ഗ്രേസി ഈപ്പന്‍ ദാനിയല്‍ ട്രൈസ്റ്റേറ്റ് കേരളാ ഫോറം കര്‍ഷകരത്‌നം 2021

ഫിലഡല്‍ഫിയ: വിളവെടുപ്പിന്റെ ഉത്‌സവം കൂടിയായ ഓണാഘോഷത്തോടനുബന്ധിച്ച് കേരളാ ഫോറം ട്രൈസ്റ്റേറ്റ് ഏരിയായിലെ മികച്ച കര്‍ഷകനെ കണ്ടെത്താനുള്ള മത്സരത്തില്‍ പെന്‍സില്‍വേനിയ ഹണ്ടിംടണ്‍വാലിലിയില്‍ നിന്നുള്ള ഗ്രേസി ഈപ്പന്‍ ദാനിയേല്‍ കര്‍ഷകരത്‌നം അവാര്‍ഡിന് അര്‍ഹയായി.

ഫിലഡല്‍ഫിയയിലും പരിസരപ്രദേശങ്ങളിലുമുള്ള മലയാളി കുടുംബങ്ങളെ ജൈവകൃഷിയിലേക്ക് ആകര്‍ഷിപ്പിക്കുവാനും കേരളത്തിന്റെ തനതായ പച്ചക്കറികളും പഴവര്‍ഗങ്ങളും അമേരിക്കന്‍ മണ്ണില്‍ വികസിപ്പിച്ചെടുക്കുന്നവരെ പ്രോത്സാഹിപ്പിക്കുവാനുമുള്ള ശ്രമത്തിന്റെ ഭാഗമായാണ് കര്‍ഷകരത്‌നം അവാര്‍ഡ് ഏര്‍പ്പെടുത്തിയത്.

കൃഷിയില്‍ തത്പരരും നിപുണരുമായ നിരവധി പേര്‍ മത്സരത്തില്‍ പങ്കെടുത്തിരുന്നു. വിത്ത് ഉത്പാദനം മുതല്‍ വിളവെടുപ്പുവരെയുള്ള പ്രക്രിയകള്‍ സൂക്ഷ്മമായി പരിശോധിച്ച ശേഷമാണ് വിധിനിര്‍ണ്ണയം നടത്തിയത്. പന്ത്രണ്ട് അടുക്കളത്തോട്ടങ്ങള്‍ മത്സരത്തില്‍ പങ്കെടുക്കുവാന്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതില്‍ നിന്നും എട്ട്‌ തോട്ടങ്ങള്‍ ഫൈനല്‍ റൗണ്ടില്‍ എത്തി. അതില്‍ നിന്നാണ് കര്‍ഷകരത്‌നത്തെയും മറ്റു വിജയികളെയും തിരഞ്ഞെടുത്തത്.

മത്സരത്തില്‍ പങ്കെടുത്ത കൃഷിത്തോട്ടങ്ങളെല്ലാം മികച്ച നിലവാരം പുലര്‍ത്തുന്നതായിരുന്നെന്ന് വിധികര്‍ത്താക്കള്‍ അഭിപ്രായപ്പെട്ടു. മലയാളികളുടെ കൃഷിയോടുള്ള ആഭിമുഖ്യം എത്ര വലുതാണെന്ന് കര്‍ഷകരത്‌നം അവാര്‍ഡു ജേതാവായ ഗ്രേസി ഈപ്പന്‍ ദാനിയേലിന്റെ കൃഷിത്തോട്ടത്തില്‍ നിന്നും മനസ്സിലാക്കാമെന്ന് വിധികര്‍ത്താക്കള്‍ പറഞ്ഞു.

രണ്ടാം സമ്മാനം ലാങ്‌ഹോണില്‍ നിന്നുള്ള സോയ നായരുടെ അടുക്കളത്തോട്ടം കരസ്ഥമാക്കിയപ്പോള്‍, മൂന്നാം സ്ഥാനം ഫിലഡല്‍ഫിയയില്‍ നിന്നുള്ള ജേക്കബ് കണ്ണാടന്റെ അടുക്കളത്തോട്ടവും നേടി.

കര്‍ഷരത്‌നം ഗ്രേസി ഈപ്പന്‍ ദാനിയേലിന് ഫിലഡല്‍ഫിയയിലെ ഇമ്മാനുവല്‍ റിയാലിറ്റിയുടെ പേരിലുള്ള എവര്‍ റോളിംഗ് ട്രോഫി ട്രൈസ്റ്റേറ്റ് ചെയര്‍മാന്‍ സുമോദ് നെല്ലിക്കാലയും, ഓണാഘോഷ ചെയര്‍മാന്‍ വിന്‍സന്റ് ഇമ്മാനുവലും ചേര്‍ന്ന് നല്‍കി. സ്‌പോണ്‍സറായ കേരള കിച്ചന്‍ നല്‍കിയ ക്യാഷ് അവാര്‍ഡുകള്‍ സെക്രട്ടറി സാജന്‍ വറുഗീസും, ട്രഷറര്‍ രാജന്‍ സാമുവലും സമ്മാനിച്ചു. അവാര്‍ഡ് കമ്മറ്റി കോഓര്‍ഡിനേറ്ററര്‍മാരായ ഫിലിപ്പോസ് ചെറിയാന്‍, ജോര്‍ജ്ജ് ഓലിക്കല്‍, ടി.ജെ. തോംസണ്‍ എന്നിവര്‍ വിധികര്‍ത്താക്കളായി പ്രവര്‍ത്തിച്ചു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment