ചരിത്ര പുസ്തകത്തിൽ നിന്ന് ‘ മാപ്പിള ലഹള രക്തസാക്ഷികളെ’ നീക്കം ചെയ്ത കേന്ദ്ര സര്‍ക്കാര്‍ നടപടി അപലപനീയമാണെന്ന് രമേശ് ചെന്നിത്തല

ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ രക്തസാക്ഷികളെക്കുറിച്ചുള്ള പുസ്തകത്തിൽ നിന്ന് ‘വാഗൺ ട്രാജഡി’ ഇരകളെയും മലബാർ കലാപത്തിന്റെ നേതാക്കളെയും നീക്കം ചെയ്യണമെന്ന് ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിലിന്റെ (ICHR) മൂന്നംഗ സമിതിയുടെ ആവശ്യം ഭീരുത്വവും സ്വാതന്ത്ര്യ സമരത്തോടുള്ള അവഹേളനവുമാണെന്ന് രമേശ് ചെന്നിത്തലയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്.

“രക്തസാക്ഷികളുടെ നിഘണ്ടു: ഇന്ത്യയുടെ സ്വാതന്ത്ര്യസമരം 1857-1947” എന്ന പേരിലുള്ള പുസ്തകം 2019 ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പ്രകാശനം ചെയ്തത്.

വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കീഴിലുള്ള ഐസിഎച്ച്ആർ, പുസ്തകത്തിന്റെ അഞ്ചാം ഭാഗത്തിലെ എൻട്രികൾ അവലോകനം ചെയ്യുകയും ആലി മുസ്ലിയാർ, വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ഹാജിയുടെ രണ്ട് സഹോദരങ്ങൾ എന്നിവരുൾപ്പെടെ 387 രക്തസാക്ഷികളുടെ പേരുകളാണ് ഒഴിവാക്കിയത്.

ബ്രിട്ടീഷ് ഭരണാധികാരികൾക്കും പ്രാദേശിക ഹിന്ദു ഭൂവുടമകൾക്കുമെതിരെ മുസ്ലീം കുടിയാന്മാർ 1921 ആഗസ്റ്റ് 20 നാണ് മോപ്ല (മുസ്ലീം) കലാപം എന്നറിയപ്പെടുന്ന മലബാർ കലാപം ആരംഭിച്ചത്. കലാപത്തിൽ 2,339 വിമതർ ഉൾപ്പെടെ 10,000 പേർക്ക് ജീവൻ നഷ്ടപ്പെട്ടതായി ചില ചരിത്രകാരന്മാർ പറയുന്നു.

ഈ ധീര വിപ്ലവകാരികളുടെ പേരുകള്‍ സ്വാതന്ത്ര്യസമരത്തിലെ രക്തസാക്ഷികളുടെ പട്ടികയില്‍നിന്ന് നീക്കം ചെയ്ത ചരിത്രഗവേഷണ കൗണ്‍സിലിന്‍റെ നടപടി ഭീരുത്വവും ഇന്ത്യയുടെ മഹത്തായ ദേശീയ സമരത്തോടുള്ള അവഹേളനവുമാണെന്ന് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു.

സാമ്രാജ്യത്വത്തിന് വിടുപണി ചെയ്ത ചരിത്രം മാത്രമുള്ള സംഘപരിവാറിന് സാമ്രാജ്യ വിരുദ്ധ പോരാട്ടത്തിന് നേതൃത്വം നല്‍കിയ വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെയും, ആലി മുസലിയാരെയും പോലെയുള്ള ധീര രക്തസാക്ഷികളുടെ ഓര്‍മകള്‍ അലോസരമുണ്ടാക്കിയേക്കാമെന്നും ചെന്നിത്തല പറഞ്ഞു.

അധികാരം ഉപയോഗിച്ച് ചരിത്രം വളച്ചൊടിക്കാനും ചരിത്ര പുസ്തകങ്ങള്‍ തിരുത്താനും, ചരിത്രപുരുഷന്‍മാരെ തമസ്‌കരിക്കാനും കഴിഞ്ഞേക്കും, എന്നാല്‍ കോടിക്കണക്കായ സാധാരണ ഇന്ത്യാക്കാരുടെ മനസില്‍ നിന്ന് വാരിയന്‍കുന്നത്തിനെയും, ആലി മുസിലായാരെപ്പോലെയുമുള്ള ധീരനായകന്‍മാരുടെ സ്മരണകള്‍ തുടച്ചുനീക്കാന്‍ കഴിയില്ലെന്ന് ബിജെപി യും സംഘപരിവാറും മനസിലാക്കണമെന്ന്​ രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു.

