ഇന്ത്യൻ നഴ്സസ് ഓഫ് അരിസോണ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു

ഫീനിക്സ് : അരിസോണ സംസ്ഥാനത്തെ ഇന്ത്യൻ നഴ്സുമാരുടെ പ്രൊഫഷണൽ സംഘടനയായ ‘അരിസോണ ഇന്ത്യൻ നഴ്സസ് അസോസിയേഷൻ (AZINA)’എന്ന സംഘടനയുടെ ഔപചാരികമായ പ്രവർത്തനോദ്ഘാടനം ഓഗസ്റ്റ് 7-ന് ചാൻഡ്ലെർ സിറ്റി മേയർ കെവിൻ ഹാത്കെ നിർവഹിച്ചു. തുടർന്ന് അടുത്ത രണ്ടു വർഷത്തേക്കുള്ള 14 അംഗ പ്രവർത്തക സമിതി പ്രസിഡന്റ് ഡോ. അമ്പിളി ഉമയമ്മയുടെ നേതൃത്വത്തിൽ സത്യവാചകം ചൊല്ലി അധികാരമേറ്റു.

വൈസ് പ്രസിഡന്റ് എലിസബത്ത് സുനിൽ സാം, ട്രഷറർ വിനയ് കപാഡിയ, ജനറൽ സെക്രട്ടറി ലേഖ നായർ, ജോയിന്റ് ട്രഷറർ അനിത ബിനു, ജോയിന്റ് സെക്രട്ടറി നിഷാ പിള്ള, മേരി മിനു ജോജി, അന്ന എബ്രഹാം, സാറാ ചെറിയാൻ, ജെസി എബ്രഹാം, ഡോ. ഗിരിജ മേനോൻ, ബിന്ദു വേണുഗോപാൽ, ജെമിനി ജോൺ, അജിത നായർ, ഡോ. ശോഭ കൃഷ്ണകുമാർ എന്നിവരാണ് നേതൃനിരയിലെ മറ്റു ഭാരവാഹികൾ.

കോവിഡ്-19 മഹാമാരിയുടെ പശ്ചാത്തലത്തിൽ വെർച്ച്വല്‍ പ്ലാറ്റ്ഫോമിൽ നടന്ന ഉദ്ഘാടന സമ്മേളനത്തിൽ നിയുക്ത പ്രസിഡന്റ് ഡോ. അമ്പിളി ഉമയമ്മ വിശിഷ്ടാതിഥിതികളെയും മറ്റു അസ്സോസിയേഷൻ അംഗങ്ങളേയും സ്വാഗതം ചെയ്തതോടൊപ്പം, അരിസോണയിൽ ഒരു ഇന്ത്യൻ നഴ്സസ് അസ്സോസിയേഷൻ എന്ന ചിരകാല സ്വപ്നം സാക്ഷാത്കരിക്കാനായതിൽ ചാരിതാർഥ്യമുണ്ടെന്നും അറിയിച്ചു. തുടർന്ന് അസ്സോസിയേഷന്റെ തുടർ പ്രവർത്തനങ്ങളെക്കുറിച്ചും ഭാവി പരിപാടികളെക്കുറിച്ചും വിവരിച്ചു.

അരിസോണയിലെ നഴ്സുമാരുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞു അവയെ അഭിസംബോധന ചെയ്യുക, മറ്റു സന്നദ്ധ സാമൂഹിക സംഘടനകളുമായി ചേർന്ന് ആരോഗ്യ മേഖലയെ ശക്തിപ്പെടുത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളിൽ പങ്കാളികളാവുക എന്നുള്ളതാണ് ഈ സംഘടനയുടെ കാഴ്ചപ്പാടെന്നു വിശദീകരിച്ചു. അതിനായി അരിസോണയിലുള്ള എല്ലാ നഴ്സുമാരുടെയും സഹായസഹകരണങ്ങൾ ഈ സംഘടനക്ക് ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നതായി അറിയിച്ചു.

മേയർ കെവിൻ ഹാത്കെ AZINA യുടെ പുതിയ പദ്ധതിയായ “അസീന കെയേഴ്സ്” ഉദ്ഘാടനം നിർവഹിച്ചു. ട്രെയിൻഡ് നഴ്സസ് അസോസിയേഷൻ പ്രസിഡന്റ് ഡോ. റോയ് കെ. ജോർജ്, അരിസോണ നഴ്സസ് അസോസിയേഷൻ സി.ഇ.ഒ. ഡോ. ഡാന കെയ്റ്റോ, നൈന പ്രസിഡന്റ് ഡോ. ലിഡിയ അൽബുക്കർക്കി, നൈന ട്രഷറർ താര ഷാജൻ, യൂണിവേഴ്സിറ്റി ഓഫ് ഫീനിക്സ് ഫാക്കൽറ്റി ഡോ. ലിഡിയ അൽവാരസ്, അരിസോണ മലയാളി അസ്സോസിയേഷൻ പ്രസിഡന്റ് സജിത്ത് തൈവളപ്പിൽ എന്നീ പ്രമുഖ വ്യക്തിത്വങ്ങൾ ഈ ഉദ്ഘാടന ചടങ്ങുകളിൽ പങ്കെടുത്ത് അസീനക്ക് എല്ലാവിധ പിന്തുണയും ആശംസകളും അറിയിച്ചു.

സംഘടനയിലെ അംഗങ്ങളും അരിസോണയിലെ മറ്റു കലാപ്രതിഭകളും വിവിധ കലാപരിപാടികൾ അവതരിപ്പിച്ചത് ഉദ്ഘാടന ചടങ്ങുകൾ കൂടുതൽ വര്‍ണ്ണാഭമാക്കി. ഡോ. ശോഭ കൃഷ്ണകുമാറിന്റെ നന്ദി പ്രകാശനത്തോടെ പരിപാടികൾ പരിസമാപ്തമായി.

കൂടുതല്‍ വിവരങ്ങള്‍ക്ക്: www.azina.org.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News