അദ്ധ്യാത്മ രാമായണം മുപ്പതു ദിനങ്ങളിൽ – ഒരു ആംഗലേയ ഭാഷ്യം

ബ്രഹ്മാണ്ഡ പുരാണാന്തർഗതമായ വേദവ്യാസ വിരചിതമായ അദ്ധ്യാത്മ രാമായണം മുപ്പതു ദിനങ്ങളിലെ നിത്യ പാരായണത്തിനായി ഡോ: എ. പി. സുകുമാർ ആംഗലേയ ഭാഷയിൽ മൊഴിമാറ്റം നടത്തിയ പുസ്തകം കൊളത്തൂർ അദ്വൈത ആശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി അമേരിക്കയിൽ പ്രകാശനം ചെയ്തു.

വേദാന്ത രഹസ്യങ്ങളുടെ ഉള്ളറകളിലേക്ക് ഇറങ്ങിച്ചെല്ലുന്ന അനേകം സംസ്‌കൃത ഗ്രന്ഥങ്ങൾ ഇംഗ്ലീഷിലേക്കു മൊഴിമാറ്റം നടത്തി അമേരിക്കയിലെയും യൂറോപ്പിലെയും സത്യാന്വേഷികൾക്കായി എത്തിച്ചിട്ടുള്ള കാനഡയിലുള്ള ഡോ: സുകുമാറിന്റെ ഈ പുസ്തകം പ്രസിദ്ധികരിച്ചിരിക്കുന്നതു ആമസോൺ മാധ്യമമാണ്.

പുസ്തകം പ്രകാശനം ചെയ്ത സ്വാമികൾ അതിന്റെ ഉള്ളടക്കം ഹൃസ്വമായി വിവരിച്ചു.

ഭക്തിയേക്കാളേറെ ധർമ്മ സങ്കല്പങ്ങൾക്കും പുരുഷാർത്ഥത്തിനും പ്രാധാന്യം നൽകി ആദികവി രചിച്ച വാൽമീകി രാമായണത്തിലെ ശ്രീരാമ സങ്കല്പം അദ്ധ്യാത്മ രാമായണത്തിൽ ഈശ്വര ഭാവത്തിന്റെ യശോ ശോഭയിൽ കൂടുതൽ പ്രശോഭിക്കുന്നതായി അദ്ദേഹം പറഞ്ഞു. എഴുത്തച്ഛൻ കിളിപ്പാട്ട് രീതിയിൽ അതിനെ മൊഴിമാറ്റം നടത്തിയപ്പോളാകട്ടെ പരാഭക്തിയുടെ നിരർഗ്ഗള പ്രവാഹമായി പരിണമിക്കുകയുണ്ടായി. ശ്രീപരമേശ്വരൻ പാർവതി ദേവിയോട് രാമചരിതം പറയുന്ന രീതി അതേപടി അനുകരിച്ച എഴുത്തച്ഛൻ മൂലത്തെക്കാൾ സൂക്ഷ്മമായ ഉപദേശ സംഗ്രഹങ്ങളും അവതാര മാഹാത്മീയങ്ങളും നിർലോഭം നിക്ഷേപിച്ചിട്ടുള്ളതായും തുടർന്ന് നിരീക്ഷിച്ചു.

അദ്ധ്യാത്മ രാമായണത്തിന്റെ കഥാ സാരാംശവും കിളിപ്പാട്ടിന്റെ ശീലുകളും സമഗ്രമായി സ്വാംശീകരിച്ചു ലളിതമായ ഇംഗ്ലീഷ് പദാവലികളിലൂടെ ഗദ്യ രൂപത്തിലാണ് പുസ്തകം തയ്യാറാക്കിയിരിക്കുന്നത്. അതിനെക്കുറിച്ചു സംസാരിച്ച ഗ്രന്ഥകർത്താവ് ആംഗലേയ ലോകത്തു മലയാള ഭാഷയിൽ വേണ്ടത്ര പ്രാവീണ്യമില്ലാതെ വളരുന്ന തലമുറയ്ക്ക് രാമായണ മാഹാത്മ്യവും സനാതന ധർമ്മ മൂല്യങ്ങളും പരിചയപ്പെടുത്താനും ഒരു മാസത്തിനുള്ളിൽ വായിച്ചു തീർക്കാനും ഉതകുന്ന സ്ഥിതിയിൽ നടത്തിയ ഒരു എളിയ സംരംഭം മാത്രമാണ് ഈ ഉദ്യമമെന്നു വ്യക്തമാക്കി. വേദാന്ത പഠന രംഗത്ത് മാതൃകയായ ചിദാനന്ദ സ്വാമിയെപ്പോലുള്ള ഒരു മഹാത്മാവിന്റെ പ്രോത്സാഹനവും അനുഗ്രഹവും തന്നെ കൂടുതൽ ധന്യനും വിനീതനുമാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കെ. എച്.എൻ.എ. യുടെ നേതൃത്വത്തിൽ ഒരു മാസക്കാലമായി അമേരിക്കയിൽ നടന്നുവന്ന രാമായണ പാരായണത്തിന്റെ സമാപനം കുറിച്ചുകൊണ്ട് ഹൂസ്റ്റൺ ഗുരുവായൂരപ്പൻ ക്ഷേത്രം കേന്ദ്രികരിച്ചു ഓൺലൈനിലൂടെ സംഘടിപ്പിച്ച ചടങ്ങിലാണ് രാമായണ പാരായണവും പുസ്തക പ്രകാശനവും നടന്നത്. ഹരി ശിവരാമന്റെ രാമായണ പാരായണ ഫലസ്തുതിയുടെ ആലാപനത്തോടെ സമാപിച്ച ചടങ്ങിൽ വടക്കേ അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഭക്തരുടെ നിറ സാന്നിധ്യം ഉണ്ടായിരുന്നു. പ്രസിഡന്റ് ഡോ: സതീഷ് അമ്പാടിയുടെ സ്വാഗത പ്രസംഗത്തോടെ ആരംഭിച്ച സദ് സംഘത്തിനു മിനിസോട്ടയിൽ നിന്നുള്ള കോഓർഡിനേറ്റർ സുരേഷ് നായർ നന്ദി പ്രകടിപ്പിച്ചു. വിവിധ സംസ്ഥാനങ്ങളിൽ നിന്നായി അൻപതില്പരം ആളുകൾ പങ്കെടുത്ത പാരായണം വിജയകരമായി ക്രമീകരിച്ചത് സെക്രട്ടറി സുധിർ പ്രയാഗ, രാജീവ് ഭാസ്കരൻ, വിശ്വനാഥൻ നായർ, ജയപ്രകാശ് നായർ, രവി വെള്ളത്തേരി തുടങ്ങിയവർ അടങ്ങിയ സബ് കമ്മിറ്റിയായിരുന്നു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News