ട്രൈസ്‌റ്റേറ്റ് കേരളാ ഫോറത്തിന്റെ ദേശീയ ഓണാഘോഷം മറ്റു സംഘടനകള്‍ക്ക് മാതൃക

ഫിലഡല്‍ഫിയയിലെ മാതൃസംഘടനയായ ട്രൈസ്റ്റേറ്റ് കേരളാ ഫോറത്തിന്റെ ഓണാഘോഷം മറ്റേതൊരു ദേശീയ സംഘടനകളുടെ കണ്ണുതുറപ്പിച്ചുകൊണ്ട് ചെറുതും വലുതുമായ ഏതാണ്ട് 20ല്‍ അധികം സംഘടനകളെ ഒരു കുടക്കീഴിലാക്കി ഒറ്റ ഓണാഘോഷം നടത്തിയത് എന്തുകൊണ്ടും മറ്റെല്ലാ ദേശീയ സംഘടനകള്‍ക്കും ഒരു മാതൃക തന്നെയാണ്. ലോകമെമ്പാടുമുള്ള മലയാളികള്‍ വളരെ ആവേശത്തോടു കൂടി നടത്തുന്ന ഈ ഓണാഘോഷം ഫിലഡല്‍ഫിയയില്‍ ട്രൈസ്റ്റേറ്റ് കേരളാ ഫോറം മുന്‍കൈ എടുത്ത് എല്ലാ സംഘടനകള്‍ക്കും പ്രാതിനിധ്യം കൊടുത്തുകൊണ്ട് അവരുടെ നേതാക്കളെ ഏകോപിച്ചുകൊണ്ട് നടത്തിയ ഈ സംരംഭം എന്തുകൊണ്ടും അഭിനന്ദനാര്‍ഹം തന്നെ.

സുമോദ് നെല്ലിക്കാല ചെയര്‍മാന്‍ ആയി പ്രവര്‍ത്തിച്ചു വരുന്ന ട്രൈസ്റ്റേറ്റ് കേരളാ ഫോറത്തിന്റെ പൊതുയോഗത്തില്‍ സംഘടനകള്‍ വിഘടിച്ചു നില്‍ക്കാതെ ഒന്നിച്ചു നില്‍ക്കണമെന്നും. അങ്ങനെ പ്രവര്‍ത്തിച്ചുവെങ്കില്‍ മാത്രമേ സംഘടന വളരുകയുള്ളൂ എന്നും അദ്ദേഹം ആവര്‍ത്തിവാശ്യപ്പെട്ടു.

ഓണാഘോഷ പരിപാടികളുടെ ചെയര്‍മാനായി പ്രവര്‍ത്തിച്ചത് ഫിലഡല്‍ഫിയയിലെ അറിയപ്പെടുന്ന എഴുത്തുകാരനും വാക്മിയും മികച്ച സംഘാടകനും മാധ്യമ പ്രവര്‍ത്തകനുമായ വിന്‍സെന്റ് ഇമ്മാനുവലും കോ-ചെയര്‍മാനായി പ്രവര്‍ത്തിച്ചത് ജോര്‍ജ് നടവയലും തങ്ങള്‍ ഏറ്റെടുത്ത ജോലികള്‍ വളരെ ഗംഭീരമാക്കി. ഡോ. ജാസ്മിന്‍ വിന്‍സെന്റിന്റെ അമേരിക്കന്‍ ദേശീയഗാനവും, ജസിലിന്‍ മാത്യുവും കൂട്ടരും കൂടി ആലപിച്ച ഇന്‍ഡ്യന്‍ ദേശീയ ഗാനങ്ങളോടുകൂടി ആരംഭിച്ച പൊതുസമ്മേളനത്തില്‍ അദ്ധ്യക്ഷന്‍ സുമോദ് നെല്ലിക്കാലയോടൊപ്പം മുഖ്യാതിതിഥിയായി സിനിമാ നടി ശ്രീമതി ഗീതയും ഡോ. റോസ്ലിനും ആയിരുന്നു. കൂടാതെ, ക്ഷണിതാക്കളായി സ്‌റ്റേറ്റ് സെനറ്റര്‍ ഷരീഫ് സ്ട്രീറ്റ്, ജോന്‍സബറ്റീന, സിറ്റി കണ്‍ട്രോളര്‍ റെബേക്കാ റണാട്ട്, ഇന്‍ഡ്യന്‍ കോണ്‍സുല്‍ വിജയകൃഷ്ണന്‍, ഫൊക്കാന പ്രസിഡന്റ് രാജന്‍ പടവത്തില്‍, ചാനല്‍ 6 ന്റെ ന്യൂസ് റിപ്പോര്‍ട്ടറായ ഡാന്‍ ഗോയാര്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. ഫൊക്കാന പ്രസിഡന്റ് രാജന്‍ പടവത്തില്‍ തന്റെ ആശംസാ പ്രസംഗത്തില്‍, ട്രൈസ്റ്റേറ്റ് കേരളാ ഫോറത്തിന്റെ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ചുകൊണ്ട് ഈ ഓണാഘോഷം മറ്റുള്ള ഫൊക്കാന, ഫോമാ തുടങ്ങിയ ദേശീയ സംഘടനകള്‍ക്ക് ഒരു മാതൃകയായി തീരട്ടെ എന്ന് ആശംസിച്ചു.

കസവ് സാരിയും ഇളം പച്ച ബ്ലൗസും ധരിച്ച തരുണിമണികളും മുണ്ടും ജുബ്ബയും ധരിച്ച പുരുഷന്മാരുടെയും അകമ്പടിയോടുകൂടി പുഷ്പവൃഷ്ടി നടത്തി മാവേലി മന്നന്‍ തന്റെ പ്രജകളെ സന്ദര്‍ശിക്കുവാന്‍ എത്തിയപ്പോള്‍, താലപ്പൊലികളും ചെണ്ടവാദ്യമേളങ്ങളും ആട്ടവും പാട്ടവും തെയ്യംകളി, കഥകളി എന്നിവ കൂടി ആയപ്പോള്‍ റോഷി കുരിയാക്കോസ് നഗര്‍ ആയിരങ്ങളെ സാക്ഷി നിര്‍ത്തിക്കൊണ്ടു ശബ്ദമുഖരിതമായി. ആയിരത്തിൽപരം ജനങ്ങൾ പങ്കെടുക്കുന്ന ആഘോഷം ആയിരുന്നതിനാൽ കോവിഡ് മാനദണ്ഡം അനുസരിച്ചു ഓപ്പൺ എയർ സ്റ്റേഡിയത്തിലാണ് പരിപാടികൾ അരങ്ങേറിയത്.

മെഗാ തിരുവാതിര, പ്രാചീനകലകളേ ഓര്‍ത്തെടുത്തുകൊണ്ട് പി.കെ. സോമരാജന്റെ തെയ്യംകളിയും, മോഹന്റെ കഥകളി, മറ്റു വിവിധ ഇനം സിംഗിള്‍ ഡാന്‍സുകളും, ഗ്രൂപ്പു ഡാന്‍സുകളും, എൻ ആർ ഐ ബാൻഡ്, സാബു പാമ്പാടി, ജീനാ നിഖില്‍, ജെയ്‌സണ്‍, ജസ്ലിന്‍ മാത്യു, ജോര്‍ജ് കടവില്‍ തുടങ്ങിയവരുടെ ഗാനങ്ങളുമൊക്കെ കൂടി സദസ്സിനെ ആനന്ദ സാഗരത്തില്‍ ആറാടിച്ചു. വിവിധ തരത്തിലുളള പായസ മേളയും സമൃദ്ധമായ ഓണസദ്ധ്യയും വടംവലിയും ഒക്കെ കൂടിയായപ്പോള്‍ ഓണാഘോഷം അന്വര്‍ത്ഥമായി. സുരേഷ് നായർ ഒരുക്കിയ ഓണ പൂക്കളം ശ്രദ്ധേയമായി. ഓണാക്കോടിയിൽ തിളങ്ങിയ ദമ്പതികൾക്കും യവാക്കൾക്കുമുള്ള ക്യാഷ് പ്രൈസുകൾ എന്നിവ ആകർഷകമായി.

ജോര്‍ജ് ഓലിക്കല്‍, സാജൻ വര്‍ഗീസ്, രാജന്‍ സാമുവല്‍, റോണി വര്‍ഗ്ഗീസ്, ജോബി ജോര്‍ജ് ഫീലിപ്പോസ് ചെറിയാന്‍, ബെന്നി കൊട്ടാരം, അലക്‌സ് തോമസ്, സുധാകര്‍ത്താ, ജീമോന്‍ ജോര്‍ജ്, കുര്യന്‍ രാജന്‍, ലിനോ സക്കറിയ, ജോണ്‍ സാമുവല്‍ എന്നിവരായിരുന്നു പരിപാടി ഏകോപിപ്പിച്ചത്. രാജന്‍ സാമുവല്‍ അതിഥികള്‍ക്കും സദസ്സിനും ക്ഷണിതാക്കള്‍ക്കും കലാകാരികള്‍ക്കും കലാകാരന്മാര്‍ക്കും മറ്റ് സംഘാടകര്‍ക്കും നന്ദി അറിയിച്ചു. രാത്രി 10 മണിയോടുകൂടി ആഘോഷ പരിപാടികളുടെ തിരശ്ശീല വീണു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment