സിപിഐ ദേശീയ നേതാവ് ആനി രാജയുടെ പ്രസ്താവനയെ കാനം രാജേന്ദ്രൻ വിമർശിച്ചു

തിരുവനന്തപുരം: കേരള പോലീസിനെ വിമർശിച്ച സിപിഐ ദേശീയ നേതാവ് ആനി രാജയ്‌ക്കെതിരെ ആഞ്ഞടിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സംസ്ഥാന പോലീസിനോടുള്ള അതേ മനോഭാവം സംസ്ഥാന സിപിഐയ്ക്കില്ല. കേരളത്തിലെ പോലീസിനെക്കുറിച്ച് സിപിഐക്ക് പരാതിയില്ല. ആനി രാജയെ ഇക്കാര്യം അറിയിച്ചതായി കാനം പ്രതികരിച്ചു.

കേരളത്തിലെ നേതാക്കൾക്ക് അത്തരം കാഴ്ചപ്പാടുകളില്ല. കേരളത്തിലെ വിഷയത്തിൽ പാർട്ടിയുടെ നിലപാട് ആനി രാജയെ അറിയിച്ചിട്ടുണ്ട്. ഇത് പാർട്ടിയുടെ ആഭ്യന്തര കാര്യമാണെന്നും അതിൽ തർക്കിക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട് സർക്കാർ നയത്തിനെതിരെ ബോധപൂർവമായ ഇടപെടൽ പോലീസ് സേനയിൽ നിന്ന് ഉണ്ടാവുന്നുണ്ട്. പോലീസിന്റെ അനാസ്ഥ മൂലം മരണങ്ങൾവരെ ഉണ്ടാവുന്നു. ദേശീയതലത്തിൽ പോലും നാണക്കേട് ഉണ്ടാക്കുന്നതാണ് പോലീസിന്റെ നയമെന്നായിരുന്നു ആനി രാജയുടെ വിമർശനം.പോലീസിൽ ആർഎസ്എസ് ഗ്യാംങ്ങ് പ്രവർത്തിക്കുന്നതായി സംശയമുണ്ട്. സ്ത്രീ സുരക്ഷയ്ക്ക് പ്രത്യേകമായി വകുപ്പും മന്ത്രിയും വേണമെന്നും ആനി രാജ പറഞ്ഞു. ഇതിനെ തള്ളിക്കൊണ്ടാണ് കാനത്തിന്റെ പ്രതികരണം.

നേരത്തെ, സംസ്ഥാന കാര്യങ്ങളിൽ പാർട്ടി നേതൃത്വവുമായി ആലോചിക്കാതെ ആനി രാജയുടെ പരാമർശങ്ങളിൽ അതൃപ്തി പ്രകടിപ്പിച്ച് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ കേന്ദ്ര നേതൃത്വത്തിന് കത്തെഴുതിയിരുന്നു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment