ഗീവർഗീസിനെ ചുമക്കുന്നവർ (കഥ): ജെയിംസ് കുരീക്കാട്ടിൽ

ഒന്ന് സ്പർശിച്ച മാത്രയിൽ തന്നെ ഗീവർഗീസ് പുണ്യാളന്റെ ചൈതന്യം ചാക്കോച്ചന്റെ ഹൃദയത്തിലേക്ക് മിന്നൽപിണറായി പ്രവഹിക്കുകയായിരുന്നു. ചാക്കോച്ചൻ പുണ്യാളന്റെ പ്രതിമ എടുക്കുകയായിരുന്നില്ല. പുണ്യാളൻ തന്റെ വെള്ള കുതിരയുമായി ചാക്കോച്ചന്റെ തോളിലേക്ക് ചാടി കയറുകയായിരുന്നെന്ന് വേണം പറയാൻ. പള്ളി പെരുന്നാളിന്റെ പ്രദക്ഷിണത്തിന് പുണ്യാളൻമാർ നിരനിരയായി അണിനിരന്നു കഴിഞ്ഞു. സെന്റ്‌ ജോസഫ്, സെന്റ്‌ തോമസ്, സെൻറ് സെബാസ്ററ്യനോസ്, സെൻറ് മേരി, സെൻറ് അൽഫോൻസാ, ഗീവർഗീസ് അങ്ങനെ പത്ത് പതിനാല് പുണ്യാളന്മാര്‍ ഉണ്ട്. എല്ലാവരെയും ചുമക്കാനുള്ളവരുടെ പേരും നേരത്തെ രജിസ്റ്റർ ചെയ്തിരുന്നതാണ്. അതിലൊന്നും ചാക്കോച്ചന്റെ പേര് ഉണ്ടായിരുന്നതല്ല. ഇതിലൊന്നും വലിയ താത്പര്യം ഉള്ള ആളുമല്ല അദ്ദേഹം. കമ്മ്യുണിറ്റിയിലെ മറ്റ് മെമ്പേഴ്‌സുമായ് സോഷ്യലൈസ് ചെയ്യാൻ ഒരു അവസരം എന്നതിൽ കവിഞ്ഞു ഇത്തരം ചടങ്ങുകളിൽ ഒന്നും സജീവമാകുന്ന സ്വഭാവം ചാക്കോച്ചനില്ല. പുണ്യാളൻമാരുടെ പ്രതിമ ചുമന്നുകൊണ്ട് പ്രദക്ഷിണം നടത്തുക, അത് കണ്ട് സ്വർഗ്ഗത്തിൽ ഇരുന്ന് പുണ്യാളന്മാർ ആനന്ദിക്കുക, അനുഗ്രഹം ചൊരിയുക എന്നതൊക്കെ ഒരു തമാശയായി മാത്രം കണ്ടിരുന്ന ചാക്കോച്ചന്റെ തോളത്താണ് ഇപ്പോൾ ഗീവർഗീസ് ചാടി കയറി ഇരിക്കുന്നത്. ഗീവർഗീസിനെ ആദ്യം എടുത്തയാൾ ഭാരക്കൂടുതൽ കൊണ്ട് ബുദ്ധിമുട്ടുന്നത് കണ്ട് ഒന്ന് സഹായിക്കാൻ തുനിഞ്ഞപ്പോഴാണ് കുന്തവുമായി ഗീവർഗീസ് ചാക്കോച്ചന്റെ തോളിലേക്ക് എടുത്ത് ചാടിയത്. ഏതായാലും തോളത്ത് പുണ്യാളൻ ഇരിക്കുകയാണ്. കാലം കുറെയായി മനസ്സിൽ കൊണ്ട് നടന്ന ചോദ്യങ്ങൾ പുണ്യാളനോട് ചോദിച്ചറിയാൻ ഇത് തന്നെ പറ്റിയ അവസരം.

“പുണ്യാളാ, നിങ്ങൾ ശരിക്കും ജീവിച്ചിരുന്ന മനുഷ്യൻ തന്നെയാണോ? അതോ വെറും ഒരു കെട്ടുകഥ മാത്രമാണോ? നിങ്ങളുടെ കഥ കേട്ടാൽ രാമായണത്തിലും മഹാഭാരതത്തിലുമൊക്കെ ഉള്ളതിനേക്കാൾ വിചിത്രമായ ഒരു കഥയായേ തോന്നൂ. ഒരു നാട്ടിൽ പെൺകുട്ടികളെ തിന്നുന്ന ഒരു വ്യാളി പ്രത്യക്ഷപ്പെടുക. അതും കന്യകയായ പെൺകുട്ടികളെ മാത്രം…. നാടിനെ രക്ഷിക്കാൻ കന്യകയായ ഓരോ പെൺകുട്ടി വീതം ഓരോ ദിവസവും വ്യാളിക്ക് തിന്നാൻ ഗുഹയുടെ മുമ്പിൽ പോയി നിന്ന് കൊടുക്കുക. അവസാനം രാജാവിന്റെ മകളുടെ ഊഴം എത്തുമ്പോൾ അങ്ങ് കുതിരപ്പുറത്ത് എത്തി കുന്തം കൊണ്ട് വ്യാളിയെ കുത്തിക്കൊന്ന് രാജകുമാരിയെ രക്ഷിക്കുന്നതാണല്ലോ സംഭവം. ഈ പൊട്ടക്കഥയൊക്കെ ഞങ്ങൾ വിശ്വസിച്ച് അങ്ങയോട് പ്രാർത്ഥിക്കണമെന്നാണോ? എന്നിട്ടിങ്ങനെ പെരുന്നാൾ പ്രദക്ഷിണത്തിന് അങ്ങയുടെ ഈ പ്രതിമയും പൊക്കിപ്പിടിച്ച് നടത്തിക്കുന്നതിന്റെ ഒക്കെ വല്യ കാര്യവുമുണ്ടോ?”

ചോദ്യം കേട്ട് പുണ്യാളന് ശരിക്കും ദേഷ്യം വന്നു. “എടാ ഈ പൊട്ട കഥ വിശ്വസിക്കണമെന്നോ, എന്നെ പുണ്യാളനാക്കി പ്രാര്‍ത്ഥിക്കമെന്നോ ഞാൻ നിന്നോടൊക്കെ പറഞ്ഞോ? ഈ പൊട്ട കഥയുണ്ടാക്കിയതും എന്നെ പുണ്യാളൻ ആക്കിയതുമൊക്കെ നിന്റെ മതവും നിന്റെ പുരോഹിതരുമല്ലേ. അവർ അതുകൊണ്ട് വരുമാനവും ഉണ്ടാക്കുന്നുണ്ട്. അതിന് ഞാൻ എന്ത് പിഴച്ചു. ഇനി ഇത് പോലുള്ള മണ്ടൻ ചോദ്യങ്ങൾ ചോദിച്ചാൽ കൈയ്യിൽ ഇരിക്കുന്ന കുന്തം കൊണ്ട് നിന്റെ കണ്ണ് ഞാൻ കുത്തി പൊട്ടിക്കും. നിനക്ക് വേറെ കാര്യമുള്ള കാര്യങ്ങളൊന്നും ചോദിക്കാനില്ലേ?”

“ഉണ്ട് പുണ്യാളാ. കുറച്ച് വർഷങ്ങൾക്ക് മുമ്പ് മാർപ്പാപ്പ, അങ്ങയേയും അങ്ങയെപോലെ പൊട്ടക്കഥകളുടെ പിൻബലത്തിൽ പുണ്യാളനായ കുറെ പേരെയും പുണ്യാളന്മാരുടെ പട്ടികയിൽ നിന്ന് ഒഴിവാക്കിയിരുന്നു എന്ന് കേട്ടിരുന്നല്ലോ. സെൻറ് നിക്കോളാസിനെയും, സെൻറ് ക്രിസ്റ്റഫറിനെയും, സെൻറ് ഉർസുലയെയും, സെൻറ്നെ ഫിലോമിനയെയും ഒക്കെ ഒഴിവാക്കിയ കൂട്ടത്തിൽ അങ്ങയേയും ഒഴിവാക്കിയിരുന്നതല്ലേ? പിന്നെങ്ങനെയാണ് അങ്ങ് ഇപ്പോഴും പുണ്യാളനായി തുടരുന്നത്.”

“നീ പറഞ്ഞത് ശരിയാണ്. പക്ഷെ നിന്റെ ചോദ്യത്തിന്റെ ഉത്തരം നീ നിന്റെ സഭാ അധികാരികളോട് തന്നെ ചോദിക്കണം. എടാ നിന്റെ നാട്ടിൽ ഏറ്റവും പണം കൊയ്യുന്നത് എന്റെ പേരിലുള്ള പള്ളികളാ. ഞാൻ പുണ്യാളൻ ആണേലും അല്ലേലും ആ വരുമാനം വിട്ട് കളയാൻ നിന്റെ തിരുമേനിമാർ സമ്മതിക്കുമെന്ന് കരുതുന്നുണ്ടോ?”

“അപ്പോ പുണ്യാളാ, അങ്ങ് ശരിക്കും പുണ്യാളൻ അല്ലെങ്കിൽ അങ്ങയോട് പ്രാർത്ഥിക്കുന്നവരുടെ കാര്യങ്ങൾ സാധിക്കുന്നതിന്റെ ഗുട്ടൻസ് എന്താണ്?”

“എടാ മണ്ടാ, നടക്കാൻ സാധ്യതയുള്ള കാര്യങ്ങൾക്ക് വേണ്ടിയല്ലേ നീയൊക്കെ പ്രാർത്ഥിക്കുന്നത്. അല്ലാതെ മരിച്ച ഒരാളെ ഉയിർപ്പിക്കാൻ വേണ്ടി നീയൊന്നും പ്രാർത്ഥിക്കില്ലല്ലോ. മുറിഞ്ഞു പോയ ഒരു കൈയ്യോ കാലോ വളർന്നു വരാനും പ്രാർത്ഥിക്കില്ല. ഒരു അസുഖം വന്നാൽ മരുന്ന് കഴിച്ചതിന് ശേഷം ഭേദമാവാനും, ജോലി കിട്ടാനും, പരീക്ഷക്ക് ജയിക്കാനുമൊക്കെയല്ലേ നീയൊക്കെ പ്രാർത്ഥിക്കുന്നത്. അത് നീ എന്നോട് പ്രാർത്ഥിച്ചാലും, മറ്റ് ഏതെങ്കിലും ദൈവങ്ങളോട് പ്രാർത്ഥിച്ചാലും ഇനി ആരോടും പ്രാത്ഥിച്ചില്ലെങ്കിലും, നടക്കാൻ സാധ്യതയുള്ളതെല്ലാം നടക്കും. അല്ലാതെ പഠിക്കാതെ പരീക്ഷ എഴുതിയാൽ 80 % മാർക്ക് തന്ന് ജയിപ്പിക്കാൻ ഞാൻ വട്ടായിലച്ചൻ അല്ല. നിന്റെയൊക്കെ ഭാവനയിൽ വിരിഞ്ഞ വെറും ഒരു പുണ്യാളനാ, പുണ്യാളൻ.”

ഇത് പറഞ്ഞു പുണ്യാളൻ പൊട്ടിച്ചിരിച്ചു. ക്രമേണ പുണ്യാളന്റെ ചിരി ചാക്കോച്ചനിലേക്കും പടർന്നു. ചാക്കോച്ചൻ കുലുങ്ങി ചിരിച്ചതും, തോളത്തിരുന്ന പ്രതിമ കുലുങ്ങിയതിനാൽ പുണ്യാളന്റെ കൈയ്യിലെ കുന്തം വന്ന് കണ്ണിൽ തറച്ചതും പെട്ടെന്നായിരുന്നു.

“അയ്യോ എന്റെ കണ്ണ്” – ചാക്കോച്ചൻ ഞെട്ടിയെഴുന്നേറ്റു.

“എന്ത് പറ്റി മനുഷ്യാ”

തൊട്ടടുത്ത് ഉറങ്ങുകയായിരുന്ന ഭാര്യ റോസകുട്ടിയും ചാക്കോച്ചന്റെ നിലവിളി കേട്ട് ഞെട്ടിയുണർന്നു. അപ്പോൾ ഇതെല്ലം ഒരു സ്വപ്‌നമായിരുന്നോ? ചാക്കോച്ചൻ ചിന്താമഗ്നനായി.

“ഇങ്ങനെ നിരീശ്വരവാദം പറയുകയും എഴുതുകയും ചെയ്യുന്നത് കൊണ്ടാ ദുഃസ്വപ്നങ്ങൾ കാണുന്നത്. പ്രാർത്ഥിച്ചിട്ട് കിടക്കാൻ നോക്ക്. പുണ്യാളൻ കാത്തോളും.”

റോസകുട്ടിയുടെ പതിവ് ഉപദേശം ചെവികളിൽ വന്നു പതിച്ചു. പിന്നെ ചാക്കോച്ചൻ ഒന്നും ആലോചിക്കാൻ നിന്നില്ല. പ്രാർത്ഥിച്ചു. നാട്ടിലെ കോഴികളെയെല്ലാം കാത്ത് രക്ഷിക്കുന്ന പുണ്യാളാ, ഈ അവിശ്വാസിയെ കൂടി കാത്തോളണേ. സമൂഹത്തിലെ പാമ്പുകളിൽ നിന്ന് രക്ഷിക്കേണമേ……!!

Print Friendly, PDF & Email

Related News

Leave a Comment