പരമശിവനും രുദ്രാക്ഷവും: തൊടുപുഴ കെ ശങ്കർ മുംബൈ

മുഖവുര

ഹിന്ദു ഭക്തജനങ്ങൾ സുപ്രഭാതത്തിൽ ഗംഗാസ്നാനം കഴിഞ്ഞു നെറ്റിയിലും ചിലർ കൈത്തണ്ടകളിലും വിഭൂതി ചാർത്തി നിലവിളക്കിന്റെ മുമ്പിലിരുന്നു നാമജപാദികൾ നിത്യവും ചൊല്ലാറുണ്ടല്ലോ. ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിനും ഭാവത്തിനും മഹിമ കൂട്ടുവാൻ ഭസ്മാദികൾക്കു പുറമെ കഴുത്തിൽ രുദ്രാക്ഷ മാലയും ചിലർ ധരിയ്ക്കാറുണ്ട്.

രുദ്രാക്ഷമാല ചാർത്തുന്നുണ്ടെങ്കിലും പലർക്കും രുദ്രാക്ഷം എന്താണെന്നോ അതിന്റെ പൗരാണികമായ ഉല്പത്തിയെ പറ്റിയോ ഉള്ള വിവരങ്ങsൾ അറിഞ്ഞു കൂടായിരിയ്‌ക്കാം. അതിനെപ്പറ്റി യാദൃച്ഛികമായി ഒരു വേദഗ്രന്ഥത്തിൽ നിന്നും ലഭിച്ച രസകരമായ ചില വിവരങ്ങൾ പ്രിയ അനുവാചകരുമായി പങ്കുവയ്ക്കാൻ ആഗ്രഹിക്കുന്നു.

രുദ്രാക്ഷം – ഉൽപ്പത്തി

ത്രികാലജ്ഞാനിയും ത്രിലോക സഞ്ചാരിയുമായ നാരദർ പറയുന്നു അദ്ദേഹത്തിന്റെ കഴുത്തിലുള്ള 251 രുദ്രാക്ഷ മണികൾ ചേർന്ന മാല സാക്ഷാൽ മഹാദേവൻ തന്നെയാകുന്നു. രുദ്രാക്ഷ മാലയണിഞ്ഞു ഭക്തന്മാർ പഞ്ചാക്ഷരി മന്ത്രമായ “നമഃശിവായ” യും പ്രണവ മന്ത്രമായ “ഓം” മും ജപിക്കാറുണ്ട്. 108 രുദ്രാക്ഷ മണികൾ സാക്ഷാൽ വേദങ്ങളാകുന്നു. അവ സമ്പൂർണ്ണ ജ്ഞാനത്തെ കുറിയ്ക്കുന്നു. ഏതൊരാൾ രുദ്രാക്ഷമാല അണിയുന്നുവോ, അയാൾ മനസാ വാചാ കർമണാ ചെയ്ത എല്ലാ പാപങ്ങളിൽ നിന്നും വിമുക്തനാകുന്നു. തന്നെയുമല്ല, അയാൾ ഭഗവാൻ ശ്രീ പരമേശ്വന്റെ കാരുണ്യത്തിനും അനുഗ്രഹത്തിനും പാത്രീഭൂതനാകുകയും ചെയ്യുന്നു. രുദ്രാക്ഷ ധാരിയായി നാമ ജപം ചെയ്യുന്ന ഒരാൾ എല്ലാ സംസാര ദുഃഖത്തിൽ നിന്നും വിമോചിതനാകുന്നതോടൊപ്പം ജനന മരണ പുനർ ജനന ചക്രത്തിൽ നിന്നും വിമുക്തനാകുകയും ചെയ്യുന്നു. അങ്ങനെ മോക്ഷ സിദ്ധിക്ക് അർഹനുമാകുന്നു. അതോടൊപ്പം അയാൾ ജീവന്മുക്തനുമാകുന്നു. സർവ്വ ലൗകിക ജീവിതത്തിൽ നിന്നും വിരമിച്ചു ശരീര ബോധം നിശ്ശേഷം ഇല്ലാതായി വിരള ലഭ്യമായ പരമാത്മ ബോധത്തിൽ മാത്രം മനസ്സ് ലയിച്ചു രമിക്കുന്ന അവസ്ഥ കൈവന്ന വ്യക്തിക്ക് വേദ ഭാഷയിൽ ജീവൻ മുക്തനെന്നു പറയുന്നു.

പുരാണം പറയുന്നു

ഒരിക്കൽ പരമ ശിവൻ കാർത്തികേയനോട് ഇപ്രകാരം പറഞ്ഞു “ഞാൻ ആയിരം വർഷങ്ങൾ ഉറങ്ങുകയോ കണ്ണടയ്ക്കുകയോ ചെയ്യാതിരിക്കുക മാത്രമല്ല ഒന്ന് വെറുതെ കണ്ണു ചിമ്മുക പോലും ചെയ്തില്ല. ഒരു ദിവസം ഞാൻ അറിയാതെ തന്നെ എന്തോ അസ്വസ്ഥത തോന്നി എന്റെ കണ്ണുകൾ ചലിച്ചപ്പോൾ കണ്ണുകളിൽ നിന്നും വന്ന ഏതാനും കണ്ണു നീർ തുള്ളികൾ ഭൂമിയിൽ പതിച്ചു. അങ്ങനെ അതിൽ നിന്നും ഏറ്റവും പവിത്രമായ രുദ്രാക്ഷ വൃക്ഷം ഉണ്ടായി. ഇത് ധരിക്കുന്ന ഭക്തന്റെ എല്ലാ ആത്മീയ അഭിലാഷങ്ങളും സാക്ഷാത്ക്കരിക്കപ്പെടുന്നു.”

ഭൂമിയിൽ 38 തരത്തിലുള്ള രുദ്രാക്ഷ വൃക്ഷങ്ങൾ ഉള്ളതായി കരുതുന്നു. അതിപ്രകാരം എന്ന്‌ ശ്രീ രുദ്രൻ വിവരിക്കുന്നു: (സൂര്യനും ചന്ദ്രനും ശ്രീ രുദ്രന്റെ നേത്രങ്ങളാണെന്നു സങ്കല്പം)

“എന്റെ സൂര്യ നേത്രത്തിൽ നിന്നും 12 വെളുത്ത രുദ്രാക്ഷ വിത്തുകളും എന്റെ സോമ നേത്രത്തിൽ നിന്നും 16 തവിട്ടു നിറത്തിലുള്ള രുദ്രാക്ഷ വിത്തുകളും പുരികങ്ങൾക്കു നടുവിലുള്ള അഗ്നിനേത്രത്തിൽ നിന്നും 10 കറുത്ത രുദ്രാക്ഷ വിത്തുകളും ഭൂമിയിൽ പതിച്ചു. അതിന്റെ ക്രമം ഇപ്രകാരമാകുന്നു:

സൂര്യ നേത്രം – വെളുത്ത വിത്തുകൾ (മുത്തുകൾ) 12
സോമ നേത്രം – തവിട്ടു നിറവിത്തുകൾ (മുത്തുകൾ)16
മൂന്നാമത്തെ നേത്രം – കറുത്ത വിത്തുകൾ (മുത്തുകൾ)10

അങ്ങനെ ശ്രീ രുദ്രന്റെ 38 തുള്ളി കണ്ണീർ കണങ്ങൾ ചേർന്നാണ് രുദ്രാക്ഷ മാല രൂപം കൊണ്ടതെന്ന് ഐതീഹ്യം!

രുദ്രാക്ഷത്തിന്റെ നിറമനുസരിച്ചു ആർക്കു ഏതു ധരിക്കാമെന്നു വേദങ്ങൾ പറയുന്നത് ഇപ്രകാരമാണ്:

– ശുഭ്ര വർണ്ണത്തിലുള്ള രുദ്രാക്ഷം ബ്രാഹ്മണർക്കുള്ളതാണ്.

– തവിട്ടു നിറത്തിലുള്ള രുദ്രാക്ഷം ക്ഷത്രിയർക്കും, കറുത്ത രുദ്രാക്ഷം വൈശ്യർക്കും ശൂദ്രർക്കും എന്ന്‌ കല്പിച്ചിരിക്കുന്നു.

– ഒരു മുഖം മാത്രമുള്ള രുദ്രാക്ഷം സാക്ഷാൽ ശിവനാണെന്നു കരുതുന്നു. ഇതിനു എത്ര കഠിനമായ പാപങ്ങളെയും ഞൊടിയിൽ ഭസ്മമാക്കാൻ കഴിയുമെന്ന് വിശ്വസിക്കുന്നു.

– ആറു മുഖങ്ങളുള്ള രുദ്രാക്ഷം ഷണ്മുഖനായി കരുതപ്പെടുന്നു.

ചുരുക്കത്തിൽ രുദ്രാക്ഷ ധാരണം കൊണ്ട് പാപ നിവാരണവും/പാപ നിർമ്മാർജ്ജനവും പാപ പരിഹാരവും ഭക്തന്മാര്‍ക്ക് ലഭ്യമാകുന്നു.

ഇനി രുദ്രാക്ഷം ധരിക്കുന്ന ഒരാൾ പാലിക്കേണ്ട നിയമങ്ങൾ എന്തെല്ലാമെന്നു നോക്കാം:

– കണ്ഠത്തോട് ചേർന്നുള്ള ഒറ്റയായ രുദ്രാക്ഷം ഊരേണ്ട ആവശ്യമില്ല തുടർച്ചയായി ധരിക്കാം.

– നീളമുള്ള ധാരാളം മുത്തുകളുള്ള രുദ്രാക്ഷമാല ധരിക്കുന്നയാൾ ആചരിക്കേണ്ട ചില നിയമങ്ങളുണ്ട്.

– ആചാരവിധി പ്രകാരം ധരിക്കേണ്ട ഈ രുദ്രാക്ഷം പൂജാ വേളയിലോ അമ്പലത്തിൽ പോകുന്ന സമയത്തോ മാത്രം ഉപയോഗിക്കാനുള്ളതാണ്.

– നമസ്കാരം ചെയ്യുന്ന വേളയിലും ഭക്ഷണം കഴിക്കുന്ന വേളയിലും മലമൂത്ര വിസർജ്ജനത്തിനു പോകുമ്പോഴും നിദ്രാ വേളയിലും രുദ്രാക്ഷം ധരിക്കാന്‍ പാടില്ല.

ആദ്യമായി ധരിക്കുമ്പോൾ മുതിർന്നവരെ നമസ്കരിച്ചു ആശിർവാദം വാങ്ങി വേണം ധരിക്കുവാന്‍ എന്ന്‌ പ്രമാണം.

വെറും പരസ്യത്തിൽ മാത്രം ഒതുങ്ങുന്ന ഗുണഗണങ്ങളുള്ള, ബഹുമുഖങ്ങളുള്ള രുദ്രാക്ഷങ്ങൾക്കു വേണ്ടി അനാവശ്യമായി പണം വ്യയം ചെയ്യരുതെന്ന് ആചാര്യന്മാർ ആധികാരികമായി നമ്മെ പ്രത്യേകം ഉൽബോധിപ്പിക്കുന്നു.

ഉപസംഹാരം

ഏതായാലും വേദാനുസരണം ശ്രദ്ധയോടെ രുദ്രാക്ഷം ധരിക്കുന്ന ഒരു ഭക്തന് ആത്മലാഭം സുനിശ്ചിതമാണ്. അതിൽ നിന്നുള്ള നിരന്തരമായ ആത്മീയ ഊർജ്ജ ധാര/പ്രസരം ശരീരത്തിന്റെ പ്രവർത്തനത്തെ ക്രമീകരിച്ചു/ നിയന്ത്രിച്ചു അതിന്റെ സന്തുലനാവസ്ഥയെ നിലനിർത്തുമെന്നും സംതൃപ്തമായ ആരോഗ്യം പ്രദാനം ചെയ്യുമെന്നും വേദങ്ങളും ശാസ്ത്രങ്ങളും പറയുന്നു.

ശ്രീ രുദ്ര ദേവന്റെ അക്ഷികളിൽ നിന്ന് ഉതിർന്നു വീണ 38 തുള്ളി ജല കണങ്ങളാണ്‌ ഘനീഭവിച്ചു രുദ്രാക്ഷ മുത്തുകൾ/ വിത്തുകൾ (രുദ്രാക്ഷം) ആയി രൂപം കൊണ്ടതെന്നുള്ള വേദ പ്രമാണമാണ് ഹൈന്ദവ ഭക്തർ സ്വീകരിച്ചിരിക്കുന്നത്. രുദ്രാക്ഷം ധരിച്ചു യമ നിയമങ്ങൾ പാലിച്ചു ജപ പൂജാദികൾ അനുഷ്ഠിക്കുന്ന എല്ലാ ഭക്തർക്കും ശ്രീ രുദ്ര ഭഗവാന്റെ അനുഗ്രഹം സിദ്ധിക്കട്ടേ എന്ന് പ്രാർത്ഥിക്കാം..!

ഓം നമഃശിവായ!

Print Friendly, PDF & Email

Related News

Leave a Comment