മിലൻ കഥാപുരസ്‌കാര ജേതാക്കളെ പ്രഖ്യാപിച്ചു

മിഷിഗണ്‍ : ഡിട്രോയിറ്റ്‌ കേന്ദ്രമായി മൂന്ന് പതിറ്റാണ്ടിലേറെക്കാലമായി പ്രവർത്തിച്ചുവരുന്ന മിഷിഗൺ മലയാളി ലിറ്റററി അസോസിയേഷൻ പ്രഖ്യാപിച്ചിരുന്ന കഥാപുരസ്‌കാര മത്സരത്തിൽ ഷാജു ജോൺ എഴുതിയ മോറിസ്മൈനർ എന്ന കഥ ഒന്നാം സ്ഥാനം നേടി.

ഡിട്രോയിറ്റിൽ റീമാക്സ് റിയൽറ്ററായ കോശി ജോർജ്ജ് സ്പോണ്‍സര്‍ ചെയ്യുന്ന 501ഡോളറും പ്രശസ്തി പത്രവും, ശിൽപ്പവുമടങ്ങുന്നതാണ് ഒന്നാം സമ്മാനം.

റഫീഖ് തറയിൽ എഴുതിയ സർജിക്കൽ ത്രെഡ് എന്ന കഥയ്ക്കാണ് രണ്ടാം സമ്മാനം. ന്യൂയോർക്ക് ജനനി മാസിക സ്പോൺസർ ചെയ്യുന്ന 351ഡോളറും, പ്രശസ്തി പത്രവും, ശിൽപ്പവും രണ്ടാം സമ്മാനമായി നൽകും.

ഷാജൻ ആനിത്തോട്ടത്തിന്റെ ഡയറി ഓഫ് ട്രോഫി വൈഫ് ആണ് മൂന്നാം സ്ഥാനമായ, മാത്യു ചരുവിൽ സ്പോൺസർ ചെയ്യുന്ന 151 ഡോളറും, പ്രശസ്തി പത്രവും, ശിൽപ്പവും കരസ്ഥമാക്കിയത്.

മലയാള സാഹിത്യത്തിലെ പ്രശസ്ത നോവലിസ്റ്റും, ഭാഷാപണ്ഡിതനുമായ ഡോ. ജോർജ്ജ് ഓണക്കൂർ, തിരുവനന്തപുരം ആൾ സെയിൻസ് കോളേജ് മലയാള വിഭാഗം മേധാവിയും എഴുത്തുകാരിയുമായ ഡോ. സി. ഉദയകല, പ്രശസ്ത പത്രപ്രവർത്തകനും, സാഹിത്യകാരനുമായ ബി. മുരളി എന്നിവരടങ്ങുന്ന വിധി നിർണ്ണയ സമിതിയാണ് ജേതാക്കളെ തെരെഞ്ഞെടുത്തത്.

നവംബർ മാസം ആദ്യവാരത്തിൽ നടക്കുന്ന മിലൻ വാർഷിക സമ്മേളനത്തിൽ വെച്ച് പുരസ്‌കാര വിതരണം നടത്തുമെന്ന് മിലൻ പ്രസിഡന്റ് സുരേന്ദ്രൻ നായർ, സെക്രട്ടറി അബ്ദുൽ പുന്നയൂർക്കുളം, പുരസ്‌കാര സമിതി ചെയർമാൻ സലിം ആയിഷ എന്നിവർ സംയുക്തമായി അറിയിച്ചു.

പ്രശസ്ത സാഹിത്യകാരന്മാർ പങ്കെടുക്കുന്ന മിലൻ വാർഷിക യോഗത്തിൽ പുരസ്‌കാര വിധി നിർണ്ണയ സമിതി ചെയർമാൻ ഡോ. ജോർജ്ജ് ഓണക്കൂർ മത്സരത്തിന്റെ അവസാന ചുരുക്കപ്പട്ടികയിലെത്തിയ അഞ്ചു കഥകളെ നിരൂപണം ചെയ്‌തു സംസാരിക്കും.

അമേരിക്കൻ ഐക്യനാടുകളിൽ, ലോക സാഹിത്യത്തിൻറെ പ്രവണതാമാറ്റങ്ങളോടൊപ്പം സഞ്ചരിച്ചുകൊണ്ടു മലയാള സാഹിത്യത്തെയും ഭാഷയെയും പുഷ്ഠിപെടുത്താൻ പ്രയത്നിക്കുന്ന എഴുത്തുകാരെ പ്രോൽസാഹിപ്പിക്കുകയെന്നതാണ് ഇത്തരം മത്സരങ്ങളിലൂടെയും പുരസ്‌കാര പ്രഖ്യാപനങ്ങളിലൂടെയും മിലൻ ലക്ഷ്യമിടുന്നതെന്ന് മത്സരത്തിൽ പങ്കെടുത്തവർക്ക് നന്ദിയും, വിജയികളായവർക്ക് അഭിനന്ദനമറിയിച്ചുകൊണ്ടും പ്രസിഡന്റ് സുരേന്ദ്രൻ നായർ പറഞ്ഞു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment