കോവിഡ്-19: ഇന്ത്യക്ക് ഒരു കോടിയിൽപരം രൂപയുടെ സഹായവുമായി നോർത്ത് അമേരിക്ക – യൂറോപ്പ് മാർത്തോമ്മ ഭദ്രാസനം

ന്യൂയോർക്ക്: കോവിഡ് മഹാമാരിയിൽ ദുരിതം അനുഭവിക്കുന്ന ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ജനതക്ക് ഏകദേശം ഒരു കോടിയിൽപരം രൂപയുടെ സഹായം നൽകി മാർത്തോമ്മ സഭയുടെ നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനം മാതൃകയായി.

ഭദ്രാസനാധിപൻ ബിഷപ് ഡോ.ഐസക്ക് മാർ ഫിലക്സിനോസിന്റെ നേതൃത്വത്തിൽ ഭദ്രാസനത്തിലെ വിവിധ ഇടവകളിൽ നിന്ന് സംഭാവനയായി ശേഖരിച്ച തുകയാണ് ഇതിനായി വിനിയോഗിച്ചത്. കേരളത്തിലെ ആലുവായിൽ ഉള്ള ശാന്തിഗിരി ആശ്രമത്തിൽ കഴിഞ്ഞ മെയ് മാസം മുതൽ 40 ൽ പരം കിടക്കകളോടുകൂടി ഒരു കോവിഡ് ട്രീറ്റ്മെന്റ് സെന്റർ ഭദ്രാസനത്തിന്റെ മുഖ്യപങ്കാളിത്വത്തോടുകൂടി രോഗികൾക്കായി പ്രവർത്തിച്ചു വരുന്നു. കൂടാതെ സഭയുടെ മിഷൻ ഹോസ്പിറ്റലുകളായ കറ്റാനം സെന്റ്.തോമസ്, കുമ്പനാട് ഫെലോഷിപ്പ് എന്നിവിടങ്ങളിൽ കോവിഡ് രോഗികളെ പരിചരിക്കുന്നതിനാവശ്യമായ കൂടുതൽ വെന്റിലേറ്ററുകൾ വാങ്ങുന്നതിനായി വേണ്ട സഹായം നൽകി.

കർണ്ണാടക സംസ്ഥാനത്തെ ഹോസ്‌കോട്ട്, ശിവനാപുരം, ജംഗമകോട്ട് തുടങ്ങിയ ഗ്രാമങ്ങളിലും, ഒഡിസാ സംസ്ഥാനത്തെ കാലഹണ്ഡി മുതലായ പ്രദേശങ്ങളിൽ ഏകദേശം ആയിരത്തിൽപരം ഭവനങ്ങളിൽ ഭക്ഷണ സാധനങ്ങളും ആവശ്യമുള്ള മെഡിക്കൽ കിറ്റും വിതരണം ചെയ്തു.

ബിഷപ് ഡോ.മാർ ഫിലക്സിനോസ് മാർത്തോമ്മ സഭയുടെ നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനത്തിൽ തുടക്കം കുറിച്ച ലൈറ്റ് ടൂ ലൈഫ് എന്ന പദ്ധതിയിലൂടെ ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിലെ ഉപജീവനത്തിന് ഗതിയില്ലാതെ വിഷമിക്കുന്ന കുടുംബങ്ങളിലെ അനേക കുഞ്ഞുങ്ങളെ സ്പോൺസർ ചെയ്ത് അവർക്കു വേണ്ട എല്ലാ സംരക്ഷണവും നൽകിവരുന്നു.

കോവിഡ് -19,സെക്കന്റ് വേവ്, ഹ്യുമാനിറ്റേറിയൻ റിലീഫ് എന്ന പേരിൽ ഭദ്രാസനത്തിലെ വിവിധ ഇടവകളിൽ നിന്നും അനേകർ ആത്മാർത്ഥമായി സംഭാവനകൾ നല്കിയതുകൊണ്ടാണ് ഇത്രയും സഹായം ചെയ്യുവാൻ സാധിച്ചത് എന്ന് ബിഷപ് ഡോ.മാർ ഫിലക്സിനോസ് അഭിപ്രായപ്പെട്ടു.

കോവിഡ് മഹാമാരി വർധിച്ചുവരുന്ന സാഹചര്യത്തിൽ തുടർന്നും സഹായം തുടരേണ്ട സാഹചര്യമാണ്. സഹായം നൽകുവാൻ താല്പര്യപ്പെടുന്നവർ ഭദ്രാസന ഓഫീസുമായോ അവരവർ പ്രതിനിധാനം ചെയ്യുന്ന ഇടവക ചുമതലക്കാരുമായോ ബന്ധപ്പെടേണ്ടതാണന്ന് ഭദ്രാസന സെക്രട്ടറി റവ.അജു എബ്രഹാം ഭദ്രാസന ട്രഷറാർ ജോർജ് ബാബു എന്നിവർ അറിയിച്ചു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News