അന്തപ്പന് വീണ്ടും സ്വര്‍ഗ്ഗകവാടത്തില്‍.
“നിന്നെ എന്തുപറഞ്ഞാണ് വീണ്ടും ഭൂമിയിലേക്ക് അയച്ചത്.?”
സ്വര്‍ഗ്ഗ കവാടത്തില്‍ പിന്നെയും എത്തിയ അന്തപ്പനോട് വിശുദ്ധ പത്രോസ് ചോദിച്ചു. മറുപടി പറയാതെ തലകുനിച്ച് നില്ക്കുന്ന അവനോട് അദ്ദേഹം പറഞ്ഞു.
“ഭൂമിയിലെ നിന്റെ പ്രവര്‍ത്തികളുടെയും സംസാരങ്ങളുടെയും വലിയൊരു റെക്കാര്‍ഡ് ഇവിടെയുണ്ട്. നിന്റെ ചെയ്തികളെ നിരീക്ഷിക്കാന്‍ ഗബ്രിയേല്‍ ദൂതനെ പിന്നലെ അയച്ചിരുന്നത് നീ അറിഞ്ഞുകാണില്ല. കഴിഞ്ഞ പ്രാവശ്യം നീയിവിടെ വന്നപ്പോള്‍ ഒരു കാരണവശാലും സ്വര്‍ഗ്ഗത്തിലേക്ക് കടത്തിവിടാന്‍ പറ്റിയ ഗുണങ്ങളൊന്നും കാണാഞ്ഞതുകൊണ്ടാണ് നിനക്ക് ഒരവസരം കൂടി തരാമെന്ന് വിചാരിച്ചത്. ഇതങ്ങനെ എല്ലാവര്ക്കും ചെയ്യുന്ന ഔദാര്യമല്ല. പക്ഷേ, നിന്റെ ദയനീയാവസ്ഥ കണ്ട് മനസ്സലിവ് തോന്നിയതുകൊണ്ടാണ് ഭൂമിയില്‍ പോയി ഒന്നുകൂടി ജീവിച്ച് നല്ലൊരു റെക്കാര്‍ഡുമായി തിരിച്ചു വരാന്‍ കല്പിച്ചത്. എന്നാല്‍ നീയിപ്പോള്‍ വന്നിരിക്കുന്നത് പഴയതില്‍ നിന്ന് മാറ്റമൊന്നും ഇല്ലാതെയാണ്. ഞാനിപ്പോള്‍ എന്താണ് ചെയ്യേണ്ടത്? നിന്നോട് കഴിഞ്ഞപ്രാവശ്യം കരുണകാണിച്ചതിന്റെ പേരില്‍ പുണ്യവാളന്മാരുടെ സഭയില്‍ കുറെ ശകാരങ്ങള്‍ എനിക്ക് കേള്‍ക്കേണ്ടിവന്നു. അതുകൊണ്ട് അന്തപ്പാ നീ ലൂസിഫര്‍ വാഴുന്ന നരകത്തിലേക്കുതന്നെ പോക്കോളു.”
“അങ്ങനെയൊന്നും പറയല്ലേ എന്റെ പൊന്നു പത്രോസു ചേട്ടാ, അല്ല അച്ചായാ. എന്നോട് കരുണ കാണിക്കണം.”
അന്തപ്പന് കേണപേക്ഷിച്ചു. ദയനീയഭാവം കാണിക്കാന്‍ ഭൂമിയില്‍ നിന്ന് കൊണ്ടുപോയ ഒരു ചെറിയുള്ളി ഞെരിച്ച് കണ്ണില്‍ തേച്ച് കണ്ണീര് വരുത്തുകയും ചെയ്തു.
“നീ ആരെയാ ‘അച്ചായാ ചേട്ടാ’ എന്നൊക്കെ വിളിക്കുന്നത്? ഞാന്‍ ദൈവദൂതനാണെന്ന് നിനക്കറിഞ്ഞുകൂടെ? അളിയാന്ന് വിളിക്കാഞ്ഞത് ഭാഗ്യം. ഇതൊക്കെ കൊണ്ടാടാ നിന്നെ ഇങ്ങോട്ട് പ്രവേശിപ്പിക്കാത്തത്. കൈയ്യിലിരിപ്പും സംസാരവും നല്ലതല്ല”
“സോറി, പുണ്യാളാ. എന്റെ നാളിന്റെ കൊഴപ്പമാണെന്നാ അപ്പന് പറഞ്ഞു കേട്ടിട്ടുള്ളത്. വായില്‍നിന്ന് പുറത്തുവരുന്നത് ചീഞ്ഞ വാക്കുകളാ. എന്റെ കൊഴപ്പമല്ല”
“നാളൊക്കെ, ക്രിസ്ത്യാനികള്‍ക്ക് പറഞ്ഞിട്ടുള്ളതല്ലെടാ. അതൊക്കെ ഹിന്ദുക്കളുടെ ആചാരങ്ങളാ. ചീഞ്ഞ വാക്കുകള്‍, സോറി. നല്ലതല്ലാത്ത വാക്കുകള്‍, പുറപ്പെടുവിക്കുന്നത് നിന്റെ കൊഴപ്പം കൊണ്ടുതന്നെയാ. നിന്നോടുള്ള സംസര്‍ഗ്ഗംകൊണ്ട് എന്റെ വായില്‍നിന്നും മോശം വാക്കുകളാണ് പുറപ്പെടുന്നത്.. അതുകൊണ്ട് ഇവിടെനിന്ന് സമയം കളയാതെ നേരെ പൊക്കോളു നരകത്തിലേക്ക്”
“എനിക്ക് ഒരവസരം കൂടി തരാന്‍ കനിവുണ്ടാകണം പ്രഭോ.”
അന്തപ്പന് വീണ്ടും ഉള്ളി കണ്ണില്‍തേച്ച് കണ്ണീര് വരുത്തി. ഉള്ളിയുടെ മണം പത്രോസ് പുണ്യവാളനും അനുഭവപ്പെട്ടു. അദ്ദേഹം ചോദിച്ചു
“നീയെന്താടാ ബിരിയാണി തിന്നിട്ടാണോ വന്നിരിക്കുന്നത്?”
“ഞാന്‍ കുറെ ദിവങ്ങളായി ഉപവാസത്തിലായിരുന്നു പത്രോസേട്ടാ. പിന്നെങ്ങനാ ബിരിയാണി കഴിക്കുന്നത്?”
“നീയെന്തിനാ ഉപവാസമെടുത്തത്; നല്ല മനുഷ്യരല്ലേ ഉപവസിക്കന്നത്? നീ ഉപവാസമെടുത്തെന്നു പറഞ്ഞാല്‍ വിശ്വസിക്കാന്‍ പ്രയാസം”
“അത് ഡോക്ട്ടര്‍ പറഞ്ഞിട്ടാ. വിശപ്പില്ലായിരുന്നു. വയറ്റില്‍ അസുഹം”
“വയറ്റിലല്ല നിന്റെ മനസിനാണ് അസുഹം. അതിന് വല്ല സൈക്ക്യാട്രിസ്റ്റിനെ കണ്ടാല്‍ പോരായിരുന്നോ?”
“സൈക്ക്യട്രിസ്റ്റിനെ നേരത്തെ കണ്ടിരുന്നു”
“എന്നിട്ട് അദ്ദേഹം എന്തുപറഞ്ഞു?”
“ഇത് മനസിനെ ബാധിച്ച ഒരുതരം ക്യാന്‍സറാണെന്നും ചികിത്സിച്ച് ഭേദമാക്കാന്‍ പറ്റുന്ന ഒന്നല്ലെന്നും. അതുകൊണ്ട് അച്ചായന് ദയതോന്നി എന്നെ അകത്തുവിടണം”
“എടാ, ഞാന്‍ നിന്റെ അച്ചായനും അളിയനുമൊന്നും അല്ലെന്ന് പറഞ്ഞില്ലേ. എന്നെ സോപ്പിടാന്‍ നോക്കേണ്ട. വേഗം പൊക്കോ ഇവിടുന്ന്”
“പോവുകാ. അല്ലെങ്കില്‍ തന്നെ ആര്‍ക്കു വേണം തന്റെയൊരു സ്വര്‍ഗ്ഗം” അന്തപ്പന് പതുക്കെ പറഞ്ഞു.
“എന്താടാ അവിടെനിന്ന് പിറുപിറുക്കുന്നത്. വല്ലതും പറയാനുണ്ടെങ്കില്‍ ഉറക്കെ പറ”
“അവിടുന്ന് ഒന്നുകൂടി ചിന്തിക്കണമെന്ന് പറയുകായിരുന്നു. നരകം എനിക്ക് പേടിയാണ്. അവിടെ പാമ്പും തീയുമൊക്കെ ഉണ്ടെന്നാ കേട്ടിട്ടുള്ളത്”
“ശരിയാ നീ കേട്ടത്. പക്ഷേ, നിന്റത്രയും വിഷമുള്ള പാമ്പൊന്നും അവിടില്ല”
നരകത്തിലേക്കുപോകാന് ആളുകളുടെ തിരക്കായിരുന്നു. തിരക്കൊന്നൊഴിഞ്ഞപ്പോള്‍ മിസ്റ്റര്‍ ചെകുത്താന് അന്തപ്പനെ കണ്ടു.
“താനെന്താടോ അവിടെനിന്ന് പരുങ്ങുന്നത്?” ചെകുത്താന് ചോദിച്ചു.
“ഇങ്ങോട്ടാണെങ്കില്‍ വേഗം വന്നോളു. മണി ആറാകാറായി , ഗേറ്റ് പൂട്ടാന്‍ പോവുകാ. പോയിട്ട് എനിക്കുവേറെ പണിയള്ളതാ”
അന്തപ്പന് മനസില്ലാമനസ്സോടെ ഹെല് ഗേറ്റിലേക്ക് നടന്നു.
“എന്നതാ നിന്റെ പേര്?” ചെകുത്താന് തന്റെ ലാപ്ടോപ്പില്‍ പരതിക്കൊണ്ട് ചോദിച്ചു.
“അന്തപ്പന്”
“ഇവിടെ പേരുണ്ടല്ലൊ. ദേ വെണ്ടക്കാമുഴുപ്പില് കിടക്കുന്നു. പിന്നെന്തിനാ നീ സ്വര്‍ഗ്ഗത്തിലേക്കുള്ള ഗേറ്റില്‍പോയി നിന്നത്?”
“ഒരു ചാന്‍സ് കിട്ടുമോന്ന് നോക്കിയതാ. അവിടിരിക്കുന്ന അങ്ങോര് ഒരുദയയും ഇല്ലാത്ത പുണ്ണ്യാളനാ.”
“പേര് അവിടില്ലാതെങ്ങനാടാ മണ്ടാ നിന്നെ കടത്തിവിടുന്നത്? ഇവിടല്ലേ നിന്റെപേര് കിടക്കുന്നത്. സംശയിക്കാതെ കടന്നുവന്നോളു. വെല്‍കം ടു ഹെല്.”
ചെകുത്താന് അന്തപ്പന്റെ കൈ പിടിച്ചു.
(ഇതിലെ കഥാപാത്രമായ അന്തപ്പന് എഴുത്തുകാരന്റെ ഭാവനാസൃഷ്ടിയാണ്. കേരളത്തിലോ അമേരിക്കയിലോ കാനഡയിലോ ജീവിച്ചിരിക്കുന്ന അന്തപ്പന്മാരുമായി യാതൊരു ബന്ധവുമില്ലെന്ന് അറിയിക്കട്ടെ)
Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news
For some people , no matter warning give, no use.