ഇന്ത്യയില്‍ അടുത്ത മാസത്തോടെ 2 ലക്ഷം ഐസിയു കിടക്കകൾ സജ്ജീകരിക്കണമെന്ന് സര്‍ക്കാരിന് നീതി ആയോഗിന്റെ നിർദ്ദേശം

ന്യൂഡൽഹി: ഇന്ത്യയിലെ കോവിഡ് മൂന്നാം തരംഗം കണക്കിലെടുത്ത് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്ന രോഗികളുടെ എണ്ണം 100 ൽ 23 ആയി ഉയരുമെന്ന് കോവിഡ് ടാസ്ക് ഗ്രൂപ്പ് റിപ്പോർട്ട് ചെയ്യുന്നു. നീതി ആയോഗ് ഗ്രൂപ്പ് അംഗം വികെ പോൾ ആണ് ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

കഴിഞ്ഞ വർഷം സെപ്റ്റംബറിൽ കോവിഡ് -19 ന്റെ രണ്ടാം തരംഗത്തിന് മുമ്പായി പുറത്തുവന്ന പ്രൊജക്ഷനെക്കാൾ ഉയർന്നതാണ് ഇത്. മിതമായ/കഠിനമായ ലക്ഷണങ്ങളുള്ള ഏകദേശം 20% രോഗികൾക്ക് ആശുപത്രിയിൽ പ്രവേശനം ആവശ്യമാണെന്ന് സ്ഥിതിവിവരക്കണക്കുകൾ സൂചിപ്പിക്കുന്നു.

മൂന്നാം തരംഗം ഉണ്ടായാൽ രാജ്യത്ത് പ്രതിദിന രോഗികളുടെ എണ്ണം നാല് മുതൽ അഞ്ച് ലക്ഷം വരെ ആകുമെന്ന് കണക്കാക്കിയാണ് രണ്ട് ലക്ഷം ഐ.സി.യു കിടക്കകൾ സജ്ജമാക്കണമെന്ന് ആവശ്യപ്പെടുന്നത്. ഇതിൽ 1.2 ലക്ഷം കിടക്കകളിൽ വെന്റിലേറ്റർ സൗകര്യവും വേണമെന്നാണ് നിർദേശം.

ഏഴ് ലക്ഷം നോൺ ഐ.സി.യു കിടക്കകൾ (ഇതിൽ ഓക്സിജൻ സൗകര്യമുള്ള അഞ്ച് ലക്ഷം), 10 ലക്ഷം ഐസൊലേഷൻ കിടക്കകൾ എന്നിവയും സജ്ജീകരിക്കണമെന്നാണ് മുന്നറിയിപ്പ്.

അതേസമയം, കോവിഡ് മൂന്നാം തരംഗത്തെ നേരിടാൻ കേന്ദ്രം പൂർണ സജ്ജമാണെന്ന് വാർത്താവിതരണ മന്ത്രി അനുരാഗ് താക്കൂർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിനായി 23,123 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുതിർന്നവരെ അപേക്ഷിച്ച് കുട്ടികളെ മൂന്നാം തരംഗം ബാധിക്കാൻ സാധ്യതയുള്ളതിനാൽ മികച്ച ശിശുരോഗ പരിചരണം നൽകാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

വൈറസിന്റെ മൂന്നാം തരംഗത്തിന് കേന്ദ്ര സർക്കാരും ആരോഗ്യ വകുപ്പും എല്ലാ തയ്യാറെടുപ്പുകളും നടത്തിയിട്ടുണ്ടെന്നും സൗജന്യ വാക്സിനേഷനായി 35,000 കോടി രൂപ നീക്കിവെച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

രാജ്യത്ത് ഇന്നലെ മാത്രം 30,948 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 403 പേർ കോവിഡ് ബാധിച്ച് മരിച്ചു. നിലവിൽ 3,53,398 പേർ ചികിത്സയിലാണ്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment