ചൊക്ളി (നോവല്‍ – 63): എച്മുക്കുട്ടി

കൊറേ മൻഷമ്മാര് രണ്ട് നാട്ട്ലും ചത്ത് തൊലഞ്ഞപ്പോ ജുദ്ദം കയിഞ്ഞ്. പപ്പിനിക്ക് നാടോളിലെ മൻഷമ്മാര് ചാവണതും കഷ്ടപ്പെട്ണതും വല്യ സങ്കടാണ്. ഏത് നാടായാലും അവള്ക്ക് അങ്ങ്ന്യാണ്. അവര്ക്കൊക്കെണ്ടാവ്‌ല്ലേ വീടും കുടുമ്മോം കൂട്ടാരും എന്നാണ് അവള് ചോയിക്ക്യാ.. അവള്ക്ക് ഈ ലോകത്ത്‌ലെ എല്ലാ മൻഷമ്മാരേം അങ്ങ്നെ ഒരിഷ്ടാണ്. ആര് ജുദ്ദം തൊട്ങ്ങീന്ന് കേട്ടാലും ആര് ജയിച്ചൂന്ന് പറ്ഞ്ഞാലും പപ്പിനി ചിറിക്കും.

എന്ന്ട്ട് പറേം, ‘ആയിദം ഇണ്ടാക്കണ കമ്പിന്യോള് ജുദ്ദം ചേപ്പിച്ചു. അവര്ടെ ആയിദം ഇഞ്ഞീം ഇഞ്ഞീം വിറ്റ് പോണ്ടേ? അയിനണ് ജുദ്ദം. ജുദ്ദം ചെയ്ത നാടോളും അവ്ടത്തെ നാട്ടാരും അപ്പ്ടി തോറ്റ്… പിന്നേം പങ്കപ്പാട്ട്‌ലാവും. ജുദ്ദം കൊണ്ട് ഒര് കാര്യോം ല്യ..കൊറേ മൻഷമ്മാര് മരിക്കും. കൊറേപ്പേര് കഷ്ടത്ത്‌ലാവും. അതണ് ജുദ്ദം.’

മേത്തമ്മാരാ ജുദ്ദം ഇണ്ടാക്കീത് ന്ന് എല്ലാരും പറഞ്ഞേര്ന്നു.. മറിയപ്പാറേല് മൊയ്തീൻ കാജീം പാക്കിസ്സാനെ സകായിക്ക്ണ്ട്‌ന്നാ കേട്ടോടങ്ങീത്. ഇന്തുക്കള് മേത്തമ്മാരേ പാടം പടിപ്പിച്ചൂന്ന് കൊട്ടും പാട്ടും ആയിപ്പോ പപ്പിനി പറ്ഞ്ഞ്ത് ശര്യായീന്ന് ചൊക്ളിക്ക് തോന്നീ .അങ്ങ്നെ മേത്തമ്മാരെ അടങ്കം പറഞ്ഞൊടങ്ങല് ഒര് കളി പോലേ ആയി എല്ലര്ക്കും.

പിന്നെ സകായായിററ് മേത്തമ്മാര്‌രെ എടേലും ണ്ട് ചെലോര്. അവരെ മദാണ് നല്ലത്.. എല്ലരും മേത്തമ്മാരാവ്ണം. മേത്തമ്മാരേ നാട് മാത്രേ പറ്റ്ള്ളോന്ന് അങ്ങ്നെ കൊറേപ്പേര്.

മാപ്ളാരേ പള്ളീല്‌ന്ന് കേക്കാലോ ഈശോൻറേ നാട്.. അങ്ങ്നെ ആവ്ണം. എല്ലരും മാപ്ളാരാവണം.

സുകുമാഷും ബാലേന്ദരനും ചെക്കമ്മാരും ഇന്തുക്കളരേ നാട് വരണം. മേത്തമ്മാരും മാപ്ളാരും ഈയ്യ നാട്ടീന്ന് പോണം.

ചൊക്ളിക്ക് ചെല്‌പ്പോ പ്‌രാന്ത് പിടിക്കണോണം തോന്നും. മൻഷേമ്മാരടെ നാട് ആര്ക്കും വേണ്ട. മുമ്പത്തേലും മാറ്റ്ണ്ട്. നാട്ട്ല് കാശ്ണ്ട് അദിയം. ആളക്കാര് വീടും വണ്ടിയോളും ഓട്ടർഷേം ഒക്കെ വേടിക്ക്ണ്ട്. പാടൊക്കെ ഇഷ്ടിയ കളാക്കി പിന്നങ്ങ്ട് മണ്ണിട്ട് നെക്‌തി വീടോള് വെക്കാൻ സ്തലം വിക്ക്ണ്ട്. അപ്പളാണ് എവിടീന്ന്ങ്ങാണ്ട് ഒര് യാതീം മതോം..

പപ്പിനീരേ ഒപ്പായെപ്പിന്നെ ചൊക്ളിക്ക് ദൈവന്ന് അങ്ങ്നെ തോന്ന്ണ്ല്യ. ജാനുണ് ബാഗിയന്ന് വിജാരിച്ച് അവളടെ പോലെ അവളടെ കൂടെ തൊഴാനൊക്കേ പോയേര്ന്നു. അവ്ള് ഇങ്ങ്നെ ചെയ്യുന്ന് അറീല്ലീല്ലോ.

ജക്കുമോന് ഇപ്പ എത്ര വയിസ്സായിണ്ടാവും..ചൊക്ളി വെരല് മട്ക്കി കണ്ക്ക് നോക്കി. പത്ത് പയിന്‌ന്ന് വയിസ്സായിൻറാവും. സ്കോളിപ്പോണ്ടാവും. ജാനൂനെ ഇഞ്ഞി ആരും പറ്റിക്ക്ല്ല. അത്‌ന്ള്ള മിട്ക്കൊക്കെ ഇണ്ട്‌വ്ള്ക്ക്..

ജക്കൂനെ വിജാരിച്ചപ്പോ ചൊക്ളീരെ കണ്ണാ നീറി. എത്ര്യായാലും അവനങ്ങ്ട്ട് മനസ്സീന്ന് എറങ്ങിപ്പോണ്ല്യ. ‘നീയ്യ് ഒക്കെ മറക്കടാ’ന്ന് എല്ലരും പറേം.. വേണ്ച്ച്ട്ട് ദണ്ണാരെങ്ക്‌ലും ഓറ്മ്മേല് വെയ്ക്കോ….ഇല്യ. മറക്കാൻ പറ്റ്ല്യാ ദണ്ണങ്ങ്ള്.. പപ്പിനി മാത്തറം പറേല്യാ അങ്ങ്നെ. അവളക്ക് അറീം.. ദണ്ണച്ചാ എന്താന്ന്..

പ്രാഞ്ചീസ് പണ്ടോരൂസം പറഞ്ഞേര്ന്നു.. ‘പപ്പിനീരേ വാലിക്കെട്ട്യടിക്കാൻ പറ്റ്ണ പെണ്ണങ്ങള് ല്യടാ ഈ നാട്ട്ല് ‘ന്ന്. ശരീണ്..
പപ്പിനീരേ പോലെ അവളന്യേ ള്ളൂ..

കുടുമ്മസ്രീ ല് പലേ പണ്യോളാ.. കാശും കിട്ട്ണ്ട് അവളക്ക്. കാലത്തേൻച്ചാ കെട്ക്കണ വരേക്കും അവ് ള് പണീം. കെട്ക്കാൻ നേര്ത്താണ് കുളിക്കല്. ആ കുളിത്തണുവിലിരിക്കണ അവളെ കെട്ടിപ്പിടിക്കാനാ നല്ല സുകം.. അതാലോയിച്ചപ്പോ ചൊക്ളിക്ക് ഒര് സന്തോഷം വന്ന്…

ത് ലാ വർഷത്ത്ന് കൊറച്ച് പുന്നേം പൂപ്പര്ത്തീം മൂക്കട്ടപ്പയമരോം തരാതരം പോലെ മറ്ക്കാണ്ട് കുയിച്ചിട്ട്. കുടുമ്മ സ്രീ പെണ്ണങ്ങള് ഇത്ത് രെ പൊഴവെള്ളം ചാമ്പും.. അങ്ങനെ അത് പിടിച്ച്.

ഇപ്പോ വിശ്ശോനാദസാമീരെ മഡത്തിൻറടുത്ത്ള്ള പാടം നെക് ത്തിയോടത്താണ് വീട് പണികള് നടക്ക്ണ്. ദുഭേക്കാര്ടെ. അവ്ടെ എന്തോരം നെല്ലിൻറെ പച്ചക്കടലാര്ന്നൂന്ന് വിജാരിച്ച് ചൊക്ളിക്ക് വയറ് കത്തും എടയ്ക്ക്. ആ വല്യ കടലിൻറേ നെലോളിണ് ടേല് മുറിക്കണ, മരം ചിന്തേര്ടണ ഒച്ചാന്ന് തോന്നും എപ്പളും..

അപ്പളാണ് ക്രിസാമ്മസ് വന്ന്ത്. അന്ന്ണ് ഇമ്മടെ ഒര് വിമാനം പാക്കിസ്സാന്ല്ക്ക് തട്ടിക്കൊണ്ടോയേ..നടൂലകത്ത് ടിവി ണ്ടല്ലോ. അപ്പോ ഒക്കീം അദ്ല് കാണാം.

എന്തിനാവോ മേത്തമ്മാര് വിമാനം തട്ട്യോണ്ട് പോയത്?

ഇമ്മക്ക് നല്ല പട്ടാളക്കാരൊക്കെ ഇണ്ട്. അവര് നോക്യോളും എല്ലാ കാര്യോം. പർദാനമന്ത് രി പറ്ഞ്ഞ്. നമ്മള് കള്ളമ്മാരേം ബോംബ് പൊട്ടിക്കണോരേം ഒന്നും പക് രം കൊട്ക്ക്ല്യാന്ന്.

താമരച്ചേട്ത്താര്ടെ കൊച്ച് മോളും കെട്ട്യോനും ആ വിമാനത്ത്ല്ണ്ടാര്ന്ന്.. നേപ്പാള നാട്ടീന്ന് വരാര്ന്ന് മൊക്കള്.

ചേട്ത്താര്ക്ക് പ്ളഷറ് കൂടീട്ട് ത് ര്ശ്ശൂര് മിഷ്യം ആസ്പത്ത് രീലാക്കണ്ടി വന്ന്.. ക്രിസ്സാമ്മസിൻറെ പിറ്റൂസം. അന്നും പർദാനമന്ത് രി പറ്ഞ്ഞ് കള്ളമ്മാരെ പക് രം കൊട്ക്ക്ല്യാന്ന്..

ക്രിസാമ്മസ് ആകനെ തേമ്പി.. അദ്ദന്നെ

(തുടരും…)

Print Friendly, PDF & Email

Related News

Leave a Comment