വാഷിംഗ്ടണ്‍ ഡിസിയില്‍ സംഘടിപ്പിച്ച ജനുവരി 6 പ്രതിഷേധ റാലി പരാജയം

വാഷിംഗ്ടണ്‍: യു എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ട്രം‌പ് പരാജയപ്പെട്ടതിനെത്തുടര്‍ന്ന് ട്രം‌പ് അനുകൂലികള്‍ ജനുവരി 6ന് നടത്തിയ ക്യാപിറ്റോള്‍ മാര്‍ച്ചില്‍ പങ്കെടുത്തവര്‍ക്കെതിരെ ബൈഡന്‍ ഭരണകൂടം പ്രതികാര നടപടികള്‍ സ്വീകരിക്കുന്നുവെന്നും, നൂറു കണക്കിനാളുകളെ അറസ്റ്റു ചെയ്ത് ജയിലിലടച്ചിരിക്കുന്നുവെന്നും ആരോപിച്ച് സെപ്റ്റംബര്‍ 18 ശനിയാഴ്ച വാഷിംഗ്ടണ്‍ ഡിസിയില്‍ ട്രമ്പനുകൂലികള്‍ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനം തീര്‍ത്തും പരാജയമായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

വന്‍ പ്രതിഷേധന പ്രകടനം പ്രതീക്ഷിച്ച് ക്യാപിറ്റോളില്‍ വിന്യസിപ്പിച്ചിരുന്ന സൈനികരും കുറവായിരുന്നു. 200-300 പേര്‍ മാത്രമാണ് പ്രകടനത്തില്‍ പങ്കെടുത്തത്. മാധ്യമപ്രവര്‍ത്തകരും, സുരക്ഷാ പ്രവര്‍ത്തകരും ക്യാപിറ്റോളില്‍ ദിവസങ്ങള്‍ക്ക് മുമ്പേ ക്യാമ്പ് ചെയ്തിരുന്നു. ജനുവരി 6-ലെ സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് ഭരണകൂടം കര്‍ശന മുന്നറിയിപ്പ് നല്‍കിയിരുന്നു.

മുന്‍ പ്രസിഡന്റ് ട്രം‌പിന്റെ തിരഞ്ഞെടുപ്പു പ്രചരണത്തിന് നേതൃത്വം നല്‍കിയവര്‍ തന്നെയായിരുന്നു ഈ റാലിക്കും നേതൃത്വം നല്‍കിയത്. ഉച്ചയ്ക്ക് ഒരു മണിയോടെ ആരംഭിച്ച പ്രകടനം ഒരു മണിക്കൂറിനുള്ളില്‍ പിരിച്ചുവിട്ടു. യാതൊരു അനിഷ്ഠ സംഭവങ്ങളും ഇല്ലാതെ റാലി പര്യവസാനിച്ചതു സൈനികര്‍ക്കും, സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും ആശ്വാസമായി.

റാലിക്കെതിരെ ശക്തമായ പ്രചരണം അഴിച്ചുവിട്ടതും, അനിഷ്ഠ സംഭവങ്ങള്‍ ഉണ്ടാകുമോ എന്ന ഭയവുമാണ് ആളുകളെ അകറ്റി നിര്‍ത്തിയതെന്ന് ട്രം‌പ് പക്ഷം ആരോപിക്കുമ്പോള്‍, ട്രം‌പിന്റെ പഴയ പ്രതാപം നഷ്ടപ്പെടുന്നുവോ എന്ന ചോദ്യചിഹ്നമാണ് സാധാരണ വോട്ടര്‍മാര്‍ ഉയര്‍ത്തുന്നത്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News