ചൊക്ലി (നോവല്‍ – 64): എച്മുക്കുട്ടി

തര്ല്ല, കൊട്ക്ക്ല്ല എന്ന്ക്കെ പറ്ഞ്ഞൂച്ചാലും പർദാനമന്ത്‌രിക്ക് കള്ളമ്മാരേ മാത്തറല്ല പിന്നെ ഉമ്മിണി കാശും കൊറെ ചാക്കോളില് നെറ്ച്ച് കൊട്ക്കണ്ടി വന്ന്. ഒരു മന്ത്‌രീരേ ഒപ്പം ആ കള്ളമ്മാരെ ഏതാണ്ടും ഒര് ഒട്ങ്ങ്യേ നാട്ട്‌ല്ക്ക് വിമാനത്ത്‌ല് ഏറ്റി കൊണ്ടാക്കി കൊട്ത്തു. ആ പണ്ടാര നാട്ട്ലാണ് ഇമ്മടെ നാട്ടാര്ള്ള വിമാനം നിർത്തീട്ടിര്ന്നേ. അത്‌ല് നെറച്ചും ഇമ്മടെ നാട്ട്ലെ ആളോളും.

ചൊക്ളിക്ക് ഈയ്യെടവാട് തീരേങ്ങട് പിട്ച്ച്ല്ല. താമരച്ചേട്ത്താര് ആസ്പത്ത്‌രീല് കെട്ന്ന് മരിച്ചതാണ് പർദാന കാരണം. ഈയ്യ കള്ളമ്മാരേം കാശും കൊട്ക്കാനാണെങ്കി അന്നന്നെ ആവാര്ന്ന്. വെച്ച് വെച്ച് നീട്ടി നീട്ടി ഒരായ്ച്ച ഇടുത്ത് അത്‌മ്മേ ആദി കേറി ചേട്ത്താര്ക്ക് ഒടൂല് മരണാ വന്ന്…

എന്തോരം തിന്നാൻ തന്ന കൈയോളാ അവര്ടെ. അവര് ഇങ്ങ്നെ വല്ല നാട്ട്ലേം കള്ളമ്മാരേ പേടിച്ച് ചാവണ്ടി വന്ന്ല്ലേ..

അടക്കാനായിറ്റ് കോടംകര പള്ളീല്ക്ക് താമരച്ചേട്ത്താരേം കൊണ്ട് പൂവ്വണത് നോക്കേര്ന്ന് ചൊക്ളി. കൂടെ നട്ന്നാ എത്ത്ല്ല. ചണ്ണക്കാലും വലിച്ച് നട്ക്കണ്ടേ?. പപ്പിനി അട്ത്ത് വന്ന് തോളുമ്മേ കൈ വെച്ചിറ്റ് പറ്ഞ്ഞു. ‘മരിക്കാൻ ഒര് നേരണ്ട്.. ആ നേര്ത്ത് മരിക്കും. നമ്മള് വെഷ്മിച്ച്ട്ട് കാര്യല്ല.’

വെഷ്മിക്കാണ്ട്‌രിക്കാൻ പറ്റോ..അവ്‌ര് കൊറേ തിന്നാൻ തന്ന്ണ്ട്. ആ പറ്മ്പ് പച്ചപ്പറ്മ്പാക്കാൻ എന്തോരം പണ്ത്ട്ട്ണ്ട് ചൊക്ളി. ഒന്നും മറ്ക്കാൻ പറ്റ്ണില്ല.

അപ്പളാണ് മേത്തമ്മാര് എന്തിറ്റ് ചെയ്താലും ശരീന്ന് പറേണ കൊറ്ച്ച് മേത്തമ്മാര് ജാത്തേല് വന്ന് പറ്ഞ്ഞേ..കള്ളമ്മാരൊന്ന്ല്ല അവ്‌ര് മൂന്നാളും. അവര് നല്ല മന്ഷേരാണ്. തെറ്റ് കണ്ടാ വഴക്ക്ണ്ടാക്കണോരാണ്. ഈയ്യ നാട്ട്ലേ സർക്കാര് അവരെ വെറ്തെ പിട്ച്ച് ജയിലീ ഇട്ട്താന്ന്…

സറ്ക്കാര് അങ്ങ്നെ ചെയ്യില്ലാന്ന് ചൊക്ളിക്ക് ഒറപ്പ് ല്ല. സറ്ക്കാര് ൻറെ കാര്യം പറ്ഞ്ഞാ അപ്പ രവ്യേട്ടനെ ഓറ്മ്മ വരും..

മേത്തമ്മാര് ശരീല്ലാന്നൊര് വർത്താനം ന്തായാലും എല്ലരും പറഞ്ഞൊടങ്ങീന്ന് ചൊക്ളിക്ക് തിരിഞ്ഞു. അവരേ കൈയില് കാശ് വരണത് പണീട്ത്ത്ട്ട്ല്ല, കള്ളക്കട്ത്താണ്..കൊയൽപ്പണാണ് എന്നും കേട്ടോട്ങ്ങി. അവ്‌രെ പെണ്ണങ്ങള്‌ക്ക് എന്നും പേറാണ്.. അവ്‌രെ ആണങ്ങള്‌ക്ക് മൂരിപ്പ് അദികാണ്. അങ്ങ്നെ കണ്ടാടി കുണ്ടാടി വർത്താനങ്ങള്..

ഇന്തായാലും അക്കൊല്ലം ദേശവെളക്ക്ൻറ്ന്ന് മറിയപ്പാറേല് ഉമ്മിണി പോലീസാ വന്ന് കാവലാ നിന്ന്.. അയ്യപ്പൻ കുന്ന്ലാണ് ദേശവെളക്ക്. ഇന്തുക്കള്ക്ക് മാത്തറം മതി അവ്ടെ പീടിയാന്നൊക്കേ പറേണ കേട്ടേര്ന്ന്..കാലങ്ങളായിറ്റ് മേത്തമ്മാരും മാപ്ളാരും അവടെ കടേടല് നിർത്തീൻറായിര്ന്ന്. കോടംകര പള്ളിപ്പെരുന്നാള് അന്നന്യാണ്ല്ലോ. അതോണ്ട് അവടിണ് മേത്തമ്മാര്ടേം മാപ്ളാര്ടേം കടോള് അദിയോം.

ഇന്നാലും പോലീസ് വന്ന് നിന്ന്.. പാറ്ട്ടി സറ്ക്കാര് ആണ്. മേത്തമ്മാരും മാപ്ളാരും ഒന്നും ഇന്തുക്കളെ ഊദ്രവിക്കണത് സറ്ക്കാര് സകിക്കില്ലാന്ന് പറ്ഞ്ഞ് സുകുമാഷ്. അത്പ്പോ കോങ്ക്രസ്സ് സർക്കാരാച്ചാലും പാറ്ട്ടീരെ സർക്കാരാച്ചാലും…

ചൊക്ളിക്ക് സുകുമാഷേ ഒരിഷ്ടോം ബകുമാനോക്കെ ഇണ്ടാര്ന്ന്. ത്‌രുശ്ശൂര് ഗോളേജ്യേ പടിപ്പിക്കണ മാഷല്ലേച്ച്ട്ട്.. എപ്പളും ഇന്തു ഇന്തു പറേലാ സാരല്യാ. ഓമം, പൂജ, സന്യാസിയോള്, മാഷ് ഒക്ക്യായിറ്റല്ലേ ജാനൂനെ കെട്ടിത്തന്ന് പറ്റ്ച്ചത്. അയിന് ചേഴം ചൊക്ളിക്ക് സുകുമാഷേ വിശ്ശോസിക്കാൻ പറ്റ്ണില്ല.

പാറ്ട്ടി കാശ്ള്ള പട്ട്മ്മാരടേം നായമ്മാര്ടേം ചോമ്മാര്ടേം ഒപ്പാണ് നിക്കാ..പാറ്ട്ടീം ഇന്തുക്കളരെ ഒപ്പാണ് നിക്കാ..ന്നൊക്കെ സുകുമാഷും മാഷ്ടെ ഒപ്പള്ള തലേമ്മേ തലതെറിച്ച വെടക്ക് ചെക്കമ്മാരും പറേണ കേക്കുമ്പോ ചൊക്ളിക്ക് ഈറ പിടിക്കും. പാറ്ട്ടിക്കും കാശാരേം പൊക്കള്ള യാതിക്കാരേം മതീന്നായാല് പിന്നെ ഈ നാട് പണ്ടാരടങ്ങേള്ളോ. അത് ചൊക്ളിക്ക് ഒറ്പ്പാണ്. ആളോള് ഇന്തുത്തം അദികം പറഞ്ഞൊട്ങ്ങേം ചിയ്യും.

ചൊക്ളി ഇങ്ങന്യൊക്കീര്ന്ന് ഓരോന്ന് ആലോയ്ക്കേര്ന്ന്. ഒര് ഭയ്ങ്കര സമാദാനക്കേട്ലാണ് പുത്യേ കൊല്ലം ഇണ്ടായ്തന്നേ.

ഈയ്യ കൊല്ലത്ത്ൻറെ പേരണ് രണ്ടായിരന്ന്. അത് ചൊക്ളിക്ക് അതിശം ണ്ടാക്കി.. രണ്ടായിരം ഉറുപ്യാന്ന് കേട്ട്ട്ട്ണ്ട്. രണ്ടായിരം ന്ന് പേര്ള്ള ഒര് കൊല്ലം..

(തുടരും….)

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment