കാർ അടിപ്പാതയിലെ വെള്ളപ്പൊക്കത്തിൽ മുങ്ങി; യുവതിയായ ഡോക്ടർ മരിച്ചു

ചെന്നൈ: കനത്ത മഴയെ തുടർന്ന് രാത്രിയിൽ റെയിൽവേ അടിപ്പാതയിലൂടെ വാഹനമോടിച്ച യുവതി ഡോക്ടർ മുങ്ങിമരിച്ചു. കൂടെയുണ്ടായിരുന്ന ഭര്‍തൃമാതാവിനെ ലോറി ജീവനക്കാർ രക്ഷപ്പെടുത്തി. തമിഴ്‌നാട്ടിലെ കൃഷ്ണഗിരി ഹൊസൂർ സർക്കാർ ആശുപത്രിയിലെ ഡോ. എസ് സത്യ (35) ആണ് മരിച്ചത്. പിൻസീറ്റിൽ യാത്രചെയ്ത ഭർതൃമാതാവ് ജയം പുതുക്കോട്ട ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.

വെള്ളിയാഴ്ച രാത്രി പുതുക്കോട്ട ജില്ലയിലെ തുടിയല്ലൂരിനടുത്തുള്ള റെയിൽവേ അടിപ്പാതയിലാണ് അപകടം നടന്നത്. ഭര്‍തൃമാതാവിനോടൊപ്പം ജന്മനാടായ തുടിയല്ലൂരിലേക്ക് പോവുകയായിരുന്നു. മുന്‍പേ പോയ ലോറിയെ പിന്തുടർന്ന് പോയ സത്യ ലോറിയുടെ ക്യാബിന്റെ മുകൾഭാഗം വെള്ളത്തിൽ മുങ്ങിയതും ജീവനക്കാർ പുറത്തേക്ക് നീന്തിയതും കണ്ടില്ല. എന്നാല്‍, ഈ ദൂരം എത്തുന്നതിനുമുമ്പ് കാർ പൂർണ്ണമായും വെള്ളത്തിൽ മുങ്ങിയിരുന്നു.

തുടിയല്ലൂരിലെ വീട്ടിലേക്കുള്ള യാത്രയിലായിരുന്നു ഇരുവരുമെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം വൈകീട്ട് പ്രദേശത്ത് കനത്ത മഴപെയ്തിരുന്നു. തകരാറായ അഴുക്കുചാൽ സംവിധാനമായതിനാലാണ് അടിപ്പാതയിൽ വെള്ളം നിറഞ്ഞത്. സാധാരണ ഇങ്ങനെ വരുമ്പോൾ റെയിൽവേ ജീവനക്കാർ മോട്ടോർ ഉപയോഗിച്ച് വെള്ളം പമ്പുചെയ്തു കളയാറാണ് പതിവ്. എന്നാൽ, ഈ വിവരം അറിയാതെ കാറോടിച്ചു വന്ന സത്യ മുമ്പിൽപ്പോയ ലോറിക്കു പിന്നാലെ അടിപ്പാതയിലേക്ക് ഇറങ്ങി.

ലോറി കടന്നുപോയതിനാൽ ഓടിച്ചു പോകാമെന്ന കണക്കു കൂട്ടലിലാണ് ഇറങ്ങിയതെങ്കിലും പാതിവഴിയിൽ കാർ വെള്ളക്കെട്ടിൽ മുങ്ങി. എൻജിൻ പ്രവർത്തനരഹിതമായി. ഈ സമയം മഴ കനത്തതോടെ അടിപ്പാതയിൽ അഞ്ചടിയോളം വെള്ളം നിറയുകയും ചെയ്തു. അതോടെ ഇരുവരും പുറത്തിറങ്ങാനാകാതെ കാറിലകപ്പെട്ടു.

പിന്നാലെത്തിയ ലോറിയുടെ ഡ്രൈവർമാരാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്. പിൻസീറ്റിലിരുന്ന ജയത്തെ പുറത്തെടുക്കാനായെങ്കിലും സീറ്റ് ബെൽറ്റ് ധരിച്ചിരുന്നതിനാൽ സത്യയെ രക്ഷിക്കാനായില്ല. പോലീസും അഗ്നിരക്ഷാസേനയും റെയിൽവേ അധികൃതരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.

അടിപ്പാതയിലെ തകരാറുകൾ പരിഹരിക്കണമെന്നും പകരം യാത്രാസൗകര്യമൊരുക്കണമെന്നും ആവശ്യപ്പെട്ട് നാട്ടുകാർ റോഡ് ഉപരോധിച്ചു. വെള്ളക്കെട്ട് സ്ഥിരം പ്രശ്നമായതിനാൽ മേൽപ്പാലം പണിയണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. പ്രതിഷേധത്തെത്തുടർന്ന് രണ്ടുമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.

മൃതദേഹം പോസ്റ്റ്മോർട്ടം നടത്തിയെങ്കിലും അടുത്ത ബന്ധു വിദേശത്ത് നിന്ന് മടങ്ങിവരുന്നതിനായി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

ശനിയാഴ്ച, ആർഡിഒ ബാലതണ്ഡായുധപാണിയുടെ നേതൃത്വത്തിൽ സമാധാന സമിതി യോഗം ചേർന്നു. മഴ പെയ്യുമ്പോഴെല്ലാം വെള്ളം ഒഴുകിപ്പോകാൻ റെയിൽവേ സുരക്ഷാ നടപടികൾ സ്വീകരിക്കേണ്ടതായിരുന്നു, പക്ഷേ അവർ അത് ചെയ്തില്ല. ആളുകൾ ആവശ്യപ്പെട്ടതനുസരിച്ച്, ആളില്ലാത്ത റെയിൽവേ ഗേറ്റ് വീണ്ടും തുറക്കുകയും അടിപ്പാത അടയ്ക്കുകയും ചെയ്തതായി ആർഡിഒ പറഞ്ഞു.

 

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment