മലയാളി അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹ്യൂസ്റ്റൺ (മാഗ്) വർണ്ണപകിട്ടോടെ ഓണം 2021 ആഘോഷിച്ചു

ഹൂസ്റ്റൺ: അമേരിക്കയിലെ ഏറ്റവും വലുതും കലാ കായിക സാമൂഹ്യ സാസ്കാരിക രംഗത്തെ പ്രമുഖ സംഘടനയുമായ മലയാളീ അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹ്യൂസ്റ്റൺ (മാഗ് ) ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 14 നു ശനിയാഴ്ച നടത്തിയ “ഓണം 2021” വര്ണപ്പകിട്ടാർന്ന പരിപാടികൾ കൊണ്ട് ശ്രദ്ധേയമായി.

കോവിഡ് നിയന്ത്രണങ്ങളുടെ പരിമിതിയിൽ നിന്ന് കൊണ്ടാണ് ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ നടത്തിയത്.

വൈവിധ്യമാർന്ന കലാപരിപാടികൾ, ചെണ്ട മേളം, താലപ്പൊലി , പഞ്ചവാദ്യസംഘം, മാവേലി എഴുന്നള്ളത്ത് , തിരുവാതിര, 24 ഇനങ്ങളടങ്ങിയ വിഭവ സമൃദ്ധമായ ഓണസദ്യ എന്നിവ ആസ്വദിക്കാൻ ഹൂസ്റ്റണിലെ നിരവധി മലയാളി കുടുംബങ്ങൾ അവരുടെ സുഹൃത്തുക്കൾക്കുമൊപ്പം മാഗിന്റെ ഓണാഘോഷത്തിൽ പങ്കുചേർന്നു.

ഈ വർഷത്തെ ഓണാഘോഷ പരിപാടികളുടെ പ്രധാന ആകർഷണമായ “മാവേലിയുടെ എഴുന്നള്ളത്ത് ” ഹൂസ്റ്റൺ നഗരമോ അമേരിക്കയോ ഇതു വരെ കാണാത്ത വേറിട്ട രീതിയിൽ ആയിരുന്നു. ” KERALA 1 ” (കേരള -1 ) ലൈസൻസ് പ്ലേറ്റ് ഉള്ള “ഹമ്മറിൽ മാവേലി എത്തിയപ്പോൾ പ്രജകൾ ഹര്ഷാരവത്തോടെ എതിരേറ്റു ,അനിൽ ആറന്മുള നേതൃത്വം നൽകിയ “കേളി” പഞ്ചവാദ്യസംഘം മേളപെരുക്കത്തോടെ മാവേലിയെ എതിരേറ്റു. താലപൊലിയേന്തിയ തരുണീമണിമാരുടെ വൻ സംഘം മാവേലിക്ക് രാജകീയ സ്വീകരണം നൽകി വേദിയിലേക്ക് ആനയിച്ചു ,

പ്രതിസന്ധികൾക്കിടയിലും കേരള നാടിന്റെ ഏറ്റവും പ്രിയപ്പെട്ട ആഘോഷം പരമാവധി മനോഹരവും ആസ്വാദ്യകരവുമാക്കുവാൻ മാഗ് ഭാരവാഹികൾക്ക് കഴിഞ്ഞു. രാവിലെ 11 മണിക്ക് ആരംഭിച്ച ഓണഘോഷ പരിപാടികൾ മാഗ് പ്രസിഡന്റ് വിനോദ് വാസുദേവൻ അധ്യക്ഷത വഹിച്ചു. ഇന്ത്യൻ കോൺസുലേറ്റ് ജനറൽ അസിം മഹാജൻ മുഖ്യാഥിതി ആയിരുന്നു.

ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ചു നടന്ന ‘ഓർമ്മചെപ്പ് 2021 ” എന്ന പേരിലുള്ള മാഗിന്റെ സുവനീർ മാഗ് പ്രസിഡന്റ് വിനോദ് വാസുദേവനു കൈമാറികൊണ്ട് മുഖ്യാഥിതി അസിം മഹാജൻ പ്രകാശനം ചെയ്തു. സെക്രട്ടറി ജോജി ജോസഫ് സ്വാഗതപ്രസംഗവും ട്രസ്റ്റി ബോർഡ് അംഗം മാർട്ടിൻ ജോൺ ആശംസപ്രസംഗവും നടത്തി. വൈസ് പ്രസിഡൻ്റും സുവനീർ ചീഫ് എഡിറ്ററും ആയ സൈമൺ വാളാച്ചേരിൽ ആശംസയും എഡിറ്റോറിയൽ ബോർഡിന് വേണ്ടി നന്ദിയും പറഞ്ഞു. ട്രഷറർ മാത്യു കൂട്ടാലിൽ ഓണാഘോഷ പരിപാടികളിൽ സംബന്ധിച്ചവർക്കും ഈ പരിപാടിയും സുവനീറും വിജയമാക്കാൻ സഹായിച്ച എല്ലാ സ്പോൺസേഴ്സിനും പ്രത്യേക നന്ദി അറിയിച്ചു.

മാഗിന്റെ റീക്രിയേഷൻ ബിൽഡിംഗ് പുനരുദ്ധാരണത്തിനു വേണ്ടി സംഭാവന നൽകിയ മാഗ് മുൻ പ്രസിഡന്റ് ശശിധരൻ നായരെ ഓണാഘോഷവേളയിൽ പ്രത്യേക പുരസ്കാരം നൽകി ആദരിച്ചു.

റെനി കവലയിൽ, റോയ് മാത്യു, സൂര്യജിത്, എന്നിവർ പ്രോഗ്രാം കോർഡിനേറ്റർ മാരായി ഓണം 2021 നെ ഏറ്റവും മികവുറ്റതാക്കി. പ്രോഗ്രാം അവതാരകരായി റോയ് മാത്യു, രേഷ്മ വിനോദ് എന്നിവർ പ്രവർത്തിച്ചു.

മാഗിന്റെ ബോർഡ് അംഗങ്ങൾ, ട്രസ്റ്റീ ബോർഡ് അംഗങ്ങൾ, നിരവധി വോളന്റീയർമാർ, സ്പോൺസർമാർ എന്നിവരുടെ സഹകരണത്തോടെ ഓണത്തിന്റെ പൈതൃകം നഷ്ടപ്പെടുത്താതെ ഓണഘോഷ പരിപാടികൾ വിജയകരമാക്കി.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment