തൃശൂര്‍ ശക്തന്‍ മാര്‍ക്കറ്റ് വികസനത്തിന് ഒരു കോടി രൂപ ; സമഗ്രമായ മാസ്റ്റർ പ്ലാനുമായി സുരേഷ് ഗോപി

തൃശൂർ: തിരഞ്ഞെടുപ്പ് വേളയില്‍ വാഗ്ദാനം ചെയ്തിരുന്ന ശക്തൻ മാർക്കറ്റ് വികസനവുമായി ബന്ധപ്പെട്ട് സുരേഷ് ഗോപി എം.പി. തൃശൂര്‍ മേയർ എം.കെ. വർഗീസുമായി കൂടിക്കാഴ്ച നടത്തി. ശക്തൻ വികസനത്തിന് ഒരു കോടി രൂപയാണ് സുരേഷ് ഗോപി വാഗ്ദാനം ചെയ്തിരുന്നത്. എംപി ഫണ്ടിൽ നിന്നോ കുടുംബ ട്രസ്റ്റിൽ നിന്നോ പണം നൽകാമെന്നായിരുന്നു വാഗ്ദാനം.

വികസനത്തിനായി മനസ്സിൽ സമഗ്രമായ ഒരു മാസ്റ്റർ പ്ലാൻ ഉണ്ടെന്ന് മേയർ സുരേഷ് ഗോപിയെ അറിയിച്ചു. ഇതിന്റെ കരട് നവംബർ 15 ന് മുമ്പ് നൽകുമെന്നും അദ്ദേഹത്തോടു പറഞ്ഞു.

പച്ചക്കറി, ഇറച്ചി മാര്‍ക്കറ്റുകള്‍ക്ക് 50 ലക്ഷം രൂപ വീതം നൽകാനാണ് അദ്ദേഹത്തിന്റെ പദ്ധതി. സമഗ്ര വികസനത്തിനായി ശക്തനിൽ മൊത്തം 36 ഏക്കർ ഭൂമി ഏറ്റെടുക്കാൻ ഉദ്ദേശിക്കുന്നതായി മേയർ പറഞ്ഞു. നേരത്തെയുണ്ടായിരുന്ന ഗ്രേറ്റ് ശക്തൻ പദ്ധതിയെക്കുറിച്ച് മേയർ സുരേഷ് ഗോപിയെ അറിയിച്ചു. 700 കോടി രൂപ ചെലവിൽ ശക്തമായ വികസനമാണ് വിഭാവനം ചെയ്തിരിക്കുന്നത്.

ഈ പദ്ധതി തീര്‍ത്തും ഒഴിവാക്കേണ്ടെന്നും കേന്ദ്രസര്‍ക്കാറിനെക്കൊണ്ട് ഈ പദ്ധതി അംഗീകരിപ്പിക്കാൻ പറ്റുമോ എന്ന് താന്‍ പരിശ്രമിക്കുമെന്നും സുരേഷ്ഗോപി പറഞ്ഞതായി മേയര്‍ പറഞ്ഞു. മേയര്‍ക്കൊപ്പം പി.കെ. ഷാജന്‍, എന്‍.എ. ഗോപകുമാര്‍ എന്നിവരുമ ചര്‍ച്ചയില്‍ പങ്കെടുത്തു.

സുരേഷ്ഗോപിക്കൊപ്പം ബി.ജെ.പി.നേതാക്കളും കൗണ്‍സിലര്‍മാരും ഉണ്ടായിരുന്നു. ജില്ലാ പ്രസിഡന്റ് കെ.കെ. അനീഷ്‌കുമാര്‍, രഘുനാഥ് സി. മേനോന്‍, എന്‍. പ്രസാദ്, ഡോ. വി. ആതിര, കെ.ജി. നിജി, എം.വി. രാധിക, പൂര്‍ണിമ, വിന്‍ഷി അരുണ്‍കുമാര്‍ എന്നിവരാണ് കൂടിയെുണ്ടായിരുന്നത്.

Print Friendly, PDF & Email

Leave a Comment