പ്രൊഫഷണല്‍ കോളേജുകള്‍ കേന്ദ്രീകരിച്ച് പെണ്‍‌കുട്ടികളെ തീവ്രവാദത്തിലേക്ക് ആകര്‍ഷിക്കാന്‍ ശ്രമമെന്ന് സിപി‌എം

തിരുവനന്തപുരം: പ്രൊഫഷണല്‍ കോളേജുകള്‍ കേന്ദ്രീകരിച്ച് യുവതികളെ തീവ്രവാദത്തിലേക്ക് ആകര്‍ഷിക്കാന്‍ ബോധപൂര്‍വ്വമായ ശ്രമം നടക്കുന്നുണ്ടെന്ന് സിപിഎം. പാര്‍ട്ടി സമ്മേളനങ്ങളുടെ ഉദ്ഘാടന പ്രസംഗം സംബന്ധിച്ച് നല്‍കിയ കുറിപ്പിലാണ് ഇക്കാര്യം പറയുന്നത്. വര്‍ഗീയതയിലേക്കും തീവ്രവാദത്തിലേക്കും യുവാക്കളെ ആകര്‍ഷിക്കാന്‍ ശ്രമം നടക്കുന്നതായി കുറിപ്പില്‍ വ്യക്തമാക്കുന്നു. സെപ്തംബര്‍ പത്താം തിയതിയാണ് സംസ്ഥാന നേതൃത്വത്തില്‍ നിന്ന് ഈ കുറിപ്പ് അച്ചടിച്ച് ഇറക്കിയിരിക്കുന്നത്. ഇത് പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന്റെ നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തിന് മുമ്പാണെന്നത് ശ്രദ്ധേയം.

ബ്രാഞ്ച്, ലോക്കല്‍ സമ്മേളനങ്ങളില്‍ നടത്തേണ്ട ഉദ്ഘാടന പ്രസംഗത്തെക്കുറിച്ചാണ് നേതാക്കള്‍ക്ക് നല്‍കിയ ഈ കുറിപ്പില്‍ വിശദീകരിക്കുന്നത്.  ഇതിലെ ‘ന്യൂനപക്ഷ വര്‍ഗീയത’ എന്ന തലക്കെട്ടിന് കീഴിലാണ് യുവാക്കളെ തീവ്രവാദത്തിലേക്ക് ആകര്‍ഷിക്കാനുള്ള ശ്രമം നടക്കുന്നുവെന്ന് വ്യക്തമാക്കുന്നത്.

സംഘപരിവാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ന്യൂനപക്ഷ വിഭാഗങ്ങളില്‍ അരക്ഷിതാവസ്ഥ ഉണ്ടാക്കിയിട്ടുണ്ട്. മുസ്ലീം സംഘടനകളിലെല്ലാം നുഴഞ്ഞുകയറി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ തീവ്രവാദ രാഷ്ട്രീയക്കാര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. ഇസ്ലാമിക രാഷ്ട്ര സ്ഥാപനത്തിനായി പ്രവര്‍ത്തിക്കുന്ന ജമാ അത്തെ ഇസ്ലാമി അതിന്റെ ആശയപരമായ വേരുകള്‍ മുസ്ലീം സമൂഹത്തിലും പൊതുസമൂഹത്തിലും വ്യാപിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തുന്നു.

പൊതുവേ വര്‍ഗീയ ആശയങ്ങള്‍ക്ക് കീഴ്‌പ്പെടാത്ത ക്രൈസ്തവ വിഭാഗത്തിലും ചെറിയൊരു വിഭാഗം ഇത്തരത്തിലുള്ള പ്രവര്‍ത്തനത്തിലേക്ക് പോകുന്നുണ്ടെന്നും ക്രൈസ്തവ വിഭാഗത്തെ മുസ്ലീം വിഭാഗത്തിന് എതിരാക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും കുറിപ്പില്‍ പറയുന്നു. ഇതിനെതിരെ ജാഗ്രത പാലിക്കുകയും ഇടപെടല്‍ നടത്തുകയും വേണം. ക്ഷേത്രക്കമ്മിറ്റികള്‍ കേന്ദ്രീകരിച്ച് ബിജെപിയും സംഘപരിവാറും സ്വാധീനം വര്‍ധിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. ഇക്കാര്യത്തിലും ജാഗ്രത പാലിക്കണം. ക്ഷേത്രക്കമ്മിറ്റികള്‍ ബിജെപി നിയന്ത്രണത്തിലേക്ക് പോകാതിരിക്കാനുള്ള ഇടപെടല്‍ വേണമെന്നും കുറിപ്പില്‍ ആവശ്യപ്പെടുന്നു.

           

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment