നിപ്പ വൈറസ്: നിയന്ത്രണങ്ങളില്‍ ഇളവ് പ്രഖ്യാപിച്ച് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജ്

കോഴിക്കോട് ഏര്‍പ്പെടുത്തിയിരുന്ന നിപ നിയന്ത്രണങ്ങളിൽ ഇളവ് വരുത്താൻ സർക്കാർ തീരുമാനിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു. മറ്റ് നിപാ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടാത്തതിനാലും ഇൻകുബേഷൻ കാലയളവ് 14 ദിവസമായതിനാലുമാണ് കണ്ടെയ്ന്മെന്റ് വാർഡുകളിലെ നിയന്ത്രണങ്ങളിൽ ഇളവ് വരുത്താനുള്ള തീരുമാനം വന്നത്.

അതേസമയം ചാത്തമംഗലം പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡ് കണ്ടൈന്‍മെന്റായി തുടരുന്നതാണ്. മെഡിക്കല്‍ ബോര്‍ഡിന്റേയും വിദഗ്ധ സമിതിയുടേയും നിര്‍ദേശ പ്രകാരമാണ് തീരുമാനമെടുത്തത്. മറ്റു പ്രദേശങ്ങളില്‍ കടകള്‍ തുറക്കാനും യാത്ര ചെയ്യാനും കഴിയുന്നതാണ്. രോഗലക്ഷണങ്ങളുള്ളവര്‍ നിര്‍ബന്ധമായും വീടുകളില്‍ തന്നെ കഴിയേണ്ടതാണ്. എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കില്‍ ഉടന്‍ തന്നെ ആരോഗ്യ പ്രവര്‍ത്തകരെ വിവരം അറിയിക്കേണ്ടതാണ്. ഇതുസംബന്ധിച്ചുള്ള ഉത്തരവ് ജില്ലാ കലക്ടര്‍ പുറത്തിറക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

കണ്ടെന്‍മെന്റ് സോണില്‍ നിര്‍ത്തിവച്ചിരുന്ന വാക്‌സിനേഷന്‍ ബുധനാഴ്ച മുതല്‍ പുനരാരംഭിക്കുന്നതാണ്. ഇനി വാക്‌സിന്‍ എടുക്കാന്‍ ബാക്കിയുള്ളവരെ കണ്ടെത്തി കൃത്യമായ ആക്ഷന്‍ പ്ലാനോടെയാണ് വാക്‌സിനേഷന്‍ നടത്തുന്നത്. രോഗലക്ഷണമുള്ളവര്‍ ഒരു കാരണവശാലും വാക്‌സിനെടുക്കാന്‍ പോകരുത്. 9593 പേരാണ് കണ്ടൈന്‍മെന്റ് വാര്‍ഡുകളില്‍ ഇനി ആദ്യഡോസ് വാക്‌സിന്‍ എടുക്കാനുള്ളത്. 500 മുതല്‍ 1000 വരെയുള്ള പല സെക്ഷനുകള്‍ തിരിച്ചായിരിക്കും വാക്‌സിന്‍ നല്‍കുക.

അതേസമയം, നിപ കോൺടാക്റ്റ് ലിസ്റ്റിലെ 3 പേരുടെ പരിശോധനാ ഫലവും നെഗറ്റീവ് ആയിരുന്നു. പൂനെയിലെ എൻഐവിയിലാണ് ഇതിന്റെ പരിശോധന നടന്നത്. ഇതോടെ 143 സാമ്പിളുകൾ നെഗറ്റീവ് ആയി. നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയെങ്കിലും എല്ലാവരും ജാഗ്രത പാലിക്കണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു.

Print Friendly, PDF & Email

Related News

Leave a Comment