ഏഴര മണിക്കൂറിനുള്ളിൽ 893 പേർക്ക് വാക്സിനേഷൻ നൽകി റെക്കോര്‍ഡ് സൃഷ്ടിച്ച നഴ്സിന് ആരോഗ്യമന്ത്രിയുടെ ആദരം

തിരുവനന്തപുരം: ഏഴര മണിക്കൂറിനുള്ളിൽ 893 പേർക്ക് വാക്സിനേഷൻ നൽകി റെക്കോര്‍ഡ് സൃഷ്ടിച്ച നഴ്സിന് ആരോഗ്യമന്ത്രിയുടെ ആദരം. ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിലാണ് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് സന്ദര്‍ശിച്ച് ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് പുഷ്പലതയെ പൊന്നാടയണിയിച്ച് ആദരിച്ചത്. പേരറിയാത്ത മുഖമറിയാത്ത ആരുമറിയാതെ കഷ്ടപ്പെടുന്ന ഒരുപാട് ആരോഗ്യ പ്രവര്‍ത്തകരാണ് ആരോഗ്യ വകുപ്പിനുള്ളതെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. അവരാണ് നമ്മുടെ സിസ്റ്റത്തെ മുന്നോട്ട് നയിക്കുന്നത്. അവര്‍ക്കെല്ലാമുള്ള ആദരവായാണ് ഇതിനെ കാണുന്നതെന്നും മന്ത്രി പറഞ്ഞു.

ഈ ജോലി ലഭിക്കാന്‍ താന്‍ വളരെയധികം കഷ്ടപ്പാടുകള്‍ സഹിച്ചിട്ടുണ്ടെന്ന് പുഷ്പലത മന്ത്രിയോട് പറഞ്ഞു. ഗായികയായ താന്‍ ഭര്‍ത്താവിന്റെ വീട്ടുകാരുടെ പിന്തുണയോടെയാണ് നഴ്സിംഗിന് പഠിച്ചത്. ജോലി കിട്ടി കഴിഞ്ഞും ആ ആത്മാര്‍ത്ഥത തുടരുന്നു. ഈ ജോലിയോടൊപ്പം തന്നെ വാര്‍ഡുതല ജോലികളും മുടക്കമില്ലാതെ കൊണ്ടുപോകുന്നു. ജോലി കിട്ടാന്‍ മാത്രമല്ല ജോലി ചെയ്യാനും മനസുണ്ടാകണമെന്നും പുഷ്പലത വ്യക്തമാക്കി.

ടീം വര്‍ക്കാണ് തന്റെ പിന്‍ബലമെന്ന് പുഷ്പലത പറഞ്ഞു. ജെ.എച്ച്‌.ഐ.മാരായ വിനീത്, ശ്രീരാജ്, ശ്രീദേവി, സ്റ്റാഫ് നഴ്സ് രമ്യ, അനിമോള്‍ എന്നിവരാണ് ടീമിലുള്ളത്. അവരേയും മന്ത്രി അഭിനന്ദിച്ചു.

ഇതോടൊപ്പം പുഷ്പലത ഒരു ഗാനവും പാടി.

“ദൈവസ്‌നേഹം വര്‍ണിച്ചീടാന്‍ വാക്കുകള്‍ പോരാ
നന്ദി ചൊല്ലിത്തീര്‍ക്കുവാനീ ജീവിതം പോരാ
കഷ്ടപ്പാടിന്‍ കാലങ്ങളില്‍ രക്ഷിക്കുന്ന സ്‌നേഹമോര്‍ത്താല്‍
എത്ര സ്തുതിച്ചാലും മതി വരുമോ?”

പുഷ്പലതയുടെ ഗാനം എല്ലാവരും ആസ്വദിച്ചെന്നു മാത്രമല്ല, കൈയ്യടിയും അതോടൊപ്പം അഭിനന്ദനങ്ങളും നേടി.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment