എത്ര കണ്ടാലും കൊണ്ടാലും പാഠം പഠിക്കാത്ത കോണ്‍ഗ്രസില്‍ വിഴുപ്പലക്കല്‍ ഒരു തുടര്‍ക്കഥ!

കോഴിക്കോട് : കേരള കോൺഗ്രസിലെ നേതൃമാറ്റത്തിനുശേഷം നടന്ന പുനഃസംഘടന ‘ഒരു കാലിലെ മന്ത് മറ്റേ കാലിലേക്ക് മാറ്റി’ എന്നു പറഞ്ഞ സ്ഥിതിവിശേഷത്തിലായി. മുമ്പ്, രണ്ടുപേരും ഒരുമിച്ച് എല്ലാം തീരുമാനിച്ചപ്പോൾ അതിനെ നിശിതമായി വിമര്‍ശിച്ചവരും ആക്ഷേപിച്ചവരും ഇപ്പോള്‍ തലപ്പത്തു കയറിക്കൂടിയത് വിരോധാഭാസമായി.

അവർ അവസരം മുതലെടുക്കുകയാണിപ്പോള്‍. അതായത് ആക്ഷേപങ്ങള്‍ക്ക് യാതൊരു കുറവുമില്ല. പതിവുപോലെ തിരിച്ചടിയും
കുതികാല്‍ വെട്ടും അഭംഗുരം തുടരുന്നു. അവസരവാദപരമായ ദുഷ്പ്രവൃത്തികൾ രാഷ്ട്രീയ പാർട്ടികൾക്ക് പുതിയതല്ല. പരസ്യ പ്രസ്താവനയും വിഴുപ്പലക്കലും അവസാനിക്കണമെങ്കില്‍ കോണ്‍ഗ്രസ് മൂടോടെ ഇല്ലാതാകണമെന്ന നിരീക്ഷകരുടെ കാഴ്ചപ്പാടാണ് ശരി.

എന്നാൽ നിലവിലെ ഡിസിസി പുനഃസംഘടന സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ ആർക്കാണ് ശരിക്കും പ്രയോജനം ലഭിക്കുക എന്ന് മനസ്സിലാക്കാം. കരുണാകരൻ ആന്റണി ഗ്രൂപ്പിസത്തിന് ശേഷം എല്ലാം മതിയാക്കി എകെ ആന്റണി കേന്ദ്രത്തിലെ ‘ഉയർന്ന സ്ഥാനത്തേക്ക്’ പറന്നപ്പോൾ ഉമ്മന്‍‌ചാണ്ടി ഗ്രൂപ്പിന്റെ നേതാവായി.

മക്കൾ രാഷ്ട്രീയത്തിന് പ്രാധാന്യം കൊടുക്കാൻ കരുണാകരൻ മുതിർന്നപ്പോൾ മറ്റുള്ളവര്‍ മുതിർന്നില്ല. കരുണാകരന് കോൺഗ്രസ് വിടേണ്ടിയും വന്നു. അവിടെ ഉദയം കൊണ്ട കരുണാകരന്‍റെ ശിഷ്യൻ രമേശ് ചെന്നിത്തല ഉമ്മൻചാണ്ടിക്ക് എതിരാളിയായി. എതിരാളിക്കൊരു പോരാളി എന്ന നിലയിൽ രണ്ടുപേരും അടരാടിയപ്പോൾ എല്ലാം വീതംവച്ചു.

‘കടിച്ച് കീറുന്ന’ സ്നേഹ പ്രകടനത്തിനിടയിലും ഭരണത്തിലേറാൻ ഉമ്മൻചാണ്ടിക്ക് കഴിഞ്ഞു. എന്നാൽ സോളാർ എന്ന ഇടിത്തീ ഉമ്മൻചാണ്ടിയുടെ പ്രഭ കെടുത്തി. പിണറായി വിജയന് ചരിത്ര തുടർ ഭരണം സമ്മാനിച്ചതിലൂടെ രമേശ് ചെന്നിത്തലയും മൂലയിലായി.

അങ്ങനെയാണ് തലമുറമാറ്റം എന്ന ഓമനപ്പേരിൽ വിളിക്കപ്പെടുന്ന ആ ഉടച്ചുവാര്‍ക്കല്‍ ഉണ്ടായത്. യഥാർഥത്തിൽ ഇതിനിടയിൽ ഉണ്ടായ സംഭവ വികാസങ്ങളാണ് ഡിസിസി പുനസംഘടനയിൽ പ്രതിഫലിച്ചത്. അതിന് വളംവച്ച് കൊടുത്തത് ഉമ്മൻചാണ്ടിയും ചെന്നിത്തലയുമാണെന്ന് നിസംശയം പറയാം. സംസ്ഥാന കോൺഗ്രസിൽ ഇതുവരെയില്ലാത്ത പ്രതിസന്ധി ഉടലെടുത്തത് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പോടുകൂടിയാണ്.

എന്ത് പോരായ്മ വന്നാലും ഒന്നായി നിന്ന് ഹൈക്കമാന്‍റിന്‍റെ കണ്ണിൽ പൊടിയിടാനുള്ള ഉമ്മൻ-ചെന്നി തന്ത്രം വിലപ്പോയില്ല എന്നതാണ് യഥാര്‍ഥ്യം. അതിന് വിലങ്ങുതടിയായത് സുധാകരനോ സതീശനോ അല്ല, പകരം ഉമ്മൻചാണ്ടിയിൽ നിന്നും ചെന്നിത്തലയിൽ നിന്നും രക്ഷയില്ലാതെ ഇവിടെ നിന്ന് ഹൈക്കമാന്‍ഡില്‍ രക്ഷതേടിയവരും അവിടെ വേരുറപ്പിച്ചവരുമാണ്.
അതിൽ ഒന്നാം സ്ഥാനത്താണ് കെ സി വേണുഗോപാൽ, കേരളത്തിലേക്ക് വന്നാൽ പിടി തോമസ്, എംകെ രാഘവൻ, കൊടിക്കുന്നിൽ സുരേഷ്, എപി അനിൽകുമാർ. ഇതിൽ കൂടുതലും കെ സി വേണുഗോപാലിന്‍റെ ആശീർവാദത്തോടെ നടന്ന നിയമനങ്ങളാണ്.

കൂടെ നിർത്തി ഒരുമിച്ചാണ് പോക്ക് എന്ന പ്രതീതി ഉണ്ടാക്കിയാണ് സുധാകരനിലൂടേയും സതീശനിലൂടെയും കെസി സഞ്ചരിക്കുന്നത്. കൂട്ട തിരിച്ചടികൾ ഉണ്ടാവാതിരിക്കാൻ നേരത്തേ പറഞ്ഞ ജനപ്രതിനിധികളായ നേതാക്കളുടെ ആവശ്യം അംഗീകരിക്കുകയും ചെയ്തു.

കോഴിക്കോടേക്ക് വന്നാൽ എ ഗ്രൂപ്പിന്‍റെ കുത്തകയായിരുന്നു ഡിസിസി പ്രസിഡന്‍റ് സ്ഥാനം. രണ്ട് പതിറ്റാണ്ട് മുമ്പ് കെ കരുണാകരന്‍റെ പിൻബലത്തിൽ എം വീരാൻകുട്ടി ഡിസിസി പ്രസിഡന്‍റായ ശേഷം എ ഗ്രൂപ്പിന്‍റെ തേരോട്ടമാണ്. അതിന് വിരാമമിട്ട് എം കെ രാഘവന്‍റെ നോമിനിയായി കെ പ്രവീൺ കുമാർ പ്രസിഡന്‍റായി. പ്രിയ ശിഷ്യന് വേണ്ടി കെ മുരളീധരന്‍റെ പിൻതാങ്ങൽ കൂടി വന്നതോടെ എതിർശബ്ദങ്ങൾ അടങ്ങി.

കസേരയിൽ കണ്ണുണ്ടായിരുന്ന കെ പി അനിൽ കുമാർ പരസ്യമായി പോരടിച്ച് സസ്‌പെന്‍ഷനിലുമായി. മലപ്പുറത്ത് എ പി അനിൽകുമാറിനെ സന്തോഷിപ്പിച്ചപ്പോൾ കെ സി വേണുഗോപാലിന്‍റെ ബാഹ്യ ഇടപെടൽ ഉണ്ടായി. ന്യൂനപക്ഷങ്ങളെ കൂടെക്കൂട്ടാൻ ആര്യാടൻ ഷൗക്കത്ത് വരണം എന്ന ചിന്തയെ വെട്ടിയതും വി എസ് ജോയിയെ നിയമിച്ചതും മറ്റൊരു ശക്തിക്ക് തടയിടാൻ ആണെന്നത് വ്യക്തം.

വയനാട്ടിൽ ഒരു തവണ പ്രസിഡന്‍റായ എൻഡി അപ്പച്ചനെ രാഹുൽ ഗാന്ധി നേരിട്ട് നിയമിച്ചെന്നാണ് വാർത്ത. എന്നാൽ ആശിർവദിച്ചത് കെസി വേണുഗോപാൽ ആണ്. തിരുവനന്തപുരത്ത് പാലോട് രവിക്ക് നറുക്ക് വീണതും മറ്റൊരു ആശിർവാദത്തിന്‍റെ ഭാഗമായാണ്. തലസ്ഥാനം കൈപ്പിടിയിൽ ഒതുക്കാൻ സുധാകരനും വേണുഗോപാലും ചേർന്ന് നടത്തിയ ഓപ്പറേഷനാണ് ഫലവത്തായത്.

കൊല്ലത്ത് കൊടിക്കുന്നിലിന്‍റെ വിശ്വസ്തൻ രാജേന്ദ്ര പ്രസാദ് തന്നെ വന്നു. പ്രസിഡന്‍റ് സ്ഥാനത്തെ ഏക പെൺതരിയായ ബിന്ദുകൃഷ്ണക്ക് വീണ്ടും ദുംഖം തന്നെ. എറണാകുളത്ത് പി ടി തോമസിന്‍റെ ചരടുവലി വിജയിച്ചു. മുഹമ്മദ് ഷിയാസ് തന്നെ ഡിസിസി പ്രസിഡന്‍റായി.

ഉമ്മൻചാണ്ടി നൽകിയ പാനലിൽ നിന്ന് ഒരാളെ തെരഞ്ഞെടുത്തു. അത് സഭാ സമവാക്യത്തിന് ഉതകുന്ന രീതിയിലാണ്. എന്നാൽ ആരെയും ചൊടിപ്പിക്കാൻ തയ്യാറാകാത്തതിന് ഒരു പ്രത്യേക പരിവേഷം കണ്ടെത്തുന്ന ഉമ്മൻ ചാണ്ടി ഉടക്കി. യഥാർഥത്തിൽ അത് കോട്ടയത്തെ കാര്യത്തിൽ അല്ല. പകരം കേരളം ഒന്നടങ്കം മറ്റാരോ കൈക്കലാക്കുന്നു എന്ന അമർഷത്തിൽ നിന്നായിരുന്നു.

കെസി വേണുഗോപാൽ ‘പ്രത്യക്ഷത്തിൽ’ ഒരു പേര് നിർദ്ദേശിച്ചത് ആലപ്പുഴയിലാണ്. പക്ഷേ അത് ചെന്നിത്തലയുടെ വിശ്വസ്തനായ ബാബു പ്രസാദിന് നൽകിയില്ലെങ്കിൽ വലിയ കലാപം ഉണ്ടാകുമെന്ന് പിന്നീട് മനസ്സിലായി. വേണുഗോപാൽ തന്ത്രപൂർവ്വം പിൻവാങ്ങി ബാബുവിനെ സന്തോഷിപ്പിച്ചു. ഓരോ മുക്കിലും മൂലയിലും നേതാക്കള്‍ ഉദയം കൊണ്ടു. ഈ നേതാക്കളുടെ ശക്തി ജനപ്രതിനിധികളുടെ ശക്തിയാണ്. എല്ലാറ്റിനുമുപരിയായി, ഒരു നിയന്ത്രണ ശക്തി എന്ന നിലയിൽ ഹൈക്കമാൻഡിന്റെ ശക്തിയും.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News