ഒന്നാം കൊറോണ മഹായുദ്ധം (കഥ): ശ്രീലക്ഷ്മി രാജേഷ്

ചിറ്റരത്തു കാവിലെ സുപ്രഭാതം കേട്ടു ലച്ചു പതിയെ എഴുന്നേറ്റു. ഇന്ന് ഈ നാല് ചുവരുകള്‍ക്കും എന്തോ പ്രത്യേക ഭംഗി ഉള്ളതായി അവള്‍ക്കു തോന്നി. അമേരിക്കയിലെ മഞ്ഞുകാലത്തിനിടയ്ക്കു കിട്ടിയ ഒരു ഇടവേളയിലാണ് അവള്‍ മകളേയും കൊണ്ട് നാട്ടിലേയ്ക്ക് വന്നത്. മുടി ഒതുക്കി വെച്ച് ജനാല തുറന്നിട്ടു. നല്ല മുല്ലപ്പൂവിന്‍റെ മണം. എന്ത് രസമാണ് നാട്ടിന്‍പുറത്തെ ഈ കാറ്റ് കൊള്ളാന്‍. അവിടെ നിന്ന് നോക്കിയാല്‍ മുറ്റം കാണാം. നീണ്ടു നിവര്‍ന്ന് കിടക്കുന്ന മുറ്റമടിയ്ക്കുമ്പോള്‍ കരിയിലകള്‍ കല പില ശബ്ദം കൂട്ടുന്നത്‌ കേള്‍ക്കാം. മാവില്‍ നിറയെ മാങ്ങ പിടിച്ചു നില്‍ക്കുന്നു. അവള്‍ പതിയെ കുട്ടിക്കാലത്തെ ഓര്‍മകളിലേയ്ക്ക് ചേക്കേറി. അച്ഛനുണ്ടായിരുന്നപ്പോള്‍ ലച്ചുവും അയലത്തെ കുഞ്ഞിയും കൂടി പഴുത്ത മാങ്ങാ പെറുക്കാന്‍ പോകും. കാറ്റടിയ്ക്കുമ്പോള്‍ തുരുതുരെ വീഴുന്ന മൂവാണ്ടന്‍ മാങ്ങയുടെ മധുരം ഓര്‍ത്തപ്പോള്‍ തന്നെ വായില്‍ വെള്ളമൂറി. നോക്കിനിന്ന് ഒരു മാങ്ങാ വീണപ്പോഴാണ് അച്ഛന്‍റെ കൂട്ടുകാരന്‍ ആ വഴി വന്നത്.. “ സാറേ, ഞാന്‍ ഈ മാങ്ങാ എടുത്തോട്ടേ “ എന്ന് ചോദിച്ചതും സഞ്ചിയിലാക്കിയതും ഒന്നിച്ചായിരുന്നു. അതും എടുത്തു പോയപ്പോള്‍ “ആ കൊതിയന്‍ വയറിളകി നടക്കട്ടെ“ എന്ന് പറഞ്ഞതും ഓര്‍ക്കുന്നു.. ഓരോന്ന് ചിന്തിച്ചിരുന്ന് സമയം പോയത് അറിഞ്ഞില്ല . മണി എട്ടായി. ശ്രീക്കുട്ടിയെ വിളിച്ച് ഉണര്‍ത്തണം. ലോക്ക്ഡൗണ്‍ ആയതിനാല്‍ പുറത്തേക്കു ഇറങ്ങാന്‍ പറ്റില്ല. കോവിഡ് ടെസ്റ്റും എടുക്കണം അതിനു ഇനി ഏഴ് ദിവസം കഴിയണം. അതുവരെ എന്ത് ചെയ്യുമോ എന്തോ?

“ മോളെ ചായ കൊണ്ട് തരാം, നിങ്ങള്‍ ഏഴു ദിവസം കഴിഞ്ഞിട്ട് അടുക്കളയിലേയ്ക്കു വന്നാല്‍ മതി. വേണ്ടതെല്ലാം ഞാന്‍ അങ്ങോട്ട്‌ എത്തിക്കാം“ അമ്മയാണ് . ലോക്ക്ഡൗണ്‍ ആയതിനാല്‍ ഇനി മുറിയില്‍ തന്നെ ഇരിക്കാം. അമ്മ പ്രാതല്‍ ഉണ്ടാക്കുന്ന തിരക്കിലാണ്. ഇടിയപ്പത്തിന്‍റെയും മുട്ടക്കറിയുടേയും മണം മൂക്കില്‍ അടിച്ചു കയറിയപ്പോള്‍ തന്നെ വിശക്കാന്‍ തുടങ്ങി. ജെറ്റ് ലാഗ് കാരണം എപ്പോള്‍ കഴിക്കുന്നു ഉറങ്ങുന്നു എന്നൊന്നും നിശ്ചയമില്ല. എന്താ രുചി! പറമ്പിലെ കറിവേപ്പിലയുടെ രുചി ഒന്ന് വേറെ തന്നെ. കഴിച്ചു കഴിഞ്ഞപ്പോള്‍ ആകെ ഒരു സമാധാനം. ശ്രീക്കുട്ടിയെ വിളിക്കാനായി റൂമിലേക്ക്‌ ചെന്നപ്പോള്‍ അവള്‍ എന്തൊക്കെയോ കുത്തികുറിക്കുകയാണ്. ജെറ്റ് ലാഗ് കാരണം നേരത്തേ ഉണര്‍ന്നതാകാം….

“ അമ്മേ ഞാന്‍ കൊറോണയ്ക്ക് ഒരു കത്ത് എഴുതുവാ, ചുമ്മാ പോസ്റ്റ്‌ ചെയ്യാം , അമ്മ കറക്റ്റ് ചെയ്യണേ “.

“ എവിടെ നോക്കിയാലും കൊറോണ എന്നേ കേള്‍ക്കാന്‍ ഉള്ളു “

“ എനിക്ക് ഈ ലോക്ക്ഡൗണ്‍ ഒക്കെ മതിയായി. ഈ കത്ത് കിട്ടിയാലെങ്കിലും എന്തേലും തോന്നി കൊറോണ പോയാലോ?”

“എന്തൊക്കെയാ മോളെ നീ ഈ പറയുന്നേ, അതൊരു വൈറസ്‌ ആണ്. അങ്ങനെ ഒന്നും അത് പോകില്ല.എന്തായാലും നീ എഴുതിയതല്ലേ, ഞാന്‍ നോക്കി വെയ്ക്കാം “

“നീ ബ്രേക്ക്‌ ഫാസ്റ്റ് എടുത്തു കഴിക്ക്, അല്ലെങ്കില്‍ തണുത്തു പോകും.”

ശ്രീക്കുട്ടിയ്ക്കും നാടന്‍ ആഹാരത്തോടാണ് പ്രീയം.

പോസ്റ്റ്‌ ചെയ്യേണ്ട അഡ്രസ്‌ കണ്ടപ്പോള്‍ ലച്ചൂന് അറിയാതെ ചിരി വന്നു.

വൂഹാന്‍, ചൈനയില്‍ എങ്ങനെ ഇത് എത്തും? എന്തായാലും ഇപ്പോള്‍ തന്നെ വായിച്ചു നോക്കാം. ഈ കാലത്തെ പിള്ളേരുടെ ഓരോ സങ്കല്പങ്ങളെ! ലച്ചു പേപ്പര്‍ എടുത്തു.

പണ്ട് മലയാളം പഠിപ്പിച്ചത് നന്നായി. നാട്ടില്‍ നിന്നും അച്ഛനും അമ്മയും വരുമ്പോള്‍ ശ്രീക്കുട്ടിയെ ഇരുത്തി മലയാളം പഠിപ്പിക്കുമായിരുന്നു. എവിടെ പോയാലും നമ്മുടെ മാതൃ ഭാഷ മറക്കരുതേ എന്നും ഓര്‍മിപ്പിക്കുമായിരുന്നു .അമേരിക്കയില്‍ നിന്നും വരുന്ന കുട്ടികള്‍ക്ക് മലയാളം എഴുതാനും വായിക്കാനും അറിയില്ല എന്നാണു പൊതുവേയുള്ള കാഴ്ചപ്പാട് .

