സി‌പി‌എം ഏരിയ കമ്മിറ്റി അംഗത്തിന്റെ അറിവോടെ മുളകുപൊടി വിതറി ബ്രാഞ്ച് സെക്രട്ടറിയെ ആക്രമിച്ചതായി പരാതി

പത്തനംതിട്ട: ഇരവിപേരൂരിൽ സിപിഎം വിഭാഗീയത പരസ്യ യുദ്ധത്തിലേക്ക് എത്തുന്നു. ഒരു ഏരിയ കമ്മിറ്റി അംഗത്തിന്റെ അറിവോടെ വള്ളംകുളം കണ്ണാട് മുൻ ബ്രാഞ്ച് സെക്രട്ടറിയെ ആക്രമിച്ചതായി പരാതി നൽകിയതിനെ തുടർന്നാണ് വിവാദം ആരംഭിച്ചത്. നന്നൂര്‍ മുൻ ബ്രാഞ്ച് സെക്രട്ടറിയായിരുന്ന സുമേഷിന് (42) ആക്രമണത്തിൽ പരിക്കേറ്റതിനെത്തുടര്‍ന്ന് പോലീസിൽ പരാതി നൽകി. എന്നാൽ സംഭവത്തെക്കുറിച്ച് അറിയില്ലെന്ന് സിപിഎം ഔദ്യോഗിക നേതൃത്വം വിശദീകരിച്ചു.

കഴിഞ്ഞ ദിവസം ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന സുമേഷിനെ മൂന്നംഗ സംഘം ആക്രമിച്ചു. സുമേഷിന്റെ മുഖത്ത് മുളക് വെള്ളം തളിച്ചതിന് ശേഷമാണ് മർദ്ദിച്ചത്. ഇടതു കൈ ഒടിഞ്ഞതും കാലിൽ മുറിവേറ്റതുമായതിനാൽ തിരുവല്ല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പാർട്ടി സമ്മേളനത്തിന്റെ തീയതി പ്രഖ്യാപിച്ചതിന് പിന്നാലെ ഇരവിപേരൂരിലെ ഉൾപാർട്ടി പോര് കടുക്കുകയാണ്. വർഷങ്ങളായി ചേരിതിരിഞ്ഞുള്ള വിഭാഗീയത ഇരവിപേരൂർ ഏരിയ കമ്മിറ്റിയിലും ലോക്കൽ കമ്മിറ്റികളിലും സജീവമാണ്. തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെ ഇത് കൂടുതൽ ശക്തമായി. പാർട്ടി കോട്ടകളിൽ വരെ ഏരിയ കമ്മിറ്റി അംഗങ്ങളെ കാലു വാരി തോൽപ്പിച്ചെന്ന പരാതിയും തുടർ നടപടികളുമുണ്ടായി.

കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ 13-ാം വാർഡിൽ മത്സരിച്ച പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റിന്റെ പരാജയത്തിന് കാരണം താനും തന്റെ കടുംബവുമാണെന്നുള്ള വൈരമാണ് ആക്രമണത്തിന് പിന്നിലെന്ന് തിരുവല്ല സി.ഐയ്ക്ക്‌ നൽകിയ പരാതിയിൽ സുമേഷ് ആരോപിക്കുന്നു.

സി.പി.എം കണ്ണാട് ബ്രാഞ്ച് സെക്രട്ടറിയായിരുന്ന സുമേഷിനെ നാല് മാസങ്ങൾക്ക് മുമ്പ് ഈ സ്ഥാനത്തുനിന്ന് നീക്കംചെയ്തിരുന്നു. ഒരു മാസം മുമ്പ് സി.പി.എം അംഗത്വത്തിൽനിന്ന് ഇയാളെ പുറത്താക്കുകയും ചെയ്തിരുന്നു. സുമേഷിന്റെ അച്ഛൻ എൻ.എ.ശശിധരൻപിള്ള സി.പി.എം വള്ളംകുളം ലോക്കൽ കമ്മിറ്റിയംഗമായിരുന്നു. പഞ്ചായത്ത് തിരഞ്ഞെടുപ്പിനെ തുടർന്ന് പാർട്ടിവിരുദ്ധ പ്രവർത്തനത്തിന് ഇയാൾക്കെതിരേ ലോക്കൽ കമ്മിറ്റി നടപടിയെടുത്തിരുന്നു. എന്നാൽ, പാർട്ടി സമ്മേളനങ്ങൾ അടുത്തുവരുന്നതിനാൽ സി.പി.എം ജില്ലാ സെക്രട്ടേറ്റിയറ്റ് അംഗംകൂടി പങ്കെടുത്ത കഴിഞ്ഞ ദിവസത്തെ ഏരിയ കമ്മിറ്റി ഈ നടപടി റദ്ദുചെയ്യാൻ നിർദേശിച്ചിരുന്നു. അക്രമം സംബന്ധിച്ച് സുമേഷിന്റെ പരാതിപ്രകാരം കണ്ടാലറിയാവുന്ന മൂന്നുപേർക്കെതിരേ കേസെടുത്തതായി തിരുവല്ല ഡി.വൈ.എസ്.പി. അറിയിച്ചു.

എൻ രാജീവിന്റെ തോൽവിയും മറ്റ് പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് സുമേഷ്, ശശിധരൻ പിള്ള എന്നിവരുൾപ്പെടെ 23 പേർക്കെതിരെ പാർട്ടി അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു. ഈ വിഷയങ്ങൾ പാർട്ടി വേദികളിലും പുറത്തും പലതവണ ചർച്ച ചെയ്യപ്പെട്ടു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment