കാത്തിരുന്ന് കണ്ടുകൂടെ (ലേഖനം): സാം നിലമ്പള്ളില്‍

“നിന്നെ അടുത്ത ഉത്സവത്തിന് കണ്ടോളാം” അടികൊണ്ടു വീണവന്‍ ഇങ്ങനെ വീരവാദം മുഴക്കുന്നതുപോലെയാണ് ലോക രാജ്യങ്ങളുടെ മുന്‍പില്‍ അപമാനിതനായ ബൈഡന്‍റെ ആക്രോശം. അഫ്ഗാനിസ്ഥാനില്‍നിന്ന് ദ്രുതഗതിയില്‍ സൈന്യത്തെ പിന്‍വലിച്ച് താലിബാനെ ഭരണമേല്‍പിച്ച പ്രസിഡണ്ട് സഖ്യകക്ഷികളായ യൂറോപ്യന്‍ രാജ്യങ്ങളെപോലും വഞ്ചിച്ചിരിക്കയാണ്. അഫ്ഗാന്‍ യുദ്ധത്തില്‍ അമേരിക്കയോടൊപ്പം പങ്കെടുത്ത ബ്രിട്ടനും ഫ്രാന്‍സും വെട്ടിലായിരിക്കയാണ്. പരസ്യമായിട്ടല്ലെങ്കിലും അവരും അമേരിക്കന്‍ നിലപാടിനെ പരിഹസിക്കുന്നു.

സൈന്യത്തെ പിന്‍വലിച്ചിട്ട് താലിബാനെ “അങ്ങനെ ചെയ്തുകളയും ഇങ്ങനെ ചെയ്തുകളയുമെന്ന്” ബൈഡന്‍ പറയുന്നത് കേള്‍ക്കുമ്പോള്‍ ചിരിക്കാതിരിക്കുന്നതെങ്ങനെ? മുഖം രക്ഷിക്കാനല്ലേ ഇദ്ദേഹം വീരവാദം മുഴക്കുന്നത്? താലിബാന്‍റെ കൈയ്യില്‍ ല്‍ അഫ്ഗാനിസ്ഥാനെ ഏല്‍പിച്ചിട്ട് ഇനി എന്തുചെയ്യാനാണ്? ഇനിയൊരിക്കലും അമേരിക്ക അഫ്ഗാനില്‍ യുദ്ധം ചെയ്യാന്‍ പോവില്ല. താലിബാന്‍ അനേക വര്‍ഷം രാജ്യം ഭരിക്കുമെന്നതില്‍ സംശയമില്ല.

താലിബാന്‍റെ സ്വരത്തില്‍ വന്നിട്ടുള്ള മാറ്റം ശ്രദ്ധിക്കപ്പെടേണ്ടതാണ്. അവര്‍ പഴയ താലിബാനല്ല എന്നാണ് മനസിലാക്കേണ്ടത്. അവര്‍ ഇതുവരെ സര്‍ക്കാര്‍ രൂപീകരിച്ചിട്ടില്ലെങ്കിലും ചില നയങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു രാജ്യത്തിനെതിരെയും തങ്ങളുടെ മണ്ണ് ദുരുപയോഗിക്കാന്‍ അനുവദിക്കില്ല. വിദേശികള്‍ ഭയപ്പെട്ട് രാജ്യം വിടേണ്ടതില്ല. എംബസികള്‍ പൂട്ടേണ്ടതില്ല. മുതലായ വാഗ്ദാനങ്ങള്‍ താലിബാന്‍റെ നയത്തില്‍വന്ന മാറ്റങ്ങളാണ് സൂചിപ്പിക്കുന്നത്. പഴയ തെറ്റുകള്‍ തിരുത്തി മുന്‍പോട്ടു പോകാനാണ് തീരുമാനമെങ്കില്‍ അവര്‍ സ്വീകാര്യരാണ്. രാജ്യം എങ്ങനെ ഭരിക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശം അവര്‍ക്കുണ്ട്. അതില്‍ അമേരിക്കയും അന്തര്‍ദേശീയ സമൂഹവും ഇടപെടേണ്ടതില്ല.

അഫ്ഗാനിസ്ഥാനില്‍നിന്ന് രക്ഷപ്പെട്ട് ഇന്‍ഡ്യയില്‍ വന്നിറങ്ങിയ ഒരു സിഖുകാരന്‍ പറഞ്ഞത് “എന്തിനാണ് നിങ്ങള്‍ പോകുന്നത് ഇവിടത്തന്നെ നിന്നുകൂടേ?” എന്ന് താലിബാന്‍ ചോദിച്ചെന്നാണ്. ഇതുമാത്രം മതിയല്ലൊ അവരുടെ മനോഭാവത്തിലെ മാറ്റം അറിയാന്‍. അഫ്ഗാനിസ്ഥാനുമായി ഇന്‍ഡ്യക്ക് നൂറ്റാണ്ടുകളുടെ ബന്ധമുണ്ട്. അഫ്ഗാന്‍ ജനത ഇന്‍ഡ്യയുടെ സുഹൃത്തുക്കള്‍ ആയിരുന്നു. അതിനൊരു മാറ്റം ഉണ്ടായത് കഴിഞ്ഞ താലിബാന്‍ ഭരണകാലത്താണ്. അതിന്‍റെ പിന്നില്‍ പാക്കിസ്താന്റെ കുത്സിതപ്രവര്‍ത്തികള്‍ ഉണ്ടായിരുന്നു. താലിബാനെ ഇന്‍ഡ്യക്കെതിരെ തിരിച്ചുവിടാനാണ് പാക്കിസ്താന്‍ ശ്രമിച്ചത്. പുതിയ താലിബാന്‍ ഇന്‍ഡ്യയുടെ നേരെ സൗഹൃദഹസ്തം നീട്ടിയിരിക്കുന്നതുകൊണ്ട് അവര്‍ പഴയ തെറ്റുകള്‍ ആവര്‍ത്തിക്കത്തില്ലെന്ന് പ്രതീക്ഷിക്കാം.

അമേരിക്ക പിന്മാറിയതോടുകൂടി റഷ്യയും ചൈനയും അഫ്ഗാനിസ്ഥാനില്‍ പിടിമുറുക്കാനുള്ള ശ്രമത്തിലാണ്. ചൈനയുടെ കൂടെ പാകിസ്ഥാനുമുണ്ട് കളിക്കാന്‍. റഷ്യയും ചൈനയും അവിടേക്ക് പട്ടാളത്തെ അയക്കില്ല. പണ്ട് കയ്പുനീര്‍ കുടിച്ചതിന്‍റെ ഓര്‍മ്മ റഷ്യക്കുണ്ട്. ബ്രിട്ടനും റഷ്യയും ഇപ്പോള്‍ അമേരിക്കയും അഫ്ഗാനിസ്ഥാന്‍ ജനതയെ കീഴ്പ്പെടുത്തുന്നതില്‍ പരാജയപ്പെട്ടത് ചൈനക്ക് പാഠമാണ്. പക്ഷേ, നയതന്ത്രപരമായി അഫ്ഗാനെ വശീകരിക്കാനുള്ള ശ്രമങ്ങള്‍ അവര്‍ തുടങ്ങിക്കഴിഞ്ഞു. അതില്‍ എത്രത്തോളം അവര്‍ വിജയിക്കുമെന്ന് കാത്തിരുന്ന് കാണേണ്ടതാണ്. റഷ്യ-ചൈന-പാക്കിസ്താന്‍ ഭാഗത്തേക്ക് താലിബാന്‍ ചായാതെ നോക്കേണ്ടത് അമേരിക്കയുടെയും യൂറോപ്യന്‍ യൂണിയന്‍റെയും ഇന്‍ഡ്യയുടെയും കടമയാണ്. അവരെ അനുനയിപ്പിക്കേണ്ടതിനു പകരം ഭീഷണിയുടെ ഭാഷ പ്രയോഗിക്കുന്നത് വിഢിത്തമാണ്.

താലിബാന്‍ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ നടക്കുന്നതേയുള്ളു. ഔദ്യോഗികമായി അവരുടെ നയങ്ങള്‍ പ്രഖ്യാപിക്കാന്‍ ഇരിക്കുന്നതേയുള്ളു. അതുകഴിഞ്ഞിട്ടു പോരെ അവരെ സഹായിക്കണോ വേണ്ടയോയെന്ന് തീരുമാനിക്കാന്‍. അതിനു മുന്‍പ് താലിബാന്‍ സര്‍ക്കാരിനെ അംഗീകരിക്കില്ലെന്നും സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തുമെന്നും അമേരിക്കയും യൂറോപ്യന്‍ യൂണിയനും ഭീഷണിമുഴക്കുന്നതില്‍ അര്‍ഥമില്ല. വഴിപിഴച്ചു പോയവന്‍ നല്ലവനാകാന്‍ ശ്രമിച്ചാല്‍ അവനെ സഹായിക്കയല്ലെ വേണ്ടത്? അവന് നന്നാകാന്‍ അവസരം കൊടുത്തുകൂടേ? പറ്റിപ്പോയ ചമ്മല്‍ മാറ്റാന്‍ ബൈഡന്‍ വീരവാദം മുഴക്കുന്നത് കാണുമ്പോള്‍ ചിരിക്കാതിരിക്കുന്നത് എങ്ങനെ? അമേരിക്കയെ ലോകരാഷ്ട്രങ്ങളുടെ മുമ്പില്‍ നാണം കെടുത്തിയ ഈ മനുഷ്യന്‍ രാജിവെച്ച് പോകേണ്ടതാണ്.

ബില്ല്യണ്‍ കണക്കിന് ഡോളര്‍ വിലവരുന്ന ആയുധങ്ങളും വാഹനങ്ങളും അഫ്ഗാനിസ്ഥാനില്‍ ഉപേക്ഷിച്ചിട്ടാണ് അമേരിക്ക പട്ടാളത്തെ പിന്‍വലിച്ചത്. അതെല്ലാം ഇനി താലിബാന് ഉപയോഗിക്കാം. താലിബാന് നയം മാറ്റം വന്നില്ലെങ്കില്‍ പാകിസ്താനും ചൈനയും അതെല്ലാം കരസ്ഥമാക്കും. അതിന്‍റെയെല്ലാം സാങ്കേതിക വിദ്യകള്‍ ചൈന മോഷ്ടിച്ച് അതിന്‍റെ അനുകരണങ്ങള്‍ ഉണ്ടാക്കും. അമേരിക്ക അതെല്ലാം നശിപ്പിക്കുമെന്നാണ് പറയപ്പെടുന്നത്. എങ്ങനെ? ബോംബിട്ട് നശിപ്പിക്കുമോ? താലിബാന്‍ അതെല്ലാം ഒളിപ്പിച്ചാല്‍ ബോംബിട്ട് കുറെ സാധാരണക്കാരെ കൊല്ലാമെന്നല്ലതെ വിജയസാധ്യത കുറവാണ്. റഷ്യ അഫ്ഗാനിസ്ഥാനില്‍ നിന്ന് പിന്മാറിയപ്പോള്‍ അവരുടെ തോക്കുകളും ടാങ്കുകളും കൂടെക്കൊണ്ടുപോയി. അമേരിക്ക പിന്മാറിയപ്പോള്‍ അവരുടെ അത്യാധുനിക ആയുധങ്ങള്‍ ശത്രുവിന് സമ്മാനിച്ചിട്ടാണ് പോകുന്നത്. ബുദ്ധിമാന്ദ്യം സംഭവിച്ച ആളുകളാണല്ലോ ഈ രാജ്യം ഭരിക്കുന്നതെന്ന് ഓര്‍ക്കുമ്പോള്‍ ലജ്ജ തോന്നുന്നു.

 

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment