നോര്‍ത്ത് അമേരിക്ക- യൂറോപ്പ് മാര്‍ത്തോമാ ഭദ്രാസനം സെപ്റ്റംബര്‍ 19 സേവികാസംഘദിനമായി ആചരിച്ചു

ഡാളസ്: നോര്‍ത്ത് അമേരിക്ക- യൂറോപ്പ് മാര്‍ത്തോമാ സേവികാസംഘം കഴിഞ്ഞ ഒരാഴ്ചയായി നടത്തിവന്നിരുന്ന സേവികാസംഘ വാരത്തിന്റെ സമാപനം സെപ്റ്റംബര്‍ 19-ന് ഞായറാഴ്ച ഭദ്രാസനാതിര്‍ത്തിയിലുള്ള എല്ലാ ഇടവകകളിലും സേവികാസംഘ ദിനമായി ആചരിച്ചു.

സേവികാസംഘത്തിന്റെ നൂറ്റിരണ്ടാമത് വാര്‍ഷിക ദിനത്തില്‍ എല്ലാ ഇടവകകളിലും പ്രത്യേക പ്രാര്‍ത്ഥനകളും, വചനശുശ്രൂഷകളും ക്രമീകരിച്ചിരുന്നു. ഇടവകയിലെ വികാരിമാര്‍ക്കൊപ്പം ശുശ്രൂഷകളില്‍ സ്ത്രീകളും പങ്കാളിത്തംവഹിച്ചു. രോഗികളെ സന്ദര്‍ശിക്കുക, അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുക, അശരണരേയും അനാഥരേയും അവരുടെ സങ്കടങ്ങളില്‍ ആശ്വസിപ്പിക്കുക തുടങ്ങിയ ശുശ്രൂഷയാണ് മാര്‍ത്തോമാ സഭയിലെ സേവികാ സംഘത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ മുഖ്യമായും ഉള്‍പ്പെടുത്തിയിരിക്കുന്നത്.

സേവികാ സംഘ ദിനാചരണത്തിന്റെ ഭാഗമായി ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമാ ചര്‍ച്ചില്‍ നടന്ന ശുശ്രൂഷകള്‍ക്ക് വികാരി റവ.ഫാ. തോമസ് മാത്യു അച്ചനോടൊപ്പം സ്ത്രീകളും പങ്കെടുത്തു. ലീലാമ്മ ജയിംസ്, കുശി മത്തായി എന്നിവര്‍ പ്രത്യേക പ്രാര്‍ത്ഥനാശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കി. സാറാ ചെറിയാന്‍ ധ്യാന പ്രസംഗം നടത്തി.

ക്രിസ്തു തന്റെ പരസ്യ ശുശ്രൂഷയില്‍ പുരുഷന്മാര്‍ക്കൊപ്പം സ്ത്രീകള്‍ക്കും പങ്കാളിത്തം നല്‍കിയിരുന്നുവെന്നും, അതുകൊണ്ടുതന്നെ ക്രിസ്തീയ ദൗത്യ നിര്‍വഹണത്തില്‍ സ്ത്രീകള്‍ക്ക് വലിയ ഉത്തരവാദിത്വമാണ് ഉള്ളതെന്നും സാറാ ടീച്ചര്‍ ഓര്‍മ്മിപ്പിച്ചു. പുതിയ നിയമത്തില്‍ നിന്നും മാര്‍ത്തയുടേയും മറിയയുടേയും ജീവിതം നാം ആഴത്തില്‍ പരിശോധിച്ചാല്‍ താന്‍ പൂര്‍ത്തിയാക്കിയ പ്രവര്‍ത്തികളില്‍ സന്തോഷം കണ്ടെത്തുന്നതിനു പകരം മറ്റുള്ളവര്‍ക്കെതിരേ പരാതി ഉന്നയിക്കുന്ന മാര്‍ത്തയേപ്പോലെയല്ല, മറിച്ച് ക്രിസ്തുവിനെ ശുശ്രൂഷിക്കുന്ന മറിയയെപ്പോലെയാണ് നാം ആയിത്തീരേണ്ടതെന്നും ടീച്ചര്‍ ഓര്‍മ്മിപ്പിച്ചു. ധ്യാന പ്രസംഗത്തിനുശേഷം ഗ്രേയ്‌സ് അലക്‌സാണ്ടര്‍ സമാപന പ്രാര്‍ത്ഥന നടത്തി. സെക്രട്‌റി തോമസ് ഈശോ നന്ദി രേഖപ്പെടുത്തി. തോമസ് അബ്രഹാം അസംബ്ലി റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment