ഫോമാ, ഫൊക്കാന, വേൾഡ് മലയാളി കൗണ്‍സില്‍ ഒരു കുടക്കീഴിൽ അണിനിരന്ന മാപ്പ് ഓണം

 

ഫിലഡൽഫിയാ: ഫോമാ, ഫൊക്കാനാ, വേൾഡ് മലയാളി കൗൺസിൽ , ട്രൈസ്റ്റേറ്റ് കേരളാഫോറം ഐ എൻ ഓ സി ,ഐ ഒ സി കൂടാതെ ഫിലാഡൽഫിയായിലും സമീപപ്രദേശങ്ങളിലുമുള്ള മറ്റെല്ലാ പ്രാദേശിക സംഘടനാ പ്രവർത്തകരെയും ഒന്നടങ്കം ഒരുകുടക്കീഴിൽ അണിനിരത്തിക്കൊണ്ട് മാപ്പ് ഓണം ആഘോഷിച്ചപ്പോൾ അത് അമേരിക്കൻ മലയാളികളുടെ സംഘടനാ ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലായി മാറി.

മാപ്പിന്റെ സ്ഥാപക അംഗങ്ങളായി വിവിധ പൊസിഷനുകളിൽ പ്രവർത്തിച്ചവർ മുതൽ അടുത്തകാലത്തു ഫിലാഡൽഫിയായിലേക്കു എത്തിയ ന്യൂ ജനറേഷൻ മലയാളികൾ വരെ ഒത്തുകൂടിയ ഒരപൂർവ്വ സംഗമ വേദിയായി മാപ്പ് ഓണം മാറിയപ്പോൾ, അത് പ്രസിഡന്റ് ശാലു പുന്നൂസിന്റെയും ടീമിന്റെയും അഭിമാന നേട്ടമായി ഏവരും വിലയിരുത്തി.

കോവിഡുകാലത്തെ അടച്ചുപൂട്ടലിൽനിന്നും താൽക്കാലിക ആശ്വാസം കിട്ടിയ സന്തോഷത്തിലാവാം കാലിഫോർണിയ, ഫ്ലോറിഡാ, ബാൾട്ടിമോർ, ന്യൂയോർക്ക്, ഡെൽവർ, ന്യൂജേഴ്സി തുടങ്ങിയ സ്ഥലങ്ങളിൽനിന്നും . സംഘാടകർ പ്രതീക്ഷിച്ചതിലും കൂടുതൽ ആളുകൾ
പങ്കെടുത്തു സന്തോഷം പങ്കുവച്ചത് ഓണാഘോഷത്തിന്റെ അവിസ്മരണീയ നിമിഷങ്ങളായി ഏവരുടെയും മനസ്സിൽ ഇടംപിടിച്ചു.

ഓഗസ്റ്റ് 14 ന് ശനിയാഴ്ച വൈകിട്ട് മൂന്നര മണി ആയപ്പോഴേക്കും മാവേലിമന്നനെയും വിശിഷ്ടാഥിതികളെയും ചെണ്ടമേളങ്ങളുടെയും വാദ്യഘോഷങ്ങളുടെയും കേരളീയവേഷത്തിൽ അണിഞ്ഞൊരുങ്ങിയ താലപ്പൊലിയേന്തിയ മലയാളി മങ്കമാരുടെയും അകമ്പടികളോടുംകൂടി ഫിലഡൽഫിയാ ക്രിസ്റ്റോസ് മാർത്തോമ്മാ ചർച്ചിലെ ബാബു കെ തോമസ് നഗറിലേക്ക് ആനയിച്ചു. അഷിതാ ശ്രീജിത്തിന്റെ നേതൃത്വത്തിൽ അരങ്ങേറിയ തിരുവാതിരയ്ക്കും മഹാബലിയുടെ സന്ദേശത്തിനും ശേഷം വിശിഷ്ടാതിഥികൾ ചേർന്ന് നിലവിളക്കു കൊളുത്തിയതോടു കൂടെ ആഘോഷങ്ങൾക്ക് തുടക്കമായി.

മാപ്പ് പ്രസിഡന്റ് ശാലു പുന്നൂസിന്റെ അധ്യക്ഷതയിൽ ചേർന്ന പൊതുസമ്മേളനത്തിൽ അമേരിക്കയിലെ പ്രമുഖ കൺസ്ട്രക്ഷൻ ഗ്രൂപ്പായ ടോമർ ഗ്രൂപ്പിന്റെ സി.ഇ.ഓ ശ്രീ തോമസ് മൊട്ടയ്‌ക്കൽ ഓണ സന്ദേശം നൽകി. ഗൃഹാതുരത്വമുണർത്തുന്ന പഴയകാല ഓണാഘോഷങ്ങളുടെ അനുഭവങ്ങൾ അദ്ദേഹം പങ്കുവച്ചപ്പോൾ ശ്രോതാക്കളും ആ മാധുര്യമൂറുന്ന പഴയകാല ഓർമ്മകൾ അയവിറക്കുവാൻ പര്യാപ്തമായ മധുരിത നിമിഷങ്ങളായി മാറി.

ഫോമാ പ്രസിഡന്റ് അനിയൻ ജോർജ്ജ്, ഫൊക്കാന പ്രസിഡന്റ് ജോർജ്ജി വർഗ്ഗീസ്, വേൾഡ് മലയാളി പ്രസിഡന്റ് ഡോ. തങ്കം അരവിന്ദ്, ഫിലഡൽഫിയാ സിറ്റി കൗൺസിൽമാൻ ഡേവിഡ് ഓ…, ട്രൈസ്റ്റേറ്റ് കേരളം ഫോറം പ്രസിഡന്റ് സുമോദ് നെല്ലിക്കാല, ലീല മാരേട്ട് (ഐ.ഓ.സി), സന്തോഷ്‌ ഏബ്രഹാം(ഐ.എൻ.ഓ.സി) അലക്സ് തോമസ് (പമ്പ) ജോബി ജോർജ്ജ് (കോട്ടയം അസോസിയേഷൻ) ജീമോൻ ജോർജ്ജ് (ഫ്‌ളവേഴ്‌സ് ടിവി), വിൻസന്റ് ഇമ്മാനുവൽ (ഏഷ്യാനെറ്റ്), പ്രദീപ് നായർ ( ഫോമാ വൈസ് പ്രസിഡന്റ്) സജിമോൻ (ഫോക്കാന സെക്രട്ടറി), ഫോമാ ക്യാപ്പിറ്റൽ റീജിയൻ ആ. വി. പി തോമസ് ജോസ്, ജോജോ കോട്ടൂർ (കലാ), ബൈജു വർഗീസ് ( ഫോമാ മിഡ് അറ്റ്ലാന്റിക് ആർവിപി), ഡോ. റജി ജേക്കബ്ബ് കാരയ്ക്കൽ (പ്രസിഡന്റ് ഫിൽമാ), എന്നിവർ ആശംസാ പ്രസംഗങ്ങൾ നടത്തി.

അമേരിക്കന്‍ നാഷണലാന്തം റേച്ചൽ ഉമ്മനും, ഇന്ത്യന്‍ നാഷണലാന്തം ജെസ്‌ലിൻ മാത്യുവും ആലപിച്ചു . ആര്‍ട്ട്‌സ് ചെയര്‍മാന്‍ തോമസുകുട്ടി വർഗീസിന്റെ നേതൃത്വത്തില്‍ അരങ്ങേറിയ കള്‍ച്ചറല്‍ പ്രോഗ്രാമില്‍, അജിപ്പണിക്കരുടെ നൂപുരാ ഡാന്‍സ് അക്കാദമിലെ കുട്ടികള്‍ അവതരിപ്പിച്ച ഓപ്പണിംഗ് ഡാന്‍സോടുകൂടി തുടക്കം കുറിച്ചു. നിമ്മിദാസിന്റെ ഭരതം ഡാൻസ് അക്കാദമിയിലെ കുട്ടികൾ അവതരിപ്പിച്ച ഫോൾക്ക് ഡാൻഡ് മികവ് പുലർത്തി. ഹന്നാ പണിക്കരുടെ ക്ലാസിക്കൽ ഡാൻസ്, ഐശാനി കോമത്ത് , അജി പണിക്കർ & ഗ്രൂപ്പ്, ബിസ്മി ബേബി & ടീം, നിമ്മി ദാസ് & ഗ്രൂപ്പ്, ബ്ലൂമൂൺ എന്നിവർ അവതരിപ്പിച്ച സിനിമാറ്റിക്ക് ഡാൻസുകൾ, സജോ ജോയ് & ടീം (റൈസിംഗ് സ്റ്റാർ) അവതരിപ്പിച്ച ഗ്രൂപ്പ് ഡാൻസും കാണികളെ പ്രകമ്പനം കൊള്ളിച്ചു കൈയ്യടി നേടി. തുടർന്ന് വെത്യസ്ത ഗാനങ്ങളുടെ മിക്സുമായി സാബു പാമ്പാടി , ശ്രീദേവി അജിത്ത്കുമാർ , റേച്ചൽ ഉമ്മൻ, ജെസ്‌ലിൻ മാത്യു, മറിയം സൂസൻ പുന്നൂസ്, സ്റ്റെഫിൻ മനോജ്, പ്രസാദ് ബേബി, ശാലിനി ജിജു എന്നിവർ ചേർന്നുനടത്തിയ ഗാനമേള നവ്യാനുഭൂതി സമ്മാനിച്ചു . ബിനു ജോസഫ് പബ്ലിക്ക് മീറ്റിംഗ് എംസിയായും , മിലി ഫിലിപ്പ് കള്‍ച്ചറല്‍ പ്രോഗ്രാം എം.സി ആയും പരിപാടികള്‍ ക്രമീകരിച്ചു. മാപ്പ് സെക്രട്ടറി ബിനു ജോസഫ് സ്വാഗതവും, ഓണാഘോഷ കമ്മറ്റി കണ്‍വീനറും മാപ്പ് ട്രഷറാറുമായ ശ്രീജിത്ത് കോമാത്ത് കൃതജ്ഞതയും പറഞ്ഞു.

കലാപരിപാടികൾക്ക് ശേഷം മല്ലു കഫെ തയ്യാറാക്കി വിളമ്പിയ രുചിയേറിയ ഓണ സദ്യ കേരളത്തിൽച്ചെന്ന് ഒരു ഓണ സദ്യ ആസ്വദിച്ചു മടങ്ങിയ നിർവൃതി സമ്മാനിച്ചു. ഫുഡ് കമ്മറ്റി ചെയര്‍മാന്‍ ജോണ്‍സണ്‍ മാത്യു സദ്യയ്ക്ക് നേതൃത്വം കൊടുത്തു. തുടർന്ന് ആഘോഷങ്ങളുടെ കലാശക്കൊട്ടായ മെഗാ ഡാൻസ് ഫ്ലോറിൽ ഡി.ജെ ജിത്തു ജോബ് കൊട്ടാരക്കരയുടെ നേതൃത്വത്തിൽ (ട്രൈസ്റ്റേറ്റ് ഡാൻസ് കമ്പനി) നടന്ന വിസ്മയങ്ങളുടെ മായാലോകം തീർത്തുകൊണ്ട് സംഘാടന മികവിന്റെ പരിപൂര്‍ണ്ണത വിളിച്ചോതിയ മാപ്പ് 2021 ഓണാഘോഷപരിപാടികൾക്ക് തിരശീലവീണു .

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment