ആറ് മാസം മുമ്പ് കാണാതായ 17 വയസ്സുകാരന്റെ മൃതദേഹം പൂട്ടിയിട്ട വീട്ടിൽ കണ്ടെത്തി

തളിക്കുളം (തൃശൂർ): 6 മാസം മുമ്പ് വാടാനപ്പള്ളിയിലെ ഒരു ബാങ്കിൽ അമ്മയോടൊപ്പം പോയി അവിടെനിന്ന് കാണാതായ 17 കാരനായ അമൽ കൃഷ്ണയുടെ മൃതദേഹം 4 കിലോമീറ്റർ അകലെ പൂട്ടിയിട്ട വീട്ടിൽ കണ്ടെത്തി. കാണാതായ സമയത്ത് അമലിന്റെ കൈയ്യിലുണ്ടായിരുന്ന എടിഎം കാർഡിനൊപ്പം മൊബൈൽ ഫോണും ഫോട്ടോകളും കണ്ടെത്തി. സിം കാർഡ് ഒടിച്ചു മടക്കി ഫോട്ടോയോടൊപ്പം പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞിരുന്നു. ചുമരിലെ ഫോൺ നമ്പറും വിലാസവും അമൽ എഴുതിയതാണെന്ന് ബന്ധു തിരിച്ചറിഞ്ഞു.

തളിക്കുളം ഹൈസ്കൂൾ ഗ്രൗണ്ടിന് സമീപമുള്ള പാടൂരിൽ നിന്നുള്ള ഒരു പ്രവാസിയുടെ 15 വർഷത്തിലേറെയായി അടഞ്ഞു കിടക്കുന്ന വീട്ടിലാണ്‍ മൃതദേഹം കണ്ടെത്തിയത്. ചുറ്റുമുള്ള കാട് വെട്ടിത്തെളിയിച്ചിട്ടുണ്ടെങ്കിലും ആറു മാസത്തിലേറെയായി ആരും വീട്ടിൽ പ്രവേശിച്ചിരുന്നില്ല. ഹോട്ടൽ നടത്താൻ സ്ഥലം തേടിയിരുന്ന ഒരു വ്യാപാരിയാണ് മൃതദേഹം കണ്ടെത്തിയത്. അമലിന്റെ വീട്ടിൽ നിന്ന് 10 കിലോമീറ്റർ അകലെയാണ് ഈ വീട്.

കയറിലൂടെ തല ഊർന്നു തുടങ്ങിയ നിലയിലുള്ള മൃതദേഹത്തിന്റെ കഴുത്തിനു താഴെയുള്ള ഭാഗം കിടക്കുന്ന നിലയിലായിരുന്നു. ജീൻസും ഷർട്ടും ധരിച്ചിട്ടുണ്ട്. ‍‌മരിച്ചത് അമൽ തന്നെയാണെന്ന് തെളിവുകളുടെ അടിസ്ഥാനത്തിൽ പൊലീസ് കണ്ടെത്തിയെങ്കിലും ഡിഎൻഎ പരിശോധനയ്ക്കു ശേഷമേ ഔദ്യോഗികമായി സ്ഥിരീകരിക്കൂ. മെഡിക്കൽ കോളജിലേക്കു മാറ്റിയ മൃതദേഹം ഇന്നു പോസ്റ്റ്മോർട്ടം ചെയ്യും.

പ്രവാസി മലയാളി ചേറ്റുവ ഏങ്ങണ്ടിയൂർ ചാണാശേരി സനോജിന്റെയും ലൈബ്രേറിയൻ ശിൽപയുടെയും മൂത്ത മകനും പാവറട്ടി സെന്റ് ജോസഫ്സ് സ്കൂളിലെ പ്ലസ്‌ വൺ വിദ്യാർഥിയുമായ അമലിനെ മാർച്ച് 18ന് ആണു കാണാതായത്. എടിഎം കാർഡിനു തകരാർ ഉണ്ടെന്നു പറഞ്ഞതിനെ തുടർന്ന് അതു പരിഹരിക്കാൻ അമ്മ ഒപ്പം കൂട്ടുകയായിരുന്നു. അമ്മയുടേയും അമലിന്റെയും അക്കൗണ്ടുകൾ രണ്ടു ബാങ്കുകളിലായിരുന്നു.

സ്വന്തം അക്കൗണ്ടുള്ള ബാങ്കിലെ ഇടപാട് തീർക്കാൻ അമ്മ അടുത്ത ബാങ്കിലേക്ക് പോയപ്പോഴാണ് പുറത്ത് നിന്നിരുന്ന അമലിനെ കാണാതായത്. ആഴ്ചകൾക്ക് മുമ്പ്, അമലിന്റെ അക്കൗണ്ടിൽ നിന്ന് രണ്ട് പ്രാവശ്യം 10,000 രൂപ ഓൺലൈൻ പേയ്മെന്റ് ആപ്ലിക്കേഷൻ വഴി പിൻവലിച്ചതായി കണ്ടെത്തിയിട്ടുണ്ട്.

Print Friendly, PDF & Email

Related News

Leave a Comment