കോവിഡ് പരിശോധനാ സര്‍ട്ടിഫിക്കറ്റ് വ്യാജമായി നിര്‍മ്മിച്ച ട്രാവല്‍സ് ഉടമയ്ക്കെതിരെ കേസ്

ഇരിക്കൂര്‍: കോവിഡ് പരിശോധനാ സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമായി നിര്‍മ്മിച്ച് മറ്റു സംസ്ഥാനങ്ങളിലേക്കും വിദേശ രാജ്യങ്ങളിലേക്കുമുള്ള യാത്രക്കാര്‍ക്ക് വില്പന നടത്തുന്നു എന്ന പരാതിയില്‍ ഇരിക്കൂർ സ്വദേശിക്കെതിരെ അന്വേഷണം ആരംഭിച്ചു. ഇരിക്കൂറിലെ ബ്യൂട്ടി ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് ഉടമ അസീര്‍ തൈലകണ്ടിക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

ഡിഡിആർസി, എസ്ആർഎൽ ലാബ് ഉദ്യോഗസ്ഥർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്. പ്രമുഖ ലാബുകൾ ഉൾപ്പെടെ ലെറ്റർഹെഡുകൾ ഉപയോഗിച്ച് ചില സ്വകാര്യ ട്രാവൽ ഏജൻസികൾ വ്യാജ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുകൾ നൽകുന്നുവെന്ന വാർത്തയെ തുടർന്ന് ലാബ് അധികൃതർ പരാതി നൽകിയത്.

യാത്ര ആവശ്യത്തിനായി ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണ്ടവര്‍ക്ക് സാമ്പിള്‍ ശേഖരണമോ പരിശോധനയോ ഇല്ലാതെ ചിലര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നുവെന്ന വിവരം പുറത്ത് വന്നിരുന്നു. പ്രധാനമായും ചില ട്രാവല്‍ ഏജന്‍സികളാണ് ഇത്തരത്തില്‍ സര്‍ട്ടിഫിക്കറ്റ് തരപ്പെടുത്തി നല്‍കിയിരുന്നത്.

സംസ്ഥാനത്തിന് പുറത്തേക്ക് യാത്ര നടത്തുന്നവരെയാണ് ഇത്തരക്കാര്‍ ലക്ഷ്യമിട്ടിരുന്നത്. ഡി.ഡി.ആര്‍.സി മാനേജറുടെ പരാതി പ്രകാരം അസീറിനെതിരെ വ്യാജരേഖ ചമച്ചത്തിനും, വഞ്ചനക്കും ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment