ചൊക്ലി (നോവല്‍ – 65): എച്മുക്കുട്ടി

ചൊക്ളിക്ക് അങ്ങ്നെ ചോദിക്കണ്ടാര്ന്നൂന്ന് തോന്നി പപ്പിന്യോട്.. അവളക്കിത്ര ദണ്ണണ്ടാവും മനസ്സ് ല്ന്ന് വിജാരിച്ച്‌ല്ല.

ആകനെ വെശർപ്പില് കുതർന്ന് ചൊക്ളീരെ മുണ്ടോണ്ടന്നെ ഒരു പൊതേം പൊത്ച്ച് കൈത്തണ്ടേമ്മേ തലേം വെച്ച് മയങ്ങാര്ന്ന് അവള്. ചൊക്ളി അവളെ തട്‌വീറ്റാണ് ചോയിച്ചേ…

‘ഇമ്മക്ക് മൊക്കള്ണ്ടായാ എന്താക്കും പപ്പിന്യേ?’

അവ്‌ള് ചാടിപ്പെടഞ്ഞ് ഏൻറ്റ്.. ഒറക്കുപ്പായം ഇട്ട്… അട്ക്കള്ള ചായ്പ്പിലെ മണ്ണോടത്ത്ന്ന് വെള്ളം മുക്കണ ഒച്ച ‘ത്ളക് ‘ന്ന് കേട്ടപ്പോ ചൊക്ളി ഏൻറ് ചെന്ന് നോക്കി. അവള് രണ്ട് മൊന്ത വെള്ളം കുട്ച്ച് കയിഞ്ഞ്.

‘പപ്പിന്യേ…’

അവള് വിളിയേക്കാണ്ട് വന്ന് പായേമ്മേ കെട്ന്ന്. ചൊക്ളീം ചെന്ന് കെട്ന്ന്…

അപ്പളാണ് അവ്ള് കത പറേണ്…

ആദിക്ക് അവളെ കല്ലിയാണം പണ്ണിയ കൊശോൻ ഒര് പോരാത്തോനാര്ന്ന്. അയ്യാള്‌ക്ക് പെണ്ണ് വേണ്ട. അവ്ളോട് ആരും ഒന്നും പറഞ്ഞ്ല്ല. ഹാറട്ട് കേടാർന്ന് അയ്യാള്‌ടെ. എപ്പളും നെഞ്ഞുവേദനേണ്. പിന്നെ ഷയം പിട്ച്ച്. അവളെ ഒര് ഉമ്മേം കൂടി വെക്കാണ്ട് അയ്യാള് ചത്ത്.

പിന്ന്യായപ്പോ അവ്ള് വിദവ്യായി. അപ്പോ കൊറൊഞ്ഞോളായി. ഒരാണിൻറൊപ്പം കയിഞ്ഞോളായില്ല്യേ.. അയാള്ടെ ഇച്ചില് ആണ്ന്ന് അവ്ള്.. ഈയ്യ വാക്കോളോക്കെ പെണ്ണങ്ങളെപ്പറേണോരെ തൊള്ളേലടിക്കണന്ന് അവ്ള് അലറീപ്പോ ചൊക്ളി അവളരെ തലേമ്മേ തടവി..

അവ്‌ള് വല്യോര് ശാസം വിട്ട്.. ന്ന്ട്ട് ചുണ്ടാ കട്ച്ചമർത്തി. പിന്നീം പറ്ഞ്ഞ്….

‘അങ്ങ്ന്യാണ് രണ്ടാമത്തോൻ വന്ന്ത്. അമ്മേരേ കട്ടായം.. അവ്ൻറെ പൊണ്ണ് ചത്തുപോയാച്ച്.. പശങ്കൾ ഇല്ലൈ.. എന്ന്ട്ട് ആ പണ്ടാറക്കാലൻ തിന്നുകുട്ച്ച് ഇബ്ടെ കൂടി. ഒര് കൊച്ചു വയറ്റ്‌ലായപ്പോ അവനോട് പണിക്ക് പോണന്ന് ഞാമ്പറഞ്ഞു. അതവ്ന് പറ്റ്ല്ല. കടങ്കാറൻ..മകാപാപി. എന്നും വഴ്ക്കും അടീം കണ്ടോൻറെ കൂടെ കെട്ന്ന് വയറ്റ്ല്ണ്ടാക്കീന്ന് ശൊല്ലലും…അന്ത മാമാ പട് മൊളൈ ഈ വയറ്റില് ചവ്ട്ടി.. കൊച്ചും കെറ്പ്പപാത്‌രമും കരഞ്ചാച്ച്..’

പപ്പിനി വല്യേ വായിലേ നെലോളീട്ട്. ചൊക്ളിക്ക് തിരിഞ്ഞ് ഒക്കെ തിരിഞ്ഞ്. അവളെ കെട്ടിപ്പിട്ച്ച് പോട്ടേരീ പോട്ടേരീന്ന് പൊറത്ത് തട്‌വീ..

‘നിന്നെ സിനേകത്ത്ല് കൊഴ്ച്ച്ണ്ടാക്കീതാ..നിന്ക്ക് കെർപ്പപാത്‌രോന്നും വേണ്ട പപ്പിന്യേ…നീയ്യിങ്ങ്നെ നോലോളിക്കല്ലേ.. ൻറെ ചങ്ക് പൊട്ടൂടീ’ ന്ന് ചൊക്ളി സമാദാൻപ്പിച്ച്..

‘എന്ന്ട്ട് ഞാൻ രത്തം മുള്ളിക്കെട്ക്കുമ്പോ അന്ത മകാപാപീരേ പൊണ്ടാട്ടീം മൂന്ന് കൊഴന്തകളും തേടി വന്ന്… ഇയ്യാള് പോയില്ല.. ആ പെണ്ണിനെ തേവിടിയാ മുണ്ടംന്ന് വിള്ച്ച് എറ്ക്കി വിട്ട്. അപ്പളാണ് രത്തം ഒള്കീട്ടും ഞാൻ അവനെ തല്ലി ഓടിച്ച്ത്. കള്ളൻ.. മകാപാപീ.. ഇന്ന്ട്ട് ഈയ്യ നാട്ടാര് അവന് അടികൊണ്ട് ചോര വന്ന്ന്ന് പറ്ഞ്ഞ്. ആ ഒള്കിയ രത്തം എൻറാര്ന്ന്.’

പപ്പിനി മൂക്ക് ചീറ്റി കാല് വെള്ളേമ്മേ തേച്ച്..

‘പെണ്ണ്ന്ന് പറ്ഞ്ഞാ ചിറീം മൊലേം ചന്തീം ചേറ്പ്പും തൊടേം ഒന്ന്ല്ല. അവള്ക്ക് മന്സ്സ് മാത്തറല്ല. ആലോയിക്കാൻ പറ്റ്ണ തലേം ണ്ട്ന്ന് ഈയ്യ ആള്ക്കാര് എന്നാവോ അറിയ്യാ?’

ചൊക്ളിക്ക് ചങ്ക് കലങ്ങണ മായിരിണ്ടാര്ന്നു. പാവം.. പപ്പിനി…

അവ്ള് സകിച്ച വേദന്യോണ്ടാണ് തൊള്ളേലടിക്കണോണം അവള് മറോടി പറേണത്. ഒര്പാട് ദണ്ണം തിന്നാ ചെലര്ക്ക് പഞ്ചാര ഇട്ട് മൈറ്റാനൊന്നും അറീല.

ചൊക്ളി കൊറേ നേരം അവളരെ പൊറം തടവി. കണ്ണീരൊണങ്ങിപ്പിടിച്ച കവിളുമ്മേ കൊറെ ഉമ്മോള് വെച്ചു. പിന്നെ ഏൻച്ചു പോയി കട്ടഞ്ചായ ഇണ്ടാക്കി. തകരട്ടിന്നീന്ന് പപ്പടവടേം ഇട്ത്തു.

പാതരക്ക് ചായേം പപ്പടവടേം ത്‌ന്നുമ്പോ പപ്പിനി ചിറിച്ചു. അപ്പ പൊറത്ത്ല്ല നടുമുറീലന്നെയാ നിലാവ്ന്ന് തോന്നി ചൊക്ളിക്ക്.
പിന്നൊര് കാലത്തും ചൊക്ളി മൊക്കള് എന്ന് പറഞ്ഞ്ല്ല. ആ വാക്കന്നെ നാവുമ്മേന്ന് ഇട്ത്ത് കള്ഞ്ഞു.

പിറ്റൂസാണ് ആയിരം ഉർപ്യേൻറെ നോട്ടെറ്ങ്ങ്ണ്ടെന്ന് ടീവീല് കണ്ട്ത്. അതെങ്ങ്ന്യാവോ ഇരിക്കാന്നാണ് അന്നുച്ച വരേം ചൊക്ളി ആലോയിച്ചേ…

(തുടരും…..)

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News