ഹോളിവുഡ് സിനിമയിൽ മലയാളി യുവാവ് അരങ്ങേറ്റം കുറിച്ചു

ന്യൂയോർക്ക്: ആമസോണ്‍ പ്രൈമില്‍ അടുത്ത സമയത്ത് റീലീസ് ചെയ്ത ഇംഗ്ലീഷ് ഫീച്ചര്‍ ഫിലിമായ ‘സ്‌പോക്കണ്‍’ എന്ന സിനിമയില്‍ ടൈലര്‍ എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച് കൊണ്ടാണ് കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി തമ്പലമണ്ണ തോണിപ്പാറ ഡേയ്‌സിയുടെയും പാലാ മേലുകാവിൽ ഇടമറുക് പ്ലാക്കുട്ടത്തിൽ ആന്റണിയുടെയും മകൻ എബിൻ ആന്റണി അരങ്ങേറ്റം കുറിച്ചിരിക്കുന്നത്.

ടെനില്‍ റാന്‍സം രചനയും, സംവിധാനവും നിര്‍വ്വഹിച്ച ഹൊറര്‍ സസ്‌പെന്‍സ് ത്രില്ലര്‍ സിനിമയായ സ്‌പോക്കണില്‍ നായിക കഥാപാത്രത്തോട് അഭിനിവേശമുള്ള ഒരു സംഗീതജ്ഞനായിട്ടാണ് ടൈലര്‍ എന്ന കഥാപാത്രത്തെ എബിൻ അവതരിപ്പിച്ചിരിക്കുന്നത്. ഒരു വേനൽക്കാല ക്യാമ്പിലെ സ്കോളർഷിപ്പ് മത്സരത്തിൽ പങ്കെടുക്കാൻ എത്തുന്ന ഒരു കൂട്ടം സുഹൃത്തുക്കൾക്കിടയിൽ ക്യാമ്പസിലെ നിഗൂഡതയാർന്ന ഞണ്ടുകളെ ചുറ്റിപറ്റിയുള്ള കഥയാണ് ഇതിൽ ചിത്രീകരിച്ചിരിക്കുന്നത്. ക്യാമ്പസ് മുഴുവൻ നിറഞ്ഞിരിക്കുന്ന കൊക്കൂണുകൾ എവിടെ നിന്നാണ് വന്നതെന്നും അവയെ എങ്ങനെ തോൽപ്പിക്കാമെന്നും അവർ കണ്ടെത്തുന്നു. ദൈനം ദിന സംഭാഷണങ്ങളിൽ ഉപയോഗിക്കുന്ന വാക്കുകൾ കാരണം മനുഷ്യർ എങ്ങനെയാണ് പൈശാചിക ആക്രമണത്തിന് ഇരയാകുന്നത് എന്നും സിനിമ വിശദീകരിക്കുന്നു.

വിദ്യാലയ കലാവേദികളില്‍ നൃത്തം, നാടകം, മിമിക്രി തുടങ്ങിയ കലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച എബിന്‍ ആന്റണി സിനിമയുടെ സിരാകേന്ദ്രമായ ചെന്നൈയുടെ മടിത്തട്ടില്‍ കളിച്ചു വളര്‍ന്നതു കൊണ്ട് സിനിമാ അഭിനയം ഒരു പാഷനായി മനസ്സില്‍ കൊണ്ടു നടക്കുകയായിരുന്നു. എഞ്ചിനിയറിങ്ങ് പഠനത്തിനിടയില്‍ നൂറിലേറെ മലയാളം, തമിഴ്, ഇംഗ്ലീഷ് സിനിമകള്‍ക്കും കാര്‍ട്ടൂണുകള്‍ക്കും ഡബ്ബിങ്ങും ചെയ്തും തിരക്കഥകള്‍ എഴുതിയുമാണ് എബിന്‍ സിനിമാ മേഖലയിലേക്ക് ചുവടു വെച്ചത്.

അമേരിക്കയില്‍ ഉപരിപഠനാര്‍ത്ഥം എത്തിയപ്പോഴാണ് എബിന് വീണ്ടും അഭിനയിക്കാനുള്ള മോഹം ഉടലെടുത്തത്. പഠനത്തിന് ശേഷം അഭിനയം കൂടുതല്‍ മികവുറ്റതാക്കാന്‍ ലോസാഞ്ചല്‍സിലുള്ള ന്യൂയോര്‍ക്ക് ഫിലിം അക്കാദമിയില്‍ ആക്ടിംഗ് പഠിച്ചു. ലിയനാര്‍ഡോ ഡികാപ്രിയായോ പോലുള്ള പല പ്രഗത്ഭരായ ഓസ്‌കാര്‍, എമി അവാര്‍ഡ് ജേതാക്കളുടെ ആക്ടിങ്ങ് കോച്ചായ ലാറി മോസിന്റെയും, റ്റിം ഫിലിപ്‌സിന്റെയും കീഴില്‍ ഇപ്പോള്‍ അഭിനയം പരിശീലിച്ചു കൊണ്ടിരിക്കുകയാണ് എബിന്‍. അതുപോലെ തന്നെ മുന്‍ ഹിന്ദുസ്ഥാൻ യൂണിവേഴ്‌സിറ്റി സോക്കര്‍ കളിക്കാരനും, മിക്‌സഡ് മാര്‍ഷ്യലാര്‍ട്ടിസ്റ്റും, നര്‍ത്തകനുമാണ്.

ടോം ലെവിന്റെ ‘പാര്‍ട്ടി’ എന്ന നോവലിനെ ആസ്പദമാക്കി കെവിന്‍ സ്റ്റീവന്‍സണ്‍ സംവിധാനം ചെയ്ത ‘ബട്ടര്‍ഫ്‌ളൈസ്’ ആണ് എബിന്റെ അടുത്ത സിനിമ. ഈ വര്‍ഷം ‘ബട്ടര്‍ഫ്‌ളൈസ്’ റിലീസ് ചെയ്യും. ഹോളിവുഡ് സിനിമകളില്‍ അഭിനയിക്കുമ്പോഴും മാതൃഭാഷയായ മലയാളത്തിലും സ്വദേശ സിനിമകളിലും അഭിനയിച്ച് ശ്രദ്ധേയനാവണം എന്നാണത്രേ ലക്ഷ്യം. അതിനായുള്ള പരിശ്രമത്തിലും കൂടിയാണ് പ്രവാസി മലയാളി ഫെഡറേഷൻ അമേരിക്ക റീജിയൺ അംഗംകൂടിയായ എബിൻ ആന്റണി എന്ന യുവ എഞ്ചിനീയര്‍.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News