കൊറോണ വൈറസിന്,
നീ ഈ ലോകത്ത് വന്നിട്ട് ഏകദേശം ഒന്നര വര്‍ഷം കഴിഞ്ഞു. ഇനിയും ഇവിടെ നിന്നും പോയില്ലെങ്കില്‍ ഞങ്ങളൊക്കെ കഷ്ടത്തിലാകും. ഞാന്‍ നാട്ടിലേക്ക് വരാനായി ടെസ്റ്റ്‌ എടുത്തു. ആ വേദന ആദ്യം സഹിക്കാന്‍ പറ്റിയില്ല. വിമാനത്തില്‍ കയറാന്‍ തന്നെ കുറെ പാടുപെട്ടു. നാട്ടില്‍ വന്നപ്പോഴല്ലേ അതിലും രസം! ഏഴ് ദിവസം ഒരു റൂമില്‍ തന്നെ ഇരിക്കണം. ആരേയും കാണാന്‍ പറ്റില്ല. പിന്നെയും പോയി ടെസ്റ്റ്‌ ചെയ്യണം. എന്‍റെ ദൈവമേ, ടെസ്റ്റ്‌ എടുത്തെടുത്ത് മൂക്ക് ഒരു പരുവം ആയി. ഒന്ന് ചുമയ്ക്കുകയോ തുമ്മുകയോ ചെയ്താല്‍ നല്ല പേടിയാണ്. പേടിച്ചു പേടിച്ച് ഞങ്ങള്‍ എത്ര കാലം ജീവിക്കും? എന്‍റെ അമ്മൂമ്മയുടെ സപ്തതി ആഘോഷിക്കണം എന്ന് വിചാരിച്ചതാ. അതും ഉടനെ നടക്കില്ല. കടയില്‍ പോയി പഴംപോരിയോ വടയോ കഴിക്കാന്‍ പറ്റില്ല. നല്ല രസമായിരുന്നു കഴിഞ്ഞ തവണ വന്നപ്പോള്‍. അമ്മൂമ്മ കാണാതെ കസിന്‍റെ കൂടെ പോയി താഴത്തെ കടയില്‍ നിന്നും സോഡാ നാരങ്ങാ വെള്ളം കുടിക്കുമായിരുന്നു. ചോക്ലേറ്റ്, അച്ചപ്പം ഒക്കെ വാങ്ങി കഴിച്ചിട്ടുമുണ്ട്.ആ സമയമൊക്കെ ഇനി എന്ന് വരും?കൂട്ടുകാരുമൊത്ത് എന്ന് കറങ്ങി നടക്കാന്‍ പറ്റും? എനിക്ക് അറിയില്ല. അമ്മേടെ അടുത്ത കുറേ സുഹൃത്തുക്കളെ നീ തട്ടി എടുത്തു എന്ന് അമ്മ പറഞ്ഞത് ഓര്‍ക്കുന്നു.

ഭൂമിയിലെ മാലാഖമാരായ ആശുപത്രി പ്രവര്‍ത്തകരെല്ലാം മുഴുവന്‍ സമയവും തിരക്കിലാണ്. വെന്‍റിലേറ്ററും ഓക്സിജന്‍
സൗകര്യങ്ങളും വളരെ കുറവാണ് ഇവിടെ. നീ എന്ന മാരകമായ വൈറസ്‌ ദേഹത്ത് കേറി കഴിഞ്ഞാല്‍ അത് മാറാന്‍ തന്നെ സമയമെടുക്കും. അപ്പോള്‍ ആരേയും കാണാന്‍ പറ്റില്ല. അച്ഛനമ്മമാരുടെയും കുഞ്ഞുങ്ങളുടെയും സങ്കടങ്ങള്‍ നീ കാണുന്നില്ലേ..ധാരാളം കുഞ്ഞുങ്ങള്‍ അനാഥരായി..

ഞാന്‍ സ്കൂളില്‍ പോയിട്ട് ഒരു വര്‍ഷം ആയി. എപ്പോഴും കമ്പ്യൂട്ടറില്‍ തന്നെ ആണ്. കണ്ണൊക്കെ ഒരു പരുവം ആയി. വീട്ടില്‍ തന്നെ ഇരുന്നിരുന്ന് മടുത്തു. സ്കൂളും പ്ലേ ഗ്രൗണ്ടും എല്ലാം കുട്ടികളുടെ ബഹളമില്ലാതെ കിടക്കുന്നു. കഴിഞ്ഞ ഓണത്തിന് ഒരു മാവേലി സ്കിറ്റ് പ്ലാന്‍ ചെയ്തു, പ്രാക്ടീസും കഴിഞ്ഞു. അപ്പോഴാണ് എല്ലാം മാറിമറിഞ്ഞത്. ഇതുവരെ അത് ചെയ്യാനും പറ്റിയില്ല. എനിക്കും എന്‍റെ കൂട്ടുകാര്‍ക്കും എന്ത് വിഷമമായി എന്നറിയാമോ? ഇപ്പോഴാണേല്‍ വാക്സിന്‍ കിട്ടി തുടങ്ങിയതേ ഉള്ളു. എന്‍റെ പ്രായത്തിലുള്ളവര്‍ക്ക് സമയം എടുക്കും വാക്സിന്‍ കിട്ടാന്‍ എന്നാണ് കേട്ടത്. നീ വന്നത് കൊണ്ട് ഒരുപാട് പാഠങ്ങള്‍ പഠിച്ചു. പണ്ടൊക്കെ വെളിയിലേക്ക് ഇറങ്ങാന്‍ മടി ആയിരുന്നു. ഇപ്പോള്‍ പുറത്തേക്ക് ഒന്ന് ഇറങ്ങിയാല്‍ മതിയെന്നാണ്. സ്കൂളില്‍ പോകാന്‍ കൊതിയാണ്… വീട്ടില്‍ അടച്ചു പൂട്ടി ഇരിക്കാന്‍ എനിക്ക് ഇനി വയ്യ. നീ തിരിച്ചു പോകണം, പോയേ പറ്റൂ…

എന്ന്,
ഒരു പെണ്‍കുട്ടി

കത്ത് വായിച്ചപ്പോള്‍ ഒരുപാട് സംഭവങ്ങള്‍ ലച്ചു അറിയാതെ ഓര്‍ത്തു. നാളെ ഇനി എന്ത് എന്ന് സ്വപ്നം കാണാന്‍ പോലും അവകാശമില്ലെന്ന തിരിച്ചറിവ് കാലം നമ്മെ പഠിപ്പിക്കുകയാണ്.

അമ്മ ഒറ്റയ്ക്കാണ് നാട്ടില്‍ എന്ന ഒരു ചിന്തയായിരുന്നു അമേരിക്കയില്‍ നിന്നപ്പോള്‍ ലച്ചുവിനെ അലട്ടിയത്. അത് കൊണ്ടാണ് കിട്ടിയ ഫ്ലൈറ്റ് പിടിച്ച് ശ്രീക്കുട്ടിയേയും കൊണ്ട് പെട്ടെന്ന് വന്നത്.

സ്വതന്ത്രമായി പുറത്തിറങ്ങി നടക്കാന്‍ കൂടെ വയ്യ.

“പാരതന്ത്ര്യം മാനികള്‍ക്ക് മൃതിയേക്കാള്‍ ഭയാനകം” എന്ന് കവി വാക്യം . എന്നാല്‍ ഇന്ന് മൃതിയെ പേടിച്ചു മനുഷ്യന്‍ സ്വയം പാരതന്ത്ര്യം വരിയ്ക്കുന്നു.

മുറ്റത്തേയ്ക്ക് ഇറങ്ങി ഒന്ന് നടക്കാം. വീട് പുതുക്കി പണിഞ്ഞപ്പോള്‍ കുറേ മരങ്ങളെല്ലാം മുറിച്ചു മാറ്റി. നാടോടുമ്പോള്‍ എല്ലാവരും നടുവേ ഓടുന്നു.. നാട്ടിന്‍ പുറത്തിന്‍റെ നന്മയെ തിരിച്ചു പിടിക്കാനായി അമ്മ നട്ടു പിടിപ്പിച്ച വാഴയും മാവും പ്ലാവുമെല്ലാം തളിര്‍ത്തു വരുന്നുണ്ട്. പരിഷ്ക്കാരങ്ങള്‍ നാട്ടിന്‍ പുറങ്ങളെ കൈയ്യടക്കി. പണ്ടത്തെ പറങ്കിമാവും ആഞ്ഞിലിയുമെല്ലാം മുറിച്ചു റബ്ബര്‍ മരങ്ങളായി. സ്കൂള്‍ അടയ്ക്കുമ്പോള്‍ പറങ്കി മാങ്ങാ പഴങ്ങള്‍ പെറുക്കി എടുക്കാന്‍ പോകുമായിരുന്നു. പാര്‍വതി അമ്മൂമ്മയാണ് ചന്തയില്‍ കൊണ്ട് പോയി അതൊക്കെ വിറ്റ് മടക്കു സാനും നെയ്യപ്പവും വാങ്ങി കൊണ്ട് വരുന്നത്. കോവിഡ് വന്നതോടെ ആരെയും പുറത്തു കാണാനേ ഇല്ല. എല്ലായിടവും വൈറസ് ഭീതിയില്‍ ആണ്. പണ്ടൊക്കെ ഉത്സവങ്ങളും കഞ്ഞി സദ്യയും ഒക്കെയായി എന്ത് തിരക്കായിരുന്നു.. അതൊക്കെ ഇനിയും വരുമോ? അറിയില്ല, ലച്ചു വെറുതെ ഓരോന്ന് ഓര്‍ത്തു പോയി. ഇന്നലെ രാത്രിയില്‍ വന്നപ്പോള്‍ ഗേറ്റ് പൂട്ടിയതാണ്. ആരും തുറന്നിട്ടില്ല. അമേരിക്കയില്‍ നിന്നും വന്നതുകൊണ്ട് എല്ലാവര്‍ക്കും പേടിയായിരിക്കും ഒന്ന് കാണാന്‍ . ഓരോന്ന് ആലോചിച്ചു സമയം പോയത് അറിഞ്ഞില്ല.

അച്ഛന്‍റെ റൂമില്‍ എണ്ണമറ്റ പുസ്തകങ്ങള്‍ ഉണ്ട്. മുറിയില്‍ ചെന്നപ്പോള്‍ അച്ഛന്‍ എഴുതിയ പുസ്തകങ്ങളും കഥകളും കവിതകളും കണ്ടപ്പോള്‍ സന്തോഷമായി . ഈ സമയത്ത് ഒക്കുന്നത്രയും വായിച്ചു തീര്‍ക്കണം എന്ന് കരുതി . ചാരു കസേരയില്‍ കിടന്ന് പുസ്തകത്തിലേക്ക് തന്നെ ശ്രദ്ധ കേന്ദ്രീകരിച്ചു. മലയാള ഭാഷയ്ക്ക് ഇത്രയും മാധുര്യം ഉണ്ടായിരുന്നല്ലോ എന്ന് അറിയാതെ ചിന്തിച്ചു പോയി. കമ്പ്യൂട്ടറിന്‍റെയും ഐ-ഫോണിന്‍റെയും ബഹളം ഇല്ല. കോവിഡിന്റെ പേടി ഉണ്ടെങ്കിലും മനസ് ശാന്തമാണ്. ഇങ്ങനെ ഒരു സമയം ഇനി കിട്ടി എന്ന് വരില്ല .

ഏഴു ദിവസങ്ങള്‍ പെട്ടെന്ന് കഴിഞ്ഞു. കോവിടഡ് ടെസ്റ്റും കഴിഞ്ഞു അടുത്ത ബന്ധുക്കളെയെല്ലാം ഓടി നടന്നു കണ്ടു കഴിഞ്ഞപ്പോഴേക്കും തിരിച്ചു പോകാനുള്ള സമയം ആയി. കൊണ്ടു പോകുവാനുള്ള സാധനങ്ങള്‍ എല്ലാം തുടച്ചു വൃത്തിയാക്കി പായ്ക്ക് ചെയ്തു വെച്ചു. വീണ്ടും കോവിഡ് ടെസ്റ്റ്‌ ചെയ്ത് റിസള്‍ട്ടും കൊണ്ട് വേണം പോകാന്‍.

“ഹോ എന്തൊരു വേവലാതിയാണ്.”

രണ്ടാം ലോക മഹായുദ്ധം തന്നെ ഏകദേശം അഞ്ചാറ് വര്‍ഷത്തോളം നീണ്ടു നിന്നില്ലേ. അതുപോലെ ആയിരിക്കുമോ കൊറോണയും മനുഷ്യനും തമ്മിലും?

ഫ്ലൈറ്റ് സ്റ്റാര്‍ട്ട്‌ ചെയ്യുവാനുള്ള സന്ദേശം എത്തി. മാസ്കും ഷീല്‍ഡും ഒക്കെ എടുത്തു ഇട്ടു സാനിറ്റൈസര്‍ എടുത്തു പോക്കറ്റില്‍ വെച്ച് പതുക്കെ നടന്നു.
————————

ശ്രീലക്ഷ്മി രാജേഷ്, ഒകെമോസ്, മിച്ചിഗണ്‍
മാലാ വര്‍ത്തമാനം, മലയാളം ഡെയിലി ന്യൂസ്‌, പൂമ്പാറ്റ, ബാലരമ മാസികകളില്‍ കവിതകളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. സ്റ്റേറ്റ് ഓഫ് മിച്ചിഗണില്‍ സീനിയര്‍ പ്രോഗ്രാമ്മര്‍ അനലിസ്റ്റ് ആയി ജോലി ചെയ്യുന്നു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

One Thought to “ഒന്നാം കൊറോണ മഹായുദ്ധം (കഥ): ശ്രീലക്ഷ്മി രാജേഷ്”

  1. Malavika

    Super chechi……keep goin

Leave a Comment

Related News