ചെപ്പടിവിദ്യകളല്ല; പുതിയ ബാച്ചുകളാണ് വേണ്ടത്

പ്ലസ് വൺ സീറ്റ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് വിദ്യാർത്ഥി പ്രക്ഷോഭങ്ങളുയരുമ്പോൾ കാലങ്ങളായി സർക്കാർ ചെയ്യുന്ന ചെപ്പടിവിദ്യയാണ് 20 ശതമാനം താൽക്കാലിക സീറ്റു വർധനവ്. ഈ വർധനവ് വന്നാലും മലപ്പുറം ജില്ലയിൽ പതിനായിരക്കണക്കിന് വിദ്യാർത്ഥികൾ പുറത്തു തന്നെയാണ്. ഈ വർഷം 20 ശതമാനം സീറ്റ് വർധിപ്പിക്കുകയാണെങ്കിൽ കൂടിയും അതുവഴി 8240 സീറ്റുകൾ മാത്രമാണ് ജില്ലയിൽ അധികം ലഭിക്കുക. അപ്പോഴും 21057 വിദ്യാർത്ഥികൾ ഗവ. – എയ്ഡഡ് മേഖലയിൽ പഠനാവസരമില്ലാതെ പുറത്ത് തന്നെയായിരിക്കും. ഈ വിദ്യാർത്ഥികൾ എന്തു ചെയ്യണമെന്നാണ് സർക്കാർ തീരുമാനം?

സീറ്റുവർധനവ് കാര്യക്ഷമമായ പരിഹാരമേയല്ലെന്നതാണ് വാസ്തവം. 50 പേർക്കിരിക്കാവുന്ന ക്ലാസിൽ അറുപത് വിദ്യാർത്ഥികൾക്ക് തിങ്ങി നിറഞ്ഞ് ഇരിക്കേണ്ട അവസ്ഥയാണ് പുതിയ തീരുമാനത്തിലൂടെ സംഭവിക്കാൻ പോകുന്നത്. വിദ്യാർത്ഥി – അധ്യാപക അനുപാതം താളം തെറ്റുന്നത് അധ്യാപകർക്കും വിദ്യാർത്ഥികൾക്കുമുണ്ടാക്കുന്ന ബുദ്ധിമുട്ടുകൾക്ക് നേരെ സർക്കാർ കണ്ണടക്കുകയാണ്. ഓരോ വർഷവും പരിഹാരങ്ങളില്ലാതെ പ്രസ്തുത അവഗണന ആവർത്തിക്കപ്പെടുന്നത് പ്രതിഷേധാർഹമാണ്. മലപ്പുറത്തെ വിദ്യാർഥികൾക്ക് വേണ്ടത് സ്വസ്ഥമായി പഠിക്കാനാവശ്യമായ ക്ലാസ് റൂമുകളാണ്. പുതിയ ബാച്ചുകളും പുതിയ ഹയർ സെക്കണ്ടറി സ്കൂളുകളും അനുവദിക്കുക എന്നതാണ് പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കാനുള്ള പ്രതിവിധി. അതിനുള്ള ചങ്കുറപ്പാണ് പിണറായി സർക്കാർ കാണിക്കേണ്ടത്, അല്ലാതെ ചെപ്പടിവിദ്യകളല്ല. പുറത്താവുന്ന മുപ്പതിനായിരത്തോളം വരുന്ന വിദ്യാർത്ഥികളുടെ ന്യായമായ വിദ്യാഭ്യാസ അവകാശത്തിന് വേണ്ടി ഫ്രറ്റേണിറ്റി മൂവ്മെന്റ് തെരുവിൽ തന്നെയുണ്ടാകും.

ഡോ. സഫീർ.എ.കെ
ഫ്രറ്റേണിറ്റി മൂവ്മെന്റ് മലപ്പുറം ജില്ലാ പ്രസിഡന്റ്

Print Friendly, PDF & Email

Related News

Leave a Comment