നടി സീമ ജി നായർക്ക് ‘മദർ തെരേസ പുരസ്ക്കാരം’; ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ പുരസ്ക്കാരം സമ്മാനിക്കും

തിരുവനന്തപുരം: സാമൂഹ്യ ക്ഷേമ മേഖലയിൽ ഉത്തമ മാതൃകകളായ സ്ത്രീകൾക്കുള്ള കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ ‘കല’യുടെ പ്രഥമ മദർ തെരേസ പുരസ്ക്കാരം നടി സീമ ജി നായർക്ക് ലഭിക്കും. 50,000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്ക്കാരം. സെപ്റ്റംബർ 21 ന് രാജ്ഭവനിൽ നടക്കുന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അവാർഡ് സമ്മാനിക്കും.

കേരളത്തിലെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ മഹനീയ മാതൃകകള്‍ സൃഷ്ടിക്കുന്ന വനിതകള്‍ക്കാണ് മദര്‍ തെരേസ അവാര്‍ഡ് സമ്മാനിക്കുന്നതെന്ന് കേരള ആര്‍ട് ലവ്വേഴ്‌സ് അസോസിയേഷന്‍ ‘കല ‘ യുടെ രക്ഷാധികാരിയും ദീപികയുടെ മുന്‍ ഡയറക്ടറുമായ സുനില്‍ ജോസഫ് കൂഴമ്പാല (ന്യൂയോര്‍ക്ക് ), കലയുടെ ട്രസ്റ്റിയും വനിതാ കമ്മീഷന്‍ അംഗവുമായ ഇ എം രാധ ,കലയുടെ മാനേജിങ് ട്രസ്റ്റി ലാലു ജോസഫ് എന്നിവര്‍ അറിയിച്ചു.

നടി ശരണ്യയുടെ ജീവന്‍ രക്ഷിക്കാന്‍ സീമ ത്യാഗനിര്‍ഭരമായ പ്രവര്‍ത്തനം നടത്തിയെങ്കിലും സീമയുടെ കാരുണ്യത്തിന്റെയും കരുതലിന്റയും കൈപ്പിടിയില്‍ നിന്ന് വഴുതി ശരണ്യ വിടപറഞ്ഞിട്ട് നാല്‍പത്തിയൊന്ന് ദിവസം തികയുന്ന നാളിലാണ് സീമയ്ക്ക് അവാര്‍ഡ് സമ്മാനിക്കപ്പെടുക. ഇത് ആകസ്മികമാണ്.

സിനിമ സീരിയല്‍ രംഗത്തെ അഭിനയ മികവിന് പുറമെ ആയിരത്തിലധികം വേദികളില്‍ നാടകാഭിനയം കാഴ്ചവച്ചിട്ടുള്ള പ്രതിഭ കൂടിയാണ് സീമ ജി നായര്‍. കലയുടെ ട്രസ്റ്റികളായ അഭിരാം കൃഷ്ണന്‍ , സുഭാഷ് അഞ്ചല്‍ ,ബിജു പ്രവീണ്‍ എന്നിവര്‍ രാജ് ഭവനിലെ ചടങ്ങില്‍ പങ്കെടുക്കും.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment