മുതിർന്ന പത്രപ്രവർത്തകൻ കെ.എം. റോയ് (84) അന്തരിച്ചു

മുതിർന്ന മാധ്യമപ്രവർത്തകൻ കെ എം റോയ് ശനിയാഴ്ച ഉച്ചയ്ക്ക് കടവന്ത്രയിലെ കെ പി വള്ളോൻ റോഡിലുള്ള വസതിയിൽ വച്ച് അന്തരിച്ചു. 84 വയസ്സായിരുന്നു.

ഒരു ബഹുമുഖ വ്യക്തിത്വത്തിനുടമയായ അദ്ദേഹം ഒരു എഴുത്തുകാരനായും അധ്യാപകനായും തന്റെ വ്യക്തിമുദ്ര പതിപ്പിച്ചു. ഇന്ത്യൻ ഫെഡറേഷൻ ഓഫ് വർക്കിംഗ് ജേർണലിസ്റ്റുകളുടെ സെക്രട്ടറി ജനറലും കേരള യൂണിയൻ ഓഫ് വർക്കിംഗ് ജേണലിസ്റ്റ്സിന്റെ (KUWJ) രണ്ടു തവണ സംസ്ഥാന പ്രസിഡന്റുമായിരുന്നു.

കഴിഞ്ഞ ഏഴു വര്‍ഷത്തോളമായി പക്ഷാഘാതം മൂലം അദ്ദേഹം പൊതുരംഗത്തു നിന്ന് പൂര്‍ണ്ണമായി മാറി നില്‍ക്കുകയായിരുന്നു. കെ.എം.റോയ് പല നിലകളില്‍ തിളങ്ങിയ വ്യക്തിത്വമാണ്. മഹാരാജാസിലെ രാഷ്ട്രീയക്കാരനില്‍ തുടങ്ങി പത്രപ്രവര്‍ത്തകനായി പേരെടുത്ത് പിന്നീട് പ്രഭാഷകനായും കോളമിസ്റ്റായും പത്രപ്രവര്‍ത്തക യൂണിയന്‍ നേതാവായും റോയ് മാറി.

നിരവധി പ്രസിദ്ധീകരണങ്ങൾ
1961-ല്‍ മത്തായി മാഞ്ഞൂരാന്റെ ‘കേരളപ്രകാശം’ എന്ന പത്രത്തില്‍ എറണാകുളം മഹാരാജാസ് കോളേജില്‍ എം.എ വിദ്യാര്‍ഥിയായിരിക്കെ തന്നെ, സഹപത്രാധിപരായി ചേര്‍ന്നുകൊണ്ടു മാധ്യമ ജീവിതത്തിന് തുടക്കം കുറിച്ചു. അതിനു ശേഷം ‘ദേശബന്ധു’, ‘കേരളഭൂഷണം’ എന്നീ പത്രങ്ങളില്‍ പ്രവര്‍ത്തിച്ചു. ‘എക്കണോമിക് ടൈംസ്’, ‘ദി ഹിന്ദു’ തുടങ്ങിയ പത്രങ്ങളിലും യു.എന്‍.ഐ.’ വാര്‍ത്താ ഏജന്‍സിയിലും പ്രവര്‍ത്തിച്ചു. ‘മംഗളം’ ദിനപത്രത്തിന്റെ ജനറല്‍ എഡിറ്റര്‍ പദവിയിലിരിക്കെ സജീവ പത്രപ്രവര്‍ത്തന രംഗത്ത് നിന്ന് വിരമിച്ചു.

രാജ്യത്തിനകത്തും പുറത്തുമുള്ള നിരവധി അവാർഡുകളും അംഗീകാരങ്ങളും നേടിയ അദ്ദേഹം ബാബറി മസ്ജിദ് തകർത്തതിനെ തുടർന്ന് എഴുതിയ ഒരു എഡിറ്റോറിയല്‍ അദ്ദേഹത്തിന് ദേശീയ അവാർഡ് നേടിക്കൊടുത്തു. മൂന്ന് നോവല്‍ രണ്ട് യാത്ര വിവരണങ്ങള്‍ എന്നിവ അടക്കം നിരവധി കൃതികള്‍ എഴുതിയിട്ടുണ്ട്.

കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി, നിരവധി പ്രസിദ്ധീകരണങ്ങളിൽ എഴുതാൻ അദ്ദേഹം സമയം കണ്ടെത്തി, മംഗളം വാരികയിൽ ‘ഇരുളും വെളിച്ചവും’ എന്ന പേരിൽ ഒരു കോളം ഉണ്ടായിരുന്നു. അദ്ദേഹം എഴുതിയ പുസ്തകങ്ങളിൽ ‘ഇരുളും വെളിച്ചവും’, കാലത്തിനു മുൻപേ നടന്ന മാഞ്ഞൂരാനും’ ഉൾപ്പെടുന്നു.

പൊതുജനങ്ങൾക്ക് അന്ത്യോപചാരം അർപ്പിക്കുന്നതിനായി അദ്ദേഹത്തിന്റെ മൃതദേഹം ഞായറാഴ്ച രാവിലെ 9.15 മുതൽ 10 മണിവരെ എറണാകുളം പ്രസ് ക്ലബ്ബിൽ പൊതുദര്‍ശനത്തിന് വെയ്ക്കും. ശവസംസ്കാരം ഔദ്യോഗിക ബഹുമതികളോടെ തേവര സെന്റ് ജോസഫ് പള്ളിയിൽ നടക്കും.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment