മകന് 10 മില്യണ്‍ ഡോളര്‍ ഇന്‍ഷ്വറന്‍സ് തുക ലഭിക്കാന്‍ തന്നെ കൊല്ലാന്‍ പിതാവ് വാടകക്കൊലയാളിയെ ഏര്‍പ്പാടു ചെയ്തു

സൗത്ത് കരോളിന: മകന് 10 മില്യണ്‍ ഡോളര്‍ ഇന്‍ഷ്വറന്‍സ് തുക ലഭിക്കാന്‍ തന്നെ കൊല്ലാന്‍ പിതാവ് വാടകക്കൊലയാളിയെ ഏര്‍പ്പാടു ചെയ്തു. സൗത്ത് കരോളിനയിലെ പ്രമുഖ അഭിഭാഷകനായ അലക്‌സ് മര്‍ഡാം ആണ് ഈ പദ്ധതി തയ്യാറാക്കിയത്.

അതനുസരിച്ച് അലക്സും വാടകക്കൊലയാളിയും വ്യത്യസ്ത കാറുകളില്‍ യാത്ര ആരംഭിച്ചു. വിജനമായ സ്ഥലത്ത് എത്തിയപ്പോള്‍ അലക്‌സ് കാറില്‍ നിന്നും പുറത്തിറങ്ങി. പുറകില്‍ എത്തിയ കൊലയാളി അലക്‌സിന്റെ തലക്ക് നേരെ വെടിയുതിര്‍ത്തു. പക്ഷെ ബുള്ളറ്റ് ലക്ഷ്യം കണ്ടില്ല. തലക്ക് മുകളിലൂടെ ചീറിപ്പാഞ്ഞു പോയ ബുള്ളറ്റ് തൊലിപ്പുറത്ത് മാത്രമാണ് പരിക്കേല്‍പ്പിച്ചത്. നിലത്ത് വീണ അലക്‌സ് 911 ല്‍ വിളിച്ച തനിക്ക് വെടിയേറ്റുവെന്ന് അറിയിച്ചു. ഉടനെ സ്ഥലത്ത് എത്തിയ പോലീസ് ഹെലികോപ്ടറില്‍ അലക്‌സിനെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു.

പ്രഥമ ശുശ്രൂഷ നല്‍കി ആശുപത്രിയില്‍ നിന്നും പുറത്ത് കടക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ അലക്‌സ് സംഭവിച്ചതെല്ലാം പോലീസിനോട് ഏറ്റുപറഞ്ഞു. താന്‍ തന്നെയാണ് വാടകക്കൊലയാളിയെ റിവോള്‍വര്‍ ഏല്‍പ്പിച്ചതെന്നും പ്രതിഫലം വാഗ്ദാനം ചെയ്തുവെന്നും പറഞ്ഞു. വെടി വെച്ച് കാറില്‍ കയറി രക്ഷപ്പെട്ട കര്‍ട്ടിസ് എഡ്വേഡ് (61) എന്ന വാടകക്കൊലയാളിയെ പോലീസ് തിരയുന്നുണ്ട്. ആത്മഹത്യ ചെയ്യുന്നതിന് കൂട്ടുനിന്നുവെന്നും, റിവോള്‍വര്‍ ഉപയോഗിച്ച് വെടിവച്ചുവെന്നുമാണ് ഇയാള്‍ക്കെതിരെ കുറ്റം ചാര്‍ത്തിയിരിക്കുന്നത്.

അലക്‌സിനെതിരെ ഇത് വരെ കേസ്സെടുത്തിട്ടില്ലെന്ന് പോലീസ് പറഞ്ഞു. അലക്‌സ് മയക്കുമരുന്നിന് അടിമയായിരുന്നുവെന്നും ചില മാസങ്ങള്‍ക്ക് മുന്‍പ് ഭാര്യയും മറ്റൊരു മകനും അജ്ഞാതന്റെ വെടിയേറ്റ് മരിച്ചതില്‍ നിരാശനായിരുന്നുവെന്നും പോലീസ് പറഞ്ഞു. താന്‍ മരിച്ചാല്‍ ജീവിച്ചിരിക്കുന്ന മകനെങ്കിലും രക്ഷപ്പെടുമല്ലോ എന്ന ചിന്തയും ഇയാള്‍ക്ക് ഉണ്ടായിരുന്നതായി പറയപ്പെടുന്നു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment