ചൊക്ളി (നോവല്‍ – 66): എച്മുക്കുട്ടി

മറിയപ്പാറേല് പപ്പിനീള്ള കുടുമ്മസ്രീ ഇടുക്കാത്ത പണിയോള് ഇല്യ. എല്ലാ എടോഴീലും തണല് മരം, വഴിയോള് അടിച്ച് വെടുപ്പാക്കി ഇടല്, വളണ്ടാക്കി വിക്കല്, പലകാരപ്പണി, കുടുമ്മസ്രീ പെണ്ണങ്ങള്ടെ വീടോളില് പച്ചക്കറി വളർത്തി വിക്കല്, അച്ചാറോള്…. പണിയന്നെ പണി..ലാഭണ്ട്.. കൊറെയൊക്കെ. വല്യ കാശാരല്ലാത്ത ക്രിസ്ത്യാനിയോള് എറച്ചീം മീനും അച്ചാറോള് വേഗം വേഗം വേടിക്കും. കാശ് കൊറവ്ള്ള മേത്തമ്മാരും ഇന്തുക്കളും വേടിക്കും. പിന്നെ എത്തറ കാശില്യെങ്കിലും പറച്ചീം പെലയീം ചെറ്മീം ണ്ടാക്കീത് ത്‌ന്ന്ല്ലാന്ന് പറേണ വെല്യ പൊക്കള്ള യാതീം മതക്കാരും ണ്ട്. അവര് തൊട്ല്ല.

ത്‌രുശ്ശൂര് പട്ട്ണത്തില് കുടുമ്മസ്രീ മേളം വരും. വര്മ്പളൊക്കെ പപ്പിനീം തങ്കമണീം ഐശും ലില്ലീം ഒക്കെപ്പാടെ ഓടും.. ഓരോ സാനങ്ങള് ആയിട്ട്.. അവ്ടെ കൊറേ വിറ്റ് പൂവ്വും. പിന്നെ തങ്കമണിക്കും ലില്ലിക്കും നല്ല പടിപ്പ് ണ്ട്. അമ്മ്ണിണ് ഏറ്റോം പടിത്തക്കാരി. അയിനവള് പറ്ച്ചിയല്ലേന്ന് അപ്പ ഈ പൊക്കയാതിക്കാര് അല്മ്പോള് കുണ്ടാടി വർത്താനം പറേം.

പറ്ച്ചീണ്ങ്കി എന്തണ്.. അവ്ള് കണ്ക്കും കാര്യങ്ങളും ഒക്കേം ആള്കാരോടും സാറമ്മാരോടും മേട്ങ്ങ്ളോടും നല്ല ഭങ്ങീല് പറേം. അപ്പ പിന്നെ എന്തിറ്റണ് …പറച്ചീം തേങ്ങേം മാങ്ങേം?

പപ്പിനിക്ക് അങ്ങ്നെ കൊറെ പരിചങ്ങളായി. അവ്ള് എർണ്ണാകൊളത്തും പാലക്കാടും ഒക്കെ പോയി വരണ്ണ്ട്. കുടുമ്മസ്രീ മേളത്ത്ന്. ഇഞ്ഞീപ്പോ അവള് എങ്ക്ട് വേണെങ്കിലും പൊക്കോളും.

ചൊക്ളി കെട്ടിടം പണീലന്നെ നിന്ന്. തൃസ്സക്കുട്ടീരേ വെഷ്മങ്ങള് കൊറഞ്ഞ് വരാര്ന്ന്. സെലീനേം ലിസ്യേം ആന്യേം കെട്ടിച്ച്.. ദൂഭേക്കാരന്നെ.. അവ്ടെ ഇപ്പ എന്തിറ്റാ പണീന്ന് ഈയ്യ നാട്ട്ല് അറീല്ല. അവര് പറേണ്തന്നെ പണി. എന്തിറ്റായാലും പെങ്കുട്ടിയോള് കെട്ട്യോമ്മാര്ടെ വീട്ട്ല് വല്യ തൊയിരക്കേട്ല്ലാണ്ട് കഴീണ്ട്.

അന്തോണി മാപ്ള ഇപ്പ മൊയ്തീൻ കാജീരേ കടേല് പോണില്ല. വയ്യാണ്ടായി.. തൃസ്സക്കുട്ടിക്കും ആവ്ത് കൊറ്ഞ്ഞ്. ഇഞ്ഞീം രണ്ട് പെങ്കുട്ടിയോളെ കെട്ടിക്ക്ണം. മൂന്നാമ്മക്കളും കെട്ടീട്ട്ല്ല. പ്രാഞ്ചീസ് കെട്ട്ല്ലാന്ന് വാശീണ്. എന്ത് പിണ്ണാക്കിന്ണ് ഈ കെട്ട്ണത് ന്നാണ് പ്രാഞ്ചീസ് ചോയിക്കണ്ത്. ആ നേരം നാല് വാഴ വെച്ചൂടേ.. അഞ്ചാറ് പട്ടിയോളെ വളർത്തിയൂടേ? പട്ടീലും സ്നേഹള്ള ആര്ണ് ഈ ലോകത്ത്ള്ളത് എന്ന്ണ് പ്രാഞ്ചീസ് ൻറെ പറ്ച്ച്ല്.

രാത്രിക്ക് കൊറെ എർച്ചി കൊട്ന്ന് റോട്ട്ലേ തെണ്ടിപ്പട്ട്യോൾക്ക് മുഴോൻ കൊട്ക്കും. പട്ടിയോള് തമ്മാമ്മില് വർത്താനം പറേണ്ട്ന്നാ തോന്നണ്. അവറ്റ എന്നും എണ്ണം കൂടി വരാണ്ണ്. ദേ, നീയ്യും കൂടി വന്നോ, ദവടെ രാത്രിക്ക് എർച്ചി കിട്ടുന്ന് അങ്ങട്ടും ഇങ്ങട്ടും പറേണ പോല്യാണ്..

കാൽത്താവുമ്പളക്കും ചെറ്യേ എർച്ചിത്തരിയോള് ത്‌ന്നാൻ കിള്യോള് പറന്ന് വരും..അങ്ങ്നെ ഒക്കങ്ങ്ട് വെടുപ്പാവും.
പ്രാഞ്ചീസ്‌ന് നേരം വെള്ച്ചാമ്പോ പലേ തരം കിള്യോളെ കാണ്ണണ്ത് ഏറ്റോം വെല്യ സന്തോഷാണ്.

അങ്ങ്നെ ഇരിക്ക്മ്പളാണ് പിന്നേം പൂരക്കാല്ത്ത് തെരഞ്ഞ്ട്ക്കല് വന്ന്ത്. ചൊക്ളി കെട്ടിടം പണീലാർന്നു. പപ്പിനീം പാക്കീള്ള കുടുമ്മസ്രീ പെണ്ണങ്ങളും പാറ്ട്ടീരെ നേതാക്കള് വര്മ്പളൊക്കെ അവടെ പോയിര്ക്കും. കൈയടിക്കും. ഈങ്കില വിള്ക്കും.

കൊറേ ജാത്തോളും ഉമ്മിണി പർസംങ്ങങ്ങളും ഇണ്ടായി.. മേത്തമ്മാര്‌ടെ പാറ്ട്ട്യോള് പർസങ്ങിക്കുമ്പോ മേത്തമ്മാര് മാത്തറേ കേട്ട്ള്ളോ.

ഓട്ടിട്ട ദൂസാണ് ഉച്ചേരത്ത് മീങ്കറീം ലേശം പോത്തേർച്ചി കുരുമോള്‌ക് ഇട്ട് വറ്റിച്ചതും കൂട്ടി അന്തോണി മാപ്ള ചോറ് തിന്നത്. മാപ്ള കട്ട്ല്മ്മേ കെടന്ന് സുവ്ശേഷ മാസ്ക വായ്ക്കണ കണ്ടോണ്ടാണ് എളേ പെങ്കുട്ട്യോളടെ ഒപ്പം ചോറും തിന്ന് തൃസ്സക്കുട്ടീം അട്ക്കളേരെ എറേത്ത് കെടന്ന് ഒന്ന് മയങ്ങീത്.

ഒടൂൽത്തോള് കുഞ്ഞിറോസു ‘അമ്മേ’ന്ന് തൊള്ളയിടണ കേട്ടപ്പ്ള് തൃസ്സക്കുട്ടി ഏൺച്ചോണം ഏൺച്ചോടീ. നടൂല മുറീലെ കട്ട്ല് കെട്ക്കണ അപ്പനെ കെട്ടിപ്പിടിച്ച്ണ് കുഞ്ഞിറോസൂ കരേൺത്. ‘എൻറെ കർത്താവീശോതമ്പ്‌രാനേ’ ന്നും തൊള്ളേട്ട് തൃസ്സക്കുട്ടീ ബോദല്യാണ്ടാ വീണ്..

അങ്ങ്നെ അന്തോണി മാപ്ള പോയി. സുഗമര്ണം, കെട്ക്കാണ്ട് പോയീന്നൊക്കെ എല്ലരും പറ്ഞ്ഞ്. അട്ക്കലും പാർത്തനേം ത്‌ന്നലും ഒക്കീം കയിഞ്ഞ് എല്ല്‌രും അവരോരവ്ടെക്ക് ന്നെ മട്ങ്ങി പോയീപ്പോ കല്യാണാവാത്ത രണ്ട് പെങ്കുട്ടിയോളേം അമ്മേം നോക്ക്ണ്ട ചൊമത്‌ലീം ആയി പ്രാഞ്ചീസ്‌ന്. കാശയ്ക്കും ദേവ്സ്സീം പോളീം.. എന്നാലും വീട് നോക്കണ്ടേ…നേരത്ത്നും കാലത്ത്നും വീട്ട്ല് വര്ണ്ടേ..

അന്തോണി മാപ്ള പോയി. പാറ്ട്ടി തോറ്റ്. അന്തോണിന്ന് പേര്ള്ള കോങ്ക്രസ്സാരൻ മുക്കിയമന്ത്‌രി വന്ന്. മാപ്ളേനേ മുക്കിയമന്ത്‌രീന്ന് വിളിച്ചേര്ന്നത് വിജാരിച്ച്

തൃസ്സക്കുട്ടി ഒറക്കെ നൊലോളിച്ച് കരഞ്ഞ്.. അദ് തൃസ്സക്കുട്ടിക്ക് ഒര് പത്‌വായി. കോയിക്കോട് അട്ത്ത് ഒര് തീവണ്ടി മറ്ഞ്ഞപ്പളും, അമോരിക്ക നാട്ട്ല് കെട്ട്ടങ്ങള് വീമാനിടിച്ച് പൊള്ഞ്ഞപ്പളും എപ്പളായിലും മുക്കിയമന്ത്‌രീരേ പേര് ടീവീല് കേട്ടാ മതീ…തൃസ്സക്കുട്ടീരവടന്ന് നെലോളീ കേക്കാം.

തൃസ്സക്കുട്ടിക്ക് തലയ്ക്ക് നല്ല സുഖ്ല്യാന്ന് നാലാള് പറേണേന് മുപ്പാട് ന്നെ പെങ്ങമ്മാരെ കെട്ടിക്കണല്ലോന്ന് പ്രാഞ്ചീസ് പരവേശട്ത്തപ്പളാണ് കുഞ്ഞിറോസു മഠത്തിപ്പൂവ്വാന്ന് ഒർപ്പിച്ച്ത്.

(തുടരും….)

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News