സീറോ-മലബാർ കത്തോലിക്ക സഭയും സ്വയംഭരണാധികാരവും (Sui Juris)

കഴിഞ്ഞ കുറെ വർഷങ്ങളായി സീറോ-മലബാർ സഭയിലെ പൗരന്മാർ കേട്ടുകൊണ്ടിരിക്കുന്ന ഒരു ലത്തീൻ പദപ്രയോഗമാണ് Sui Juris. സ്വന്തമായി ഭരിക്കാൻ അധികാരമുള്ള സംഘം അഥവാ വ്യക്തി എന്ന അർത്ഥമാണ് Sui Juris-നുള്ളത്. സ്വയംഭരണാധികാരമുള്ള ഇരുപത്തിനാല് (24) വ്യക്തിസഭകൾ റോമാ മാർപാപ്പയെ തലവനായി സംഗീകരിച്ചുകൊണ്ടുള്ള ഒരു കൂട്ടായ്മയുടെ സമാഹാരമാണ് ആഗോള കത്തോലിക്ക സഭ. ഈ പ്രപഞ്ചം എങ്ങനെ വൈവിധ്യമായിരിക്കുന്നുവോ അതുപോലെ ഭൂമിയിലെ ഏറ്റവും വൈവിധ്യമാർന്ന സ്ഥാപനങ്ങളിലൊന്നാണ് റോമൻ കത്തോലിക്ക സഭ. റോമൻ കത്തോലിക്ക സഭയിലെ പൗരന്മാരെല്ലാം ലത്തീൻ കത്തോലിക്കരല്ല; മറിച്ച്, റോമാ മാർപാപ്പായാൽ അംഗീകരിക്കപ്പെട്ടിട്ടുള്ള മറ്റ് ഇരുപത്തിമൂന്നു (23) കത്തോലിക്ക സഭകളിലെ പൗരന്മാരും ഉൾപ്പെട്ടതാണ്. കത്തോലിക്ക സഭയിലെ ഇരുപത്തിനാല് (24) സഭകളിൽ വെച്ച് ഏറ്റവും വലിയതും പാശ്ചാത്യവുമായ സഭയാണ് ലത്തീൻ സഭ. അതിപുരാതനമായ പൗരസ്ത്യ സഭകൾ ഓരോന്നിനും തനതായ പൈതൃകവും പാരമ്പര്യങ്ങളും ആരാധനാ രീതികളും ആചാരങ്ങളും ആത്മീയ ജീവിതവും അച്ചടക്കവും ഭാഷയും സഭാ ഭരണ സമ്പ്രദായങ്ങളും ദൈവശാസ്ത്രവുമെല്ലാമുണ്ട്.

അപ്പോസ്തലന്മാർ യേശു സന്ദേശത്തെ റോമാ സാമ്രാജ്യത്തിലെ പ്രധാനപ്പെട്ട സാംസ്കാരിക കേന്ദ്രങ്ങളിലേക്ക് കൊണ്ടുവന്നപ്പോൾ ആ സന്ദേശത്തിലെ പ്രധാന ഘടകങ്ങൾ അതത് സംസ്കാരങ്ങളിൽ അലിഞ്ഞുചേരുകയും അവിടത്തെ ജനങ്ങളുടെ ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും വേഷഭൂഷാദികളിലും ഭാഷകളിലും കൂടി പ്രത്യക്ഷമാകുകയും ചെയ്തു. കത്തോലിക്ക സഭയിൽ ഒരേ വിശ്വാസ പൈതൃകമാണെങ്കിലും വൈവിധ്യമാർന്ന രീതിയിൽ വിവിധ സഭകൾ വഴി അത് ആവിഷ്‌ക്കരിക്കപ്പെടുന്നു. ആദ്യ നൂറ്റാണ്ടിലെ വേദപ്രചാരണം റോമാ സാമ്രാജ്യത്തിൻറെ ഭാഗമായിരുന്ന റോമാ (ഇറ്റലി), കോൺസ്റ്റാൻറ്റിനോപ്പിൾ (ടർക്കി), അന്ത്യോഖ്യ (സിറിയ), അലക്‌സാണ്ഡ്രിയ (ഈജിപ്റ്റ്), ജെറുശലേം (പാലസ്റ്റൈൻ) എന്നീ ഭൂപ്രദേശങ്ങളിലായിരുന്നു. മേല്പറഞ്ഞ അഞ്ചു പ്രവിശ്യകളും പില്‍ക്കാലത്ത് പാത്രിയാർക്കൽ സഭകളായി.

റോമാ സാമ്രാജ്യത്തെ ഭരണ സൗകര്യാർത്ഥം പാശ്ചാത്യവും പൗരസ്ത്യവുമായ ദേശങ്ങളായി ഡയോക്ലേഷ്യൻ ചക്രവർത്തി (Emperor Diocletian) 285 CE-ൽ രണ്ടായി തിരിച്ചു. അതിൽ റോം പാശ്ചാത്യ പാത്രിയാർക്കൽ സഭയും മറ്റ് നാല് സഭകൾ റോമൻ പൗരസ്ത്യ പാത്രിയാർക്കൽ സഭകളുമായി. റോമാ സാമ്രാജ്യത്തിൻറെ പാശ്ചാത്യ/പൗരസ്ത്യ പ്രദേശങ്ങളുടെ അതിർത്തി വിഭജനത്തിൻറെ ചുവടുപിടിച്ചാണ് പാശ്ചാത്യ/പൗരസ്ത്യ പാത്രിയാർക്കൽ സഭകൾ ഉണ്ടായത്. റോമാ സാമ്രാജ്യത്തിലെ നാല് പൗരസ്ത്യ പാത്രിയാർക്കൽ സഭകൾ പില്‍ക്കാലങ്ങളിൽ വിഭജിക്കപ്പെടുകയും ഇന്ന് കത്തോലിക്ക സഭയിൽ ഇരുപത്തിരണ്ട് (22)പൗരസ്ത്യ റീത്തുകളുമുണ്ട്. പാശ്ചാത്യ റോമൻ പാത്രിയാർക്കൽ സഭ വിഭജിക്കപ്പെടാതെ ഇന്നും പാശ്ചാത്യ ലത്തീൻ റീത്തായി തുടരുന്നു. പൗരസ്ത്യ സഭകൾ എന്നു കേൾക്കുമ്പോൾ അത് റോമാ സാമ്രാജ്യവുമായി ബന്ധപെടുത്തിയേ നമുക്ക് ചിന്തിക്കുവാൻ കഴിയു. കാരണം, റോമാ സാമ്രാജ്യാതിർത്തിക്കുള്ളിൽ വളർന്നു വികസിച്ച സഭകളാണ് പൗരസ്ത്യ സഭകൾ. മറിച്ച്, റോമൻ പൗരസ്ത്യ സഭകളുടെ കിഴക്കു സ്ഥിതി ചെയ്യുന്ന ഭാരതത്തിൽ തോമാശ്ലീഹ സ്ഥാപിച്ച മാർതോമ നസ്രാണി സഭ റോമൻ പൗരസ്ത്യ സഭകളിൽപ്പെട്ട സഭയല്ല. നസ്രാണി സഭ ഒരു കാലത്തും റോമാ സാമ്രാജ്യത്തിലെ പൗരസ്ത്യ സഭകളുടെ ഭാഗമായിരുന്നിട്ടില്ലന്നുള്ള ചരിത്ര സത്യം നാം മനസ്സിലാക്കേണ്ടതായിട്ടുണ്ട്. റോമാ സാമ്രാജ്യത്തിൽ വളർന്നു വികസിച്ച പാശ്ചാത്യ/പൗരസ്ത്യ സഭകളെപ്പോലെ തന്നെ ഭാരതത്തിൽ വളർന്നു വികസിച്ച ഒരു അപ്പോസ്തലിക സഭയാണ് മാർതോമ നസ്രാണിസഭ. നിർഭാഗ്യമെന്നു പറയട്ടെ, റോമിലെ പൗരസ്ത്യ തിരുസംഘം മാർതോമ നസ്രാണി സഭയേയും ഇറാഖിലെ കല്‍ദായ സഭയുടെ ഭാഗമാക്കിയിരിക്കുകയാണ്. അങ്ങനെ പൗരസ്ത്യ റീത്തുകളുടെ എണ്ണം ഇരുപത്തിമൂന്നായി (23)!

1863-ൽ അന്നത്തെ അമേരിക്കൻ പ്രസിഡണ്ട് എബ്രഹാം ലിങ്കൺ അടിമകളെ സ്വാതന്ത്രരാക്കിക്കൊണ്ടുള്ള ഒരു വിമോചന പ്രഖ്യാപനം നടത്തി. അതുപോലെ, ലത്തീൻ സഭയുടെ അടിമത്തത്തിൽ കഴിഞ്ഞിരുന്ന റോമൻ പൗരസ്ത്യ സഭകൾക്കും സീറോ മലബാർ സഭയ്ക്കും സ്വയം ഭരിക്കുവാനുള്ള അവകാശവും കടമയും ഉണ്ടെന്ന് രണ്ടാം വത്തിക്കാൻ കൗൺസിൽ (1962-1965) ഒരു വിമോചന പ്രഖ്യാപനം നടത്തി. കൗൺസിലിൻറെ ആ വിമോചന പ്രഖ്യാപനമാണ് റോമൻ പൗരസ്ത്യ സഭകൾക്കും നമുക്കും സ്വയംഭരണാധികാരം ലഭിക്കാൻ കാരണമായത്. പിന്നീട് 1990-ൽ സഭാ തലവനായിരുന്ന ജോൺ പോൾ രണ്ടാമൻ മാർപാപ്പ സീറോ-മലബാർ സഭയെ Sui Juris പദവിയുള്ള സഭയാക്കി ഉയർത്തി.

നസ്രാണികൾ അവരുടെ ക്രൈസ്തവ പൈതൃകം അഥവാ വ്യക്തിത്വം സ്വയം നിർവചിച്ചത് ‘മാർതോമയുടെ മാർഗവും വഴിപാടും’ എന്ന കുറുമൊഴി കൊണ്ടായിരുന്നു. ആ കുറുമൊഴിക്ക് വിപുലമായ അർത്ഥവ്യാപ്തിയുണ്ട്. മാർതോമയുടെ മാർഗവും വഴിപാടും നസ്രാണികളുടെ ജീവിതചര്യയായിരുന്നു (way of life). ആ ജീവിതചര്യയിൽ അവരുടെ ദൈവശാസ്ത്രം, ആരാധന രീതികൾ, ആധ്യാത്മികത, ശിക്ഷണം, സഭാഭരണം തുടങ്ങിയ എല്ലാ മതകാര്യങ്ങളും ഉൾപ്പെട്ടിരുന്നു.

മുൻകാലങ്ങളിൽ സ്വയാധികാരസഭകളെ വേർതിരിച്ചു കണ്ടിരുന്നത് അവയുടെ ആരാധന ക്രമത്തെ അടിസ്ഥാനപ്പെടുത്തി മാത്രമായിരുന്നു. കൽദായ ആരാധനക്രമം കൽദായ സഭയുടെ മാത്രം പൈതൃകമാണ്. അത് സീറോ മലബാർ സഭയുടെ ആരാധന ക്രമ പൈതൃകമല്ല. നസ്രാണി സഭയ്ക്ക് സീറോ മലബാർ സഭ എന്ന പേരിട്ടതു തന്നെ അതിൻറെ ആരാധനക്രമ പൈതൃകം കല്‍ദായമായതുകൊണ്ടായിരുന്നല്ല. മറിച്ച്, സുറിയാനി ഭാഷ ആരാധനക്രമ ഭാഷ ആയതിനാലായിരുന്നു. സീറോ മലബാർ എന്ന പേര് മാറ്റേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. കാരണം, ഇന്ന് ആരാധന ക്രമ ഭാഷ മലയാളമാണല്ലോ. മാർതോമ നസ്രാണികളുടെ ആരാധനക്രമ പൈതൃകം കല്ദായമാണെന്ന്വാദിച്ചിരുന്ന പൗരസ്ത്യ തിരുസംഘത്തിൻറെ കൂടെ ചുരുക്കം ചില കല്ദായ പ്രേമികളായ മെത്രാന്മാർ കൂടിയതിൻറെ ഫലമായി ബഹുഭൂരിപക്ഷം സഭാംഗങ്ങളുടെയും എതിർപ്പിനെ അവഗണിച്ച്കൽദായ റാസകുർബാന സീറോ മലബാർ സഭയിൽ അടിച്ചേല്പിക്കുകയാണ്ചെയ്തത്. ചരിത്രപരമായി തെറ്റായ ഒരു നീക്കമായിരുന്നു അത്. കാരണം ഉദയമ്പേരൂർ സൂനഹദോസിനു മുമ്പ്നമ്മുടെ കത്തനാരന്മാർ റാസ കുർബാന ചൊല്ലിയിരുന്നില്ല. കല്ദായയിൽ നിന്നു വന്നിരുന്ന മെത്രാന്മാർ മാത്രമെ റാസ കുർബാന ചൊല്ലിയിരുന്നൊള്ളു. കൽദായ റാസ കുർബാന മാർതോമ ക്രിസ്ത്യാനികളുടെ ആരാധന ക്രമ പൈതൃകമായിരുന്നില്ല (ശ്രീജോസഫ്പുലിക്കുന്നേലിൻറെ ‘നമ്മുടെ കത്തനാരന്മാർ കൽദായ കുർബാന ചൊല്ലിയിരുന്നുവോ?’ എന്ന ലഘുലേഖ കാണുക). ഉദയമ്പേരൂർ സൂനഹദോസിനു ശേഷം 1622-ൽ ഫ്രാൻസിസ്റോസ്‌ മെത്രാൻ പുതിയ കുർബാന (അത്കൽദായ കുർബാന ആയിരുന്നില്ല) നമ്മുടെ സഭയ്ക്ക്നല്കിയപ്പോൾ അന്നുവരെ ഉപയോഗിച്ചിരുന്ന ആരാധനക്രമ ഭാഷയായ സുറിയാനി തുടർന്ന്ഉപയോഗിക്കുകയായിരുന്നു. അത്റോസ്‌ മെത്രാൻറെ കൂർമബുദ്ധിയോടെയുള്ള വിജയകരമായ മതരാഷ്ട്രീയ നീക്കമായിരുന്നു. കാരണം നസ്രാണികൾ അന്നുവരെ ആരാധനഭാഷയായി ഉപയോഗിച്ചിരുന്ന സുറിയാനി ഭാഷ മാറ്റി ലത്തീൻ ഭാഷ ആരാധനക്രമത്തിന്ഉപയോഗിച്ചു തുടങ്ങിയിരുന്നെങ്കിൽ സഭയിൽ വൻ വിപ്ലവമുണ്ടാകുമായിരുന്നു. അദ്ദേഹം ആ ദുരന്തം ഒഴിവാക്കാൻ വേണ്ടി മാത്രമായിരുന്നു സുറിയാനി ഭാഷ ആരാധന ക്രമ ഭാഷയായി തുടർന്നത്. ഉദയമ്പേരൂർ സൂനഹദോസിനുശേഷം (1599) കൽദായ സുറിയാനി മെത്രാന്മാരെ കിട്ടാൻ വേണ്ടി മുറുമുറുത്തുനിന്നിരുന്ന കത്തനാരന്മാരെയും എണങ്ങരെയും തൃപ്തിപ്പെടുത്താൻ വേണ്ടി മാത്രമാണ്റോസ്‌ മെത്രാൻ പുതിയ കുർബാനയുടെ ഭാഷ സുറിയാനിയാക്കിയത്. എന്നിട്ടരിശം തീരാഞ്ഞിട്ടാണല്ലോ കൂനൻ കുരിശു സത്യവിപ്ലവത്തിൽ (1653) ചെന്നവസാനിച്ചത്. ആയിരത്തിതൊള്ളായിരത്തി അറുപതുകളിൽ സുറിയാനി ഭാഷ മാറ്റി തദ്ദേശ ഭാഷയായ മലയാളം ആരാധനക്രമ ഭാഷയാക്കി. ഈ പരിണാമങ്ങളിലൊന്നും സുറിയാനി ഭാഷ ആരാധന ക്രമ ഭാഷയായി ഉപയോഗിച്ചതല്ലാതെ കൽദായ ആരാധനക്രമം നസ്രാണികളുടെ സഭാപൈതൃകമായി കാണാൻ സാധിക്കയില്ല. ഇല്ലാത്ത കൽദായ ആരാധന ക്രമ പൈതൃകത്തെ സീറോ മലബാർ സഭയിൽ അടിച്ചേൽപിക്കാൻ ശ്രമിക്കുന്നതിൻറെ തിക്തഫലം നാം ഇന്ന്അനുഭവിക്കുന്നു.

ആരാധന ക്രമത്തെ സംബന്ധിച്ചും ദിവ്യബലി പുരോഹിതർ എങ്ങോട്ടു തിരിഞ്ഞു നിന്ന് അര്‍പ്പിക്കണമെന്നുമുള്ള ചങ്ങനാശേരി-എറണാകുളം വിഭാഗക്കാരുടെ കടുംപിടുത്തത്തിൻറെ അടിയൊഴുക്ക് നമ്മുടെ ആരാധനക്രമ പൈതൃകം എന്തെന്ന് സ്വയാധികാര സഭയായപ്പോൾ നിർണയിക്കാതെ പോയതിനാലാണ്. ഇന്ന് ആ തർക്കം ശക്തമാകുകയും സീറോ മലബാർ സഭ പിളർപിൻറെ വക്കത്തെത്തി നിൽക്കാനുള്ള കാരണവും മറ്റൊന്നുമല്ല.

ആരാധനക്രമത്തെക്കാളുപരി ഓരോ സഭയുടെയും സാമൂഹ്യ-സാംസ്കാരിക പശ്ചാത്തലവും സഭാ ഭരണസമ്പ്രദായ പൈതൃകവുമാണ് സ്വയാധികാരസഭകളെ തമ്മില്‍ വേർതിരിക്കുന്ന ഘടകങ്ങൾ. സ്വയംഭരണാധികാരം ലഭിച്ചതിനു ശേഷം സീറോ മലബാർ സഭാ മേലധികാരികൾ (മെത്രാന്മാർ) മാർതോമായുടെ മാർഗവും വഴിപാടും എന്ന നസ്രാണി പൈതൃകത്തെ കാലോചിതമായി രൂപപ്പെടുത്തേണ്ടതായിരുന്നു. എന്നാൽ അതിനെ സംബന്ധിച്ച് വൈദികരുമായോ അല്മായരുമായോ സംസാരിക്കാൻ പോലും മെത്രാന്മാർ കൂട്ടാക്കിയില്ല. “ഓരോ പ്രാദേശിക സഭയുടെയും പാരമ്പര്യങ്ങളെ അഭംഗമായും പൂർണമായും സംരക്ഷിക്കുക എന്നതാണ് തിരുസഭയുടെ ലക്ഷ്യം” എന്ന രണ്ടാം വത്തിക്കാൻ കൗൺസിലിൻറെ നിർദേശത്തെ മാനിക്കാതെ സീറോ മലബാർ മെത്രാന്മാർ തന്നിഷ്ടപ്രകാരം പ്രവർത്തിക്കുകയാണ്ചെയ്തത്.

അല്‍മായര്‍ക്ക് സഭാഭരണത്തിൽ പൂർണമായ പങ്കാളിത്തം ഉണ്ടായിരുന്ന പള്ളി പൊതുയോഗങ്ങൾ വഴിയുള്ള സഭാ ഭരണ രീതി മാർതോമ ക്രിസ്ത്യാനികളുടെ തനിമയാർന്ന പൈതൃകമായിരുന്നു. ആ പൈതൃകത്തെയും സീറോ മലബാർ മെത്രാന്മാർ ഈ അടുത്ത കാലത്ത് ഇല്ലാതാക്കി. പകരം പാശ്ചാത്യ സഭാ ഭരണരീതിയിലുള്ള വികാരിയെ ഉപദേശിക്കുന്ന പാരിഷ് കൗൺസിലും കൊണ്ട് അവർ തൃപ്തരായി. നസ്രാണികളുടെ എല്ലാമായ പള്ളി പൊതുയോഗ ഭരണ സമ്പ്രദായത്തെ തകിടം മറിച്ച് എല്ലാ അധികാരങ്ങളും മെത്രാൻറെ ഭരണത്തിൻ കീഴിലാക്കി. നസ്രാണികളുടെ വികേന്ദ്രീകൃത സഭാഘടനയെ ലത്തീനീകരിച്ച് അതികേന്ദ്രീകൃതമായ ഹയരാർക്കിയൽ വ്യവസ്ഥയ്ക്കു കീഴിലാക്കി. കൂടാതെ ഒരു കാലത്തും റോമാ സാമ്രാജ്യത്തിലെ പാശ്ചാത്യ/പൗരസ്ത്യ സഭകളിൽ പെടാത്ത മാർതോമ അപ്പോസ്തലിക സഭയായ സീറോ മലബാർ സഭയിലും പൗരസ്ത്യ സഭകളുടെ കാനോനകൾ ബാധകമാക്കി (1991). മെത്രാന്മാർ കൊടുംവഞ്ചനയാണ് നസ്രാണികളോട് ചെയ്തത്. നസ്രാണികളുടെ ചരിത്രപരമായ സാഹചര്യങ്ങളാലും സംസ്കാരത്താലും വ്യതിരക്തമാക്കപ്പെട്ടിട്ടുള്ള പൈതൃകത്തെ അത് ഇല്ലായ്മ ചെയ്തു. സഭാഭരണം മെത്രാന്മാർ പിടിച്ചെടുത്തു. മുൻകാല നസ്രാണി സഭയിൽ മെത്രാന്മാർ ആധ്യാത്മിക ശുശ്രൂഷയിൽ മാത്രം വ്യാപാരിച്ചിരുന്നു. എന്നാൽ നാട്ടുമെത്രാന്മാർ രുപതയുടെ ആധ്യാത്മികവും ഭൗതികവുമായ കാര്യങ്ങളുടെ ഭരണാധികാരികളായി. അല്മായരുടെ സഭയിലുള്ള അന്തസ്സും അവകാശങ്ങളും നശിപ്പിച്ചുകളഞ്ഞു. ഇന്ന് കർദിനാൾ ആലഞ്ചേരി ക്രിമിനൽ/സിവിൽ കേസുകളിൽ പ്രതിയാകാനുള്ള കാരണവും മറ്റൊന്നുമല്ല.

മാർ ആലഞ്ചേരിയുടെ ഭൂമി കുംഭകോണക്കേസും വൈദികരുടെ സാമ്പത്തിക തട്ടിപ്പു കേസുകളും ലൈംഗിക അതിക്രമ കേസുകളുമെല്ലാം കൊണ്ട് സഭാപൗരർ നാണം കെട്ട് തലയിൽ മുണ്ടിട്ട് നടക്കേണ്ട ഗതികേട് ഉണ്ടായെങ്കിലും, സീറോ മലബാർ സഭയ്ക്ക് അതൊരു അനുഗ്രഹമായി മാറാൻ സാധ്യതയുണ്ടെന്ന് മാർ ആലഞ്ചേരിക്കെതിരായ കേരള ഹൈകോടതി വിധിയിൽ നിന്ന് വായിച്ചെടുക്കാവുന്നതാണ്. കാരണം, സഭാ സ്വത്തുക്കളുടെ ഭരണത്തിന് ഒരു സിവിൽ നിയമം ആവശ്യമാണെന്ന് ഹൈകോടതി തന്നെ നിരീക്ഷിച്ചിട്ടുണ്ട്.

നാലാം നൂറ്റാണ്ടു മുതൽ പതിനാറാം നൂറ്റാണ്ടു വരെ നസ്രാണി സഭ ഈസ്റ്റ് സിറിയൻ (കല്‍ദായ സഭ) ബന്ധത്തിലായിരുന്നു. സുറിയാനി ഭാഷ ആരാധന ഭാഷയായി. 1962 മുതൽ നമ്മുടെ ആരാധന ക്രമം മലയാള ഭാഷയിലാക്കി. ഇന്നിപ്പോൾ നമ്മെ സുറിയാനിക്കാർ എന്ന് വിളിക്കുന്നത് നമ്മെ അപമാനിക്കുന്നതിന് തുലയമാണ്. പതിനാറാം നൂറ്റാണ്ടു മുതൽ പത്തൊമ്പതാം നൂറ്റാണ്ടുവരെ നസ്രാണികൾക്ക് ലത്തീൻ സഭയുമായും ബന്ധമുണ്ടായി. ആ സഭയിലെ ഘടകങ്ങളും നസ്രാണികൾ സ്വാംശീകരിച്ചു. കാലാന്തരത്തിൽ മാർതോമ നസ്രാണി സഭ കൽദായ-ലത്തീൻ സങ്കരസഭയായി പരിണമിച്ചു. രണ്ടാം വത്തിക്കാൻ കൌൺസിൽ പിതാക്കന്മാർ അത് മനസ്സിലാക്കിയതിൻറെ ഫലമായിട്ടാണ് നസ്രാണിസഭയ്ക്ക്നഷ്ടപ്പെട്ടു പോയ പൂർവ പാരമ്പര്യങ്ങളിലേയ്ക്ക്തിരിച്ചു പോയി നവീകരിക്കാൻ അവകാശവും കടമയുണ്ടെന്ന്പ്രബോധിപ്പിച്ചത്. ആ പ്രബോധനത്തെ നാട്ടുമെത്രാന്മാർ അപ്പാടെ തള്ളിക്കളഞ്ഞു. കൊളോണിയൽ നടപടിക്രമം ഇന്നും നിർബാധം തുടരുന്നു. കാലോചിതമായ രീതിയിൽ പരിവർത്തനങ്ങൾ വരുത്തുന്നതിനെക്കുറിച്ച്സംസാരിക്കാൻ പോലും മെത്രാന്മാർക്ക്സമ്മതമല്ല. അതികേന്ദ്രീകൃതമായ ഏകാധിപത്യ ഭരണത്തെ അരക്കിട്ടുറപ്പിക്കാനാണ്അവരുടെ ശ്രമം. ന്യൂനപക്ഷാവകാശത്തിൻറെ പേരിൽ സഭ ചാരിറ്റബിൾ ട്രൂസ്റ്റായി രജിസ്റ്റർ ചെയ്‌ത്‌ നടത്തുന്ന സ്ഥാപനങ്ങളുടെ തലപ്പത്ത് (ആശുപത്രി അഡ്മിനിസ്ട്രേറ്റർ, വിദ്യാഭ്യാസ കോർപ്പറേറ്റ്മാനേജർ, തുടങ്ങിയ സ്ഥാനങ്ങളിൽ) വൈദികാരല്ലാതെ ഒരു അല്മായനെപ്പോലും നിയമിച്ചിട്ടില്ലെന്നുള്ളത് സാമാന്യ നീതിക്കു പോലും നിരക്കാത്ത കാര്യമാണ്. മെത്രാന്മാരുടെ നീതിബോധം എവിടെ? ആരാധനക്രമവും സഭാഭരണക്രമവും മാർതോമയുടെ മാർഗവും വഴിപാടും പ്രകാരം നവീകരിക്കപ്പെടണം. അത് നടന്നിട്ടില്ല. സീറോ മലബാർ സഭയിലെ അസമാധാനത്തിൻറെ കാരണവും മറ്റൊന്നുമല്ല.

മാർതോമ ക്രിസ്ത്യാനികളുടെ സമ്പന്നമായ ഒരുപൈതൃകമായിരുന്നു മലങ്കര പള്ളിക്കാരുടെ മഹായോഗം; ഇന്നത്തെ ഭാഷയിൽ പറഞ്ഞാൽ സീറോ മലബാർ സഭാ സിനഡ്. മലങ്കര പള്ളിക്കാരുടെ മഹായോഗത്തിനുള്ള ഉത്തമ ഉദാഹരണങ്ങളാണ് 1599-ൽ ഉദയമ്പേരൂർ പള്ളിയിൽ ഗോവാ മെത്രാപ്പോലീത്ത മെനേസിസ് വിളിച്ചുകൂട്ടിയ മലങ്കരപ്പള്ളിക്കാരുടെ മഹായോഗം. അതിനെ അറിയപ്പെടുന്നത് ഉദയമ്പേരൂർ സൂനഹദോസ് എന്നാണ്. മെനേസിസ്മെ ത്രാപ്പോലീത്തപോലും മാർതോമനസ്രാണികളുടെ പണ്ടുകാലംമുതലെയുള്ള സഭാതീരുമാനങ്ങൾ എടുക്കുന്ന മഹായോഗത്തെമാനിച്ചു. രണ്ടാമത്തെ ഉദാഹരണം പൂർവികൻമാർ തൊട്ട്സ്വീകരിച്ചു പോന്നിരുന്ന നടപടി പ്രകാരം 1773-ൽ അങ്കമാലിയിൽ കൂടിയ മലങ്കര ഇടവക്കാരുടെ മഹായോഗം (പാറേമ്മാക്കൽ ഗോവർണദോറുടെ ‘വർത്തമാനപ്പുസ്തകം’ കാണുക.) മലങ്കര പള്ളിക്കാരുടെ മഹായോഗം എന്ന നസ്രാണി പൈതൃകത്തെ അഥവാ സീറോ മലബാർ സഭാസിനഡിനെ മെത്രാന്മാർ ഇന്നുവരെ പുനരുദ്ധരിച്ചിട്ടില്ല. സീറോ മലബാർ മെത്രാൻസിനഡ്സൃഷ്ടിച്ച്അതിനെ സഭാസിനഡ്എന്നുവിളിച്ച്അവർ അല്മായരെ തെറ്റിദ്ധരിപ്പിക്കാറുണ്ട്. സീറോ മലബാർ സഭാസിനഡ്രൂപീകരിക്കാത്തത്മാർതോമയുടെ മാർഗവും വഴിപാടും എന്ന നസ്രാണികളുടെ പൈതൃകത്തിൻറെ നട്ടെല്ലൊടിക്കാൻ വേണ്ടി മാത്രമാണ്. ഇന്നിപ്പോൾ മലങ്കര നസ്രാണികളുടെ മഹായോഗമില്ല; തീരുമാനമെടുക്കാൻ അധികാരമുള്ള ഇടവക പള്ളി പൊതുയോഗമില്ല; വികാരിയെ ഉപദേശിക്കുന്ന പാരിഷ്കൗൺസിൽ മാത്രം! എങ്ങനെയുണ്ട്വത്തിക്കാൻ കൗൺസിൽ നിർദേശിച്ച സഭയുടെ പൂർവ പാരമ്പര്യങ്ങളിലേക്കുള്ള തിരിച്ചുപോക്ക്? അധികാരമെല്ലാം മെത്രാന്മാരുടെ കക്ഷത്തിൽ ഇരിക്കണം. നസ്രാണികൾ അവരുടെ വെറും അടിമകൾ.

പള്ളികളിൽനിന്നും തൂങ്ങപ്പെട്ട രൂപം നീക്കം ചെയ്ത്തല്സ്ഥാനത്ത് ‘മാർതോമകുരിശ്’ വണക്കത്തിനായി പ്രതിഷ്ടിച്ചു. അതുസംബന്ധമായ വഴക്കും വക്കാണവും ഇന്നും തുടരുന്നു. ഇതിനെല്ലാം മേമ്പടിയായി മെത്രാന്മാരുടെ വേഷവിധാനങ്ങൾ പൗരസ്ത്യ കൽദായ മെത്രാന്മാരുടേതുപോലെയാക്കി പുതിയ ഒരു സീറോ മലബാർ പൈതൃകവും സൃഷ്ടിച്ചു. തൊപ്പിയിൽ മൈലുകൾ തുന്നിപ്പിടിപ്പിച്ച്പുതിയ പൈതൃകത്തെ ഭാരതീകരിക്കുകയും ചെയ്തു.

ചുരുക്കിപ്പറഞ്ഞാൽ രണ്ടാം വത്തിക്കാൻ കൗൺസിൽ നിർദ്ദേശിച്ച പ്രകാരം നമ്മുടെ സഭയെ പുനരുദ്ധരിച്ച്നവീകരിക്കുന്നതിനു പകരം പള്ളിയും പള്ളി സ്വത്തുക്കളും പള്ളി ഭരണവും മെത്രാന്മാർ പിടിച്ചെടുക്കുകയും കൽദായ ആരാധനക്രമം നടപ്പിലാക്കുകയും സഭയെ കൽദായ സഭയുടെ പുത്രീസഭയാക്കുകയും പൗരസ്ത്യ കാനോൻ നിയമം നസ്രാണികളുടെ മേൽ കെട്ടിയേല്പിക്കുകയും വണക്കത്തിനായി മാനിക്കേയൻ കുരിശ്പള്ളികളിൽ സ്ഥാപിക്കുകയും ചെയ്തു. സഭയുടെ പൂർവ പാരമ്പര്യങ്ങളിൽ അധിഷ്ഠിതമായി സഭയെ കാലോചിതമായി നവീകരിക്കണമെന്ന്സഭാ സ്നേഹികളായ പൗരന്മാർ പറയുമ്പോൾ അവരെ വിമതരും സഭാവിരുദ്ധരുമായി മുദ്രകുത്തി താറടിക്കാൻ പാടില്ല. സഭയുടെ ഇന്നത്തെ അധഃപതിച്ച സ്ഥിതിക്ക്കാരണക്കാർ സഭാഭരണക്കാരായ മെത്രാന്മാരും പുരോഹിതരും മാത്രമാണ്. കാരണം, ഏതു ദിശയിലേയ്ക്കു നിന്ന്ബലിയർപ്പിക്കണം എന്ന വിഷയത്തിൽ എറണാകുളം-ചങ്ങനാശേരി വൈദികർ രണ്ടു ചേരിയിലാണെങ്കിലും പള്ളി ഭരണകാര്യം വരുമ്പോൾ അവർ ഒറ്റക്കെട്ടാണ്. സ്വയം ഭരണാധികാരമുള്ള ഈ സഭഎന്തിനാണ് ലൂസി കളപ്പുരക്കൽ സിസ്റ്ററിൻറെ കാര്യംവരുമ്പോഴും മാർ ആലഞ്ചേരിയുടെ വിവാദ ഭൂമി കച്ചവടകാര്യം വരുമ്പോഴും തെക്കുംഭാഗക്കാരുടെ അക്രൈസ്തവ പുറത്താക്കൽ കാര്യം വരുമ്പോഴുമെല്ലാം വത്തിക്കാനിലേക്കോടുന്നത്? ഈ കാര്യങ്ങളെല്ലാം ഇവിടെവെച്ച്തീർക്കാവുന്നതല്ലേ? സ്വയംഭരണാധികാരമുള്ള സഭയല്ലേ? വത്തിക്കാനിൽ നിന്നുവരുന്ന ‘തിരുവെഴുത്തുകൾ’ കള്ളക്കത്തുകളാകാനും സാധ്യത ഏറെയുണ്ട്. വത്തിക്കാനിൽ നിന്നുള്ള കത്ത്, പൗരസ്ത്യ തിരുസംഘത്തലവൻറെ തീരുമാനം, മാർപാപ്പയുടെ ഒപ്പ്എന്നെല്ലാമുള്ള മാധ്യമ പ്രചാരണം പൊതുജനങ്ങളുടെ കണ്ണിൽ പൊടിയിടാനായിട്ടായിരിക്കാം. സഭാധികാരികളെ വിശ്വസിക്കാൻ കൊള്ളില്ലായെന്ന്പൊതുജനം വിലയിരുത്തിക്കഴിഞ്ഞു. അത്ഇനി വീണ്ടെടുക്കണമെങ്കിൽ മെത്രാന്മാരും വൈദിക/സന്യസ്ത/അല്മായപ്രതിനിധികളും ഉൾപ്പെട്ട യഥാർത്ഥ സീറോ മലബാർ സഭാസിനഡ് (സഭയുടെമഹായോഗം) രൂപീകരിച്ചുകൊണ്ടു മാത്രമേ സാധ്യമാകൂ.

കേരള ക്രൈസ്തവരുടെ പാരമ്പര്യം മാത്രമാണ് മാര്‍ത്തോമാ കേരളത്തിൽ വന്നിരുന്നു എന്നതിൻറെ ശക്തമായ ഏക തെളിവ്. നസ്രാണികളുടെ ആസ്തിത്വത്തിൻറെയും നിലനില്പിൻറെയും സുപ്രധാന ഘടകമാണ്പാരമ്പര്യ പൈതൃകങ്ങൾ. അതിൻറെ കടയ്ക്കാണ്കഴിഞ്ഞ മുപ്പത് വര്‍ഷം കൊണ്ട് നസ്രാണി മെത്രാന്മാർ കോടാലി വെച്ചത്. ആ അട്ടിമറിക്കലിനെപ്പറ്റി വിശ്വാസികൾ മനസ്സിലാക്കുമ്പോൾ മാത്രമെ കാര്യത്തിൻറെ ഗൗരവം മനസ്സിലാകൂ. നീണ്ട ഇരുപത് നൂറ്റാണ്ടുകൾ കൊണ്ട് വികസിച്ചു വന്ന കേരള മാർതോമ നസ്രാണി പൈതൃകത്തെ ഇല്ലാതാക്കി അവരെ ‘സുറിയാനി ക്രിസ്ത്യാനികൾ’ ആക്കാൻ കൂട്ടുനിന്ന നാട്ടു മെത്രാന്മാർ ഒരു കാലത്തും മാപ്പ്അർഹിക്കുന്നില്ല. മാർതോമ ക്രിസ്ത്യാനികളുടെ ചരിത്രത്തിൽ കറുത്ത അധ്യായമായി ഭാവിയിൽ അത് വിശേഷിപ്പിക്കപ്പെടും.

Print Friendly, PDF & Email

Related posts

One Thought to “സീറോ-മലബാർ കത്തോലിക്ക സഭയും സ്വയംഭരണാധികാരവും (Sui Juris)”

  1. George Palissery

    Great thinking
    And right direction

Leave a Comment