കാമുകനെ ഭയപ്പെടുത്താന്‍ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി; ഗുരുതരമായി പൊള്ളലേറ്റ യുവതി മരിച്ചു

തൃശൂര്‍: കാമുകനെ ഭയപ്പെടുത്താന്‍ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. കറുകുറ്റി തൈക്കാട് പരേതനായ കൃഷ്ണന്റെ മകൾ ബിന്ദു (38) വാണ് തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരിച്ചത്. സെപ്റ്റംബർ ആറിന് രാത്രി 11 മണിയോടെ മൂക്കന്നൂർ കൊക്കുന്നിലെ വാടകവീട്ടിൽ വച്ചാണ് യുവതി തീകൊളുത്തിയത്. ബിന്ദു വളരെക്കാലമായി വാടകവീട്ടില്‍ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. കാമുകനെ ഭയപ്പെടുത്താൻ ശരീരത്തിൽ മണ്ണെണ്ണ ഒഴിച്ച് അബദ്ധത്തില്‍ ലൈറ്റര്‍ കത്തിച്ചതാണെന്ന് പോലീസ് പറയുന്നു.

ഒപ്പം പൊള്ളലേറ്റ കാമുകന്‍ അങ്കമാലി സ്വദേശി മിഥുനെ (39) എറണാകുളം മെഡിക്കൽ സെന്റർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കയാണ്. കാമുകനുമായുള്ള വഴക്കിനെ തുടർന്നാണ് യുവതി ദേഹത്ത് മണ്ണെണ്ണയൊഴിച്ചതും തീ പടര്‍ന്നതും. തീ കെടുത്താൻ ശ്രമിക്കുന്നതിനിടെയാണ് മിഥുന് പൊള്ളലേറ്റത്.

മിഥുന്‍ ബിന്ദുവിനെ മൂക്കന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് സ്ഥലം വിട്ടു. പിന്നീട് ബന്ധുക്കളാണ് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. ഞായറാഴ്ച രാവിലെയാണ് ബിന്ദു മരിച്ചത്.

ബിന്ദുവിന്റെ ഭർത്താവ് ആറ് വർഷം മുമ്പ് മരിച്ചു. ഹോം നഴ്സിംഗ് ഉൾപ്പെടെയുള്ള ജോലി ചെയ്യുന്ന ബിന്ദു വളരെക്കാലമായി വാടക വീട്ടിലാണ് താമസിക്കുന്നത്. മിഥുന് ഭാര്യയും കുട്ടികളുമുണ്ട്. അടുപ്പിൽ നിന്ന് പൊള്ളലേറ്റതായാണ് ബിന്ദു ആശുപത്രിയിൽ പറഞ്ഞത്. ഒരു സുഹൃത്തിന്റെ ജന്മദിനാഘോഷത്തിനിടെ പൊള്ളലേറ്റതായി മിഥുന്‍ തന്റെ വീട്ടിലും പറഞ്ഞു.

പൊള്ളലെല്‍ക്കുന്ന സമയത്ത് മിഥുന്‍ ബിന്ദുവിന്റെ വീട്ടില്‍ ഉണ്ടായിരുന്നതായി പോലീസ് അന്വേഷണത്തിൽ തെളിഞ്ഞു. സംഭവത്തെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം നടത്തും.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment