മലയാള നടൻ റിസബാവ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ അന്തരിച്ചു; 55 വയസ്സായിരുന്നു

കൊച്ചി: പ്രശസ്ത നടൻ റിസബാവ സെപ്റ്റംബർ 13 തിങ്കളാഴ്ച കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ അന്തരിച്ചു. 55 വയസ്സായിരുന്നു. 90 കളിൽ വില്ലൻ കഥാപാത്രങ്ങളിലൂടെയാണ് അദ്ദേഹം ചലച്ചിത്ര ലോകത്തേക്ക് കാലെടുത്തു വെച്ചത്. പിന്നീട് നായകനായും വില്ലനായും സിനിമയില്‍ അദ്ദേഹം നിറഞ്ഞു. 120ലേറെ സിനിമകളിലും ഒട്ടേറെ സീരിയലുകളിലും വേഷമിട്ടു.

വൃക്ക സംബന്ധമായ അസുഖങ്ങൾക്ക് ചികിത്സയിലായിരുന്നു. രോഗം മൂലം കഴിഞ്ഞ വർഷങ്ങളിലും അദ്ദേഹത്തിന് സിനിമയിൽ നിന്ന് വിട്ടു നിൽക്കേണ്ടി വന്നു. റിപ്പോർട്ടുകൾ പ്രകാരം, അദ്ദേഹത്തിന്റെ ആരോഗ്യനില വഷളാവുകയും ഇന്ന് (സെപ്തംബര്‍ 13 തിങ്കളാഴ്ച) മരണത്തിന് കീഴടങ്ങുകയും ചെയ്തു.

1990 ൽ ഷാജി കൈലാസ് സംവിധാനം ചെയ്ത ‘ഡോ. പശുപതി’ എന്ന സിനിമയിലൂടെയാണ് റിസബാവ ആദ്യമായി അഭിനയിച്ചത്. 1990 ൽ പുറത്തിറങ്ങിയ ‘ഇൻ ഹരിഹർ നഗറിലെ’ ജോൺ ഹോനായി എന്ന കഥാപാത്രത്തിലൂടെയാണ് അദ്ദേഹം അറിയപ്പെടുന്നത്.

ചമ്പക്കുളം തച്ചൻ (1992), കാബൂളിവാല (1993), എഴുപുന്ന തരകൻ (1999), ദി കിംഗ് ആൻഡ് കമ്മീഷണർ (2012) എന്നീ സിനിമകളില്‍ ശ്രദ്ധിക്കപ്പെട്ട വേഷം ചെയ്തു. 2010 ല്‍ ഡബ്ബിംഗിന് (കര്‍മയോഗി) സംസ്ഥാനപുരസ്‌കാരം നേടി.

കൊച്ചിയില്‍ ആദ്യകാലത്തെ നാടകചലച്ചിത്ര നടനും ഗായകനും സംഘാടകനുമായ ശ്യാമള്‍ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെട്ടിരുന്ന ഇസ്മയിലിന്റെ മകനായ റിസബാവയ്ക്ക് ചെറുപ്പം മുതല്‍ നാടകത്തോട് കടുത്ത കമ്പമായിരുന്നു.

നാലാം ക്ലാസില്‍ പഠിക്കുമ്പോള്‍ ‘തീ വെളിച്ചമാണ്’ എന്ന നാടകത്തിലൂടെ അഭിനയത്തിന്റെ ലോകത്തേക്ക് കടന്നുവന്ന റിസബാവ കഴിഞ്ഞ 40 വര്‍ഷമായി അഭിനയരംഗത്തുണ്ട്. നാടകത്തിലും സിനിമയിലും സീരിയലുകളിലുമായി നൂറുകണക്കിന് കഥാപാത്രങ്ങള്‍ ചെയ്തിട്ടുണ്ട്.

Print Friendly, PDF & Email

Leave a Comment