ജമ്മു കശ്മീരിൽ രാഷ്ട്രപതി ഭരണവുമായി ബന്ധപ്പെട്ട വിവരങ്ങൾ നൽകാൻ രാഷ്ട്രപതി ഭവന്‍ വിസമ്മതിച്ചതായി സി ഐ സി

ന്യൂഡൽഹി: 2018 ൽ ജമ്മു കശ്മീരിൽ രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചതും ജമ്മു കശ്മീർ പുനഃസംഘടനാ ബില്ലും സംബന്ധിച്ച വിവരാവകാശ (ആർടിഐ) പ്രകാരം ചോദിച്ച ചോദ്യത്തിന് ഉത്തരം നൽകുന്നതിൽ നിന്ന് രാഷ്ട്രപതി ഭവൻ പിന്മാറിയതായി കേന്ദ്ര വിവരാവകാശ കമ്മീഷൻ (സിഐസി).

കൃത്യമായ കാരണവും ന്യായീകരണവും നൽകാതെ രഹസ്യാത്മകത ചൂണ്ടിക്കാട്ടി പ്രതികരിക്കാൻ രാഷ്ട്രപതി ഭവൻ വിസമ്മതിച്ചതായി സിഐസി പറയുന്നു.

അതേസമയം, വിവരാവകാശ അപേക്ഷ വീണ്ടും പരിശോധിച്ച് ഉചിതമായ മറുപടി നൽകാൻ കേന്ദ്ര പബ്ലിക് ഇൻഫർമേഷൻ ഓഫീസർ (സിപിഐഒ), രാഷ്ട്രപതി ഭവൻ സെക്രട്ടേറിയറ്റില്‍ സ്പെഷ്യൽ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥൻ എന്നിവരോട് സിഐസി നിർദ്ദേശിച്ചിട്ടുണ്ട്.

വിവരാവകാശ പ്രവർത്തകൻ വെങ്കിടേഷ് നായക്കിന്റെ ഹർജിയിലാണ് ചീഫ് ഇൻഫർമേഷൻ കമ്മീഷണർ (സിഐസി) വൈ കെ സിൻഹയുടെ ഈ ഉത്തരവ്.

2018 ൽ ജമ്മു കശ്മീരിൽ രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചതിന് ശേഷം, 18 കാര്യങ്ങളിൽ മറുപടി ആവശ്യപ്പെട്ട് 2019 ഒക്ടോബറിലാണ് രാഷ്ട്രപതി ഭവനിൽ വിവരാവകാശ ഹർജി ഫയൽ ചെയ്തത്.

സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തുന്നതും ജമ്മു കശ്മീർ, ലഡാക്ക് എന്നീ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി പുനഃസംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ തേടിയതിനാൽ അപേക്ഷയിൽ ആവശ്യപ്പെട്ട വിവരങ്ങൾ പ്രാധാന്യമർഹിക്കുന്നു.

ജമ്മു കശ്മീരിൽ രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചതിന്റെ ചരിത്രം

ജമ്മു കശ്മീരിലെ പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടിയുമായുള്ള (പിഡിപി) സഖ്യത്തിൽ നിന്ന് ബിജെപി പുറത്തായതിന് ശേഷം അന്നത്തെ മുഖ്യമന്ത്രി മെഹബൂബ മുഫ്തി 2018 ജൂൺ 19 ന് ഗവർണർ എൻഎൻ വോറയ്ക്ക് രാജിക്കത്ത് അയച്ചിരുന്നു എന്നത് ശ്രദ്ധേയമാണ്.

സംസ്ഥാനത്ത് അടുത്ത സർക്കാർ രൂപീകരിക്കാൻ ഏതെങ്കിലും പാർട്ടിക്കോ സഖ്യത്തിനോ വേണ്ടത്ര ഭൂരിപക്ഷമില്ലാത്തതിനാല്‍, രാഷ്ട്രപതിയുടെ അനുമതിയോടെ ജൂൺ 20 ന് ജമ്മു കശ്മീർ ഭരണഘടനയുടെ ആർട്ടിക്കിൾ 92 പ്രകാരം ഗവർണർ ഒരു പ്രഖ്യാപനം നടത്തി.

ഇതോടെ, ആറുമാസത്തേക്ക് ഗവർണറുടെ ഭരണം ഏർപ്പെടുത്തുകയും ഗവർണർ നടത്തിയ പ്രഖ്യാപനം 19 ഡിസംബർ 2018 ന് കാലഹരണപ്പെടുകയും ചെയ്തു. ജമ്മു കശ്മീരിന്റെ ഭരണഘടനയുടെ ആർട്ടിക്കിൾ 92 പ്രകാരം, അത്തരം പ്രഖ്യാപനം ആറ് മാസത്തിനപ്പുറം തുടരാൻ വ്യവസ്ഥയില്ല.

ഗവർണറുടെ ശുപാർശയിലും സംസ്ഥാനത്തെ നിലവിലെ സാഹചര്യവുമായി ബന്ധപ്പെട്ട്, ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 356 പ്രകാരം ജമ്മു കശ്മീരിൽ രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചു.

രാഷ്ട്രപതിയുടെ പ്രഖ്യാപനം 2018 ഡിസംബര്‍ 28-ന് ലോക്സഭയിൽ പാസാക്കുകയും, 2019 ജനുവരിയില്‍ രാജ്യസഭയില്‍ പാസാക്കുകയും ചെയ്തു.

2019 ലെ കരട് ജമ്മു കശ്മീർ പുനഃസംഘടന ബിൽ രാഷ്ട്രപതിയുടെ സെക്രട്ടേറിയറ്റിൽ നിന്ന് എപ്പോൾ ലഭിച്ചു, അത് രാഷ്ട്രപതിയുടെ പരിഗണനയ്ക്കായി എപ്പോൾ ഒപ്പിട്ടു എന്ന വിവരമാണ് മറ്റു വിവരങ്ങളോടൊപ്പം വിവരാവകാശ വെങ്കടേഷ് നായിക്ക് അന്വേഷിച്ചത്.

മറുപടിയിൽ തൃപ്തനല്ലാത്തതിനാൽ, അദ്ദേഹം 2020 ജനുവരിയില്‍ ആദ്യ അപ്പീൽ ഫയൽ ചെയ്തു, എന്നാൽ ഫെബ്രുവരി 25 -ന് ഒന്നാം അപ്പലേറ്റ് അതോറിറ്റി സി.പി.ഐ.ഒയുടെ മറുപടി ആവർത്തിച്ചു. ഇതിൽ അസംതൃപ്തനായ നായക് രണ്ടാമത്തെ അപ്പീലുമായി കമ്മീഷനെ സമീപിച്ചിരുന്നു.

ഈ മാസം ആദ്യം വീഡിയോ കോൺഫറൻസിംഗിലൂടെ നടത്തിയ ഹിയറിംഗിൽ, സെക്രട്ടേറിയറ്റിന് ലഭിച്ച വിവിധ ഫയലുകളുടെ തീയതിയും സമയവും, ഈ ഫയലുകൾ രാഷ്ട്രപതിക്ക് സമർപ്പിച്ചപ്പോൾ, ഈ ഫയലുകൾ രാഷ്ട്രപതിയുമായി ചർച്ച ചെയ്തപ്പോൾ പൊതുവായ വിവരങ്ങൾ തേടിയിരുന്നതായി നായക് പറഞ്ഞിരുന്നു.

ഒരു കാരണവും ന്യായീകരണവുമില്ലാതെ, വിവരാവകാശ നിയമം 2005 -ലെ സെക്ഷൻ 8 (1) (ഇ) പ്രകാരം പ്രതികരിക്കാതിരിക്കാനുള്ള ഇളവ് തെറ്റായി അവകാശപ്പെട്ടുവെന്ന് നായക് പറയുന്നു.

താനാവശ്യപ്പെട്ട വിവരങ്ങൾ പൊതു അതോറിറ്റി പോസ്റ്റ് ആന്റ് ഫയൽ മൂവ്മെന്റ് രജിസ്റ്ററിലും ഇ-ഓഫീസ് സംവിധാനത്തിലും സ്ഥിരമായി പരിപാലിക്കുന്നുണ്ടെന്ന് നായക് പറഞ്ഞു. അൽപ്പം സമയവും ഊർജ്ജവും ചെലവഴിച്ചുകൊണ്ട് ഡാറ്റാബേസിൽ നിന്ന് ഒറ്റ ക്ലിക്കിലൂടെ അയാൾ അന്വേഷിച്ച വിവരങ്ങൾ എളുപ്പത്തിൽ വീണ്ടെടുക്കാനാകുമെന്ന് അദ്ദേഹം പറഞ്ഞു.

ചീഫ് പബ്ലിക് ഇൻഫർമേഷൻ ഓഫീസറും സ്പെഷ്യൽ ഡ്യൂട്ടി ഓഫീസറുമായ ആർ.കെ.ശർമ്മ, ഭരണഘടനാ കാര്യങ്ങളുടെ അസിസ്റ്റന്റ് സെക്ഷൻ ഓഫീസർ രത്നേഷ് കുമാർ എന്നിവർ രാഷ്ട്രപതി ഭവനുവേണ്ടി ഹിയറിംഗിൽ പങ്കെടുത്തു.

സിഐസി സിൻഹയുടെ ഉത്തരവ് പ്രകാരം, “അപേക്ഷകൻ അന്വേഷിച്ച വിവരങ്ങൾക്ക് രഹസ്യസ്വഭാവമുള്ള ഘടകങ്ങളുണ്ടെന്ന് സമർപ്പിക്കപ്പെടുന്നു, അതിനാൽ സെക്ഷൻ 8 (1) (ഇ) പ്രകാരം പ്രതികരിക്കുന്നതിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നു” എന്നാണ് പറഞ്ഞിരിക്കുന്നത്.

രാഷ്ട്രപതിയുടെ സമ്മതത്തോടെയുള്ള ബില്ലുകളെക്കുറിച്ചുള്ള വിവരങ്ങൾ പൊതുസഞ്ചയത്തിൽ ലഭ്യമാണെന്നും രാഷ്ട്രപതി അനുമതി നൽകിയ തീയതിയും നൽകിയിട്ടുണ്ടെന്നും ശർമ പറഞ്ഞു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment