റവ. ഡോ. സജി മുക്കൂട്ട് ഇനി മുതല്‍ ഡയറക്ടര്‍ ഓഫ് മിഷന്‍സ്; യാത്രയയപ്പ് ഞായറാഴ്ച

ഫിലാഡല്‍ഫിയ: ഏഴു വര്‍ഷക്കാലം സെ. ജൂഡ് സീറോ മലങ്കര കത്തോലിക്കാ പള്ളി വികാരിയായി സ്തുത്യര്‍ഹമായ സേവനമനുഷ്ഠിച്ച റവ. ഡോ. സജി ജോര്‍ജ് മുക്കൂട്ട് സഭാശുശ്രൂഷയുടെ അടുത്ത തലത്തിലേക്ക്. ഒക്ടോബര്‍ 1 നു അദ്ദേഹം ‘ഡയറക്ടര്‍ ഓഫ് സീറോമലങ്കര കാത്തലിക് മിഷന്‍സ് ഇന്‍ യു.എസ്.എ’ എന്ന പേരില്‍ അമേരിക്ക മുഴുവന്‍ സേവന പരിധി വ്യാപിച്ചു കിടക്കുന്ന അജപാലന ശുശ്രൂഷയുടെ ദേശീയ ഘട്ടത്തിലേക്കു പ്രവേശിക്കും.

പുതിയ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്നതിനായി ഇടവക വികാരി സ്ഥാനം ഒഴിയുന്ന ബഹുമാനപ്പെട്ട സജി അച്ചനു ഇടവക കൂട്ടായ്മയുടെ സ്നേഹനിര്‍ഭരമായ യാത്രയയപ്പ് സെപ്റ്റംബര്‍ 19 ഞായറാഴ്ച നല്‍കും. ബെന്‍സേലത്തുള്ള സെ. ജൂഡ് സീറോ മലങ്കര പള്ളിയില്‍ (1200 Park Ave, Bensalem, PA 19020) രാവിലെ 9:30 നു സജി അച്ചന്‍ കൃതഞ്ജതാ ബലിയര്‍പ്പിക്കും. വിശുദ്ധ കുര്‍ബാനയെതുടര്‍ന്നു നടക്കുന്ന അനുമോദന സമ്മേളനത്തില്‍ സീറോ മലങ്കര കത്തോലിക്കാ സഭയുടെ വടക്കേ അമേരിക്ക-കാനഡാ ഭദ്രാസന അദ്ധ്യക്ഷന്‍ അഭിവന്ദ്യ ഫിലിപ്പോസ് മാര്‍ സ്റ്റെഫാനോസ് മെത്രാപ്പോലീത്താ അദ്ധ്യക്ഷത വഹിക്കും.

ഭാഗ്യസ്മരണാര്‍ഹനായ ബെനഡിക്ട് മാര്‍ ഗ്രിഗോറിയോസ് തിരുമേനിയില്‍നിന്നും 1992 ല്‍ വൈദികപട്ടം സ്വീകരിച്ച സജി അച്ചന്‍ കേരളത്തിലെ വിവിധ ഇടവകകളില്‍ അജപാലനദൗത്യം പൂര്‍ത്തിയാക്കി 1996 ല്‍ അമേരിക്കയിലെത്തി ന്യൂയോര്‍ക്ക് ലോംഗ് ഐലന്‍ഡ്, ചിക്കാഗൊ, ഡിട്രോയിറ്റ് എന്നീ ഇടവകകളില്‍ സേവനമനുഷ്ഠിച്ചശേഷം 2014 ആഗസ്റ്റ് മുതല്‍ ഫിലാഡല്‍ഫിയാ സെ. ജൂഡ് സീറോമലങ്കര കത്തോലിക്കാ പള്ളിയുടെ വികാരിയായി ശുശ്രൂഷ ചെയ്യുന്നു.
സെ. ജൂഡ് വികാരി, ഹോസ്പിറ്റല്‍ ചാപ്ലൈന്‍ എന്നതിലുപരി ഫിലാഡല്‍ഫിയായിലെ സാമൂഹിക, സാസ്കാരിക മേഖലകളില്‍ തനതായ വ്യക്തിമുദ്ര പതിപ്പിച്ച സജി അച്ചന്‍റെ യാത്രയയപ്പു സമ്മേളനത്തില്‍ വിശാലഫിലാഡല്‍ഫിയ റീജിയണിലെ സഹോദരദേവാലയ വൈദികരും, ഇടവകസമൂഹത്തിന്‍റെയും, എക്യൂമെനിക്കല്‍ കൂട്ടായ്മയുടെയും ഭാരവാഹികളും, വൈദികരും, സന്യസ്തരും പങ്കെടുക്കും.

കൊവിഡ് സുരക്ഷാ ക്രമീകരണങ്ങള്‍ പൂര്‍ണമായും പാലിച്ചുകൊണ്ട് നടത്തപ്പെടുന്ന ദിവ്യബലിയിലും, യാത്രയയപ്പു സമ്മേളനത്തിലും നേരിട്ടെത്തി പങ്കെടുക്കാന്‍ സാധിക്കാത്തവര്‍ക്കായി കുര്‍ബാനയും, പൊതുസമ്മേളനവും ലൈവ് സ്ട്രീം ചെയ്യുന്നതാണ്. താഴെകൊടുത്തിരിക്കുന്ന YouTube ലിങ്ക് ഇതിനായി അന്നേ ദിവസം ഉപയോഗിക്കാം.

LIVE | Holy Mass | Farewell for Rev. Fr. Saji Mukkoot

https://youtu.be/tIFgdappxPk  

ആഘോഷങ്ങള്‍ ഭംഗിയാക്കുന്നതിനായി Farewell Committee Coordinator ഫിലിപ്പ് ജോണ്‍ (ബിജു), പാരീഷ് സെക്രട്ടറി ഷൈന്‍ തോമസ് എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ കമ്മിറ്റി പ്രവര്‍ത്തിക്കുന്നു.

യാത്രയയപ്പു സമ്മേളനത്തിന്‍റെ ക്രമീകരണങ്ങള്‍ക്കു നേതൃത്വം കൊടുക്കുന്ന ഫിലിപ്പ് ജോണ്‍ അറിയിച്ചതാണ് ഈ വിവരങ്ങള്‍.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫിലിപ്പ് ജോണ്‍ (ബിജു) 215 327 5052, ഷൈന്‍ തോമസ് 267 469 1971.

Print Friendly, PDF & Email

Related News

Leave a Comment