പ്ലസ് ടു പരീക്ഷ എഴുതിയ നൂറിലധികം വിദ്യാർത്ഥികൾക്ക് കോവിഡ് ബാധിച്ചത് വിദ്യാഭ്യാസ വകുപ്പ് മറച്ചുവെച്ചതായി ആരോപണം

തിരുവനന്തപുരം: അടുത്തിടെ നടന്ന പ്ലസ് ടു പരീക്ഷയിൽ പങ്കെടുത്ത നൂറിലധികം വിദ്യാർത്ഥികളെ കോവിഡ് ബാധിച്ചെങ്കിലും പൊതുവിദ്യാഭ്യാസ വകുപ്പ് വിവരങ്ങൾ രഹസ്യമാക്കി വെച്ചതായി ആരോപണം. 2021 ഏപ്രിൽ 8 മുതൽ 26 വരെ നടന്ന രണ്ടാം വർഷ പരീക്ഷയിൽ ചില അധ്യാപകരും രോഗബാധിതരായി.

എന്നാൽ, ഇത് സർക്കാരിന് തിരിച്ചടിയാകുമെന്ന കാരണത്താൽ വിവരങ്ങൾ മറച്ചുവെച്ചു. ഇതേക്കുറിച്ച് വിവരാവകാശ നിയമപ്രകാരം നൽകിയ അപേക്ഷയ്ക്ക് ഒരു വിവരവും ശേഖരിച്ചിട്ടില്ലെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മറുപടി നൽകി. എന്നാൽ ഓരോ സ്കൂളിൽ നിന്നും സർക്കാരിലേക്ക് വരുന്ന രേഖകൾ കോവിഡ് ബാധിച്ച വിദ്യാർത്ഥികളുടെ എണ്ണം സൂചിപ്പിക്കുന്നു.

ജൂൺ 18 -ന് പൊതുപ്രവർത്തകനായ അഡ്വ. സി ആര്‍ പ്രാണകുമാര്‍ പരീക്ഷയ്ക്കിടെ കോവിഡ് ബാധിതരായ കുട്ടികളുടെയോ അധ്യാപകരുടെയോ കണക്കുകൾ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് വിവരാവകാശ നിയമപ്രകാരം വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസിൽ അപേക്ഷ നൽകി. ഈ അപേക്ഷ ജൂലൈ എട്ടിന് പൊതുവിദ്യാഭ്യാസ വകുപ്പ് എസ്.സി ഡയറക്ടറേറ്റിലേക്ക് അയച്ചു. എന്നാൽ ഇതുസംബന്ധിച്ച വിവരങ്ങൾ ലഭ്യമല്ലെന്നായിരുന്നു വിദ്യാഭ്യാസ ഡയറക്ടറേറ്റിൽ നിന്നുള്ള മറുപടി. ഇതിന് പിന്നാലെ പരീക്ഷാ വിഭാഗം വിവിധ മേഖലാ ഓഫീസുകളിൽ വിവര ശേഖരണത്തിനായി ശ്രമം നടത്തി. എന്നാൽ അവിടെയും വിവരങ്ങൾ ലഭ്യമല്ലെന്ന മറുപടിയാണ് ലഭിച്ചത്.

ഒടുവിൽ ഇതുസംബന്ധിച്ചുള്ള വിവരങ്ങൾ നൽകണമെന്നാവശ്യപ്പെട്ട് സ്‌കൂളുകൾക്ക് നിർദേശം നൽകിയതിന് പിന്നാലെയാണ് കുട്ടികളുടെയും അധ്യാപകരുടെയും കോവിഡ് രോഗബാധയെക്കുറിച്ചുള്ള കണക്കുകൾ ലഭിച്ചുതുടങ്ങിയത്.വളരെ കുറച്ച് സ്‌കൂളൂകളിൽ നിന്നാണ് നിലവിൽ വിവരങ്ങൾ എത്തിയിട്ടുള്ളത്. ആ വിവരങ്ങൾ പ്രകാരം നൂറിലേറെ കുട്ടികൾക്ക് രോഗബാധയുണ്ടായതായാണ് കണക്ക്. ഈ വിവരം പുറത്തുവന്നത് പ്ലസ് വൺ പരീക്ഷ സ്‌കൂളിൽ നടത്താൻ പിടിവാശി കാട്ടിയ സർക്കാരിന് തിരിച്ചടിയായി. എന്ത് ശാസ്ത്രീയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് പരീക്ഷാ നടത്തിപ്പ് തീരുമാനിച്ചതെന്നും പരീക്ഷ നടത്തിയാൽ കുട്ടികൾ രോഗബാധിതരാകില്ലെന്നും സർക്കാരിന് ഉറപ്പുനൽകാനാകുമോയെന്ന് സുപ്രീം കോടതി നിരീക്ഷിച്ചത് ഈ പശ്ചാത്തലത്തിലാണ്.

Print Friendly, PDF & Email

Leave a Comment