പൂക്കോട്ടൂര് ബ്രിട്ടൻ വിറച്ചിട്ട് നൂറാണ്ട്

മലപ്പുറം: 1921 ആഗസ്റ്റ് 26 വെള്ളിയാഴ്ച ഉച്ചയോടെ 22 ലോറിയിലും 25 സൈക്കിളിലുമായി ക്യാപ്റ്റൻ മക്കെന്‍‌റോയുടെയും സ്പെഷ്യൽ ഫോഴ്സ് കമാണ്ടര്‍ ലങ്കസ്റ്ററിന്റെയും നേതൃത്വത്തിലുള്ള ഡോർസെന്റ് റെജിമെന്റ് (അന്ന് ബ്രിട്ടന്റെ ഏറ്റവും ശക്തമായ റെജിമെന്റ്) പൂക്കോട്ടൂരിൽ എത്തി. മാപ്പിള സമരത്തെ ചെറുക്കാനായിരുന്നു ഡോർസെന്റ് റെജിമെൻ്റിൻ്റെ വരവ്. എന്നാൽ നിരുപാധികം അടിയറവ് പറഞ്ഞ് ചരിത്രമില്ലാത്ത ആത്മാഭിമാനികളായ മാപ്പിളമാർ കൃത്യമായ ആസൂത്രണത്തോടെ ബ്രിട്ടീഷ് പട്ടാളത്തെ നേരിടാൻ തയ്യാറായി. ഏതാണ്ട് രണ്ടായിരത്തോളം ധീരരായ മാപ്പിളമാർ ജുമുഅ നിസ്ക്കാരം കഴിഞ്ഞ് പിലാക്കലിന്റെയും പൂക്കോട്ടൂരിന്റെയും ഇടയിലെ വലിയതോട് പ്രദേശത്ത് തമ്പടിച്ചു. അത്യാധുനിക ഉപകരണങ്ങളുമായി വന്ന ബ്രിട്ടീഷ് പട്ടാളത്തെ ധീരമായി അവർ നേരിട്ടു. രക്തരൂക്ഷിതമായ പൂക്കോട്ടൂർ യുദ്ധത്തിൽ മുന്നൂറിലേറെ മാപ്പിളമാർ രക്തസാക്ഷികളായി. പട്ടാളത്തിന് നിരവധി നഷ്ടങ്ങൾ ഉണ്ടായ യുദ്ധത്തിൽ ലാൻകാസ്റ്റർ ഉൾപ്പെടെയുള്ളവർക്ക് മാരകമായി പരിക്കേൽക്കുകയും ചെയ്തു. പൂക്കോട്ടൂർ യുദ്ധം യഥാർത്ഥത്തിൽ ബ്രിട്ടന് വൻ തിരിച്ചടിയായിരുന്നു. വാരിയം കുന്നത്തിന്റെയും ആലി മുസ്ലിയാരുടെയും നേതൃത്വത്തിൽ മലബാറിലെ സമാന്തര ഗവൺമെന്റിന് ആവേശം പകർന്നത് പൂക്കോട്ടൂർ യുദ്ധമായിരുന്നു. മലബാറിലെ പോരാട്ട വീഥിയിലെ രക്തതാരകമായ വടക്കു വീട്ടിൽ മമ്മദ് പൂക്കോട്ടൂർ യുദ്ധത്തിൽ രക്തസാക്ഷിയായി. മാപ്പിള രക്തസാക്ഷികൾ അവരുടെ മുൻഭാഗത്ത് വെടിയേറ്റ് രക്തസാക്ഷികളായത് അവരുടെ ആത്മീയകരുത്തും ആത്മസമർപ്പണവും ധീരതയും വെളിവാക്കുന്നതായിരുന്നു. പൂക്കോട്ടൂരിലെ കുടുംബങ്ങളിൽ നിന്ന് ഒരാളെങ്കിലും ഈ യുദ്ധത്തിൽ ഭാഗവാക്കായി എന്നു മാത്രമല്ല മാപ്പിള സ്ത്രീകളടക്കം രക്തസാക്ഷികളാവുകയും മാപ്പിള പോരാളികൾക്ക് ധീരമായ പിന്തുണയും ആത്മധൈര്യവും നൽകുകയും ചെയ്തു. ആ ധീരപോരാളികളുടെ മയ്യിത്തുകൾ അഞ്ചു പ്രദേശങ്ങളിലായി കൂട്ടമായി മറവ് ചെയ്തെങ്കിലും പോരാട്ട വീഥിയിലെ ജ്വലിക്കുന്ന ഓർമ്മകളായി അവർ ഇന്നും പൂക്കോട്ടൂർ ഗേറ്റിൽ ജീവിക്കുന്നുണ്ട്.

