ഡിട്രോയിറ്റ് മാർത്തോമ്മാ ചർച്ച് പുതിയ മദ്ബഹയുടെ കൂദാശ ആഗസ്റ്റ് 29-ന്

മിഷിഗൺ: മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്കൻ ഭദ്രാസനത്തിലെ ആദ്യകാല ഇടവകകളിൽ ഒന്നായ ഡിട്രോയിറ്റ് മാർത്തോമ്മാ ഇടവകയുടെ പുതിയ മദ്ബഹയുടെ കൂദാശയും നവീകരിച്ച ദേവാലയത്തിന്റെ സമർപ്പണ ശുശ്രൂഷയും ആഗസ്റ്റ് 29 ഞായറാഴ്ച വൈകിട്ട് 4:30-ന് നടത്തപ്പെടും. നോർത്ത് അമേരിക്കൻ ഭദ്രാസന അദ്ധ്യക്ഷൻ ഡോ. ഐസക്ക് മാർ ഫിലക്സിനോസ് എപ്പിസ്കോപ്പ ശുശ്രൂഷകൾക്ക് നേതൃത്വം നൽകുകയും പുതിയ മദ്ബഹയിൽ ആദ്യ വിശുദ്ധ കുർബ്ബാന അനുഷ്ഠിക്കുകയും ചെയ്യും.

1975-ൽ തുടക്കം കുറിച്ച് നാലര പതിറ്റാണ്ടിന്റെ ചരിത്രവുമായി ആത്മീയ പന്ഥാവിൽ യാത്ര തുടരുന്ന ഡിട്രോയിറ്റ് മാർത്തോമ്മാ ഇടവകജനങ്ങളുടെ ഐക്യത്തിന്റെയും സമർപ്പണത്തിന്റെയും സാക്ഷ്യത്തിന്റെയും അടയാളപ്പെടുത്തലാണ് പുതിയ മദ്ബഹയും ആധുനിക സംവിധാനങ്ങളോടെ നവീകരിച്ച ദേവാലയവും.

കൂദാശയോട് ചേർന്നു നടക്കുന്ന പൊതുസമ്മേളനത്തിൽ വെച്ച് ഇടവക പ്രസിദ്ധീകരിക്കുന്ന സ്മരണികയുടെ പ്രകാശനം ഭദ്രാസന അദ്ധ്യക്ഷൻ ഡോ. ഐസക്ക് മാർ ഫിലക്സിനോസ് എപ്പിസ്കോപ്പ നിർവഹിക്കും. അതോടൊപ്പം കൂദാശയോടനുബന്ധിച്ചു ഇടവക നടപ്പാക്കുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കും.

ഭദ്രാസന അദ്ധ്യക്ഷൻ ഡോ. ഐസക്ക് മാർ ഫിലക്സിനോസ് എപ്പിസ്കോപ്പ 2020 മാർച്ചിൽ ശിലാസ്ഥാപനം നിർവഹിച്ച ദേവാലയ പുനരുദ്ധാരണ പ്രവർത്തനങ്ങൾ ഈ മഹാമാരിയുടെ കാലത്തും പൂർത്തീകരിക്കാൻ സാധിച്ചത് പ്രതിസന്ധികളിലും വിഘടന ചിന്തകളിലും തളർന്നുപോകാതെ ഇടവക ജനങ്ങൾ ഒറ്റകെട്ടായി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്തതിന്റെ സാക്ഷ്യപത്രമാണ്.

വിനോദ് തോമസ് കൺവീനർ ആയി പ്രവർത്തിച്ച പ്രൊജക്ട് കമ്മറ്റിയുടെ നേതൃത്വത്തിൽ ഇന്റഗ്രിറ്റി ബിൽഡിംഗ് ഗ്രൂപ്പ് കമ്പനിയാണ് നവീകരണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചത്. ഇടവക വികാരി റവ. വർഗീസ് തോമസ്, വൈസ് പ്രസിഡന്റ് തോംസൺ ഡേവിഡ്, സെക്രട്ടറി അലൻ ജി. ജോൺ, ട്രസ്റ്റി ജോർജ് കോശി, അക്കൗണ്ടന്റ് സ്റ്റീവ് വർഗീസ് എന്നിവരോടൊപ്പം എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും പ്രൊജക്റ്റ് കമ്മിറ്റി അംഗങ്ങളും ചേർന്ന് കൂദാശയുടെ ക്രമീകരണങ്ങൾക്കു നേതൃത്വം നൽകുന്നു.

ഏവരെയും ഈ പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി ഡിട്രോയിറ്റ് മാർത്തോമ്മാ ഇടവക ചുമതലക്കാർ അറിയിച്ചു.

 

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment