കെസിആര്‍എംഎന്‍എ സൂം മീറ്റിംഗിൽ ഷൈജു ജോസ് താക്കോൽക്കാരൻ നടത്തിയ പ്രസംഗത്തിന്റെ ലിഖിത രൂപം

ഞാൻ പോട്ട, ചാലക്കുടി സ്വദേശിയും കഴിഞ്ഞ 24 വർഷമായി മുംബയിൽ താമസക്കാരനുമാണ്. അത്ഭുത രോഗശാന്തി എന്നു പറഞ്ഞ് യേശുക്രിസ്തുവിൻറെ പേരിൽ കഴിഞ്ഞ മൂന്ന് ദശാബ്ദങ്ങളായി ക്രിസ്ത്യാനികളെയും മറ്റ് മതവിശ്വാസികളെയും അന്ധവിശ്വാസങ്ങളുടെ പടുകുഴിയിൽ തള്ളിയിടുകയും, സാമ്പത്തിക ചൂഷണം നടത്തി അളവറ്റ സമ്പത്ത് വാരിക്കൂട്ടുകയും, എന്നാൽ പ്രാർത്ഥനയും രോഗസൗഖ്യവും അത്ഭുതങ്ങളും ഏറ്റവും ആവശ്യമുളള സമയം വന്നപ്പോൾ നിസ്സഹായരായി, എല്ലാം അടച്ചുപൂട്ടി നിസ്സംഗരായി കളമൊഴിഞ്ഞ കളിക്കാരെപ്പോലെ നോക്കികൊണ്ട് നിൽക്കുന്ന ദൈവീക പ്രതിപുരുഷൻമാർ! ധ്യാനഗുരുക്കന്മാർ! ഇവരുടെ തുടക്കവും വളർച്ചയും കാപട്യവും പൊതുസമൂഹത്തിനു മുന്നിൽ തുറന്നുവെക്കാൻ ഞാൻ ശ്രമിക്കുകയാണ്, “പടർന്ന് പന്തലിക്കുന്ന രോഗശാന്തി ധ്യാനകേന്ദ്രങ്ങൾ” എന്ന വിഷയത്തിലൂടെ. ആദ്യമായി, ഇങ്ങനെ ഒരു പ്രഭാഷണം നടത്താൻ എനിക്ക് അവസരം തന്നതിന് കെസിആർഎം നോർത്ത് അമേരിക്ക എന്ന സംഘടനയുടെ ഭാരവാഹികളോടും മറ്റ് അംഗങ്ങളോടും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു.

രോഗശാന്തി, ധ്യാനകേന്ദ്രം, എന്നീ വാക്കുകൾ കേൾക്കുമ്പോൾതന്നെ ക്രിസ്ത്യാനികൾക്കും ഇതര മതസ്ഥർക്കും മനസ്സിലേക്ക് ആദ്യമായി ഓടിയെത്തുന്ന പേരുകളാണ് പോട്ട, ഡിവൈൻ ധ്യാനകേന്ദ്രം, ഫാദർ നായ്ക്കംപറമ്പിൽ, ഫാദർ പനക്കൽ മുതലായവ. പകർച്ചവ്യാധി പടർന്നുപിടിച്ചതിനെതിരെയുള്ള പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പൊതുജന സമ്പർക്കം ഒഴിവാക്കുന്നതിനായി പോട്ട ധ്യാന കേന്ദ്രത്തിന് പൂട്ടു വീഴുന്നതിനു മുമ്പായിരുന്നു നമ്മുടെ ഈ സൂം മീറ്റിംഗ് നടക്കുന്നത് എങ്കിൽ എൻറെ ശബ്ദത്തോടൊപ്പം ഒരുപക്ഷേ അതിനേക്കാൾ കൂടുതലായി ഹല്ലേലൂയ്യ വിളികളും സ്തോത്രഗീതങ്ങളും നിങ്ങളുടെ കാതുകളിൽ എത്തുമായിരുന്നു.

ഫാദർ മാത്യു നായ്ക്കംപറമ്പിൽ
ഞാനൊരു പോട്ടക്കാരനാണ്. പോട്ട ആശ്രമത്തിൻറെ അയൽപക്കത്തിരുന്നുകൊണ്ടാണ് ഞാൻ നിങ്ങളോട് സംസാരിക്കുന്നത്. പടർന്നു പന്തലിക്കുന്ന രോഗശാന്തി ധ്യാനകേന്ദ്രങ്ങൾ എന്ന വിഷയത്തെ ആസ്പദമാക്കി ഒരു പ്രഭാഷണം നടത്തണമെന്ന് ആവശ്യപ്പെട്ടപ്പോൾ വളരെ സന്തോഷത്തോടുകൂടിയാണ് ഞാൻ അതു സ്വീകരിച്ചത്. വിഷയത്തിലേക്ക് കടക്കുന്നതിൻറെ ആദ്യ പടിയായി വളരെ പ്രധാനപ്പെട്ട ഒരു കാര്യം നിങ്ങളുടെ ശ്രദ്ധയിൽ കൊണ്ടുവരികയാണ്. ക്രിസ്തീയ ധ്യാനകേന്ദ്രങ്ങൾ ഒരിക്കലും ക്രിസ്തീയമല്ല. ക്രിസ്തുവിൻറെ ജീവിതമാണ് ക്രിസ്ത്യാനികൾ മാതൃക ആക്കുന്നതെങ്കിൽ, മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ക്രിസ്തുവിനെ മാതൃകയാക്കി സ്വന്തം കുരിശുമെടുത്ത് ക്രിസ്തുവിനെ പിൻചെല്ലുന്നവനാണ് യഥാർത്ഥ ക്രിസ്ത്യാനിയെങ്കിൽ ധ്യാനകേന്ദ്ര മാതൃക യേശു നമുക്ക് തന്നിട്ടില്ല. നമ്മൾ ഇന്നു കാണുന്നതുപോലെ ഒരു ധ്യാനകേന്ദ്രം, ആൾദൈവ സംസ്കാരം, ജെറുശലേമിൽ യേശുക്രിസ്തു സ്ഥാപിച്ചിരുന്നുവെങ്കിൽ, നമ്മൾ ഇന്ന് വിശ്വസിക്കുന്ന ദൈവീകപദ്ധതി ഒരിക്കലും അന്ന് നിറവേറുമായിരുന്നില്ല. മറിച്ച്, റോമൻ ചക്രവർത്തിമാർ യേശുവിൻറെ കാൽക്കീഴിൽ കിടന്നു പിടയുമായിരുന്നു. നാമിന്നു കാണുന്നതുപോലെ, മത നേതാക്കന്മാരുടെയും ആൾ ദൈവങ്ങളുടെയും ആധിപത്യങ്ങൾ രാജ്യത്തെ ഭരണകൂടങ്ങളെപ്പോലും നിയന്ത്രിക്കുന്ന വിധത്തിലേക്ക് ക്രിസ്തുവിന് എല്ലാം കീഴടക്കാമായിരുന്നു. അതിനുളള എല്ലാ കഴിവും ശക്തിയും ഉളളവനായിരുന്നു യേശുക്രിസ്തു എന്ന് ബൈബിളിൻറെ അടിസ്ഥാനത്തിൽ നമുക്ക് തെളിയിക്കാൻ സാധിക്കും. ഈയൊരു കാരണംകൊണ്ടുതന്നെ നമ്മൾ ഇന്ന് കാണുന്ന ധ്യാനകേന്ദ്രങ്ങളും അതിലെ രോഗശാന്തികളും ദൈവീകവും അല്ല, ക്രിസ്തീയവും അല്ല.

ഇനി നമ്മൾ ഇതിൻറെ വിശദാംശങ്ങളിലേക്ക് കടക്കുകയാണ്. ക്രൈസ്തവസഭയും സഭയിലെ വിശ്വാസികളും ആത്മീയമായും ഭൗതികമായും വളരെ അധികം പ്രതിരോധം നേരിടുന്ന ഒരു കാലഘട്ടമാണിത്. വികലമായ വിശ്വാസ പരിശീലനങ്ങളുടെ ഫലമായി വിശ്വാസികളും ധാർമിക അധ:പതനം സംഭവിച്ച സഭാ ന്വേതൃത്വങ്ങളും ചേർന്ന് വല്ലാത്ത ഒരു പ്രതിസന്ധിയാണ് വിശ്വാസലോകത്ത് സൃഷ്ടിച്ചുവെച്ചിരിക്കുന്നത്. അധ:പതനങ്ങളുടെ ആവർത്തനങ്ങൾ കണ്ടും കേട്ടും മനസ്സ് മടുത്തിട്ടും അല്പംപോലും പ്രതികരണശേഷി പ്രകടിപ്പിക്കാൻ കഴിയാത്ത നിസ്സംഗരാണ് വിശ്വാസികളിൽ ഭൂരിഭാഗവും. സമാനസംഭവങ്ങൾ പലവുരു ആവർത്തിച്ചിട്ടും വിശ്വാസികൾ മൗനം വെടിയാൻ തയ്യാറാവുന്നില്ലെന്നു ചുരുക്കം. ഒരു സാധാരണ ക്രിസ്തീയ വിശ്വാസിക്ക് അഭിമാനത്തോടെ തല ഉയർത്തി നടക്കാൻ സാധിക്കാത്ത വിധത്തിലുള്ള ആത്മീയ ദുരന്തങ്ങൾ സഭാസമൂഹത്തിൽ ദിനംപ്രതി അരങ്ങേറുന്നു. അത് ആവർത്തിക്കുന്നു. ആവർത്തന വിരസത എന്നത് സാധാരണ മനുഷ്യർക്ക് സഹിക്കാൻ വളരെ ബുദ്ധിമുട്ടുള്ള ഒരു സംഗതിയാണ്. ഈ ആവർത്തന വിരസതയുടെയും വിശ്വാസികളിലെ നിസംഗതയുടെയും ആഴവും പരപ്പും എത്രയെന്ന് എന്നെ കേൾക്കുന്നവർക്ക് നന്നായി മനസ്സിലാകുന്നതിന് ഒരു കൊച്ചു കഥ പറഞ്ഞു കൊളളട്ടെ: ഒരു സ്ത്രീയെ ബസിൽവെച്ച് മർദ്ദിച്ചു എന്ന കുറ്റത്തിന് ഒരു പുരുഷനെ കോടതി വിചാരണ ചെയ്യുകയായിരുന്നു. വിചാരണ തുടങ്ങുന്നതിനു മുമ്പുതന്നെ കേസിലെ പ്രതിയായ മനുഷ്യൻ പറഞ്ഞു, “വിചാരണ ഒന്നും വേണ്ട. ഞാൻ കുറ്റം ചെയ്തു. എനിക്കുള്ള ശിക്ഷ ഇങ്ങു തന്നേക്ക്” എന്ന്. ജഡ്ജ് വല്ലാതെ അത്ഭുതപ്പെട്ടുപോയി. (ബാക്കി കഥ പറയുന്നു) ഇന്നിവിടെ കുറ്റകൃത്യങ്ങളുടെ ഘോഷയാത്ര നടക്കുകയാണ്. കൊടുംകുറ്റവാളികളെ പിതാവെന്നും, വല്യപിതാവെന്നും ഒക്കെ അഭിസംബോധന ചെയ്യേണ്ട ഗതികേടിലാണ് വിശ്വാസികൾ. വിശ്വസികളുടെ ഈ നിസ്സംഗതയുടെ അടിസ്ഥാന കാരണം ധ്യാനകേന്ദ്രങ്ങൾവഴി അവർക്കു ലഭിച്ച വികലമായ വിശ്വാസ പരിശീലനങ്ങളാണ്. അത്തരം വിശ്വാസ പരിശീലനങ്ങളുടെ ഫലമായി വിശ്വാസികളിൽ അടിച്ചേൽപ്പിക്കപ്പെട്ട അടിമത്തവും അതിൻറെ ചങ്ങലക്കണ്ണികൾ എത്ര വലുതുമാണ് എന്നുകൂടി നാം ഇത്തരുണത്തിൽ മനസ്സിലാക്കേണ്ടതായിട്ടുണ്ട്.

ഫാദർ നായ്ക്കംപറമ്പിൽ തുടങ്ങി പനയ്ക്കൽ, വട്ടായി, വളമനാൽ, പൂവ്വണ്ണത്തിങ്കൽ, കൃപാസനം ജോസഫ് അച്ചൻ എന്നുവേണ്ട ഇതര ക്രൈസ്തവ സഭകളിലെ പാസ്റ്റർമാർവരെ അതിന് ഉത്തരവാദികളാണ്. വിവിധ സഭകളിൽ ഉണ്ടായിട്ടുള്ള അധ:പതനത്തിന് അല്പസ്വല്പം ഏറ്റക്കുറച്ചിലുകൾ ഉണ്ടെന്നല്ലാതെ പ്രകടമായ വ്യത്യാസങ്ങളൊന്നുമില്ല. അതുകൊണ്ട് ജനസമൂഹം ഒന്നടങ്കം നിസ്സംഗത വെടിഞ്ഞ് ഈ അപചയങ്ങൾക്കെതിരെ പ്രതികരിക്കാതെ ഒരിക്കലും ഇവിടെ മാനവികപുരോഗതി ഉണ്ടാവുകയില്ല.

ഒരു ധ്യാനകേന്ദ്രം വിജയകരമായി നടത്തുന്നതിന് മൂന്ന് വിഭാഗം ആളുകളെ അവശ്യം ആവശ്യമുണ്ട്: പുരോഹിതർ, ശുശ്രൂഷകർ, വിശ്വാസികൾ. എൻറെ ചെറുപ്പത്തിൽ ഞാൻ കണ്ട കാര്യങ്ങളുടെ ഓർമയിൽ നിന്നും പോട്ട ധ്യാനകേന്ദ്രത്തെക്കുറിച്ചുള്ള അല്പം ചരിത്രം പറഞ്ഞുകൊണ്ട് ഈ മൂന്ന് വിഭാഗങ്ങളുടെ പ്രവർത്തനങ്ങൾ വിശദീകരിക്കാം. ഓർമവെച്ച കാലം മുതൽ ഇന്നത്തെ പോട്ടആശ്രമം എന്ന അന്നത്തെ ഞങ്ങളുടെ കൊവേന്ത പള്ളിയിലേയ്ക്ക് കുർബാനയ്ക്ക് പോയിരുന്നത് ഇന്നും നന്നായി മനസ്സിൽ തെളിഞ്ഞു നിൽക്കുന്നു. പോട്ടയിൽ ഒരു ഇടവകപ്പള്ളി വേറെ ഉള്ളതിനാൽ വളരെ കുറച്ചുപേർ മാത്രമെ അന്ന് കൊവേന്തപ്പള്ളിയിൽ കുർബാനയ്ക്ക് ഉണ്ടാകുമായിരുന്നുള്ളു. നാലോ അഞ്ചോ അച്ചന്മാർ അവിടെ താമസിച്ചിരുന്നതായി കണ്ടിട്ടുണ്ട്. ആശ്രമവളപ്പിൽ കുറെ പശുക്കളും ഉണ്ടായിരുന്നതായി ഓർമിക്കുന്നു. പശുവളർത്തൽ ആയിരുന്നു പുരോഹിതരുടെ പ്രധാന ഹോബി. പോട്ട ഇടവകദേവാലയത്തിൽ വികാരിയച്ചൻ ഇല്ലാതെ വരുന്ന ചില ദിവസങ്ങളിൽ ഉണ്ടാകുന്ന മരണാവശ്യംപോലുള്ള ചടങ്ങുകൾക്ക് ആശ്രമത്തിലെ അച്ചന്മാർ വരിക സാധാരണയായിരുന്നു. എൻറെ മുതുമുത്തശ്ശിയമ്മയുടെ ശവസംസ്കാരത്തിനുവന്നത് ഇന്നത്തെ ഡിവൈൻ ധ്യാനകേന്ദ്ര ഡയറക്ടർ ജോർജ് പനയ്ക്കലച്ചൻ ആയിരുന്നു എന്ന് ഇന്നും തെളിമയോടെ ഞാനോർക്കുന്നു. 1982-83 കാലഘട്ടത്തിലായിരുന്നു ആ സംഭവം.

അതിനുശേഷം 1985 ആയപ്പോഴേയ്ക്കും നായ്ക്കംപറമ്പിൽ, പനയ്ക്കൽ എന്നീ രണ്ട് വൈദികരുടെ പേരുകൾ പ്രത്യേകമായി എടുത്തു പറഞ്ഞുകൊണ്ട് നാട്ടുകാർ സംസാരിക്കുന്നത് കേട്ടിട്ടുണ്ട്. അന്നൊക്കെ വീടുകളിൽ വൈദ്യുതി എത്തിയിരുന്നില്ല. നാട്ടിൽ എങ്ങും ഭൂത, പ്രേത, പിശാചുക്കൾ – തെണ്ടൻ, മാടൻ, ഓടിയൻ എന്നീ പേരുകളിൽ അരങ്ങു വാണിരുന്നു. പലരും പല കാരണങ്ങൾകൊണ്ട് വല്ലാതെ പേടിക്കുകയും പേടിച്ച് പനിക്കുകയും പിന്നെ ആ പേടിയും പനിയും മാറ്റുവാൻ തലയ്ക്ക് പിടിപ്പിക്കുവാൻ ആശ്രമത്തിൽ കൊണ്ടുപോവുകയും ചെയ്യുന്നത് സാധാരണമായിരുന്നു. രാത്രിയിൽ ഇറങ്ങി നടക്കുന്ന ചില സ്ത്രീ പ്രേത പിശാചുക്കളെ ഞാനും പലപ്പോഴും കണ്ടിട്ടുണ്ട്. എന്നാൽ കറണ്ട് കണക്ഷൻ വന്നതോടെ ഇവയെല്ലാം പാടേ അപ്രത്യക്ഷമായി.

ചാരായ ഷോപ്പുകൾ അന്ന് നാട്ടിൽ സുലഭമായിരുന്നു. ഷാപ്പുകളിൽ നിന്ന് മദ്യം കുടിച്ച് കുടുംബനാഥന്മാർ റോഡിൽ കിടക്കുന്ന കാഴ്ചയും കുടുംബങ്ങളിൽ പൊരിഞ്ഞ വഴക്ക് നടക്കുന്നതും അന്ന് സർവസാധാരണമായിരുന്നു.

ഇവിടെയാണ് പോട്ട ആശ്രമത്തിൻറെ പ്രസക്തി! പോട്ട ആശ്രമത്തിലേയ്ക്കുള്ള ആളുകളുടെ മുഖ്യ ആകർഷണം മദ്യപാനത്തിൽ നിന്നുള്ള മുക്തിയായിരുന്നു; മദ്യാസക്തിയിൽ നിന്നും ഒരു മോചനം. കൂടാതെ കുടുംബങ്ങളിൽ സമാധാനം പുനഃസ്ഥാപിക്കുക. അക്കാരണത്താൽ കൂടുതലും സ്ത്രീകളാണ് പുരുഷന്മാരെ ആശ്രമത്തിൽ പോകാൻ നിർബന്ധിച്ചിരുന്നത്. ഭാര്യ പറഞ്ഞാൽ കൂട്ടാക്കാത്ത പുരുഷന്മാരുടെ കുടുംബങ്ങളിലെ സ്ത്രീകളാണ് ആദ്യ കാലങ്ങളിൽ ഭർത്താക്കന്മാർക്കുവേണ്ടി പ്രാർത്ഥിക്കാൻ ആശ്രമത്തിൽ എത്തിയിരുന്നത്. അവർക്കുവേണ്ടിയാണ് ആദ്യമായി പോട്ടയിൽ ധ്യാനം ആരംഭിച്ചത്. ആദ്യകാലങ്ങളിൽ ധ്യാനത്തിൽ പങ്കെടുക്കാൻ എത്തിയിരുന്ന ആളുകളുടെ എണ്ണം വളരെ കുറവായിരുന്നു. ഇടവകകളിൽ നിന്ന് ധ്യാനത്തിനു കൂട്ടാൻ ആളുകളെ സംഘടിപ്പിക്കുക എന്നത് സ്വാഭാവികമായും വളരെ ശ്രമകരമായ ഒരു ജോലിയായിരുന്നു. ഈസ്റ്ററിനും, പെരുന്നാളിനും മാത്രം ആളുകൾ പള്ളിയിൽ പോയിരുന്ന ഒരു കാലം. ഞായറാഴ്ച കുർബാനകളിൽ പങ്കെടുക്കുന്നവരുടെ എണ്ണം വളരെ കുറവായിരുന്നു. വേദപാഠം പഠിക്കുന്ന കുട്ടികളായ ഞങ്ങളെ സംബന്ധിച്ച് ഒട്ടും താല്പര്യം ഉള്ള കാര്യമായിരുന്നില്ല പള്ളിയിൽ പോക്ക്. എങ്കിലും, നിർബന്ധംകൊണ്ട് ഞങ്ങൾ കുട്ടികൾ പള്ളിയിൽ പോകുമായിരുന്നു.

മുഴുകുടിയന്മാരായ കുടുംബനാഥൻമാർക്ക് മദ്യപാനത്തിൽ നിന്നും വിടുതൽ ലഭിക്കുന്നു. കുടുംബങ്ങളിൽ സമാധാന അന്തരീക്ഷം ഉണ്ടാകുന്നു. അതുതന്നെയായിരുന്നു ആരംഭകാലത്ത് പോട്ട ആശ്രമത്തിലെ മുഖ്യ ആകർഷണം. അത് സത്യവുമായിരുന്നു. പല കുടുംബനാഥന്മാരും പോട്ടയിൽ വന്ന് ധ്യാനം കൂടി മദ്യപാനം പൂർണമായും താൽക്കാലികമായും ഉപേക്ഷിച്ചിട്ടുണ്ട്. അത്തരം കുടുംബങ്ങളിലെ അംഗങ്ങളുടെ പ്രചാരണത്തിൻറെ ഫലമാണ് പോട്ട ആശ്രമത്തിൻറെ വളർച്ചയുടെ തുടക്കം എന്ന് ഞാൻ കരുതുന്നു. എന്നാൽ പിന്നീട് കണ്ടത് സ്വപ്നതുല്യമായ വളർച്ചയായിരുന്നു.

ആശ്രമത്തിലെ പ്രാർത്ഥന ശൈലിതന്നെ പോട്ടക്കാർക്ക് ഒരു പുതുമയായിരുന്നു. കൈകൾ പൊക്കി പിടിച്ചുകൊണ്ടുള്ള ഉച്ചത്തിലുള്ള ഹല്ലേലൂയ്യ വിളി, ആവർത്തിച്ചുള്ള ദൈവമേ നന്ദി, ദൈവമേ സ്തോത്രം എന്നീ വാക് പ്രയോഗങ്ങൾ എല്ലാമെല്ലാം ശരിക്കും ഒരു പുതുമയായിരുന്നു. ഒപ്പം നല്ല ഇമ്പമുള്ള ഭക്തിഗാനങ്ങളുടെ അകമ്പടിയും. ശരിക്കും പോട്ട ധ്യാനകേന്ദ്രം പടർന്നുപന്തലിച്ചു!

ഈ സാഹചര്യത്തിലാണ് രോഗശാന്തികൾ സംഭവിക്കാൻ തുടങ്ങിയതും തലയിൽ കൈവെച്ചുകൊണ്ടുള്ള രോഗശാന്തി ശുശ്രൂഷയും വ്യക്തിപരമായ അനുഭവ സാക്ഷ്യങ്ങളും അരങ്ങേറാൻ തുടങ്ങിയത്. ഇന്ന് അതെല്ലാം ഒരു കച്ചവടമാണ് എന്നു പറയുമ്പോൾ തന്നെ, ഏതൊരു കച്ചവടത്തിനും ലക്ഷങ്ങൾ ചിലവഴിച്ചുകൊണ്ടുള്ള പരസ്യം ആവശ്യമാണെന്നറിയാമല്ലോ. അത്ഭുത രോഗശാന്തി സാക്ഷ്യങ്ങൾ കരിസ്മാറ്റിക് കച്ചവടത്തിൻറെ പരസ്യമാണ്. അത് പത്രങ്ങളിലും മാസികകളിലും പ്രത്യക്ഷപ്പെട്ടുതുടങ്ങി. രോഗസൗഖ്യം ലഭിച്ചവനോട് നീയിത് ആരോടും പറയരുത് എന്നു കർശന നിർദ്ദേശം കൊടുക്കുന്ന യേശുവിനെ സുവിശേഷങ്ങളിൽ ഉടനീളം കാണാം. അത് ഈ അവസരത്തിൽ നമുക്ക് പ്രത്യേകം ഓർമിക്കാം. അങ്ങനെ ദിനംപ്രതി അത്ഭുതങ്ങളും അടയാളങ്ങളും സംഭവിക്കാൻ തുടങ്ങി.

മെഡിക്കൽ സയൻസ് കൈയ്യൊഴിഞ്ഞ രോഗികൾപോലും ആശ്രമത്തിൽ വന്ന് പ്രാർത്ഥിച്ച് സുഖപ്പെടാൻ തുടങ്ങി. കഠിന രോഗങ്ങൾപോലും സൗഖ്യമാകാൻ തുടങ്ങി. എന്നാൽ ഇതിനിടയിൽ, എത്ര ചികിത്സിച്ചിട്ടും എത്ര പ്രാർത്ഥിച്ചിട്ടും ഒരു ഫലവും ഇല്ലാതെ മരണത്തിനു കീഴടങ്ങുന്ന ആളുകളും അവരുടെ ബന്ധുക്കളും അവരുടെ കണ്ണീരും നിരാശയും ദൈവംപോലും കൈയ്യൊഴിഞ്ഞ അനാഥത്വവുമെല്ലാം, സൗഖ്യം കിട്ടിയവരുടെ ആഹ്ളാദ പ്രകടനങ്ങൾക്കും ഹല്ലേലൂയ്യ വിളികൾക്കിടയിൽ ഞെരിഞ്ഞമരുന്ന കാഴ്ചയും, അവർ അങ്ങേ അറ്റത്തെ ഹൃദയ വേദനയോടെ തങ്ങൾ എന്തോ കൊടിയ പാപം ചെയ്തവരാണെന്നുമുളള കുറ്റബോധത്തോടെ, ദൈവവിധിയെ പഴിച്ചുകൊണ്ട് നടന്നുനീങ്ങുന്നവരെയും കാണാൻ സാധിച്ചിട്ടുണ്ട്. എന്തായാലും, ആശ്രമവും പരിസരവും ജനസമുദ്രമായി മാറാൻ അധികനാൾ വേണ്ടിവന്നില്ല.

എല്ലാവരേയും അത്ഭുതപ്പെടുത്തിക്കൊണ്ട് ഫാദർ നായ്ക്കംപറമ്പിലിന് ദൈവത്തിൽനിന്ന് ദർശനങ്ങൾ പ്രാർത്ഥനാമധ്യേ ലഭിക്കാൻ തുടങ്ങി! അത് ഒരു പേപ്പറിൽ എഴുതി എടുത്ത് രോഗികളുടെ പേരും വയസ്സും സഹിതം അനൗൺസ് ചെയ്യാൻ തുടങ്ങി. രോഗം, ദുരിതം, കടബാധ്യത, ജോലി, വിവാഹം, സന്താനമില്ലായ്മ എന്നിവ മൂലം കഷ്ടപ്പെടുന്ന ആളുകൾ കൂട്ടം കൂട്ടമായി ആശ്രമത്തിലേക്ക് ഒഴുകിയെത്താൻ തുടങ്ങി. ഇതെല്ലാം ജനങ്ങൾക്ക് ഒരു പുതുമയായിരുന്നു. ഇങ്ങനെയൊന്നും മുമ്പ് കണ്ടിട്ടില്ല. ആളുകൾ തമ്മിൽ സ്നേഹവും സഹകരണവും എല്ലാം ഉണ്ടായി. 1990-95 വരെ ശരിക്കും ഒരു ദൈവരാജ്യം ആയി പോട്ട ആശ്രമം അനുഭവപ്പെട്ടിരുന്നു. 1991 മുരിങ്ങൂരിൽ വലിയതോതിൽ താമസിച്ചുള്ള ധ്യാനം ആരംഭിച്ചു. ധ്യാനത്തിൽ പങ്കെടുക്കുന്ന എല്ലാവർക്കും ഹൃദയം നിറയെ സന്തോഷവും സമാധാനവും സ്വസ്ഥതയും ലഭിക്കാൻ തുടങ്ങി.

1995-നു ശേഷമാണ് ധ്യാനകേന്ദ്രം കുറേശ്ശെയായി അധഃപതിക്കാൻ തുടങ്ങിയത്. അതോടൊപ്പം അന്ധവിശ്വാസങ്ങളും പ്രചരിപ്പിക്കാൻ തുടങ്ങി. സമ്പത്ത് കുമിഞ്ഞു കൂടാനാരംഭിച്ചു. രോഗശാന്തി എന്നുപറയുന്നത് വെറും തട്ടിപ്പാണെന്ന് എനിക്ക് ബോധ്യപ്പെടാൻ തുടങ്ങിയത് അന്നുമുതലാണ്.

ഫാദർ നായ്ക്കംപറമ്പിലിൻറെ കീർത്തി ലോകം മുഴുവൻ പ്രചരിക്കാൻ തക്ക രണ്ടു മൂന്നു സംഭവങ്ങൾ പോട്ട ആശ്രമത്തിൽ ഉണ്ടായി. അതെക്കുറിച്ച് ഇപ്പോൾ ചിന്തിക്കുമ്പോളാണ് അതിൻറെ പിന്നിൽ പ്രവർത്തിച്ച ആളുകളുടെ അതിബുദ്ധി എന്താണെന്ന് വ്യക്തമായി മനസ്സിലാകുന്നത്. വളരെ പ്രധാനപ്പെട്ട ഒരു സംഭവം പറയാം. തിരുവോസ്തി രൂപനായ യേശുവിനെയാണല്ലോ നമ്മൾ ക്രിസ്ത്യാനികൾ ആരാധിക്കുന്നത്. എൻറെ മാംസം നല്ല ഭക്ഷണമാണെന്നും രക്തം നല്ല പാനീയമാണെന്നും നിങ്ങൾ എല്ലാവരും അതുവാങ്ങി ഭക്ഷിക്കണമെന്നും ഭക്ഷിക്കുന്നവർ മരിക്കുകയില്ല എന്നും യേശു പറഞ്ഞു. യേശുവിൻറെ ശരീരം ഭക്ഷിക്കുക എന്നുവെച്ചാൽ, വചനം മാംസമായി ജന്മംകൊണ്ട ക്രിസ്തുവിൻറെ ശരീരമാകുന്ന വചനത്തെ “ഉൾക്കൊളളണം” എന്നാണ് ക്രിസ്തു പറഞ്ഞത്. അങ്ങനെയാണ് നമ്മൾ മനസ്സിലാക്കേണ്ടത് എന്നാണ് ഞാൻ കരുതുന്നത്. അല്ലാതെ യേശുവിൻറെ ഇറച്ചി തിന്നണമെന്നും ചോര കുടിക്കണമെന്നും അല്ല. എന്നാൽ രണ്ടായിരം വർഷം മുമ്പത്തെ ആളുകൾക്ക് അത് വേണ്ടവിധത്തിൽ മനസ്സിലാക്കാൻ സാധിക്കാത്തതുകൊണ്ട്, ഇറച്ചി തിന്നാനും ചോര കുടിക്കാനും വേറെ ആളെ നോക്ക് എന്ന് പിറുപിറുത്തുകൊണ്ട് അവർ യേശുവിനെ കൂടുതൽ കേൾക്കാൻ നിൽക്കാതെ എഴുന്നേറ്റുപോയി. രണ്ടായിരം വർഷം മുമ്പ് ജീവിച്ചിരുന്ന ആളുകൾക്ക് അത്രയെങ്കിലും ബോധം ഉണ്ടായിരുന്നു. എന്നാൽ ഇന്ന് നടക്കുന്നത് എന്താണ്? ഓസ്തിയും (ഗോതമ്പപ്പം) വീഞ്ഞും ക്രിസ്തുവിൻറെ മാംസവും രക്തവും ആയി മാറും എന്ന് പോട്ട കൺവെൻഷനിൽ ഫാദർ നായ്ക്കംപറമ്പിൽ പ്രവചിക്കുന്നു. തൊട്ടടുത്ത ദിവസം തന്നെ ഒരു സ്ത്രീയുടെ വായിൽ പിടക്കുന്ന ഇറച്ചിക്കഷണവും നിറയെ ചോരയും പ്രത്യക്ഷപ്പെടുന്നു! അതുകണ്ട ജനക്കൂട്ടം ദൈവഭയത്താൽ പേടിച്ച് വിറക്കുന്നു. അവർ വലിയ വായിൽ ഹല്ലേലൂയ്യ വിളിച്ച് ദൈവത്തെ കുമ്പിട്ട് ആരാധിക്കുന്നു. ആ സംഭവം നേരിട്ട് കണ്ട ഞാൻ അടിമുടി ഭയന്നുപോയി. ചില പ്രേത സിനിമകളിൽ കണ്ടിട്ടുളള യക്ഷികളേയും, ഭദ്രകാളിയേയുമാണ് എനിക്ക് അപ്പോൾ ഓർമവന്നത്. ഇതാണോ ക്രിസ്തീയത? ഇതാണോ വിശുദ്ധി? ഇതാണോ സ്വസ്തത? ഇതാണോ ദൈവീക സ്നേഹം? ഇതാണോ ദൈവീക കരുണ? ഇതാണോ ദൈവം? ഇതൊക്കെ എന്ത് ക്രിസ്തീയതയാണ്?

ഈയിടെ കേൾക്കുന്ന മറ്റൊരു അത്ഭുതവാർത്ത കൂടി ഇതിൻറെ കൂടെ ചേർത്ത് വെയ്ക്കേണ്ടതുണ്ട്. ഏതോ വിദേശരാജ്യത്ത്, സമാനസംഭവം നടന്നു. മാംസമായി മാറിയ ഓസ്തി ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കി. അത് 33 വയസുള്ള ഒരു യുവാവിൻറെ ഹൃദയപേശിയാണെന്ന് പരിശോധനയിൽ തെളിഞ്ഞു പോലും! യേശു മാസവും രക്തവും എന്നു പറഞ്ഞത് ജീവനും ആത്മാവുമാണ് എന്ന് യോഹന്നാൻറെ സുവിശേഷം അദ്ധ്യായം എട്ടിൽ സ്പഷ്ടമായി പറയുന്നു. എന്തായാലും ഒരു കാര്യം തീർച്ചയാണ്. ഇത്തരം പ്രചാരണങ്ങളിലൂടെ കുറച്ചുനാൾ കൂടി കുറേ ആളുകളെ ധ്യാനക്കൂടാരങ്ങളിലേയ്ക്കും ദേവാലയങ്ങളിലേയ്ക്കും ആകർഷിക്കാൻ സാധിച്ചേക്കും. എന്നാൽ അതിനുശേഷം ധ്യാനക്കൂടാരങ്ങളും ദേവാലയങ്ങളും തികച്ചും ശൂന്യമാകും.

ആദ്യ കാലങ്ങളിൽ ഒത്തിരി നന്മയുണ്ടായിരുന്നുവെങ്കിലും പിന്നീട് വൻ അധ:പതനത്തിലേക്കും അന്ധവിശ്വാസത്തിലേയ്ക്കുമാണ് ഫാദർ നായ്ക്കംപറമ്പിൽ വിശ്വാസികളെ നയിച്ചത് എന്നതിൽ തർക്കമില്ല.

2020-ലെ കൊറോണയുടെ വൻ വിജയത്തിനു ശേഷം വീണ്ടും പൂർവാധികം ഭംഗിയായി കൊറോണ 2021-ൽ ആരംഭിച്ചിരിക്കുന്ന വിവരം എല്ലാവരും അറിഞ്ഞിരിക്കുമല്ലോ. ഈ അവസ്ഥയിൽ ചില കാര്യങ്ങൾ ഇവിടെ പറഞ്ഞുവെക്കുകയാണ്. 1990-91 മുതൽ ഫാദർ മാത്യു നായ്ക്കംപറമ്പിലിൻറെ ന്വേതൃത്വത്തിൽ ഒരുപറ്റം പുരോഹിതർ കേരളത്തിലെ ദൈവവിശ്വാസികളെ ദൈവീക ദർശനത്തിൻറെയും അത്ഭുതങ്ങളുടെയും രോഗശാന്തികളുടെയും പേരിൽ അടപടലം വഞ്ചിക്കുകയായിരുന്നു. നിപ്പ വൈറസ്സിനെ ദിവ്യബലിയിൽ ആവാഹിച്ച് നശിപ്പിച്ചു എന്ന് പ്രസ്താവിച്ചപ്പോൾ ആണ് ആദ്യമായി ഇദ്ദേഹത്തിൻറെ വഞ്ചന പൊതുസമൂഹം മനസ്സിലാക്കിയത്. ബലാൽസംഗക്കേസിൽ അറസ്റ്റിലായി വിചാരണ നേരിടുന്ന ബിഷപ്പ് ഫ്രാങ്കോയെ ക്രിസ്തുവിൻറെ അപ്പോസ്തലന്മാരോട് ഉപമിച്ചതും, അഭയ സിസ്റ്ററുടെ ആത്മാവ് സംസാരിച്ചു എന്നു പറഞ്ഞ് ആരോ അയച്ച വാട്സാപ്പ് സന്ദേശം ശരിവെച്ചുകൊണ്ട് കുറ്റവാളികളെ ന്യായീകരിച്ച് പ്രസംഗിച്ചതും, പിന്നീട് അബദ്ധം പറ്റിയെന്ന ക്ഷമാപണവുമായി രംഗത്തുവന്നതുമെല്ലാം അദ്ദേഹത്തിന് യഥാർത്ഥ ദൈവവും ആയി യാതൊരു ബന്ധവും ഇല്ലായെന്ന് തെളിയിക്കാൻ പോന്ന വസ്തുതകളാണ്. മാത്രമല്ല, ഇപ്പോൾ കൊറോണ എന്ന പകർച്ചവ്യാധിമൂലം, അദ്ദേഹം നേതൃത്വം കൊടുക്കുന്നതടക്കം, കേരളത്തിലെ സകല ധ്യാനകേന്ദ്രങ്ങളും കഴിഞ്ഞ ഒരു വർഷത്തിലധികമായി അടച്ചുപൂട്ടിക്കിടക്കുകയാണ്. ധ്യാനകേന്ദ്രങ്ങളെല്ലാം പരിശുദ്ധാത്മാവാണ് നടത്തുന്നത് എന്നായിരുന്നു ധ്യാനഗുരുക്കന്മാരുടെ അവകാശവാദം. അവർ പറയുന്നത് സത്യമായിരുന്നെങ്കിൽ എന്തുകൊണ്ട് കൊറോണ വൈറസിനെ വേരോടെ നശിപ്പിക്കാനും അടച്ച ധ്യാനകേന്ദ്രങ്ങൾ പൂർവാധികം ശക്തിയോടെ തുറന്ന് പഴയപടി പ്രവർത്തനം ആരംഭിക്കാനും അവർക്ക് സാധിക്കുന്നില്ല? പരിശുദ്ധാത്മാവ് എന്തുകൊണ്ട് അവരെ അതിന് സഹായിക്കുന്നില്ല? എന്തുകൊണ്ട് അതിന് അവരെ അനുവദിക്കുന്നില്ല? യഥാർത്ഥ പരിശുദ്ധാത്മാവ് അത് ചെയ്യുന്നില്ലെങ്കിൽ പിന്നെ അവർ ഏത് ആത്മാവിനെക്കൊണ്ടാണ് ഇത്രയും നാൾ ധ്യാനകേന്ദ്രം നടത്തിക്കൊണ്ടിരുന്നത്?

മലവെള്ളപ്പാച്ചിൽപോലെ റോഡുനിറയെ ജനങ്ങൾ തിക്കിത്തിരക്കി പോട്ട ആശ്രമത്തിലേക്ക് ഒഴുകിക്കൊണ്ടിരുന്ന ഒരു കാലമുണ്ടായിരുന്നു. ശനിയാഴ്ച ദിവസം ആ പരിസരത്തുകൂടി വഴിനടക്കാൻപോലും സാധിക്കില്ലായിരുന്നു; അത്രക്ക് ജനത്തിരക്കായിരുന്നു. അന്ന് പോട്ട ആശ്രമത്തിലും ഡിവൈനിലും അത്ഭുതങ്ങളുടെ പെരുമഴക്കാലമായിരുന്നു. എന്തിനധികം പറയുന്നു, പോട്ട ആശ്രമത്തിനടുത്തുള്ള വീടുകളിൽ താമസിക്കുന്ന ആളുകൾക്ക് സ്വസ്തമായി ഒരു ശനിയാഴ്ചദിവസം വീട്ടിലിരിക്കാൻ സാധിക്കില്ലായിരുന്നു. അത്രയ്ക്ക് ഉച്ചത്തിലാണ് പോട്ട ആശ്രമത്തിൽ നിന്ന് ഹല്ലേലൂയ്യ വിളികൾ മുഴങ്ങിയിരുന്നത്! ഇങ്ങനെ അലറി വിളിച്ചാൽ മാത്രം പ്രസാദിക്കുന്ന, കരഞ്ഞു വിളിച്ചാൽ മാത്രം പ്രാർത്ഥന കേൾക്കുന്ന ഒരു ദൈവമാണോ യേശുക്രിസ്തു?

കഴിഞ്ഞ വർഷത്തെ ലോക്ഡൗൺ മൂലം ജനജീവിതം വളരെയധികം ദുരിതത്തിലാവുകയും ഒരു തരത്തിൽ അതിൽ നിന്നും കരകയറി വരികയുമായിരുന്നു. ദേ ലോക്ഡൗൺ വീണ്ടും ആരംഭിച്ചിരിക്കുന്നു, അതും പൂർവാധികം ശക്തിയായി. ഈ അവസ്ഥയിൽ ഒന്നു ചോദിച്ചോട്ടേ? ഈ ധ്യാനഗുരുക്കന്മാരായ ദൈവത്തിൻറെ പ്രതിപുരുഷന്മാർ എല്ലാവരുംകൂടി-വട്ടായി, വളമനാൽ, പൂവണ്ണത്തിങ്കൽ, നായ്ക്കംപറമ്പിൽ, പനയ്ക്കൽ, കൃപാസനം തുടങ്ങിയവർ ഒന്നിച്ചു പിടിച്ചാൽ ഒരു നിമിഷംകൊണ്ട് ദൈവം ഈ കൊറോണയെ നിശ്ശേഷം നശിപ്പിച്ചു തരില്ലേ? ഇല്ലാ എന്നാണ് മറുപടിയെങ്കിൽ പിന്നെന്തിന് ജനങ്ങൾ ഈ ദൈവിക ഏജൻറുമാരുടെ പുറകെ പോകുന്നു? ഇവർ നാളിതുവരെ ദൈവത്തിൻറെ പേരിൽ പറഞ്ഞതും ചെയ്തതും എല്ലാം വലിയ കള്ളത്തരമല്ലേ? സത്യത്തിൽ ഇവരുടെ മുഖഭാവം കാണുമ്പോൾ തന്നെ വല്ലാതെ ഭയം തോന്നുന്നു. എന്ത് ദൈവീകതയാണ് ഇവർക്കുള്ളത്?

നായ്ക്കംപറമ്പിലിൻറെ അന്നത്തെ ചില ദൈവീക ദർശനങ്ങളെക്കുറിച്ച് ഇന്ന് ഓർക്കുമ്പോൾ വല്ലാത്ത തമാശ തോന്നുന്നു. ശരിക്കും ഒരു കോമഡി തന്നെ! പക്ഷേ അന്ന് അങ്ങനെ ആയിരുന്നില്ല. വലിയ ഗൗരവത്തോടെ വള്ളിപുള്ളി വിടാതെ ദർശനങ്ങളെ മുഴുവൻ ജനം ശിരസാ വഹിക്കുമായിരുന്നു! എതിർപ്പുകളോ വിമർശനങ്ങളോ ലവലേശം പോലും ഇല്ലായിരുന്നു. ഈയൊരു ധൈര്യത്തിലായിരിക്കണം നായ്ക്കംപറമ്പിൽ സിസ്റ്റർ അഭയയുടെ ആത്മാവിനെക്കുറിച്ച് പ്രവചിച്ചത്. പക്ഷേ അത് ജനം സ്വീകരിച്ചില്ല. വലിയ പ്രതിഷേധങ്ങൾ ഉണ്ടായി. കാലം മാറിയിരിക്കുന്നു. ഇനിയും പഴയതുപോലെയുള്ള ഉഡായിപ്പുകൾ ഏൽക്കുകയില്ല.

പോട്ടയിൽ 1990-91-ൽ വലിയ കോലാഹലമുണ്ടാക്കിയ ഒരു സംഭവം പറയാം. ആദ്യകാലങ്ങളിൽ പോട്ട ആശ്രമത്തിൻറെ ഉള്ളിൽ മുൻഭാഗത്തുതന്നെയാണ് സ്റ്റേജ് കെട്ടി വചന പ്രഘോഷണം നടത്തിയിരുന്നത്. അത്ഭുതങ്ങളും രോഗശാന്തികളും തേടി വരുന്ന ആളുകളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചപ്പോൾ സ്റ്റേജ് ആശ്രമത്തിൻറെ പിൻഭാഗത്തേക്ക് മാറ്റി സ്ഥാപിച്ചു. പിന്നെയും ആളുകൾ കൂടി വന്നപ്പോഴാണ് മുരിങ്ങൂർ ഡിവൈൻ തുടങ്ങിയത്. പതിനായിരക്കണക്കിന് ആളുകൾ ഒരു ശനിയാഴ്ച ദിവസം മാത്രം പോട്ടയിൽ പ്രാർത്ഥിക്കാനായി എത്തുമായിരുന്നു. ശനിയാഴ്ച ദിവസം പോട്ട അക്ഷരാർത്ഥത്തിൽ ഒരു ജനസമുദ്രമായി മാറുമായിരുന്നു. ഹല്ലേലൂയ്യ വിളികൾകൊണ്ട് പോട്ട ആശ്രമവും പരിസരവും പ്രകമ്പനം കൊള്ളുമായിരുന്നു. അന്നും ഏകദേശം മൂന്നുമണിയോട് അടുത്ത് ഫാദർ നായ്ക്കംപറമ്പിൽ സ്റ്റേജിലെത്തി. ജനസഹസ്രങ്ങൾ ആർത്തലച്ച് ഹല്ലേലൂയ്യ വിളിക്കാനും സ്വരമുയർത്തി കർത്താവിനെ സ്തുതിക്കാനും കരമടിച്ച് ദൈവത്തെ മഹത്വപ്പെടുത്തുവാനും ആരംഭിച്ചു. ഫാദർ നായ്ക്കംപറമ്പിൽ അന്നേ ദിവസം പരിശുദ്ധാത്മാവ് തനിക്ക് നൽകിയ ദർശനം വിളംബരം ചെയ്യാൻ ആരംഭിച്ചു. അന്നത്തെ ദർശനവിവരങ്ങൾ കേട്ട് ജനം ഒന്നടങ്കം ഞെട്ടിത്തരിച്ചുപോയി! ദർശനത്തിൻറെ വിശദാംശങ്ങൾ ഇങ്ങനെയായിരുന്നു: “അഞ്ചുപേർ അടങ്ങുന്ന ഒരു സംഘം മോഷണം നടത്തുക എന്ന ലക്ഷ്യത്തോടെ പോട്ട ആശ്രമത്തിൽ പ്രവേശിച്ചിട്ടുണ്ട്. അതിൽ നാലുപേർ പുരുഷന്മാരും ഒരാൾ സ്ത്രീയുമാണ്. സ്ത്രീ വെള്ളവസ്ത്രം ധരിച്ചിരിക്കുന്നു. അവർ സ്വർണത്തിൻറെ മൂക്കുത്തിയും അണിഞ്ഞിരിക്കുന്നു. നാലു പുരുഷന്മാരിൽ രണ്ടുപേർക്ക് ദൈവം ഈ നിമിഷം കലശലായ വയറുവേദന കൊടുത്തിരിക്കുന്നു. മോഷണശ്രമം ഉപേക്ഷിച്ച് മാനസാന്തരപ്പെടാൻ ദൈവം അവരോട് ആവശ്യപ്പെടുന്നു!” ആയിരക്കണക്കിന് വരുന്ന ജനക്കൂട്ടം ഒരു നിമിഷം സ്തബ്ധരായി, പിന്നെ അസ്വസ്തരായി. സ്ത്രീകൾക്കാണ് അങ്കലാപ്പ് കൂടുതൽ. പലരും ഇട്ടിരുന്ന ആഭരണങ്ങൾ ഊരി ബാഗിൽ വയ്ക്കാനും ഉടുത്തിരിക്കുന്ന വസ്ത്രത്തിൽ പൊതിഞ്ഞുകെട്ടാനും തുടങ്ങി. ചിലർ സാരിയെല്ലാം ഒരു വല്ലാത്തതരത്തിൽ ശരീരത്തിൽ മൊത്തം പൊതിയാൻ തുടങ്ങി. അടുത്തിരിക്കുന്നവർ തമ്മിൽ പരസ്പരം സംശയ ദൃഷ്ടിയോടെ വീക്ഷിക്കാൻ തുടങ്ങി. ആരെങ്കിലും വല്ലാതെ വയറു വേദന അനുഭവിക്കുന്നുണ്ടോയെന്ന് സൂക്ഷിച്ച് നോക്കാനും ആരംഭിച്ചു. മൂക്കുത്തി ഇട്ട സ്ത്രീകളുടെ കാര്യമായിരുന്നു ഏറെ പരിതാപകരം. 10 ഹല്ലേലൂയ്യ മാത്രം ഒന്നിച്ച് ഉച്ചസ്വരത്തിൽ വിളിച്ച് അന്നത്തെ പ്രാർത്ഥന അവസാനിപ്പിക്കുന്നതായും അതിനിടയിൽ “സ്ത്രോത്രക്കാഴ്ച” സമർപ്പിക്കാൻ മാത്രം എല്ലാവർക്കും അവസരമുണ്ടായിരിക്കും എന്നും എല്ലാവരും പിരിഞ്ഞ് പോകാനും ഫാദർ നായ്ക്കoപറമ്പിൽ ആവശ്യപ്പെട്ടു. ശുശ്രൂഷകർ, പ്രേഷിതർ എല്ലാവരും അടുത്ത നിമിഷം ജാഗരൂകരായി. ഇത്രയും ആയപ്പോഴേക്കും അച്ചനെക്കുറിച്ചുളള വിശ്വാസികളുടെ മതിപ്പ് പതിൻമടങ്ങ് വർദ്ധിച്ചു! കളളന്മാരുടെ ഒരു വേലത്തരവും നായ്ക്കംപറമ്പിലച്ചൻറെ അടുത്ത് വിലപ്പോവില്ല എന്ന് മിക്ക സ്ത്രീകളും പുരുഷന്മാരും അടക്കം പറയുന്നത് അവിടവിടെ കേൾക്കാൻ കഴിഞ്ഞു. ആശ്രമത്തിൻറെ പ്രധാന കവാടത്തിൻറെ ഇരുവശത്തുമുള്ള മതിലിൽ കയറി “പ്രേഷിതർ” തുറിച്ച കണ്ണുകളുമായി നിലയുറപ്പിച്ചു തിക്കിത്തിരക്കി പുറത്തേക്ക് പോകുന്ന ഓരോ കുഞ്ഞാടുകളേയും അടിമുടി വീക്ഷിച്ചുകൊണ്ട്, ആഭരണങ്ങൾ സൂക്ഷിക്കാൻ ഉറക്കെ വിളിച്ചുപറഞ്ഞ് ഓർമിപ്പിച്ചുകൊണ്ട്, ഇടക്കിടെ ഓരോ “ഹല്ലേലൂയ്യ” യും വിളിച്ചുകൊണ്ട്. ഹൊ! അതൊരു വല്ലാത്ത ദിവസമായിരുന്നു! വല്ലാത്ത ഒരനുഭവമായിരുന്നു!!
ഫാദർ നായ്ക്കംപറമ്പിലിൻറെ കീർത്തി നാടെങ്ങും പരന്നു. ആളുകൾക്കിടയിൽ അദ്ദേഹത്തെക്കുറിച്ച് വലിയ ഭയം ഉളവായി! ആ സംഭവം മാത്രമായി എല്ലാവരുടെയും സംസാരവിഷയം. പോട്ട ആശ്രമത്തിലേക്ക് കൂടുതൽ ആളുകൾ എത്താൻ തുടങ്ങി. ഇനിയാണ് തമാശ. അടുത്ത ദിവസങ്ങളിൽ പോട്ട പ്രദേശത്ത് ഒരു “കരക്കമ്പി” പ്രചരിക്കാൻ തുടങ്ങി. എല്ലാവരുടേയും ശ്രദ്ധ പ്രധാന കവാടത്തിലേയ്ക്കും ആളുകളുടെ ആഭരണങ്ങളിലേയ്ക്കും തിരിഞ്ഞപ്പോൾ പിൻ ഭാഗത്ത് “സ്ത്രോത്രക്കാഴ്ച” പിരിച്ച് നിറച്ച് വച്ചിരുന്ന അഞ്ചാറ് ബക്കറ്റ് ആരോ എടുത്തുകൊണ്ടുപോയി എന്ന്!

ഇനി രണ്ടാമത്തെ വിഭാഗമാണ് ശുശ്രൂഷകർ. ഇവർ പല പേരുകളിലാണ് അറിയപ്പെടുന്നത്: ഗാനശുശ്രൂഷകർ, സ്തോത്രക്കാഴ്ച എടുക്കുന്നവർ, ലഘു ഭക്ഷണ ശുശ്രൂഷ നടത്തുന്നവർ, വചനോത്സവം മാസിക പ്രചാരണം നടത്തുന്നവർ, പ്രാർത്ഥന ഗ്രൂപ്പുകൾ നയിക്കുന്നവർ. ശുശ്രൂഷകരെ പ്രേഷിതർ എന്നാണ് സാധാരണ വിളിക്കുക. അവരെല്ലാം തരതമ്യേന വലിയ അപകടകാരികൾ അല്ല. എന്നാൽ ചില നുണക്കഥകൾ സമൂഹത്തിൽ പ്രചരിപ്പിക്കുന്നത് അവരാണ്. അതിൻറെ ഇഫക്ട് വളരെ വലുതാണുതാനും. ഉദാഹരണത്തിന് ‘ബൈബിളിലെ മുടി’. വചനപ്രഘോഷണം നടക്കുന്ന സ്റ്റേജിലേക്ക് നായ്ക്കംപറമ്പിൽ ഉടനെ എത്തും എന്ന അറിയിപ്പ് മുഴങ്ങുമ്പേഴേക്കും പോട്ട ആശ്രമത്തിലെ വിശ്വാസസമുദ്രം കൊടുങ്കാറ്റ് അടിച്ചതുപോലെ ഇളകി മറിയുമായിരുന്നു! അന്നത്തെ നായ്ക്കംപറമ്പിലിൻറെ ഒരു വെളിപാട് ഇപ്രകാരമായിരുന്നു. ഏതോ ഒരു ആശുപത്രിയിൽ ഒരു കുഞ്ഞ് ജനിച്ചുവെന്നും ആ കുഞ്ഞ് പിറന്നുവീണ ഉടനെത്തന്നെ സംസാരിക്കാൻ തുടങ്ങിയെന്നും ഹാലേലൂയ്യയുടെ അകമ്പടിയോടെ നായ്ക്കംപറമ്പിൽ പറഞ്ഞു തുടങ്ങിയപ്പോഴേക്കും ഇളകി മറിഞ്ഞിരുന്ന ജനസമുദ്രം കൊടുങ്കാറ്റ് ശമിച്ച ഗലീലിയ കടൽപോലെ ശാന്തമായി! ആ ജനസമുദ്രത്തിലെ ഒരു തുള്ളിയായ ഞാനും കൂടുതൽ കേൾക്കാനായി കാത് കൂർപ്പിച്ചു. അച്ചൻ തുടർന്നു. AD 2000-ൽ ലോകം അവസാനിക്കുമെന്നും അതിനുമുമ്പ് ലോകമെങ്ങും സുവിശേഷം എത്തിക്കണമെന്നും ഈ കുഞ്ഞ് ആവശ്യപ്പെട്ടുവെത്രേ! പിറന്ന് വീണ് ഒന്നു കരയുന്നതിനു മുമ്പാണ് ഈ കുഞ്ഞ് ഇത്രയും പറഞ്ഞത് എന്നോർക്കണം! ഈ കുഞ്ഞിൻറെ തലക്ക് ഒരു പ്രത്യേകതയുണ്ടായിരുന്നു. പകുതി ഭാഗത്ത് കഷണ്ടിയും മറ്റേ പകുതിയിൽ ഇടതൂർന്നുവളർന്ന മുടിയും ഉണ്ടായിരുന്നു. കഷണ്ടിയുള്ള ഭാഗത്തെ മുടിയെല്ലാം എവിടെപ്പോയി എന്ന ചോദ്യത്തിന്, ആ മുടിയെല്ലാം ക്രിസ്ത്യാനികളുടെ ഭവനങ്ങളിലെ ബൈബിളിനകത്ത് ഉണ്ടെന്നുപറഞ്ഞ് ഈ കുഞ്ഞ് തൽക്ഷണം മരിച്ചു! നായ്ക്കംപറമ്പിൽ ഇത്രയും പറഞ്ഞ് അവസാനിച്ചപ്പോഴേക്കും ഒരു നിമിഷം ജനസമുദ്രത്തിൽ സൂചി വീണാൽ കേൾക്കാവുന്ന നിശബ്ദത തളം കെട്ടി. അടുത്ത നിമിഷം കടന്നൽ കൂട് ഇളകിയതുപോലെ ആളുകൾ വീടുകളിലേക്ക് വച്ചുപിടിച്ചു. അച്ചൻറെ ഈ “വെളിപാടു സംഭവം” കാട്ടുതീപോലെ പോട്ടയിലും മറ്റു പ്രദേശങ്ങളിലും പരന്നു. തുടർന്നുള്ള ദിവസങ്ങളിൽ മിക്ക വീടുകളിലെ ബൈബിളുകളിൽ നിന്നും ഓരോ മുടിക്കഷണം ലഭിച്ചതായി ആളുകൾ രഹസ്യമായും പരസ്യമായും സാക്ഷ്യപ്പെടുത്താൻ തുടങ്ങി! എന്നാൽ എൻറെ അമ്മ രാപകൽ തിരഞ്ഞിട്ടും ഞങ്ങളുടെ വീട്ടിലെ ബൈബിളിൽ നിന്നും ഒരു മുടിനാരുപോലും കിട്ടിയില്ല. ബൈബിളിലെ മുഴുവൻ പേജും അരിച്ച് പെറുക്കി നോക്കിയിട്ടും നിരാശയായിരുന്നു ഫലം! അമ്മക്ക് അത് വലിയ സങ്കടത്തിന് കാരണമായി. തൊട്ടടുത്ത വീട്ടിലെ ക്ലാരമാമയോട് പോയി ചോദിച്ചപ്പോൾ അവിടുത്തെ ബൈബിളിൽ നിന്നും മുടി ലഭിച്ചതായി വിവരം ലഭിച്ചു. ഈ തക്കത്തിന് അമ്മ അധികം വിഷമിക്കേണ്ട എന്നു കരുതി ഒരു മുടി എൻറെ തലയിൽ നിന്നും പറിച്ചെടുത്ത് ബൈബിളിൻറെ അവസാനത്തെ പേജിൽ വച്ചു കൊടുത്ത് ഒന്നുമറിയാത്തവനെപ്പോലെ ഞാനിരുന്നു. അതിന് പ്രയോജനമുണ്ടായി! നിമിഷങ്ങൾക്കകം “ക്ലാരേ, ഇവിടെയും കിട്ടിയെടി മുടി എന്ന ആഹ്ളാദ ശബ്ദം പത്ത് ഹല്ലേലൂയ്യ വിളിക്കൊപ്പം ഞങ്ങളുടെ ഭവനത്തിൽ നിന്നും ഉയർന്നു! നായ്ക്കംപറമ്പിലിൻറെ കീർത്തി നാടെങ്ങും പരക്കുന്നതിന് ആ സംഭവവും കാരണമായി. പോട്ട ആശ്രമത്തിൽ നിന്നും വലിയ വായിൽ ഹല്ലേലൂയ്യ വിളികൾ ഉയരാൻ തുടങ്ങി. കൊറോണവന്ന് ആശ്രമം പൂട്ടിക്കെട്ടുന്നതുവരെ അതുതുടർന്നു.

നായ്ക്കംപറമ്പിലച്ചനെ ആരോ തട്ടിക്കൊണ്ടുപോയി എന്ന ഒരു വാർത്ത കേട്ടുകൊണ്ടാണ് അന്ന് പോട്ട നിവാസികൾ ഉറക്കമുണർന്നത്! കേട്ടവർ കേട്ടവർ കണ്ണും തള്ളി ഇരിപ്പായി. നായ്ക്കംപറമ്പിലിന് എന്ത് സംഭവിച്ചു എന്ന് ഓർത്തിട്ടായിരുന്നില്ല ആളുകൾക്ക് ആവലാതി. മറിച്ച്, ഈ “പണി” ചെയ്തവരുടെ ഗതി എന്തായിക്കാണും എന്നോർത്തിട്ടായിരുന്നു പോട്ടക്കാരുടെ വേവലാതി മുഴുവനും. കാരണം, യേശുക്രിസ്തു നായ്ക്കംപറമ്പിൽ വഴി നടത്തുന്ന അനവധി അത്ഭുതങ്ങളുടെയും ദർശനങ്ങളുടെയും രോഗശാന്തികളുടെയും പ്രശസ്തി ലോകമെങ്ങും കാട്ടുതീ പോലെ പ്രചരിക്കുന്ന കാലമാണത്. ജനം സുനാമിപോലെ ആർത്തിരമ്പി പോട്ടയിലക്ക് ഒഴുകി എത്തുന്ന കാലം. AD 2000-നു മുമ്പ് ലോകമെങ്ങും സുവിശേഷം എത്തിക്കണം എന്ന ദൗത്യവുമായി നായ്ക്കംപറമ്പിലും കൂട്ടരും ലോകമെങ്ങും പറന്ന് നടക്കുന്ന കാലം. അദ്ദേഹത്തെ ഒന്നു കാണാൻ അവസരം കിട്ടുക എന്നത് തന്നെ വലിയ ഭാഗ്യമായി വിശ്വാസികൾ കരുതുന്ന കാലം! ആ സമയത്താണ് ഇങ്ങനെ ഒരു വാർത്ത പോട്ടയിലും സമീപ പ്രദേശങ്ങളിലും പ്രചരിച്ചത്: “നായ്ക്കംപറമ്പിലച്ചനെ ആരോ തട്ടികൊണ്ടുപോയി”! അതിനു ശ്രമിച്ചവർ ശരിക്കും അനുഭവിക്കുമെന്ന് കേട്ടവർ കേട്ടവർ അഭിപ്രായപ്പെട്ടു. കാരണം, നായ്ക്കംപറമ്പിൽ എന്നു പറഞ്ഞാൽ ദൈവതുല്യനാണ്! നായ്ക്കംപറമ്പിലിനെ തട്ടികൊണ്ടുപോകുക എന്നു പറഞ്ഞാൽ ദൈവത്തെ തട്ടികൊണ്ടുപോകുന്നതിന് തുല്യമാണ്! എങ്കിൽ അതിൻറെ ഭവിഷ്യത്തുകൾ ഭീകരമായിരിക്കും, തീർച്ച! ദൈവത്തെ തട്ടി കൊണ്ടുപോകുന്നവരെ കാരുണ്യവാനായ ദൈവം ചിലപ്പോൾ വെറുതെ വിടുമായിരിക്കും. പക്ഷേ നായ്ക്കംപറമ്പിലിനെ തട്ടികൊണ്ടുപോയാൽ, അവരെ ദൈവം വെറുതെ വിടുമോ? ഒരിക്കലും ഇല്ല! എന്താണ് സംഭവിച്ചത് എന്നറിയാൻ ആളുകൾക്ക് ഉത്കണ്ഠയായി. സംഭവം ഇങ്ങനെയാണ്: രാത്രി സമയം നാലഞ്ചുപേർ അച്ചനെ കാണാനായി പോട്ടയിലെത്തി. അച്ചൻറെ “ഭാഗ്യ” ത്തിന് അന്ന് അച്ചൻ പോട്ട ആശ്രമത്തിൽത്തന്നെ ഉണ്ടായിരുന്നു. വന്നവരിൽ ഒരാളുടെ ഭവനത്തിൽ ഭയങ്കര പ്രശ്നങ്ങളാണെന്നും, അച്ചൻ ആ ഭവനത്തിൽ വന്നു പ്രാർത്ഥിക്കണമെന്നും, അച്ചൻ തന്നെ വന്ന് വിശുദ്ധജലം തളിച്ച് പ്രാർത്ഥിച്ചാൽ മാത്രമേ ഭവനത്തിലെ ബാധ ഒഴിയുകയുള്ളൂ എന്നും ഇപ്പോൾ തന്നെ അച്ചൻ കൂടെവരണമെന്നും യാത്ര ചെയ്യാൻ കാറ് കൊണ്ടുവന്നിട്ടുണ്ടെന്നും ഒറ്റ ശ്വാസത്തിൽ അവർ പറഞ്ഞു. അച്ചൻ ഉടൻ തന്നെ അവരുടെകൂടെ കാറിൽ കയറി യാത്ര പുറപ്പെട്ടു. പെട്ടെന്നാണ് കൂടെയുള്ളവരുടെ സംസാരത്തിലും പെരുമാറ്റത്തിലും ഉണ്ടായ മാറ്റം അച്ചൻറെ ശ്രദ്ധയിൽ പെട്ടത്. അവർ കുപ്പി തുറന്ന് മദ്യം എടുത്ത് കുടിക്കാനും അച്ചനെ ഉപദ്രവിക്കാനും തുടങ്ങി. അച്ചൻറെ കഴുത്തിൽ പിടിച്ച് ഞെക്കി കൊല്ലാൻ ശ്രമിച്ചു! അച്ചൻ പ്രാണരക്ഷാർത്ഥം ചുറ്റും നോക്കി. വിജനമായ പ്രദേശത്തുകൂടിയാണ് അപ്പോൾ കാറ് ഓടികൊണ്ടിരിക്കുന്നത്. രക്ഷിക്കാനായി ആരുമില്ല. ഇനി പ്രാർത്ഥന മാത്രമാണ് രക്ഷ എന്ന് അച്ചൻ തിരിച്ചറിഞ്ഞു. അടുത്ത നിമിഷം അച്ചൻ കാറിലിരുന്ന് പ്രാർത്ഥിക്കാനും സ്തുതിക്കാനും തുടങ്ങി. ഉറക്കെ ഉറക്കെ ഹല്ലേലൂയ്യ വിളിച്ചു. അത്ഭുതമെന്ന് പറയട്ടെ, ഒടിക്കൊണ്ടിരുന്ന കാറ് തനിയെ നിന്നു! ഡ്രൈവർ എത്ര ശ്രമിച്ചിട്ടും എൻഞ്ചിൻ സ്റ്റാർട്ടാകുന്നില്ല. അടുത്ത നിമിഷം കാറിൻറെ ഡോറെല്ലാം തനിയെ തുറന്നു. കാറിലുണ്ടായിരുന്നവർ എല്ലാം എന്തോ കണ്ട് വല്ലാതെ ഭയന്നതുപോലെ ഇറങ്ങി നാലുപാടും ചിതറി ഓടി. അങ്ങനെ അച്ചൻ വലിയ ഒരു അപകടത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടു! അച്ചൻ തിരികെ എങ്ങനെ ആശ്രമത്തിൽ എത്തി എന്ന് ആരും പറഞ്ഞ് കേട്ടിട്ടില്ല. ചിലപ്പോൾ അച്ചൻ പിന്നെയും പ്രാർത്ഥിച്ചു കാണും, വണ്ടി തനിയെ സ്റ്റാർട്ടായിക്കാണും, തിരികെ ഓടി ആശ്രമത്തിൽ എത്തിക്കാണും. നമ്മൾ ഇപ്പോൾ ഇതേക്കുറിച്ച് എന്താണ് പറയുക? ദൈവത്തിന് സാധിക്കാത്തതായി യാതൊന്നും ഇല്ലല്ലോ. നമ്മുടെ ദൈവം ഭയങ്കരനല്ലേ? നായ്ക്കംപറമ്പിലും ഭയങ്കരനല്ലേ?

പക്ഷേ ഇങ്ങനെയൊരു നായ്ക്കംപറമ്പിലാണ് ഇപ്പോൾ ഈ കൊറോണയെ പേടിച്ച് ആശുപത്രിയിൽ അഡ്മിറ്റ് ആയത് എന്നത് വിശ്വസിക്കാനേ സാധിക്കുന്നില്ല. അച്ചൻ ആശുപത്രിയിലാണ് എന്ന വാർത്ത അച്ചൻ പുറത്ത് വിടാനേ പാടില്ലായിരുന്നു. ഇത്രയും ഭയങ്കരനായ അച്ചൻറെ ഗതി ഇപ്പോൾ ഇതാണെങ്കിൽ, അച്ചനെ കണ്ണുമടച്ച് വിശ്വസിച്ച വിശ്വാസികളുടെ ഗതി എന്തായിരിക്കും?

പോട്ട ആശ്രമത്തിലെ മറ്റൊരു ധ്യാനഗുരുവായ കൊച്ചുമാത്യു അച്ചൻ ഒരിക്കൽ ബസ് കാത്ത് നിൽക്കുമ്പോൾ, അച്ചന് പരിചയമില്ലാത്ത ഒരു വണ്ടിക്കാരൻ വണ്ടി നിറുത്തി കൂടെ പോരുന്നോ എന്ന് ചോദിച്ചതായും നായ്ക്കംപറമ്പിലിനുണ്ടായ അനുഭവം ഓർത്തുകൊണ്ട് വരുന്നില്ല എന്നു പറയുകയും അയ്യാൾ ദ്യേഷ്യപ്പെട്ട് എന്തോ പിറുപിറുത്തുകൊണ്ട് വണ്ടിയോടിച്ച് പോവുകയും പിറകെ വന്ന ബസിൽ കയറി കൊച്ചുമാത്യു അച്ചൻ യാത്ര പുറപ്പെടുകയും യാത്രാമധ്യേ മുമ്പ് ദ്യേഷ്യപ്പെട്ട് വണ്ടി ഓടിച്ചുപോയ ആളുടെ വണ്ടി പാടത്ത് മറിഞ്ഞു കിടക്കുന്നതായും വണ്ടിക്കാരൻ വണ്ടിയുടെ പുറത്ത് കയറി ഇരിക്കുന്നത് കണ്ടതായും കൊച്ചുമാത്യു അച്ചൻ പ്രസംഗമധ്യേ പറഞ്ഞതും നേരിട്ട് കേൾക്കാൻ എനിക്കു സാധിച്ചിട്ടുണ്ട്. വലിയ കയ്യടികളോടെയും ഹല്ലേലൂയ്യ വിളികളോടെയുമാണ് ജനം ഇതെല്ലാം കേട്ടുകൊണ്ടിരുന്നത്.

വളരെ അപകടകാരികളായ കൂട്ടരാണ് കൗൺസിലർമാർ. ആദ്യകാലങ്ങളിൽ പോട്ടയല്ലാതെ മറ്റ് ധ്യാനകേന്ദ്രങ്ങൾ വളരെ കുറവായിരുന്നു; തീരെ ഇല്ല എന്നുതന്നെ പറയാം. അക്കാലങ്ങളിൽ വിദ്യാഭ്യാസപരമായി ഉന്നത നിലവാരമുള്ള ക്വാളിഫൈഡായ ആളുകൾ കൗൺസിലർമാരായി രംഗത്തുണ്ടായിരുന്നു. എന്നാൽ പിന്നീട് പുതുമഴയിൽ കിളിർക്കുന്ന കൂണുപോലെ ധ്യാനകേന്ദ്രങ്ങൾ മുളച്ച് പൊങ്ങാൻ തുടങ്ങി. വിളവ് അധികം വേലക്കാരോ വിരളം എന്ന അവസ്ഥയുണ്ടായി. തൽഫലമായി യാതൊരു വിദ്യാഭ്യാസ യോഗ്യതയോ, പക്വതയോ, വേണ്ടത്ര വിവരമോ ഇല്ലാത്ത ആളുകൾ, പ്രാർത്ഥനയും ദൈവീക ദർശനങ്ങളും മാത്രം കൈമുതലാക്കി ആളുകളുടെ വ്യക്തിപരമായ വിഷയങ്ങളിലും കുടുംബ പ്രശ്നങ്ങളിലും ഇടപെടാനും ദൈവത്തിൻറെ തീരുമാനങ്ങളാണെന്നു പറഞ്ഞ് പലതും കാട്ടിക്കൂട്ടാനും തുടങ്ങി. ധാരാളം വിശ്വാസികൾ അതെല്ലാം വിശ്വസിച്ചു. പല കുടുംബങ്ങളിലും വളരെ വലിയ ദുരന്തങ്ങൾ വരുത്തിവെയ്ക്കാൻ അത് കാരണമായിട്ടുണ്ട്. കുടുംബങ്ങളിൽ ആത്മഹത്യകൾ വർദ്ധിക്കാൻ തുടങ്ങി. അവരുടെ വികലമായ പ്രാർത്ഥനാ ജല്പനങ്ങളുടെ ഫലമായി കുടുംബഛിദ്രങ്ങൾ സംഭവിക്കാൻ ആരംഭിച്ചു. വ്യക്തികളിൽ അകാരണമായ ഭയം നിറയാൻ അത് കാരണമായി. അന്ധവിശ്വാസം പരക്കാൻ തുടങ്ങി. വ്യക്തികളെയോ, വസ്തുക്കളെയോ കാണാതായാൽ പേലീസ് സ്റ്റേഷനിൽ പരാതിപ്പെടുന്നതിനു പകരം പ്രാർത്ഥിച്ച് കണ്ടുപിടിക്കുന്ന അവസ്ഥയിലേയ്ക്കെത്തി കാര്യങ്ങൾ. പലർക്കും വലിയ ദൈവകോപം നേരിടേണ്ടിവരും; അതും ഉടനെത്തന്നെ സംഭവിക്കാം എന്നും ഒക്കെ പുലമ്പാൻ തുടങ്ങി. എങ്ങും വല്ലാത്ത ഭയം പ്രചരിക്കാൻ തുടങ്ങി.

ധ്യാനം കൂടി സമാധാന ജീവിതം നയിക്കാൻ ഉള്ള ഉദ്ദേശത്തിൽ വന്നവർ ധ്യാനകേന്ദ്രത്തിൽത്തന്നെ ജീവനൊടുക്കാൻ തുടങ്ങി. പലരും മനോരോഗികളായി. പല കുടുംബങ്ങളും അവരെ ആശ്രമത്തിൽ ഉപേക്ഷിക്കാൻ തുടങ്ങി. ദുരൂഹമരണങ്ങൾ സംഭവിക്കാൻ ആരംഭിച്ചു. എന്നാൽ അതെല്ലാം സമർത്ഥമായി ഒതുക്കി തീർക്കാനും കഴിഞ്ഞു എന്നതാണ് യാഥാർത്ഥ്യം. എൻറെ അയൽവക്കക്കാരനും സുഹൃത്തുമായ കോനിക്കര കുഞ്ഞവര എന്ന മനുഷ്യൻ ധ്യാനം കൂടാൻ പോയി നാലാം ദിവസം ഡിവൈൻ ധ്യാനകേന്ദ്ര കെട്ടിട്ടത്തിൽ നിന്നും താഴേക്ക് ചാടി ആത്മഹത്യ ചെയ്യുകയും, ആ ശവശരീരം വീട്ടിൽ കൊണ്ടുവന്നതിൻറെ പുറകെ ഫാദർ ജോർജ് പനയ്ക്കൽ വരികയും മരണ വീട്ടിലേക്കുളള വഴി എന്നോട് ചോദിക്കുകയും ഞാൻ വഴി കാണിച്ച് കൊടുക്കുകയും ചെയ്തത് അന്നെന്നപോലെ ഇന്നും ഓർമിക്കുന്നു. മറ്റൊരു സുഹൃത്തിൻറെ സ്വന്തം ചേട്ടൻ ധ്യാനം കൂടി വന്നതിൻറെ പിറ്റേ ദിവസം, ഒരു വെള്ളപേപ്പറിൽ, “എൻറെ പിഴ, എൻറെ പിഴ, എൻറെ പിഴ” എന്ന് എഴുതിവെച്ചശേഷം കെട്ടിത്തൂങ്ങി മരിച്ചതും ഇപ്പോൾ ഓർത്തുപോവുകയാണ്.

ഇനിയുള്ളത് വിശ്വാസികൾ ആണ്. അവരുടെ അവസ്ഥയാണ് ഏറെ പരിതാപകരം. ഏകദേശം 40% പേർക്ക് ഇക്കഴിഞ്ഞ നാലഞ്ചു വർഷത്തിനുളളിൽ ശരിക്കും നേരം വെളുത്തിട്ടുണ്ട്. അവർ സത്യം തിരിച്ചറിയുകയും സ്വതന്ത്രരാവുകയും ചെയ്തിട്ടുണ്ട്. അവർ ഒരിക്കലും ഇനി പഴയ ദൈവീക അടിമത്തത്തിലേക്ക് തിരിച്ച് പോവുകയില്ല. സോഷ്യൽ മീഡിയയുടെ വളർച്ചയും പ്രതികരണ ശേഷിയുള്ള ആളുകളുടെ കടന്നുവരവും ബൈബിളിലെ യഥാർത്ഥ സത്യം മനസ്സിലാക്കിയവരുടെ ധീരമായ പ്രബോധനങ്ങളും ആ മാറ്റത്തിന് വളരെയധികം സഹായിച്ചിട്ടുണ്ട്. അന്യായങ്ങൾക്കെതിരെ പ്രതികരിക്കുന്നവരുടെ എണ്ണത്തിൽ വളരെയധികം വർധനവുണ്ടായത് അതിൻറെ ഫലമാണ്. യഥാർത്ഥ ദൈവസ്നേഹവും യഥാർത്ഥ സഭാസ്നേഹവും എന്താണെന്ന് അവരിലൂടെയായിരിക്കും ഇനിയുളള കാലം ലോകം തിരിച്ചറിയുക. ബാക്കിയുളളവരിൽ 30% പേരുടെ കാര്യമാണ് ഏറെ പരിതാപകരം. നീന്തലറിയാൻ വയ്യാത്തവൻ നടുക്കടലിൽ വീണതുപോലെ കൈകാലിട്ടടിക്കുന്നവരാണവർ. ഏറ്റവും ഭയഭക്തി ബഹുമാനങ്ങളോടെ മനസിൽ കൊണ്ടുനടന്ന പൗരോഹിത്യന്വേതൃത്വങ്ങൾ ക്രിമിനൽ കേസിൽ പ്രതികളാകുന്ന കാഴ്ചകണ്ട ഞെട്ടലിൽനിന്നും ഇനിയും അവർ മോചിതരായിട്ടില്ല. സത്യം തിരിച്ചറിയാനും സ്വതന്ത്രരാകാനുമുള്ള തീവ്ര ശ്രമത്തിലാണവർ. ഇനിയുള്ള 30% പേർ അടിമവിശ്വാസികളാണ്. അവർക്ക് ഒരിക്കലും മോചനമില്ല. സ്വാതന്ത്ര്യത്തെക്കുറിച്ച് ചിന്തിക്കാൻ പോലും അവർക്ക് ത്രാണിയില്ല. ഇപ്പോൾ ലഭിച്ചതിനേക്കാൾ അല്പം കൂടി മുന്തിയ ഒരുതരം അടിമത്തം മാത്രമാണ് അവരുടെ ഒരേ ഒരു ആവശ്യം. എന്നാൽ ആ ഒരു ചെറിയ വിഭാഗത്തെകൊണ്ട് സഭക്ക് ഒരിക്കലും അധികദൂരം മുന്നോട്ട് പോകാൻ സാധിക്കില്ല എന്നതാണ് വസ്തുത.

ചില അസുഖങ്ങൾ ചികിത്സിച്ചാൽ മാറും. ചിലത് എത്ര ചികിത്സിച്ചാലും മാറില്ല. ചിലർക്ക് പ്രാർത്ഥിച്ചാൽ മാറും. ചിലർക്ക് എത്ര പ്രാർത്ഥിച്ചാലും മാറില്ല. ചികിത്സയും പ്രാർത്ഥനയും കൂടാതെ ചിലർക്ക് ചില അസുഖങ്ങൾ തന്നത്താനെ മാറുകയും ചെയ്യും. അതുകൊണ്ട് ഇക്കഴിഞ്ഞ കാലം മുഴുവൻ ധ്യാനകേന്ദ്രങ്ങളിൽ നടത്തിവന്ന “രോഗശാന്തി ശുശ്രൂഷകൾ” എല്ലാ രോഗത്തിനും പ്രായോഗിക പരിഹാരമല്ലായെന്നും മനുഷ്യർക്ക് വരുന്ന അസുഖങ്ങൾ പ്രത്യേകിച്ച് പകർച്ചവ്യാധികൾ ഒന്നുംതന്നെ ദൈവശിക്ഷയല്ലായെന്നും ഇനിയെങ്കിലും ഫാദർ നായ്ക്കംപറമ്പിൽ ജനങ്ങളുടെ മുമ്പിൽ തുറന്നുസമ്മതിക്കണം. മാത്രമല്ലാ, ഫാദർ നായ്ക്കംപറമ്പിലിൻറെ അത്തരം തെറ്റായ പ്രബോധനങ്ങൾ മൂലം ക്രിസ്തീയ വിശ്വാസസമൂഹത്തിൽ ഒരു പാട് അന്ധവിശ്വാസങ്ങൾ പടർന്ന് പിടിച്ചിട്ടുണ്ട്. അതുമൂലം ഒരു ജനസമൂഹം ഏറെക്കുറെ നശിക്കുകയും ചെയ്തിരിക്കുകയാണ്. യാഥാർത്ഥ്യം അവരെ പറഞ്ഞു ബോധ്യപ്പെടുത്താൻ ഇനിയെങ്കിലും അദ്ദേഹം ശ്രമിക്കുമെന്ന് പ്രത്യാശിക്കുന്നു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News