രമേശ് ചെന്നിത്തലയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:

മലബാര്‍ കാലപനായകരെ രക്തസാക്ഷിപ്പട്ടികയില്‍നിന്നു നീക്കം ചെയ്ത നടപടി ഭീരുത്വവും , സ്വാതന്ത്യ സമരത്തോടുളള അവഹേളനവും.

ബ്രിട്ടീഷ് സാമ്രാജ്യത്തെ കിടുകിടെ വിറപ്പിച്ച മലബാര്‍ കലാപത്തിലെ 387 ധീരവിപ്‌ളവകാരികളുടെ പേരുകള്‍ സ്വാതന്ത്ര്യസമരത്തിലെ രക്തസാക്ഷികളുടെ പട്ടികയില്‍നിന്ന് നീക്കം ചെയ്ത ചരിത്രഗവേഷണ കൗണ്‍സിലിന്റെ നടപടി ഭീരുത്വവും ഇന്ത്യയുടെ മഹത്തായ ദേശീയ സമരത്തോടുള്ള അവഹേളനവുമാന്ന്.

സാമ്രാജ്യത്വത്തിന് വിടുപണി ചെയ്ത ചരിത്രം മാത്രമുള്ള സംഘപരിവാറിന് സാമ്രാജ്യ വിരുദ്ധ പോരാട്ടത്തിന് നേതൃത്വം നല്‍കിയ വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെയും, ആലി മുസലിയാരെയും പോലെയുള്ള ധീര രക്തസാക്ഷികളുടെ ഓര്‍മകള്‍ അലോസരമുണ്ടാക്കിയേക്കാം. അധികാരം ഉപയോഗിച്ച് ചരിത്രം വളച്ചൊടിക്കാനും ചരിത്ര പുസ്തകങ്ങള്‍ തിരുത്താനും, ചരിത്രപുരുഷന്‍മാരെ തമസ്‌കരിക്കാനും കഴിഞ്ഞേക്കും, എന്നാല്‍ കോടിക്കണക്കായ സാധാരണ ഇന്ത്യാക്കാരുടെ മനസില്‍ നിന്ന് വാരിയന്‍കുന്നത്തിനെയും, ആലി മുസിലായാരെപ്പോലെയുമുള്ള ധീരനായകന്‍മാരുടെ സ്മരണകള്‍ തുടച്ചുനീക്കാന്‍ കഴിയില്ലെന്ന് ബി ജെ പി യും സംഘപരിവാറും മനസിലാക്കണം.വാരിയന്‍ കുന്നത്തിനെയും , ആലിമുസ്ലിയാരെയും പോലുളള ധീരര്‍ പോരാടിയതും, രക്തസാക്ഷികളായതും എല്ലാ ഇന്ത്യാക്കാര്‍ക്കും വേണ്ടിയാണ്. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരചരിത്രത്തിലെ പൊള്ളുന്ന ഏടാണ് മലബാര്‍ കലാപം. മഹാത്മാഗാന്ധിയുടെ ആഹ്വാന പ്രകാരം രൂപം കൊണ്ട ഖിലാഫത്ത് പ്രക്ഷോഭം ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ ഇന്ത്യയില്‍ നിന്നും കെട്ടികെട്ടിക്കാനുള്ള ജനകീയ പോരാട്ടമായിരുന്നു. ആ പോരാട്ടത്തിന്റെ ബലിപീഠത്തിലാണ് വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും , ആലി മുസ്‌ലിയാരുമൊക്കെ ജീവത്യാഗം ചെയ്തത്. ഇവരുടെ മഹത്തായ രക്തസാക്ഷിത്വത്തെ കേവലം ഹിന്ദു മുസ്‌ളീം കലാപമാക്കി ഇകഴ്ത്തിക്കാണിക്കാനും അതുവഴി അവരെ അപമാനിക്കാനുമുള്ള സംഘപരിവാറിന്റെയും ദേശീയ ചരിത്രകൗണ്‍സിലിന്റെയും നീക്കത്തെ ഇന്ത്യന്‍ ജനത അവജ്ഞയോടെ തള്ളിക്കളയും.മഹാത്മാഗാന്ധിയെ ഇല്ലായ്മ ചെയ്യുകയും, നെഹ്‌റുവിന്റെ ഓര്‍മകളെ തുടച്ചുനീക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന സംഘപരിവാറില്‍ നിന്നും, അവരുടെ ആജ്ഞാനുവര്‍ത്തികളില്‍നിന്നും ഇതിനെക്കാള്‍ കൂടുതല്‍ ഒന്നും പ്രതീക്ഷിക്കാനാകില്ല.

Print Friendly, PDF & Email

Leave a Comment