ചൊക്ലി (അദ്ധ്യായം – 67): എച്മുക്കുട്ടി

ടീ വീല് കാണാര്ന്ന്.. ഇങ്ങ്നെ ഇടിഞ്ഞൊളിഞ്ഞ് വീഴ്ണത്. എന്തോരം കെട്ട്ടങ്ങളാ തീപ്പെട്ടിക്കൂടോള് അട്ക്കീത് വീണന്തി വീണത്.. കുഞ്ഞ്യേ കുട്ടിയോള് കൈയ് മാത്രം പൊറത്ത് കാണാം.. അങ്ങ്നെ കെട്ട്ടത്തിൻറെ ഉള്ളീല് ചത്ത് കെട്ക്കണ്. പൂമിക്കുല്ക്കം. കുജറാത്ത് നാട്ട്ല്.

ദല്കീല്ത്തെ ലെഫ്റേറ്റ് കാണാന്ണ് ടി വി വെച്ച്ത്. അത് കഴീണവര്യൊന്നും ഒന്നും കേട്ട്ല്ല..

കൊറ്ച്ച് കയിഞ്ഞപ്പ്ളാണ് ആ നാട്ട്ല് പണീട്ക്കണ കൊറെ മൻഷമ്മാര് ടെ വീടോള്ണ്ട് അത്താണിക്കെ.. അവ്ടന്നാണ് ആദിക്ക് നെലോളി വന്ന്ത്. വൈരക്കല്ല് ഒരയ്ക്കണ പണിക്ക് പോയ്ര്ന്നോര്. ഒക്കീം പെണ്ണ്ങ്ങ്ളന്ന്യാ. അവറ്റോള് ടെ അവ്ട്ന്നാണ് നെലോളി..

അത്താണിക്കേ മേക്ക്ള് ന്ന് പേരായിറ്റ് ഒര് കരാറാരൻ ണ്ടേര്ന്ന്. അയ്യാള് ക്ക് കയ്പ്പോളേരവ്ടെ വെല്യ വീടും കാറോളും പട്ടിക്കുട്ടിയോളും ഒക്കേണ്ട്. അയ്യാള് ണ് പെണ്ണങ്ങളെ ചെൽപ്പൊ ആണങ്ങളേം കുജറാത്ത് നാട്ടിൽക്ക് കൊണ്ടോയി ജോല്യാക്കല്. വൈരക്കല്ല് ഒരയ്ക്കല്, ചെമ്മീൻ പണി, തുണി മില്ല്ല് പണ്യൊക്കെ മേക്ക്ള് ആക്ക്യാ കൊട്ക്കും. ആള്കാര് കുജറാത്ത് നാട്ടീപ്പണിക്ക് പോയ പെണ്ണങ്ങളെ ഓരോ തെറിയോള് പറേം. പപ്പിനി കേക്കച്ച്ലെ പറ്ഞ്ഞാ അപ്പ ആട്ടും അവ്ള്. പറ്ഞ്ഞോൻ അപ്പ തൂറും.

മേക്ക്ള് ൻറോടെ ആള് കൂടീൻറ്ന്ന് സന്തൂണ് പറ്ഞ്ഞ്ത്. ലില്ലീരേ മോന്ണ് സന്തു. ലില്ലി കുടുമ്മസ്രീ പണീട്ത്ത് വല്ലോണം ത് ന്നാൻ കൊട്ത്ത് വള്ത്തണ മൊത് ല്. അവ്നാണെങ്കീ സിന്മേല് പോണന്നാ. ആര് കൊണ്ടൂവ്വാനാവോ?

മൂന്നാലീസം കയിഞ്ഞപ്പോ ഒക്കെ അറ്ഞ്ഞു. മനിഷേമ്മാര് കൊറേ മര്ച്ചു ആ നാട്ട്ല്. അത്താണിക്കേന്ന് പോയോരും അഞ്ചാറ് പെണ്ണങ്ങള് മര്ച്ച്ണ്ടാവുന്ന്. കാണാല്യാ അവറ്റോളെ.. വല്ല കെട്ട്ടത്തിൻറെ ചോട്ട്ലും ഞെങ്ങിക്കെട്ന്ന് ചത്ത്ണ്ടാവും..

മേക്ക്ള് ൻറോടെ ആ പെണ്ണങ്ങള് ടെ വീട്ടാര് കുത്തീര്ന്നോരെ പോല്ലീസ് വന്ന് പറ്ഞ്ഞ് ഒത്ക്കി. മേക്ക്ള് പറഞ്ഞേയ്ച്ച്യല്ലല്ലോ പൂമിക്കുല്ക്കത്ത്നെ. പിന്ന്യയാള്ടെ മെക്ക്ട്ട് കേറീറ്റ് എന്ത്നാ?

കയ്പ്പോള അടിച്ചുവാരി തിര്യൊക്കെ വെക്കണ വറീതാപ്ളേരെ മോള് മേയ്സിക്കുട്ടീരേം ഒര് കാര്യോം അറിഞ്ഞ്ട്ട്ല്ല. വറീതാപ്ളേരെ കണ്ണീന്ന് ചോര വര്ണപോല്യാണ് തുള്ള്യായിറ്റ് വെള്ളം വര്ണ്ണ്.

ചൊക്ളിക്ക് വല്ലാണ്ട് വെസനം വന്ന്.

മേക്ക്ള് ൻറെ പറമ്പ്ന് പിന്നിൽത്തെ എടോഴീല് ഒര് പുന്നേം താന്നീം നട്ട് വെള്ളൊഴിക്ക്മ്പോ മേക്ക്ള് അലറീറ്റാ വന്ന്. അയ്യാള് ടെ പറ്മ്പ് ലെ മതല്ന് കേട് പറ്റ്ന്ന് പറ്ഞ്ഞ്. അത്താണിക്കേന്ന് താഴേള്ള കുണ്ടനെടോഴി കല്ലെട്ടിപ്പാടത്ത്ൻറവ്ട്ക്കാ പോണ്. മേക്ക്ള് ൻറെ പറ്മ്പ് റോട്ട്ല് പൊക്ക്ത്ത് ലാ.. പുന്നേരേം താന്നീരേം വേര് പൊക്കത്ത്ല് ക്ക് വള് രോ.. മതല് കേടാക്കാൻ.. വറീതാപ്ളേരെ ശേല്ള്ള വർത്താനം കേട്ട്ട്ടണ് അന്ന് മേക്ക്ള് ഒത് ങ്ങ്യേ..

ഇപ്പോ ആ എടോഴി നല്ല പച്ചച്ച് തണ്ലായിറ്റ്ണ്ട്.

ആ വറീതാപ്ളേരെ നെഞ്ഞ് പൊട്ട്ണ വെഷ്മം കാണ് ണ്ടി വന്ന്ല്യേ.. പൂമിക്കുല്ക്കം കാര്ണം.. ഇന്ന്ട്ട് ചൊക്ളി ക്ക് വല്ലൂം ചിയ്യാൻ പറ്റ്ണ്ടാ?

പുത്യേ കൊല്ലായിറ്റൊന്നും സെൻറരിലും മറിയപ്പാറേലും ഒന്നും ണ്ടായില്ല. ബളബ് മാല വരേ ആരും ഇട്ട്ല്ല. ഒര് സന്തോഷം ഇല്ല്യ.. ആര്ക്കും..

പിന്നെന്തിറ്റാണ് പുത്യേ കൊല്ലം?

ഉണ്ണീം മോഗനനും ഒരീസം വന്നപ്പോ പറയ്യേ.. പാറ്ട്ടി പുത്തകോന്നും വായിച്ച്ട്ട് പൂമിക്കുല്ക്കത്ത്ന് മറോടി കിട്ട്ല്ലാന്ന്. പപ്പിനി സമ്മേയ്ക്കോ.. അവള് ചീറ്യോണം ചീറി.

‘അയില് ണ്ട് മോഗനാ.. കസ്റ്റപ്പെട്ണ ഒര് ഒര് ഒരാള്ണ്ട് ഈയ്യ് ഉലഹത്ത്ല്ന്ന്ച്ചാ അയ്യാള് ടെ ഒപ്പണ്ടാവ്ണന്ന് പാറ്ട്ടിക്കാര്.. അത് മറ്ന്നാ പാറ്ട്ടിക്കന്നേണ് കൊയപ്പം..’

പിള്ളേര് മിണ്ടീല്ല , പിന്നേ.

കുടുമ്മസ്രീ പെണ്ണങ്ങള് കൊറേ തുണ്യോളും അരീം പര്പ്പും പയറും ഒക്കെ ഓരോ വീടോള്ല് കേറിവേട്ച്ച് ത് രുശ്ശര് കുടുമ്മസ്രീ ഓപ്പീസില് പോയി ആ കുജറാത്ത് നാട്ട്ല്ക്ക് അഴച്ചു.

‘ഒന്നും മത്യാവില്ല.. ഒര് വീട്ട്ല്ക്കെങ്കേ അത്തറ’ ന്നണ് അമ്മിണി പറ്ഞ്ഞത്.

കുഞ്ഞിറോസും പപ്പിനീനേ സകായിക്കാൻ വന്നേര്ന്നു.

ചൊക്ളി വെഷ്മിച്ചോണ്ട് കുഞ്ഞിറോസൂനോട് പറ്ഞ്ഞു..മടത്തീച്ചേര്ണ്ടാന്ന്. പ്രാഞ്ചീസ് കല്യാണം നടത്ത്യരുന്ന്..

അവള് ചിറിച്ചു. ‘കർത്താവ് വിളിച്ച്ല്ലേ. നിക്ക് ഇഞ്ഞി കല്യാണം പറ്റ്ല്ല. ഞങ്ങടെ എടക്ക് അങ്ങനീണ്ട്. കർത്താവ് വിള്ച്ചേൺപ്പിച്ച് ൻറെ മണവാട്ടിയാവാനാ പറേം. അപ്പോ പോണം.’

പ്രാഞ്ചീസ് വല്ലാണ്ടായിണ്ടാര്ന്ന്. ദണ്ണംന്ന്ച്ചാ ചോറെറ്ങ്ങാത്ത ദണ്ണം. സകിക്കാൻ പറ്റ്ണില്ല. പ്രാഞ്ചീസ്ന് കന്യാശ്രീ മടങ്ങള് തീരെങ്ങട് ഇഷ്ടല്ല. അച്ചമ്മാരെം ഇഷ്ടല്ല. അവരെ അനാതാലയത്ത്ലെ മൊക്കളൊക്കെ കന്യാശ്രീള് പെറ്റതാണ്ന്നാ പ്രാഞ്ചീസ്‌ൻറെ മന്സ്‌ല് എപ്പളും വിചാരം. കർത്താവ് പറഞ്ഞതാന്ന് അത്.

ചൊക്ളിക്ക് ഒന്നും തിരിഞ്ഞില്ല. ആങ്ങ്ളോടും പെങ്ങ്ളോടും വേറെ വേറെ ആയ്ട്ടാണ് കർത്താവ് മിണ്ടല്.. എന്തനണ് അങ്ങ്നെ?

ആരു പറഞ്ഞ്തും കേക്കാണ്ട് കുഞ്ഞിറോസു മടത്തിൽക്ക് പോയീ..അവള് പോയേപ്പിന്ന്യാണ് പപ്പിനി ചൊക്ളീനോട് പറ്ഞ്ഞ്ത് കാര്യങ്ങ്ള്.

ദേവ്സ്സീം പോളീം കല്യാണം കഴ്ച്ച്ണ്ട്. നേർത്ത്യന്നെ. ദേവ്സ്സി ഒര് മേത്തച്ചി പെണ്ണിന്യാണ് കെട്ടീത്. അവനും മേത്തനായിട്ട്ണ്ട്. ആ നാട്ട്ല് അങ്ങ്നെ ആയ്യാല് കൊറേ കാശും വീടും ഒക്കെ കിട്ടുന്ന്.. അതെന്ത്നാ കളേണ്ന്ന്. മാപ്ളാരും മേത്തമ്മാരും ഒര് തന്തക്ക് രണ്ട് തള്ളാര്ല് പെറന്നോരാണ്ന്ന്.

പോളി ഒര് മദാമ്മേണ് കെട്ടീത്. ആ നാട്ട്ല് അവ്‌ര് സുഗായിററ് കഴീണ്ണ്ട്. തൃസ്സക്കുട്ടി മരിച്ചാ അടക്കത്തിന് വരേരിക്കും. അല്ലാണ്ട് ഒന്ന്നും അവരെ ഇനി കാക്കണ്ട..

ചൊക്ളിക്ക് കാര്യങ്ങള് പത്ക്കനെ തിരിഞ്ഞൊടങ്ങി. അപ്പളാണ് പപ്പിനി പറേണ് അമ്മിണിയായിട്ട് പ്രാഞ്ചീസിന് ഇത്ത്‌രി ലോഗ്യാന്ന്. കല്യാണം നട്ക്കൂന്നൊന്നും രണ്ടാളും വിജാരിക്ക്ണില്ല. പള്ളീം വീട്ടാരും കുടുമ്മക്കാരും ഒക്ക്യൂടി ഓരോന്നാ പറ്ഞ്ഞ് പ്രാന്താക്കും.

അമ്മിണി മാപ്ളച്ചിയാവാൻ മാമ്മോസ മുങ്ങ്യാലും അവള് പറ്ച്ചിയന്നെയാവ്ള്ളോ.. കാശ് കൊറ്ഞ്ഞാലും തൃസ്സക്കുട്ടീം അന്തോണി മാപ്പ്ളേം ആദിക്ക് തോമാശ്ശീല മാപ്ള്യാക്കിയ നമ്പൂരീക്കുടുമ്മത്ത്യേണ്. ബന്തക്കാരും പള്ളീം സമ്മേയ്ക്കില്ലാന്നേ..

അമ്മിണി മാപ്ളച്ച്യാവാന്ന് പറ്ഞ്ഞാന്ന് ചൊക്ളി പപ്പിന്യോട് ചോയിച്ച്..

അവ്ള് മറോടി പറ്ഞ്ഞ്ത് പെണ്ണങ്ങള് ഒക്കേനും സമ്മേയ്ക്കും ന്നാണ്. ഇന്നാ പപ്പിനിക്ക് അയിലത്ര സമ്മതല്യാന്ന് ചൊക്ളിക്ക് തിരിഞ്ഞ്.

പാറ്ട്ടിക്കാരനായിറ്റ് കന്യാശ്രീളേം അച്ചമ്മാരേം ഒക്കെ ചീത്ത പറേണ്ണ പ്രാഞ്ചീസ് പള്ളീപ്പോയി കെട്ടണേന്ത്നാന്ന് ചൊക്ളി വിജാരിച്ച്.. ഇന്നാലും ആരോടും ഒന്നും മിണ്ടീല്ല..

അന്തോണി മാപ്ള മരിച്ച് ആണ്ടെത്തണേന് കൊറെ മുപ്പാടന്നെ മേരിക്കുട്ടീരെ കല്യാണം പ്രാഞ്ചീസ് നടത്ത്ച്ച്. ദൂഭേക്കാര് അളിയമ്മാരും പോളീം ദേവസ്സീം ആരും വന്ന്ല്ല. പെങ്ങമ്മാര് വന്ന്. സർക്കാര് പണീണ് ചെക്കന്. താലൂക്കാപ്പീസ്‌ല് പിയൂണ്.

ദൂഭേക്കാര്‌ടെ മുന്നില് ഇത്ത്‌രികോളം ചെറ്തായീന്ന് മേരിക്കുട്ടിക്കും മറ്റ് പെണ്ണങ്ങള്ക്കും തോന്നാണ്ടിര്ന്നില്ല. ദൂഭേ സാനങ്ങളും സെൻറും കർത്ത കണ്ണടേം ഒക്കേം പെഷലല്ലേ. എന്നാലും പെങ്ങമ്മാരും പിള്ളേരും വന്ന്ത് പ്രാഞ്ചീസ്‌ന് സന്തോഷായി.

തൃസ്സക്കുട്ടിക്ക് ഒര് പൊറുതിണ്ടായില്ല്യ…പെരേരെ ഉള്ളീലും മിറ്റത്തും വട്ടം വട്ടം ചിറ്റി നട്ക്കലും എന്താണ്ടൊക്കെ പറേലും… ഇന്നാലും ആരും ഒന്നും കുശ്മ്പ് പറയാണ്ട് കാര്യങ്ങള് കയിഞ്ഞ്.

പിറ്റൂസം ടിവിപ്പെട്ടീല് നോക്കീപ്പളാണ് ദല്കീ കാണിക്കുമ്പോ വട്ട്ത്ത്ല് തൂണ്ള്ള ഒര് കെട്ട്ടണ്ട് അയില്.. അവടിണ് ഈ തെരഞ്ട്ക്കല്ല് ജയിച്ച് ദല്കീപ്പോണോര് കുത്തിരിക്കല്. അവടെ ബോംബ് പൊട്ടിച്ചൂന്ന് മേത്തമ്മാര്. എല്ലരേം വെടിവെച്ചാ കൊന്ന്. പോല്ലീസ്സാരും ചത്ത്. ഒര് പെണ്ണ് പോല്ലീസ്സാരീം അയില്‌ണ്ടാര്ന്നൂന്ന്..

മറിയപ്പാറേല് വല്യേ പീടിയോള് ള്ള മൊയ്തീൻക്കാജീരേ നേരെ ഇന്തുത്തക്കാര് ഒച്ചീം വിളീം എട്ത്ത്ല്ല. പള്ളീരെ മുമ്പിട്ടും പാവക്കാട്ട്ല് പ്ളാറ്റോള്ല് പണീട്ത്ത് കയിയണ മേത്തമ്മാര്‌രെ മുമ്പിട്ടും ഇന്തുക്കള് ഒച്ചീട്ത്തു. കോങ്ക്രസ്സാര് ജോണിമാഷ്ടെ ഒപ്പം മിണ്ടലൊക്കേണ്ടായീച്ചാലും പൊറ്മ്മേക്കാരും ഒന്നും പറ്ഞ്ഞ്ല്ല. പാറ്ട്ടീരെ ആളക്കാരും മിണ്ടീല്ല..

ആ വട്ട്ത്ത്ല്‌ള്ള കെട്ട്ടത്ത്ല് മേത്ത്മ്മാര് കൊഴപ്പണ്ടാക്കീത് ആര്ക്കും അങ്ങ്ട് പിട്ച്ച്ല്ലാന്ന് തിരിഞ്ഞ് ചൊക്ളിക്ക്.. എന്ത് നേരിക്കും അങ്ങ്നെ ചീതത് മേത്തമ്മാര്..

ദേശവെളക്ക് വര്മ്പോ ഇക്കൊല്ലോം പൊല്ലീസാര് വര്ന്ന് ചൊക്ളി പപ്പിന്യോട് പറ്ഞ്ഞു.

ഉമ്മിണി നശ്ശത്തറം ഇള്ള ആകാശം നോക്കി മുടി വേറിട്ക്കണ പപ്പിനി അന്നേരത്ത് പൊറുപൊറുത്തു…

ഇദ് മേത്തമ്മാര് ചീതതാന്ന് വല്ലൊറപ്പൂം ണ്ടാ.. ചിയ്യാൻ വന്നോരൊക്കെ വെട്യോണ്ട് ചത്ത്… പോല്ലീസാരും ചത്ത്.. ഇഞ്ഞി കൊറേ മേത്തമ്മാരെ പിട്ക്കും.. പടം വര്ച്ച്, എവിട്യാണ്ട് എയ്തി, ആരേയാണ്ട് പടിപ്പിച്ച്ന്നൊക്കെ പറ്ഞ്ഞ്.. ആരാപ്പ അവ്‌രല്ലാന്ന് പറേണ്..

തൂക്ക്യാക്കൊല്ലും.. ഇന്ദ്രാകാന്തീനേം മോനേം കൊന്നോരേ അപ്പ്യന്നെ കൊന്ന്.. അവര്ക്ക് ഇട്ളീം ചായേം വേടിച്ചു കൊട്ത്തോരും ടോർച്ചും മെഴുതിരീം കൊട്ത്തോരും ജേല്ലായി..

ഈ നാട് ബരിക്കണേല്ന്നെ ബയ്ങ്കര ചൂത്തറോം കള്ളത്തരോം ണ്ട്.. അത് ഒന്നും ഇമ്മള് ശാദാരണക്കാര്ക്ക് അറിയ്യാൻ പറ്റ്ല്ല.. പോല്ലീസാര് അത് ചോയ്ക്കാമ്പോയാ മ്മള്യാ തല്ലിക്കൊല്ലാ..

മേത്തമ്മാരെ ഇബ്ട്ന്ന് ഓടിപ്പിക്കലന്ന്യാ കാര്‌യം.. അത് നി കൊറേച്ചേ ആയീറ്റ് ഇമ്മക്ക് കാണ്ണാം.. നീയ്യോക്കിക്കോ…

തണ്ത്ത കാറ്റ് വീശണ്ടാര്ന്നു. ഇന്നാലും ചൊക്ളിക്ക് തണപ്പ്ണ്ടായില്യ. ഒര് വെഷ്മം ആരാണ്ടൊക്കേ കൂടി പറ്റിക്കണ പോലേ ഒര് വിജാരം.. അത് ആരാന്നറിയാണ്ട്ള്ള ദണ്ണം..

(തുടരും…)

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News