പരിസ്ഥിതി നിയമം, ഹെല്‍ത്ത്‌കെയര്‍ എന്നിവയില്‍ ജേക്കബ് കല്ലുപുരയ്ക്ക് ഡോക്ടറേറ്റ്

ബോസ്റ്റണ്‍: വിര്‍ജീനിയ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഹെല്‍ത്ത് കെയര്‍ പോളിസി, എന്‍വയോണ്‍മെന്റല്‍ ലോ, ഗ്ലോബല്‍ ഹെല്‍ത്ത് കെയര്‍ കംപ്ലയന്‍സ് എന്നിവയില്‍ ഒരു പതിറ്റാണ്ട് നീണ്ട ഗവേഷണം പൂര്‍ത്തിയാക്കി ജേക്കബ് കല്ലുപുര ഡോക്ടറേറ്റ് നേടി.

ഈ രംഗത്തെ ലോകപ്രശസ്ത പ്രൊഫസര്‍മാരായ ഡോ. തോമസ് ബക്കിള്‍, ഡോ. സൂസന്‍ തോമസ് ബക്കിള്‍ (കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റി), മുന്‍ ഗവര്‍ണറും ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയുമായ പ്രൊഫ. മൈക്കിള്‍ ഡുക്കാകിസ് എന്നിവരുടെ മേല്‍നോട്ടത്തിലാണ് കല്ലുപുര ഗവേഷണം പൂര്‍ത്തീകരിച്ചത്. ഡുകാകിസ് ഒബാമ കെയറിന്റെ മുന്‍ റണ്ണറും വക്താവുമായിരുന്നു.

വിര്‍ജീനിയ യൂണിവേഴ്‌സിറ്റിയില്‍ അദ്ദേഹം നടത്തിയ പഠനങ്ങളും ഗവേഷണങ്ങളും, ലോകജനസംഖ്യയെ ആഗോള ദുരന്തങ്ങളില്‍ നിന്നും പകര്‍ച്ചവ്യാധികളില്‍ നിന്നും സംരക്ഷിക്കുന്നതില്‍ ലോകാരോഗ്യ സംഘടനയുടെ (WHO) അപര്യാപ്തതകള്‍ കണ്ടെത്താന്‍ സഹായകമായി. ആരോഗ്യസംരക്ഷണ നിയമം ലോകത്തെ എല്ലാവരുടെയും മൗലികാവകാശമാണെന്ന ആശയമാണ് കല്ലുപുര തുറന്നുതരുന്നത്.

ആഗോള ആരോഗ്യ പരിപാലന നിയമങ്ങളിലും മാറുന്ന പ്രവണതകളിലും ആഗോള ആരോഗ്യത്തില്‍ പാരിസ്ഥിതിക മാറ്റങ്ങളുടെ സ്വാധീനത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടുള്ള പഠനങ്ങളും ഗവേഷണങ്ങളും നടത്തിയിട്ടുള്ള കല്ലുപുര, കേരളത്തില്‍ കുട്ടനാട്ടിലെ ഒരു കര്‍ഷക കുടുംബത്തില്‍ പരേതരായ പോത്തന്‍ ജോസഫിന്റെയും എലിസബത്ത് മുടന്തങ്കിലിയുടെയും 9 മക്കളില്‍ ഒരാളായാണ് ജനിച്ചത്. തെക്കേക്കര സര്‍ക്കാര്‍ സ്കൂളിലും ചമ്പക്കുളം സെന്റ് മേരീസ് ഹൈസ്കൂളിലുമായാണ് പ്രാഥമിക പഠനം പൂര്‍ത്തിയാക്കിയത്. പിന്നീട് എസ്ബി കോളജില്‍ പ്രീഡിഗ്രിക്ക് ചേര്‍ന്നു. ഇംഗ്ലീഷ് മലയാളം സാഹിത്യത്തില്‍ ബിരുദം പൂര്‍ത്തിയാക്കി.

കോട്ടയത്തെ ദീപികയില്‍ കുറച്ചുകാലം പത്രപ്രവര്‍ത്തകനായി ജോലി ചെയ്ത ശേഷം, നിയമപഠനം പൂര്‍ത്തിയാക്കാന്‍ തിരുവനന്തപുരത്തേക്ക് മാറി. ലോ അക്കാദമി ഡിബേറ്റിംഗ് ടീം അംഗമായിരുന്നു. കേരള ഹൈക്കോടതിയില്‍ അഭിഭാഷകനായി പ്രവര്‍ത്തിച്ച ശേഷം 1988 ല്‍ ബോസ്റ്റണിലേക്ക് മാറി. വെസ്റ്റ്ഫീല്‍ഡ് സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എം.എസ് ചെയ്തു. തുടര്‍ന്ന്, ബോസ്റ്റണ്‍ യൂണിവേഴ്‌സിറ്റി സ്കൂള്‍ ഓഫ് ലോയില്‍ ചേര്‍ന്നു, ഫിനാന്‍ഷ്യല്‍ & ഇന്‍വെസ്റ്റ്‌മെന്റ് ലോയില്‍ എല്‍എല്‍എം നേടി.

ബാങ്ക് ഓഫ് അമേരിക്ക, ബാങ്ക് ഓഫ് ന്യൂയോര്‍ക്ക് മെല്ലോണ്‍, പട്ട്‌നം ഇന്‍വെസ്റ്റ്‌മെന്റ്, ന്യൂയോര്‍ക്ക് ലൈഫ്, മാസ് മ്യൂച്വല്‍ തുടങ്ങി അമേരിക്കയിലെ നിരവധി പ്രമുഖ ബാങ്കുകളിലും നിക്ഷേപ കമ്പനികളിലും കംപ്ലയന്‍സ് ലോ സ്‌പെഷ്യലിസ്റ്റായും ഇന്‍ഹൗസ് കൗണ്‍സലായും ജേക്കബ് കല്ലുപുര സേവനമനുഷ്ഠിച്ചിട്ടുണ്ട്. കൂടാതെ രണ്ട് മെഡിക്കല്‍ കമ്പനികളുടെ താല്‍ക്കാലിക സിഇഒ ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഡോക്ടറല്‍ ബിരുദം നേടിയ ശേഷം, സാമൂഹ്യ സേവനങ്ങള്‍ ചെയ്യാന്‍ കൂടുതല്‍ സമയം ചെലവഴിക്കുക എന്ന ഉദ്ദേശത്തോടെ അദ്ധ്യാപനത്തിലും എഴുത്തിലും സജീവമാകാനാണ് ജേക്കബ് കല്ലുപുരയുടെ പദ്ധതി. ഇന്ത്യന്‍ ആരോഗ്യ പരിപാലന നയനിര്‍മ്മാണത്തിലും പരിസ്ഥിതിയിലും സജീവമായി ഇടപെടുന്ന ഇന്തോഅമേരിക്കന്‍ പോളിസി ഇന്‍സ്റ്റിറ്റിയൂട്ടിലും കല്ലുപുര പങ്കാളിയായി സേവനമനുഷ്ഠിക്കുന്നു.

അമേരിക്കന്‍ ജീവിതത്തിന്റെ മുഖ്യധാരാ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായ അദ്ദേഹം, അമേരിക്കന്‍ കാന്‍സര്‍ സൊസൈറ്റി, ബോസ്റ്റണിലെ ജിമ്മി ഫണ്ട്, സെന്റ് ജൂഡ് ചില്‍ഡ്രന്‍സ് ഹോസ്പിറ്റല്‍, കിവാനിസ് ക്ലബ് എന്നിവയുമായി ചേര്‍ന്നും പ്രവര്‍ത്തിക്കുന്നുണ്ട്.

മസാച്ചുസെറ്റ്‌സിലെ ഫ്രാമിംഗ്ഹാമില്‍ ഭാര്യ ആനി കല്ലുപുരയ്‌ക്കൊപ്പമാണ് താമസം. മക്കള്‍: ക്രിസ്റ്റീന, മീര; മരുമകന്‍: ഡോ.ജോസ് ജെയിംസ്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment