കേരളത്തനിമയിൽ കേളികൊട്ടുയർന്നപ്പോൾ മഞ്ച് ഓണാഘോഷം വർണ്ണശബളമായി

ന്യൂജേഴ്‌സി: കേരളീയ വസ്ത്രമണിഞ്ഞ് താലപ്പൊലിയേന്തിയ മങ്കമാരും കൗമാരക്കാരും , അവർക്കു പിന്നിലായി 14 പേരടങ്ങിയ ചെണ്ടമേളക്കാർ, മുത്തുക്കുടയുടെ അകമ്പടിയോടെ സർവ്വാഭരണ ഭൂഷണിതനായി രാജകീയ വസ്ത്രവും കിരീടവുമണിഞ്ഞെത്തിയ മാഹാബലി തമ്പുരാൻ രാജകീയ പ്രൗഢിയോടെ എഴുന്നെള്ളിയപ്പോൾ ന്യൂജേഴ്സിയിലെ പാറ്റേഴ്സണിലുള്ള സെയിന്റ് ജോർജ് സീറോ മലബാർ കാത്തലിക്ക് പള്ളി ഓഡിറ്റോറിയം അക്ഷരാർത്ഥത്തിൽ കേരള തനിമകൊണ്ടു സമ്പൂർണ വിരാജിതമായി. മലയാളി അസോസിയേഷൻ ഓഫ് ന്യൂജേഴ്സി (MANJ) ടെ ആഭിമുഖ്യത്തിൽ ശനിയാഴ്ച്ച നടന്ന ഈ വർഷത്തെ ഓണാഘോഷം സമാനതകളില്ലാത്ത ഉത്സവ മേളമായി മാറി.

വൈകുന്നേരം ആറിന് വിഭവ സമൃദ്ധമായ ഓണസദ്യയോടെയാണ് ആഘോഷങ്ങൾ ആരംഭിച്ചത്. തുടർന്ന് പള്ളിയുടെ പാർകിംഗ് ലോട്ടിൽ നിന്നാരംഭിച്ച വർണാഭമായ ഘോഷയാത്ര ഓഡിറ്റോറിയത്തിൽ പ്രവേശിച്ച ശേഷം മുൻ നിരയിൽ നീങ്ങിയ താലപ്പൊലിയേന്തിയ മങ്കമാർ സ്റ്റേജിനിരുവശവും അണി നിരന്നു. പിന്നാലെയെത്തിയ ചെണ്ടമേളക്കാർ കൊട്ടിത്തിമർത്തുകൊണ്ട് വേദി കീഴടക്കി. തുടർന്ന് മുത്തുക്കുടയുടെ അകമ്പടിയോടെ മാവേലി മന്നനെ വേദിയിലേക്ക് ആനയിച്ചു. ഒപ്പം മുഖ്യാതിഥി ഫൊക്കാന പ്രസിഡണ്ട് ജോർജി വർഗീസ്, സെക്രട്ടറി സജിമോൻ ആന്റണി, മഞ്ച് പ്രസിഡണ്ട് മനോജ് വാട്ടപ്പള്ളിൽ, സെക്രട്ടറി ഫ്രാൻസിസ് തടത്തിൽ, മഞ്ച് ബോർഡ്- എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവരും മാവേലിയെ അനുഗമിച്ചിരുന്നു. ചെണ്ട മേളക്കാരുടെ മേളക്കൊഴുപ്പിനൊപ്പം കാണികളും ഹർഷാരവും മുഴക്കിയപ്പോൾ മാവേലി മന്നൻ പ്രജകൾക്ക് ആശിർവാദമർപ്പിച്ചുകൊണ്ടിരുന്നു.

ചെണ്ടമേളക്കാർ കൊട്ടിക്കലാശം നടത്തിയതിനു ശേഷം മാവേലി മന്നൻ ഓണാശംസകൾ നേർന്നു. കഴിഞ്ഞ 40 വർഷത്തിലേറെയായി ട്രൈസ്റ്റേറ്റ് മേഖലയിലെ വിവിധ അസോസിയേഷനുകളിൽ മാവേലി വേഷം കെട്ടിവരുന്ന അപ്പുക്കുട്ടൻ പിള്ളയായിരുന്നു മഞ്ച് ഓണത്തിനായി മാവേലി വേഷം കെട്ടിയത്. മാവേലി വേഷത്തിൽ അദ്ദേഹത്തിന്റെ ഈ വർഷത്തെ പത്താമത്തെ വേദിയായിരുന്നു മഞ്ചിന്റേത്.

തുടർന്ന് മഞ്ചിന്റെ അംഗങ്ങളായ മലയാളി മങ്കമാർ തിരുവാതിരയാടി വേദിയെ വീണ്ടും സജീവമാക്കി.കൈതപ്പൂ മണമെന്തേ ചഞ്ചലാക്ഷി ഇന്നു നിൻ മാരൻ വന്നോ മധുരം തന്നോ… എന്നു തുടങ്ങുന്ന യൂസഫലി കേച്ചേരി രചിച്ച സ്നേഹം എന്ന ചിത്രത്തിൽ ആരഭി രാഗത്തിൽ പെരുമ്പാവൂർ രവീന്ദ്രനാഥ് ഈണം നൽകിയ ഈ ഗാന ശകലത്തെ അർത്ഥപൂർണമാക്കിയ അസൽ നൃത്തം തന്നെയാണ് മഞ്ചിന്റെ അംഗനമാർ അടിയത്. നടന ചടുലതയും ആകാര ഭംഗിയും ഒത്തു ചേർന്ന ശൃംഗാര- -ലാസ്യ-ലയ- ഭാവങ്ങൾ കോർത്തിണക്കിയ തിരുവാതിരയോടെ ഓണാഘോഷം അതിന്റെ പാരമ്യത്തിലെത്തിയിരുന്നു. തുടർന്ന് മഞ്ച് ട്രസ്റ്റി ബോർഡ് അംഗം രാജു ഫിലിപ്പ് ലോകം മുഴുവൻ സുഖം പകരാനായി… എന്ന പ്രാത്ഥന ഗാനമാലപിച്ചു. ജോവാന മനോജ് ഓപ്പണിംഗ് ഡാൻസ് അവതരിപ്പിച്ചു.

തുടർന്ന് നടന്ന പൊതുയോഗത്തിൽ മഞ്ച് പ്രസിഡണ്ട് മനോജ് വട്ടപ്പള്ളിൽ അധ്യക്ഷത വഹിച്ചു. 9/11 അനുസ്‌മരണ ദിനമായ അന്ന് ആ ദുരന്തത്തിൽ മരിച്ച നിരപരാധികളായ എല്ലാ അമേരിക്കക്കാർക്കു വേണ്ടിയും ഐഡ കൊടുങ്കാറ്റിൽ മരണമടഞ്ഞവർക്കും വേണ്ടിയുള്ള മൗന പ്രാർത്ഥനയോടെയായിരുന്നു ചടങ്ങുകൾ ആരംഭിച്ചത്. മഞ്ച് ഡാൻസ് ഫോർ ലൈഫ് ഡാൻസ് മത്സരത്തിന്റെ ഗ്രാന്റ് ഫിനാലെയുടെയും മഞ്ച് ഓണാഘോഷത്തിന്റെയും ഔപചാരികമായ ഉദ്ഘാടനം മുഖ്യാതിഥി ഫൊക്കാന പ്രസിഡണ്ട് ജോർജി വർഗീസ് ഭദ്ര ദീപം കൊളുത്തികൊണ്ട് നിർവഹിച്ചു. തുടർന്ന് അദ്ദേഹം ഓണ സന്ദേശം നൽകി.

ഫൊക്കാന ജനറൽ സെക്രട്ടറി സജിമോൻ ആന്റണി ഫൊക്കാനയുടെ പ്രവർത്തങ്ങളെക്കുറിച്ചും ഭാവി പരിപാടികളെക്കുറിച്ചും വിശദീകരിച്ചു. ഫൊക്കാന – രാജഗിരി ഹെൽത്ത് ബെനിഫിറ്റ് പ്രിവിലേജ്‌ കാർഡിന്റെ വിതരണോദ്ഘാടനം മഞ്ച് പ്രസിഡണ്ട് മനോജ് വാട്ടപ്പള്ളിയ്ക്ക് നൽകിക്കൊണ്ട് ഫൊക്കാന ജനറൽ സെക്രട്ടറി സജിമോൻ ആന്റണി നിർവഹിച്ചു. ഫൊക്കാന ട്രസ്റ്റി ബോർഡ് ചെയർമാൻ ഫിലിപ്പോസ് ഫിലിപ്പ്, മഞ്ച് ട്രസ്റ്റി ബോർഡ് ചെയർമാൻ ഷാജി വർഗീസ്, ഫൊക്കാന മുൻ പ്രസിഡണ്ടും കൺവെൻഷൻ ഇന്റർനാഷണൽ കോർഡിനേറ്ററുമായ പോൾ കറുകപ്പള്ളിൽ, അഡിഷണൽ അസോസിയേറ്റ് ട്രഷറർ ബിജു ജോൺ കൊട്ടരക്കര, കൺവെൻഷൻ നാഷണൽ കോർഡിനേറ്റർ ലീല മാരേട്ട്, വേൾഡ് മലയാളി കൗൺസിൽ നാഷണൽ ജനറൽ സെക്രെട്ടറി പിന്റോ ചാക്കോ, വേൾഡ് മലയാളി ഫെഡറേഷൻ നേതാവ് ആനി ലിബു, ഫൊക്കാന ട്രസ്റ്റി ബോർഡ് സെക്രെട്ടറി സജി പോത്തൻ തുടങ്ങിയവർ പ്രസംഗിച്ചു.

മഞ്ച് ഡാൻസ് ഫോർ ലൈഫ് ഡാൻസ് മത്സരത്തിലെ വിധി കർത്താക്കളായ ഫൊക്കാന വിമൻസ് ഫോറം ചെയർപേഴ്സണും പ്രമുഖ ഡാൻസ് അധ്യാപികയുമായ ഗുരു ഡോ. കല ഷഹി, പ്രമുഖ ഡാൻസ് അധ്യാപികയും കൊറിയോഗ്രാഫറുമായ ബിന്ധ്യാ ശബരി എന്നിവർ ഡാൻസ് മത്സരത്തിലെ വിധി നിർണയത്തെക്കുറിച്ചും പെർഫോമൻസിനെക്കുറിച്ചും വിശദീകരിച്ചു. മറ്റൊരു വിധികർത്താവായ പ്രശസ്ത നടിയും കൊറിയോഗ്രാഫറും നർത്തകിയുമായ കൃഷ്ണപ്രിയ വീഡിയോ സന്ദേശത്തിലൂടെ ജേതാക്കളെ അഭിനന്ദിച്ചു.

മഞ്ച് ഡാൻസ് ഫോർ ലൈഫിലെ ജേതാക്കളുടെ ഡാൻസ് പെർഫോമൻസും അരങ്ങേറി. സീനിയർ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ രേവ പവിത്രൻ, രണ്ടാം സ്ഥാനം നേടിയ നിമ്മി റോയി, ജൂനിയർ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ സിദ്ധാർത്ഥ് പിള്ള, മൂന്നാം സ്ഥാനം നേടിയ ജിസ്മി മാത്യു എന്നിവരുടെ തകർപ്പൻ ഡാൻസ് പെർഫോമൻസാണ് അരങ്ങേറിയത്. തുടർന്ന് വിജയികൾക്കുള്ള സമ്മാനദാനം നടത്തി. ഓരോ വിഭാഗത്തിലും വിജയികളായവർക്ക് ട്രോഫിയും ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും സമ്മാനിച്ചു.

ഫൊക്കാന പ്രസിഡണ്ട് ജോർജി വർഗീസ്, സെക്രെട്ടറി സജിമോൻ ആന്റണി, ട്രസ്റ്റി ബോർഡ് ചെയർമാൻ ഫിലിപ്പോസ് ഫിലിപ്പ്, മഞ്ച് പ്രസിഡണ്ട് മനോജ് വട്ടപ്പള്ളിൽ, മഞ്ച് ട്രസ്റ്റി ബോർഡ് ചെയർമാൻ ഷാജി വർഗീസ്, ഫൊക്കാന വിമൻസ് ഫോറം ചെയര്പേഴ്‌സൺ ഡോ. കല ഷഹി,ഫൊക്കാന അഡിഷണൽ അസോസിയേറ്റ് ട്രഷറർ ബിജു ജോൺ കൊട്ടരക്കര, വേൾഡ് മലയാളി കൗൺസിൽ നാഷണൽ സെക്രെട്ടറി പിന്റോ ചാക്കോ, ബിന്ധ്യ ശബരി, ഫോക്കാന കൺവെൻഷൻ ഇന്റർനാഷണൽ കോർഡിനേറ്റർ പോൾ കറുകപ്പള്ളിൽ,ലത പോൾ കൺവെൻഷൻ നാഷണൽ കോർഡിനറ്റർ ലീല മാരേട്ട്, ഫൊക്കാന ട്രസ്റ്റി ബോർഡ് സെക്രെട്ടറി സജി പോത്തൻ, മഞ്ച് വൈസ് പ്രസിഡണ്ട് രഞ്ജിത്ത് പിള്ള, ജോയിന്റ് സെക്രട്ടറി ഷൈനി രാജു, ജോയിന്റ് ട്രഷറർ ആന്റണി കല്ലകാവുങ്കൽ ട്രസ്റ്റി ബോർഡ് മെമ്പർ രാജു ജോയി, കേരള ലോക സഭാഗം ആനി ലിബു തുടങ്ങിയവർ ചേർന്നാണ് സമ്മാനദാനങ്ങൾ നിർവഹിച്ചത്.

രാജു ജോയിയുടെ കുട്ടനാടൻ പുഞ്ചയിലെ എന്ന് തുടങ്ങുന്ന ഗാനം വള്ളം കളിയുടെ സ്മരണകളുണർത്തി. സീൽ സീലാസേ ചാഹത്ത് കാ…. എന്നു തുടങ്ങുന്ന ഹിന്ദി സിനിമ ഗാനം മികച്ച സ്വരശുദ്ധിയോടെ പാടിയ ഐറിൻ തടത്തിൽ ഏറെ ഹർഷാരവം നേടി. മഞ്ച് ഡാൻസ് ഫോർ ലൈഫ് ഫൈനലിസ്റ്റുകളായ ആഞ്ചല, അഡോണിയ, ജൂഡിത്ത് മാത്യു എന്നിവരുടെ സിനിമാറ്റിക്ക് ഡാൻസ് പെർഫോർമാൻസും ഉണ്ടായിരുന്നു. മഞ്ച് ജനറൽ സെക്രട്ടറി ഫ്രാൻസിസ് തടത്തിൽ സ്വാഗതവും വൈസ് പ്രസിഡണ്ട് രഞ്ജിത്ത് പിള്ള നന്ദിയും പറഞ്ഞു. മഞ്ച് സെക്രെട്ടറി ഫ്രാൻസിസ് തടത്തിൽ, ജോയിന്റ് സെക്രെട്ടറി ഷൈനി രാജു, ഫൊക്കാന സെക്രെട്ടറി സജിമോൻ ആന്റണി എന്നിവർ ആയിരുന്നു പരിപാടിയുടെ അവതാരകർ.

ഫൊക്കാനയുടെ ആഭിമുഖ്യത്തിൽ ആരംഭിച്ച നമ്മുടെ മലയാളം ത്രൈമാസികയുടെ പ്രകാശനം മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ ഫ്രാൻസിസ് തടത്തിലിന് നൽകിക്കൊണ്ട് ഫൊക്കാന പ്രസിഡണ്ട് ജോർജി വർഗീസ് നിർവഹിച്ചു. പ്രശസ്ത സഹത്യാകാരനും നിരൂപകനുമായ ഡോ. എം.എൻ. കാരശ്ശേരി വീഡിയോ സന്ദേശത്തിലൂടെ ത്രൈമാസികയുടെ പ്രകാശനത്തിന് ആശംസയർപ്പിച്ചു.

ഓണാഘോഷ പരിപാടിയുടെ സമാപനം കുറിച്ചുകൊണ്ട് പ്രശസ്ത ഡി ജെ ജോക്കി കൊട്ടരക്കര നടത്തിയ ട്രൈസ്റ്റേറ്റ് ഡാൻസ് ജോക്കി പെർഫോമൻസ് എല്ലാ കാണികളെയും ഇളക്കി മറിക്കുന്ന തരത്തിലായി മാറി. മിക്കവാറുമുള്ള എല്ലാ കാണികളും ജിത്തു കൊട്ടാരക്കരയുടെ താളത്തിനൊപ്പം ചുവടു വയ്പുമായി സ്റ്റേജിൽ കൈയ്യടക്കി ആവേശത്തിമിർപ്പിലാറാടുകയായിരുന്നു അവസാനത്തെ 20 മിനിറ്റ്.ആവേശം അൽപ്പം പോലും ചോരാത്ത ഈ പ്രകടനത്തോടെ ഓണാഘോഷത്തിന് തിരശീല വീണു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment