്റോപ്പിൽ എത്തിയപ്പോൾ എന്നെക്കണ്ട് കണ്ടക്ടർ ബെല്ലടിച്ചു വണ്ടി നിർത്തി. ബസ്സിൽ ഇരിക്കാൻ സീറ്റുണ്ടായിരുന്നില്ല. കണ്ടക്ടർ അയാളുടെ സീറ്റ് എനിക്ക് ഒഴിഞ്ഞുതന്നു. ആ പെരുമാറ്റം എനിക്കു പകർന്നു തന്ന ആശ്വാസം എത്രയെന്നു പറയാനാവില്ല. ആശുപത്രിയിലെത്തിയപ്പോൾ എല്ലാവരും എന്നെ നോക്കി പുഞ്ചിരിക്കുന്നതായി എനിക്കു തോന്നി. അന്നെനിക്ക് ജോലികൾ വളരെ സന്തോഷത്തോടെയും ശ്രദ്ധയോടെയും ചെയ്യാൻ കഴിഞ്ഞു! മേലുദ്യോഗസ്ഥൻ എന്നെ പ്രത്യേകം പ്രശംസിച്ചു. വീട്ടിൽ എത്തിയപ്പോൾ കുട്ടികളോടും ഭാര്യയോടും സ്നേഹത്തോടെ പെരുമാറാൻ കഴിഞ്ഞു! കണ്ടക്ടറുടെ പെരുമാറ്റം എന്നിലും എന്റെ പെരുമാറ്റം മറ്റുള്ളവരിലും വരുത്തിയ മാറ്റത്തെക്കുറിച്ച് ഞാൻ ബോധവാനായി. അന്നു മുതൽ എല്ലാവരോടും സ്നേഹത്തോടുകൂടി മാത്രമേ പെരുമാറുകയുള്ളൂ എന്നു ഞാൻ പ്രതിജ്ഞ ചെയ്തു.!”

നമ്മുടെ ഓരോ പുഞ്ചിരിക്കും, വാക്കിനും, പ്രവൃത്തിക്കും എത്രയോ പേരുടെ ജീവിതത്തിൽ പ്രകാശം പരത്താനുള്ള ശക്തിയുണ്ട് എന്ന് ഓർക്കുക. നമുക്ക്‌ എന്നും പരാതികൾ ആണ്‌. അയാൾ എന്നെ കണ്ടിട്ട്‌ മിണ്ടിയില്ല… ചിരിച്ചില്ല… വീട്ടിൽ ഒരു പരിപാടി വച്ചിട്ട്‌ വിളിച്ചില്ല… എന്നൊക്കെ… പക്ഷേ ഇത്‌ നാം മറ്റുള്ളവരോടും കാണിക്കുന്നുണ്ടൊ എന്ന് പലരും ചിന്തിക്കാറുമില്ല. നമ്മൾ മറ്റുള്ളവരിൽ നിന്ന് സ്നേഹവും ബഹുമാനവും പ്രതീക്ഷിക്കുന്നു. എന്നാൽ നമ്മിൽ നിന്ന് മറ്റുള്ളവരും അതു പ്രതീക്ഷിക്കുണ്ടെന്ന കാര്യവും മറക്കരുത്. അതിനാൽ നമ്മുടെ കർമങ്ങൾ നമുക്കും മറ്റുള്ളവർക്കും സന്തോഷവും, സംതൃപ്തിയും ഉളവാക്കുന്ന വിധത്തിലാവാൻ എപ്പോഴും ശ്രദ്ധിക്കുക.

നന്ദി

മിന്റാ സോണി
(കൌൺസിലിംഗ് സൈക്കോളജിസ്റ്റ് & ട്രെയിനർ)
മൊബൈൽ നമ്പർ 9188446305

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News