മുഖ്യധാര ചരിത്രരചനയിൽ പൂക്കോട്ടൂരിലെ ചെറുത്ത് നിൽപ്പും മൂന്നൂറിലേറെ വരുന്ന ധീര രക്തസാക്ഷികളും വേണ്ടവിധം രേഖപ്പെടുത്തപെട്ടില്ല. മുസ്ലിം, കീഴാള കർതൃത്വത്തിൽ നടന്ന പോരാട്ടങ്ങളെയും ചെറുത്തുനിൽപ്പുകളെയും വർഗീയമെന്നും ജാതീയമെന്നും മുദ്രകുത്തുന്നത് മലബാർ സമര ചരിത്ര രചനയിലും കാണാവുന്നതാണ്.ഇപ്പോൾ രാജ്യം ഭരിക്കുന്ന ഹിന്ദുത്വ ഭരണകൂടം രക്തസാക്ഷികളുടെ നിഘണ്ടുവിൽ നിന്നും 387 മാപ്പിള രക്തസാക്ഷികളെ ഒഴിവാക്കി വീണ്ടും രാജ്യത്തെ ഒറ്റുകൊടുത്തിരിക്കുന്നു. മുസ്ലിംകളെ വില്ലന്മാരാക്കിയുള്ള ചരിത്ര രചനയുടെ തുടർച്ചയിലാണ് ധീര രക്തസാക്ഷികളോടുള്ള ഈ ക്രൂരതയും മനസ്സിലാക്കേണ്ടത്. എങ്ങനെ എല്ലാം ചരിത്രത്തെ വളച്ചൊടിച്ചാലും മായ്ച്ചുകളയാൻ ശ്രമിച്ചാലും വീരേതിഹാസം രചിച്ച പൂക്കോട്ടൂരിലെ രക്തതാരകങ്ങൾ ലോകത്തെ കീഴടങ്ങാത്ത പോരാട്ടങ്ങൾക്ക് എന്നും നിലക്കാത്ത ആവേശമാണ്.

ഫ്രറ്റേണിറ്റി മൂവ്മെന്റ് മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ് പൂക്കോട്ടൂർ രക്തസാക്ഷികളെ അനുസ്‌മരിച്ചു. ജില്ലാ പ്രസിഡന്റ് ഡോ.സഫീർ. എ .കെ അധ്യക്ഷതയിൽ നടന്ന സെക്രട്ടറിയേറ്റിലാണ് അനുസമരിച്ചത്. ജില്ലാ ജനറൽ സെക്രട്ടറിമാരായ ഷമീമ സക്കീർ, ഫയാസ് ഹബീബ്, വൈസ് പ്രസിഡന്റ് ജസീം സുൽത്താൻ, സൽമാൻ താനൂർ, നദ കെ സുബൈർ, സി.പി.ഷരീഫ്, ജില്ലാ സെക്രട്ടറിമാരായ അജ്മൽ തോട്ടോളി, ഹാദി ഹസൻ, ഇൻസാഫ് കെ.കെ, അജ്മൽ കോഡൂർ, മുഹമ്മദ് ഹംസ, സുമയ്യ ജാസ്മിൻ, സെക്രട്ടറിയേറ്റ് അംഗങ്ങളായ നിഷാന്ത് വേങ്ങര, നഈം സി.കെ.എം, നുഹ മറിയം, സാബിഖ് വെട്ടം, ഹാദിഖ് എൻ.കെ, ഹിബ വി, ഷബീർ പി.കെ, സഹൽ ബാസ്, എം.ഐ അനസ് മൻസൂർ, അമീറ നസ്രിൻ, ഹംന നിഹാൻ, നജ ഹുസ്ന തുടങ്ങിയവർ അനുസ്‌മരിച്ചു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment