ചിദാനന്ദ പുരിയെ അപമാനിക്കാൻ സി.പി.എം നടത്തുന്ന അധമ വ്യാപാരങ്ങൾ അവസാനിപ്പിക്കുക: സുരേന്ദ്രൻ നായർ

സംഘടിതശക്തികൊണ്ട് കഴിഞ്ഞ ഏതാനും വർഷങ്ങളായി കേരളത്തിലെ ഭരണഘടനാ സ്ഥാപനങ്ങളിലും വിദ്യാഭ്യാസ സാംസ്‌കാരിക കേന്ദ്രങ്ങളിലും രാഷ്ട്രീയ ആധിപത്യം ഉറപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന സി.പി.എം.ന്റെ കോഴിക്കോടുള്ള യുവജന പ്രസ്ഥാനങ്ങൾ ലോകമെമ്പാടും ആരാധകരുള്ള കൊളത്തൂർ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദ പുരിയെ അകാരണമായി അപമാനിക്കാനുള്ള അധമ വ്യാപാരത്തിലാണ് കുറച്ചുകാലമായി വ്യാപൃതരായിരിക്കുന്നത്.

സർക്കാർ സ്ഥാപനങ്ങളിലും യൂണിവേഴ്സിറ്റികളിലും പിൻവാതിൽ നിയമനങ്ങളിലുടെ ആയിരക്കണക്കിന് തസ്തികകൾ ആശ്രിതർക്കായി തീറെഴുതുകയും സർവകലാശാല ബിരുധങ്ങലും ഡോക്ടറേറ്റുകളും വെറും പാർട്ടിനിർമ്മിത ഒസ്യത്തുകളായി ഒതുക്കുകയും ചെയ്ത് കേരളത്തിലെ കമ്മ്യൂണിസ്റ്റല്ലാത്ത മുഴുവൻ യുവതി യുവാക്കളെയും വെല്ലുവിളിച്ചുകൊണ്ട് സി. പി. എം. ആധിപത്യം തുടരുകയാണ്. ശരിയാ നിയമങ്ങൾ പോലെ സമാന്തരമായ പോലീസും വിധി പ്രസ്താവ്യങ്ങളും നടത്തി നാട്ടിലെ നിയമവാഴ്ചയെ അസ്ഥിരപ്പെടുത്തുന്നു. കോടികളുടെ അഴിമതികളെയും നേതാക്കളുടെ അനാശ്യാസ പ്രവർത്തനങ്ങളെയും വെള്ള പൂശുന്നു. അത്തരം വെള്ളപൂശലുകൾക്കു തുല്യം ചാർത്താനുള്ള ആശ്രിത സംഘങ്ങളായി സംസ്ഥാന പോലീസിനെ ദുരുപയോഗം ചെയ്യുന്നു. ബലാത്സംഗങ്ങളുടെ തീവ്രത അളന്നും കൊലയാളികൾക്ക് സർക്കാർ ചെലവിൽ മുന്തിയ നിയമസഹായവും ആർഭാട ജയിൽ ജീവിതവും ഉറപ്പുവരുത്തിയും ഭരണനിർവഹണം പൊടിപൊടിക്കുന്നു.

കൈവിലങ്ങുകൾ മാത്രം നഷ്ടപ്പെടാനുണ്ടായിരുന്ന ഒരു വിഭാഗം ഇപ്പോൾ ശതകോടീശ്വരന്മാരാകുകയും ശീതീകരിച്ച ഭവനുകളിലിരുന്നു പട്ടിണിക്കാരാന്റെ മോചന രേഖ തയ്യാറാക്കി കാപ്സ്യൂളുകളാക്കി കച്ചവടം ചെയ്തു കാലം കഴിക്കുകയും ചെയ്യുന്നു. കാപ്സ്യൂളുകളുടെ പുറംതോട് പൊളിയാതിരിക്കാൻ അതീവ ജാഗ്രത പുലർത്തുന്ന നേതാക്കൾ കോഴിക്കോട്ടു ഭാഗത്തുള്ള യുവാക്കളുടെ ആവേശം പൂർവാധികം ശക്തിയായി നിലനിൽത്താൻ ഇട്ടുകൊടുത്ത ഇരയാണ് അദ്വൈതാശ്രമവും സ്വാമി ചിദാനന്ദ പുരിയും. രാഷ്ട്രിയവും വർഗീയതയും സമാസമം കൂടിച്ചേർന്ന ഈ വേട്ടക്കാർ ലക്ഷ്യമിടുന്ന ഇരയെക്കുറിച്ചുകുടി ചിലതു മാലോകർ അറിയേണ്ടതുണ്ട്.

ഋഷികേശിലെ കൈലാസാശ്രമം മഠാധിപതിയിൽ നിന്നും 1989 ൽ സന്യാസദീക്ഷ സ്വീകരിച്ചു ഗുജറാത്തിലെ വിമലാനന്ദപുരി മഹരാജിനെ ശിക്ഷാഗുരുവാക്കി ധർമ്മ സംസ്ഥാപന യാത്ര തുടങ്ങിയ യതി വര്യനാണ് സ്വാമി ചിദാനന്ദപുരി. ആത്മീയാന്വേഷണത്തിൽ വേദാന്ത രഹസ്യത്തിന്റെ ഉള്ളറകളും ഉപനിഷത് ഉത്ബോധനങ്ങളും ആഴത്തിൽ അടുത്തറിഞ്ഞ അദ്ദേഹം 1992 ലാണ് സത്യാന്വേഷികളുടെ ആവശ്യപ്രകാരം കോഴിക്കോട് ജില്ലയിലെ കൊളത്തൂരിൽ അദ്വൈതാശ്രമം സ്ഥാപിക്കുന്നത്. ചുരുങ്ങിയ കാലംകൊണ്ട് കേരളത്തിലെ വിവിധ ജില്ലകളിൽ ആശ്രമത്തിനു ശാഖകളുണ്ടാകുകയും അഖിലേന്ത്യ അടിസ്ഥാനത്തിൽ ആരാധകരുണ്ടാകുകയും ചെയ്തു. വേദാന്ത പഠനത്തിനും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുമായി ബ്രഹ്മ വിദ്യ പീഠം, ശ്രീ ശങ്കര ചാരിറ്റബിൾ ട്രസ്റ്റ് എന്നീ സംഘടനകളും ശിഷ്യ സമ്പത്തിന്റെ സഹകരണത്താൽ അനുബന്ധമായി സ്ഥാപിക്കപ്പെട്ടു.

ഇന്ത്യയിലെവിടെയും നടക്കുന്ന സന്യാസ സമീക്ഷകളിൽ സനാതന ധർമ്മ വ്യാഖ്യാനത്തിന്റെ നൈപുണ്യം കൊണ്ടും ബഹുഭാഷാ പ്രാവീണ്യം കൊണ്ടും സാന്നിധ്യം ഉറപ്പിച്ചിട്ടുള്ള സ്വാമി ഗുജറാത്തിലെ മാധവാശ്രമത്തിന്റെ അധിപതിയും കേരള മാർഗ്ഗദർശക മണ്ഡലം പ്രസിഡന്റുമാണ്. വിവിധ യൂറോപ്പ്യൻ രാജ്യങ്ങളിലും അമേരിക്കയിലും ഹൈന്ദവ ധർമ്മത്തിന്റെ പ്രഘോഷകൻ എന്ന നിലയിലും അദ്ദേഹം ഇന്ന് ലോകാരാധ്യനാണ്.

ലോകവ്യാപകമായി നിരന്തരം യാത്രചെയ്തു ധർമ്മ പ്രചാരണം നടത്തുന്ന അദ്ദേഹത്തിന്റെ ഇടപെടൽ ആധ്യാത്മിക വിഷയങ്ങളിൽ മാത്രം ഒതുങ്ങുന്നില്ല. രാഷ്ട്രീയ വിഷയങ്ങളിലും സാമൂഹ്യ സമസ്യകളിലും തന്റെ ധാർമ്മികമായ നിലപാട് മറ്റാരെയും മുറിപ്പെടുത്താതെ ഉറക്കെ പ്രഖ്യാപിക്കാൻ അദ്ദേഹം മടിക്കാറില്ല. പണ്ഡിതോചിതവും സംവാദാത്മകവുമായ അദ്ദേഹത്തിന്റെ നിലപാടുകളാണ് കമ്മ്യൂണിസ്റ്റു രാഷ്ട്രീയക്കാരെയും നുണവ്യാപാരികളെയും അസ്വസ്തരാക്കുന്നത്.

കമ്മ്യൂണിസ്റ്റ് ഉരുക്കു മുഷ്ടിയിൽ അമർന്നുപോയ ഒരു പാർട്ടി ഗ്രാമത്തിൽ നിന്നും ഒരാൾ ആശ്രമത്തിൽ എത്തിയതും അവിടെനിന്നു സന്യാസം സ്വീകരിച്ചു ധർമ്മ പ്രചാരണം ഏറ്റെടുത്തതും നിരീശ്വരവാദികളും സദാചാര വിരുദ്ധരുമായ ചിലരെ പ്രകോപിതരാക്കിയിട്ടുണ്ട്. കമ്മ്യൂണിസ്റ്റ് വരട്ടു വാദങ്ങളെയും കാലഹരണപ്പെട്ട വൈരുദ്ധ്യാത്മക ഭൗതിക വാദത്തിന്റെ പൊള്ളത്തരത്തെയും, വോട്ട് ബാങ്ക് ലക്ഷ്യമാക്കി നടത്തുന്ന ന്യുനപക്ഷ പ്രീണനങ്ങളേയും പൊതുവേദികളിൽ എതിർക്കുന്ന സ്വാമി ദിവസക്കൂലിക്കാരെ നിയോഗിച്ചു ഹൈന്ദവ ഗ്രന്ഥങ്ങൾക്കു ദുർവ്യാഖ്യാനം ചമയ്ക്കുന്ന അധികാര സ്ഥാപനങ്ങൾക്കെതിരെ ആഞ്ഞടിക്കാറുണ്ട്. ഇത്തരം ജനാധിപത്യ പ്രവർത്തനങ്ങൾ സഹിഷ്ണതയോടെ കാണാൻ കഴിയാത്തതിനാലാണ് കായികമായി നേരിടാനും ദുഷ്പ്രചാരണങ്ങൾ ഉണ്ടാക്കാനും ഇക്കൂട്ടരെ പ്രേരിപ്പിച്ചിരിക്കുന്നത്.

ആരുടേയും ആഹ്വാനമില്ലാതെ സജ്ജനങ്ങൾ മുൻകൈയെടുത്തു സംഘടിപ്പിക്കുന്ന പ്രഭാഷണ വേദികൾ അലങ്കോലപ്പെടുത്തുക, സൈബർ ആക്രമങ്ങൾ അഴിച്ചുവിടുക എന്നിവ കൂടാതെ 1998 ൽ കുറ്റിയാടിയിൽ വച്ച് അദ്ദേഹത്തെ തടഞ്ഞുവച്ചു കൈയേറ്റം ചെയ്തതും നാദാപുരത്തെ അരൂരിൽ കായികാക്രമണം നടത്തിയതുമൊക്കെ അദ്ദേഹത്തിന്റെ സന്യാസിസഹജമായ സംയമനം കൊണ്ടും ഹിന്ദു ജനതയുടെ ക്ഷമാശീലം കൊണ്ടും വലിയ പ്രതികരണങ്ങൾ ഇല്ലാതെ അവസാനിച്ച അധ്യായങ്ങളാണ്.

ശ്രവണ വൈകല്യമുള്ളവന്റെ മുൻപിൽ വീണ വായിക്കുന്നതുപോലെ, സ്വാമി കോഴിക്കോട് സർവകലാശാലയിലെ സനാതന ധർമ്മ വിദ്യ പീഠത്തിലെ വിസിറ്റിംഗ് പ്രൊഫസ്സർ ആണെന്നോ അനേകം പ്രകരണ ഗ്രന്ഥങ്ങളുടെ കർത്താവാണെന്നോ ഇവരോട് പറഞ്ഞിട്ട് കാര്യമില്ല. എന്നാലും ഇപ്പോഴുണ്ടായിരിക്കുന്ന ഡി.വൈ. എഫ്. ഐ. തീസിസിന്റെയും ആക്രമണ ശ്രമങ്ങളുടെയും നിജസ്ഥിതി കൂടെ പറഞ്ഞിട്ട് ഈ കുറിപ്പ് അവസാനിപ്പിക്കാമെന്നു കരുതുന്നു.

ആശ്രമത്തിലെ അന്തേവാസികളുടെയും പരിസരവാസികളുടെയും അഭ്യർത്ഥന പ്രകാരം 2018 ൽ ആശ്രമത്തിന്റെ അധീനതയിൽ ഉള്ള സ്ഥലത്തു പേരാബ്ര ശിവശക്തി കളരി സംഘത്തിന് ഒരു പരിശീലനകേന്ദ്രം തുടങ്ങാൻ സൗജന്യമായി സ്ഥലം അനുവദിക്കുന്നു. കേരള സ്പോർട്സ് കോൺസിലിന്റെയും മിനിസ്ട്രി ഓഫ് യൂത്ത് അഫേഴ്‌സിന്റെയും അംഗീകാരമുള്ള കളരി സംഘം മജീന്ദ്രൻ എന്ന ഗുരുവിന്റെ നേതൃത്വത്തിൽ ആരംഭിച്ച കളരിയിൽ അനേകം യുവതി യുവാക്കൾ പരിശീലനം നൽകുകയും ചെയ്തിട്ടുണ്ട്. കേരളത്തെ ബാധിച്ച പ്രളയത്തെ തുടർന്ന് രണ്ടു പ്രാവശ്യം പ്രവർത്തനം നിർത്തിവച്ച സംഘം കോവിഡ് ബാധയെ തുടർന്ന് 2020 ഫെബ്രുവരിയിൽ അടച്ചുപൂട്ടുകയും ചെയ്തു.

എന്നാൽ അവിടെ പഠിക്കുകയും പിന്നീട് മറ്റൊരു സ്ഥാപനത്തിലേക്ക് മാറി പോകുകയും ചെയ്ത ഒരു പെൺകുട്ടി ചില മാനസിക അസ്വസ്ഥതൽ കാട്ടിയതിനെതുടർന്ന് മനോരോഗ വിദഗ്ധനെ സമീപിച്ചപ്പോൾ മൂന്നു വര്ഷം മുൻപ് തനിക്കു ശാരീരിക പീഡനം ഏറ്റിട്ടുണ്ടെന്നു പറഞ്ഞതിൽ പ്രകാരം പോലീസ് കേസ് രെജിസ്റ്റർ ചെയ്തു മജീന്ദ്രനെ അറസ്റ്റുചെയ്തു റിമാൻഡ് ചെയ്യുകയും ചെയ്തു.

ആശ്രമത്തിന്റെ ഭാഗമായോ നിയന്ത്രണത്തിലോ അല്ലാത്ത ഈ സ്ഥാപനത്തിൽ നടന്നുവെന്ന് ആരോപിക്കുന്ന ഈ സംഭവത്തിൽ ആശ്രമത്തിനു പങ്കുണ്ടെന്നു ഒരു അന്വേഷണ ഉദ്യോഗസ്ഥനും നാളിതുവരെ പറഞ്ഞിട്ടില്ല. മാത്രമല്ല വാദിക്കോ പ്രതിക്കൊ വേണ്ടി ആശ്രമം ഒരിടപെടലും എവിടെയും നടത്തിയിട്ടുമില്ല. എന്നിട്ടും ഡി. വൈ. എഫ്. ഐ യും ചില ഹിന്ദു വിരുദ്ധരും ചേർന്ന് ആശ്രമത്തിനും സ്വാമിക്കും എതിരെ നടത്തുന്ന ദുഷ്പ്രചാരണങ്ങൾ ദുരുപദിഷ്ടവും അപഹാസ്യവുമാണ്.

രാഷ്ട്രീയ മത ലക്ഷ്യങ്ങളോടെയുള്ള ഈ അധമ വ്യാപാരത്തിന്റെ ലാഭനഷ്ടങ്ങൾ കൂട്ടിക്കിഴിച്ച സി. പി. എം. നേതൃത്വം തത്കാലം അണികൾക്ക് ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. പക്ഷെ ഹിന്ദു വിരുദ്ധത വൃതമായി സ്വീകരിച്ചിരിക്കുന്ന ഇവരുടെ, ആശയങ്ങളെ ആക്രമണം കൊണ്ട് നേരിടാമെന്ന വ്യാമോഹം ഇവിടെ അവസാനിക്കുമെന്ന് കരുതാൻ വയ്യ.

Print Friendly, PDF & Email

Related News

Leave a Comment